ഹരിഹര വീരഗാഥ
text_fieldsമദിരാശിയിലെ സെൻട്രൽ സ്റ്റുഡിയോയിലാണ് ഇൗ വീരഗാഥയുടെ ഒാപണിങ് ഷോട്ട്. 1965 ഒക്ടോബർ 15; രാത്രി; ഇൻറീരിയർ. സ്റ്റുഡിയോയുടെ അരണ്ട വെളിച്ചത്തിൽ കംപ്ലീറ്റ് യൂനിറ്റ് റെഡിയായി നിൽക്കുന്നു. പി.ബി. ഉണ്ണിയുടെ 'രാഗിണി'യുടെ ലൊക്കേഷനാണത്. ചന്ദ്രൻ ചലിപ്പിച്ച കാമറക്കു മുന്നിൽ മധുവും ശങ്കരാടിയും അടൂർ പങ്കജവുമെല്ലാം തകർത്തഭിനയിക്കുേമ്പാൾ സ്റ്റുഡിയോയുടെ ഒരറ്റത്ത് ഫിലിം അപ്രൻറീസിെൻറ റോളിലായിരുന്നു ഹരിഹരൻ; 60കളിൽ തെന്നിന്ത്യൻ സിനിമയുടെ ഇൗറ്റില്ലമായ മദിരാശിയിലേക്ക് സിനിമാപ്രാന്തുമായി വണ്ടികയറിയ സ്വപ്നാടകരിലൊരാൾ. അതൊരു ഭാഗ്യാന്വേഷണ യാത്രയായിരുന്നില്ല, ജീവിതം തന്നെയായിരുന്നു. ആ ജീവിതയാത്ര 55 വർഷം പിന്നിടുേമ്പാൾ തേടിയെത്തിയിരിക്കുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് -ജെ.സി. ഡാനിയേൽ അവാർഡ്. അരനൂറ്റാണ്ട് കാലം മലയാളിക്ക് തിരവിസ്മയമൊരുക്കിയ ചലച്ചിത്രകാരന് സംസ്ഥാനം ആദരമർപ്പിക്കുേമ്പാൾ, ഒാർമകൾ പിന്നെയും സെൻട്രൽ സ്റ്റുഡിയോയിലേക്ക് തന്നെ പായുകയാണ്. അഭ്രപാളിയുടെ കണക്കുകളും വ്യാകരണങ്ങളും ആദ്യമായി ചൊല്ലിത്തന്ന ഗുരുകാരണവന്മാരുടെ ഒാർമകളിപ്പോഴും അവിടെയാണല്ലോ. ആ ഗുരുത്വമാണ് ഇൗ നേട്ടങ്ങൾക്കെല്ലാം കാരണമെന്നാണ് പുതിയ പുരസ്കാര ലബ്ധിയിലും ആവർത്തിക്കാനുള്ളത്.
മലപ്പുറത്തെ 'പെരുമാൾ' ടാക്കീസിൽനിന്ന് തുടങ്ങിയതാണ് ഹരിഹരെൻറ സിനിമായാത്ര. 'രാഗിണി'ക്കും 15 വർഷം മുമ്പാണത്. സഹോദരി സുഭദ്രയെ വിവാഹം ചെയ്തയച്ചത് മലപ്പുറത്തേക്കായിരുന്നു. ഒരിക്കൽ അവിടെ പോയ ഹരിഹരന് കൊട്ടകക്കകത്ത് പ്രവേശിക്കാൻ കഴിഞ്ഞു. സ്ക്രീനിൽ കറുത്ത അക്ഷരങ്ങളിൽ 'പ്രസന്ന' എന്നു തെളിഞ്ഞുവന്നതോടെ വലിയ കൗതുകമായി. പ്രൊജക്ടറിൽനിന്ന് പ്രകാശകിരണങ്ങൾ ഒരു വെള്ളത്തുണിയിലേക്ക് ഒാടിച്ചെന്ന് അവിടെ അക്ഷരമായും ആളുകളായും ജീവൻവെക്കുന്നതു കണ്ടപ്പോഴുണ്ടായ ആശ്ചര്യവും അത്ഭുതവും തിയറ്ററിൽനിന്ന് ഇറങ്ങിവന്നപ്പോൾ ഇരട്ടിച്ചു. ആ സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ട്രാവൻകൂർ സഹോദരിമാരെ -ലളിത, പത്മിനി, രാഗിണി-ക്കുറിച്ചുള്ള വാർത്തകളും എഴുത്തുകളുമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്. ആ അനുഭവമാണ് ചലനചിത്രങ്ങളുടെ ഭ്രമിപ്പിക്കുന്ന ലോകത്തെക്കുറിച്ച് കൂടുതൽ ചിന്തിപ്പിച്ചത്. പിന്നെ, താമരശ്ശേരിയിലെ 'വയനാട് ടാക്കീസി'ലെയും കോഴിക്കോട് കോറണേഷനിലെയും നിത്യസന്ദർശകനായി. കെ.ടി. മുഹമ്മദ്, കെ.ആർ. ബാലകൃഷ്ണൻ, വാസുപ്രദീപ്, ബാബുരാജ് തുടങ്ങിയവരുമായൊക്കെയുള്ള സൗഹൃദംകൂടിയായതോടെ, നാടകവും സിനിമയും അഭിനയവുെമല്ലാം ശരിക്കും തലക്കു പിടിച്ചു. അങ്ങനെയാണ് ഉണ്ടായിരുന്ന അധ്യാപകജോലിയും കളഞ്ഞ് മദിരാശിയിലേക്ക് വണ്ടി കയറിയത്.
