ഇന്ത്യകളെ കണ്ടെത്തൽ
text_fieldsകൊമേഡിയൻ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്, ചെയ്യുന്ന ജോലി അഭിനയവും സ്റ്റാൻഡ്അപ് കോമഡിയും. പക്ഷേ, വാഷിങ്ടൺ ഡിസിയിലുള്ള കെന്നഡിഹാളിലെ തട്ടിൽക്കയറി നിന്ന് വീർദാസ് നടത്തിയ ആത്മഭാഷണം കോമഡിയാണോ എന്നതാണ് ഇപ്പോഴത്തെ തർക്കം.
അല്ലെങ്കിലും സീരിയസായി സംസാരിക്കുന്നവരെ തമാശക്കാരാക്കുന്നത് ഈ ഉലകിൽ പണ്ടേയുള്ള പതിവാണ്. തൊഴിലാളിയുടെ ദുരിതജീവിതം വരച്ചിട്ട മോഡേൺ ടൈംസും ഏകാധിപത്യത്തെ തൊലിയുരിഞ്ഞ് ചോദ്യം ചെയ്യുന്ന ലാസ്റ്റ് ഡിക്റ്റേറ്ററും ചെയ്ത ചാർളി ചാപ്ലിൻ പലർക്കുമിപ്പോഴും വെറുമൊരു കോമാളി നടൻ മാത്രമാണല്ലോ.
നമ്മളെന്ത് ഉണ്ണണമെന്നും ഉടുക്കണമെന്നും ഭരണാധികാരി തീരുമാനിക്കുന്ന ശീലം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. അന്നാളൊരു കൊട്ടാര ദർബാറിൽ പഞ്ചാര പാൽപ്പായസം മുന്നിൽവെച്ച് രാജാവ് പറഞ്ഞു പായസത്തിനെന്തൊരു കയ്പ്പ്. പൊന്നുതമ്പുരാൻ മൊഴിഞ്ഞു തീരേണ്ട താമസം ചുറ്റിലുമിരിക്കുന്ന സകല ബുദ്ധിജീവികളും കയ്പ്പെന്ന് സമ്മതിച്ച് പായസപാത്രം തട്ടിക്കളഞ്ഞു. ഒരാളൊഴികെ. പായസത്തിെൻറ കയ്പ്പ് വലിയ ഇഷ്ടമാണെന്ന് പറഞ്ഞ് രാജാവിെൻറ മുന്നിലിരുന്ന് ഒറ്റവലിക്ക് കുടിച്ചു തീർത്ത ആ മനുഷ്യനെ, കലക്കത്ത് കുഞ്ചൻ നമ്പ്യാരെ നമ്മൾ വിളിക്കുന്നത് ഹാസകവി എന്നാണ്- സത്യത്തിൽ അത്രയും ചങ്കൂറ്റമുള്ളയാളെ വിപ്ലവകവിയെന്നല്ലേ വിളിക്കേണ്ടത്?
കുലച്ചു നിൽക്കുന്ന തെങ്ങിൽ ചൂണ്ടി എന്തു വലിയൊരു മാവെന്ന് അധികാരി പറയുേമ്പാൾ അതെയതേ, മൂവാണ്ടനാ തിരുമനസ്സേ എന്നു സമ്മതിക്കുന്നവരെയെല്ലാം പട്ടും വളയും പത്മവും നൽകി ആദരിക്കുന്ന കാലത്ത് കണ്ണിനുമുന്നിൽ കണ്ടതു പറയാൻ മെനക്കെടുന്നവർക്ക് പതിച്ചുകൊടുക്കുന്ന 'ദേശദ്രോഹി' ചാപ്പകുത്ത് കിട്ടിയ അവസാന ഇന്ത്യക്കാരനാണ് വീർ ദാസ്. ഇനിയുമൊരുപാടുപേർ ക്യൂവിലാണ്. പൗരാവകാശ പ്രവർത്തകർക്കും എഴുത്തുകാർക്കും പണ്ടും ലഭിച്ചുപോന്നിരുന്ന ദേശദ്രോഹിപ്പട്ടം 2014ന് (പത്മപുരസ്കാര ജേത്രി കങ്കണ റണൗട്ടിെൻറ ഭാഷ്യപ്രകാരം യഥാർഥ സ്വാതന്ത്ര്യം ലഭിച്ച വർഷം) ശേഷമാണ് കർഷകർ, മുൻ സൈനികർ, കലാ-കായിക താരങ്ങൾ, വിദ്യാർഥികൾ തുടങ്ങി നാനാരംഗങ്ങളിലുള്ള ആളുകൾക്കും കിട്ടിത്തുടങ്ങിയത്. ഈ നിലയിൽ പോയാൽ കോവിഡ് വാക്സിൻ ലഭിച്ചതിനെക്കാൾ കൂടുതലാവും നാട്ടിൽ ചാപ്പകുത്ത് കിട്ടിയവരുടെ എണ്ണം.