കെ.എസ്. സേതുമാധവന് കൊടുക്കാനായി കെ.ടി. മുഹമ്മദിൽനിന്ന് ഒരു കത്തും വാങ്ങിയായിരുന്നു ആ പോക്ക്. അഭിനയമായിരുന്നു അപ്പോഴും സ്വപ്നം. മുെമ്പാരു സിനിമയിൽ അഭിനയിച്ചതിെൻറ എക്സ്പീരിയൻസുമുണ്ടായിരുന്നു - 'ആദ്യകിരണങ്ങൾ'. പക്ഷേ, പടം തിയറ്ററിലെത്തിയപ്പോൾ ഹരിഹരൻ അഭിനയിച്ച ഭാഗങ്ങളൊക്കെ വെട്ടിപ്പോയിരുന്നു. അന്ന് കൂട്ടുകാർക്കിടയിൽ നാണംകെട്ട മറ്റൊരു കഥയുണ്ട്. മദിരാശിയിലെ സിനിമാലോകത്ത് പിടിച്ചുനിൽക്കണമെങ്കിൽ അഭിനയം മാത്രം പോരെന്നും സാേങ്കതിക വശങ്ങൾകൂടി മനസ്സിലാക്കണമെന്നും ഉപദേശിച്ചത് ബഹദൂറാണ്. അങ്ങനെയാണ് അപ്രൻറീസായും കാമറ അസിസ്റ്റൻറായും എഡിറ്റിങ് അസിസ്റ്റൻറായും അസോസിയേറ്റ് ഡയറക്ടറായുമെല്ലാം പകർന്നാടിയത്. ചലച്ചിത്ര നിർമാണത്തിെൻറ ഉള്ളും പുറവും ശരിക്കും അടുത്തറിയുന്നത് അപ്പോഴാണ്. ആ കാലയളവിൽ നേടിയ അനുഭവപരിചയവും സൗഹൃദവുമാണ് 'ലേഡീസ് ഹോസ്റ്റലി'(1973) ലേക്കെത്തിച്ചത്. ഹരിഹരെൻറ ആദ്യ സിനിമ എന്നതിനപ്പുറം, മലയാളത്തിെല മറ്റൊരു തരംഗം തന്നെയായിരുന്നു 'േലഡീസ് ഹോസ്റ്റൽ'. അതുവരെയും ഹാസ്യത്തിന് പ്രത്യേക ട്രാക്കായിരുന്നു മലയാളത്തിൽ. നായകൻ ഒരു വഴിക്കുപോകുന്നു; വിദൂഷകൻ മറ്റൊരു വഴിയിൽ സഞ്ചരിക്കുന്നു. ഇവിടെ ആദ്യമായി നായകൻ തന്നെ (പ്രേം നസീർ) ഹാസ്യകഥാപാത്രമാവുകയാണ്. അങ്ങനെ, കോമഡിക്കുവേണ്ടിയുള്ള കോമഡി എന്നതിനപ്പുറം സ്വാഭാവികമായ ഹാസ്യരംഗങ്ങൾ എന്ന പുതിയ തിരക്കഥാ വ്യാകരണത്തിലേക്ക് മലയാളം ചുവടുമാറി. ഹരിഹരനിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യവിപ്ലവമായിരുന്നു അത്. 'അയലത്തെ സുന്ദരി'യും 'കോളേജ് ഗേളും' ഇതേ വ്യാകരണത്തിൽ തന്നെ ഇറങ്ങി. നായകനെ പിടിച്ച് കോമാളിയാക്കുന്ന സമീപനം പലർക്കും അക്കാലത്ത് ദഹിച്ചില്ല. തെൻറ സഹോദരനെ ഹരിഹരൻ അപമാനിച്ചുവെന്ന് പ്രേം നവാസ് പരസ്യമായി പരാതി ഉയർത്തി.
കെ.ടിയുടെ 'മുത്തുചിപ്പികൾ' എന്ന നാടകം 'രാജഹംസം' എന്ന പേരിൽ ഹരിഹരൻ പുറത്തിറക്കിയത് 1974ലാണ്. നാല് വർഷത്തിനുശേഷമാണ് 'യാഗാശ്വം' വരുന്നത്. അതിനിടയിൽ എണ്ണം പറഞ്ഞ 20 ചിത്രങ്ങൾ. ഹരിഹരൻ എന്ന സംവിധായകെൻറ പ്രതിഭാവിലാസം തെന്നിന്ത്യയിലാകെ പ്രതിഫലിപ്പിച്ചു ഒാരോ ചിത്രങ്ങളും. അതിനുശേഷമാണ്, എം.ടിയോടൊപ്പമുള്ള വിഖ്യാതമായ ആ കൂട്ടുകെട്ട് പിറവിയെടുക്കുന്നത്. 'ഇടവഴിയിെല പൂച്ച, മിണ്ടാപൂച്ച'യായിരുന്നു ആദ്യ ചിത്രം. മുക്കത്തെ ഒരു ലോഡ്ജിൽവെച്ചാണ് എം.ടിയെ പരിചയപ്പെടുന്നത്. അവിടെ വെച്ച് ദാമോദരൻ മാഷാണ് എം.ടി-ഹരിഹരൻ ജോഡി എന്ന ആശയം മുന്നോട്ടുവെച്ചത്. മലയാള സിനിമയുടെ ഗ്രാഫ് കുത്തനെ ഉയർത്തിയ ആശയമായിരുന്നു അത്. വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, ആരണ്യകം, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, സർഗം തുടങ്ങി പഴശ്ശിരാജയിലും ഏഴാമത്തെ വരവിലും എത്തിനിന്നു ആ കൂട്ടുകെട്ട്. ഇതിൽ 'വീരഗാഥ'യും 'സർഗ'വും നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടി. മറ്റുള്ളവയും മോശമാക്കിയില്ല. 50 വർഷം; 51സിനിമകൾ. ഇക്കാലത്ത്, സംവിധായകനെന്ന നിലയിൽ തന്നെ സംഗീതമടക്കം പല മേഖലകളിലും കൈവച്ചു. ബോംബെ രവി അടക്കമുള്ളവരെ മലയാളത്തിന് പരിചയപ്പെടുത്തിയത് മറ്റാരുമല്ല. ഒ.എൻ.വിയും കൈതപ്രവുമൊക്കെ എഴുതി നൽകിയ വരികളിൽ തൃപ്തിവരാതെ പല കുറി മാറ്റിയെഴുതിച്ചിട്ടുമുണ്ട്. അങ്ങനെയാണ്, 'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി', 'ഇന്ദുലേഖ കൺതുറന്നു', 'ആദിഉഷസ് സന്ധ്യ പൂത്തതിവിെട' ഒക്കെ മലയാളിക്ക് മറക്കാനാവാത്ത വരികളായി മാറിയത്. ഇൗ 81ാം വയസ്സിലും നിർമാതാക്കളടക്കം കഥയുമായി സമീപിക്കുന്നുണ്ട്. കാണുേമ്പാഴെല്ലാം മമ്മൂട്ടി ചോദിക്കുന്നത്, ''ഇനിയെന്നാ നമ്മുടെ അടുത്ത പടം'' എന്നാണ്.
താമരശ്ശേരി സ്കൂളിെല അധ്യാപകനായിരുന്ന മാധവൻ നമ്പീശെൻറയും പാർവതിയുടെയും ആറ് മക്കളിൽ അഞ്ചാമൻ. ഗായകനായിരുന്ന പിതാവ് അക്കാലത്ത് കോഴിക്കോട് ആകാശവാണിയിൽ പാടിയിരുന്നു. ഹരിഹരെൻറ ആറാം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. പിന്നെ, അമ്മാവൻമാരുടെ തണലിലാണ് കഴിഞ്ഞത്. ആദ്യമായി കോഴിക്കോട് നഗരത്തിൽവന്നത് നെഹ്റുവിനെ കാണാനാണ്. പിന്നീട്, എലത്തൂരിലെ സി.എം.സി സ്കൂളിൽ ഹൈസ്കൂൾ പഠനത്തിനെത്തിയതോടെ ആ നഗരവുമായുള്ള ബന്ധം ദൃഢമായി. ഗുരുവായൂരപ്പൻ കോളജിെല പ്രീഡിഗ്രി കാലത്താണ് കെ.ടിയടക്കമുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നത്. നാടകവും സാംസ്കാരിക പ്രവർത്തനവുമായി നടക്കുന്നതിനിടെ കോളജ് പഠനം നിലച്ചു. അങ്ങനെയാണ്, യൂനിവേഴ്സൽ ആർട്സിൽ ചിത്രകല പഠിക്കുന്നതും പിന്നീട് ചിത്രകലാധ്യാപകനാകുന്നതുെമാക്കെ. അതിനുമുേമ്പ, മനസ്സ് സിനിമക്ക് പാകപ്പെട്ടു കഴിഞ്ഞിരുന്നു. താമസം ചെെന്നെയിലാണെങ്കിലും കോഴിക്കോടുമായുള്ള ബന്ധം ഇപ്പോഴും മറ്റൊരു വീരഗാഥയായി അങ്ങനെതന്നെ നിലനിൽക്കുന്നു. ഭവാനിയമ്മയാണ് പത്നി. മക്കൾ: ഡോ. പാർവതി, ഗായത്രി, ആനന്ദ് കിഷോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.