ലോക്ഡൗണിനു ശേഷം നമ്മുടെ തിയറ്ററുകളിൽ നിർബന്ധമാക്കിയ സോഷ്യൽ ഡിസ്റ്റൻസിങ്ങും ഒന്നിടവിട്ട കസേരയിൽ ഇരുത്തവുമൊന്നുമില്ലാത്തതുകൊണ്ട് വീർദാസിെൻറ ആത്മഭാഷണം നടന്ന ഹാളിനകത്ത് നിറയെ ആളായിരുന്നു. ഞാൻ വരുന്നത് രണ്ട് ഇന്ത്യകളിൽനിന്നാണെന്ന് പറഞ്ഞ് തുടങ്ങിയ വർത്തമാനത്തിൽ ജാതിയുടെ പേരിലും ബീഫ് കൈവശം വെച്ചതിെൻറ പേരിലും നടക്കുന്ന ആൾക്കൂട്ടക്കൊലകളെക്കുറിച്ചൊന്നും വീർദാസ് മിണ്ടിയില്ല, രാഷ്ട്രപിതാവിെൻറ ഘാതകനു വേണ്ടി സ്മാരകങ്ങളുയരുന്ന ഇന്ത്യയെപ്പറ്റി പരാമർശിച്ചില്ല. ജീവിതം ആദിവാസി സമൂഹത്തിനു വേണ്ടി ചെലവിട്ടൊരു വയോധിക വൈദികനെ ഭീകരവാദി ചാപ്പകുത്തി ജയിലിലടച്ച് വെളളം കുടിക്കാനൊരു സ്ട്രോ പോലും നിഷേധിച്ചതും പറഞ്ഞില്ല. സ്വർണം തൂക്കുന്ന ത്രാസിൽവെച്ച് തിട്ടപ്പെടുത്തിയെടുക്കുന്നതുപോലെ ശ്രദ്ധിച്ച് സൂക്ഷിച്ച് അടുക്കിയെടുത്ത വാക്കുകളിൽ നടത്തിയ സംസാരത്തിൽ കർഷകരോടുള്ള പെരുമാറ്റം, രാജ്യത്തെ സ്ത്രീസുരക്ഷ, സൈനികരോടുള്ള സമീപനം, മാധ്യമ സ്ഥാപനങ്ങളിൽ നടക്കുന്നത്, പി.എം കെയർ ഫണ്ട്, പെട്രോൾ വിലവർധന എന്നിവയെപ്പറ്റിയെല്ലാം പറയുന്നുണ്ട്. ഇന്ത്യയെയോർത്ത് അഭിമാനിക്കുന്ന കാര്യങ്ങളെക്കുറിച്ച് അതിലേറെ ഊന്നലോടെ സംസാരിക്കുന്നുണ്ട്.
അവതരണത്തിെൻറ ആറു മിനിറ്റ് നീളുന്ന വിഡിയോ യുട്യൂബിൽ വന്നതോടെയാണ് പുകിലുകളുടെ തുടക്കം. അതിൽനിന്ന് തങ്ങൾക്ക് ഇഷ്ടപ്പെടാത്ത വരികൾ മാത്രം മുറിച്ചെടുത്ത് വിദേശ മണ്ണിൽ പോയി ഇന്ത്യയെ അപമാനിക്കുെന്നന്ന അടിക്കുറിപ്പുമായി സൈബർ ശാഖയിലെ ചില ബൗദ്ധികപ്രമുഖുമാർ പോസ്റ്റ് ചെയ്തു. പതിവിൻ പടി നൂറുകണക്കിന് വാട്ട്സ്ആപ് ഗ്രൂപ്പുകളിലേക്ക് വിവിധ ഭാഷകളിൽ കോപ്പിപേസ്റ്റ് ചെയ്ത വിദ്വേഷ സന്ദേശമെത്തി. 'അമ്മയുമായി പ്രശ്നങ്ങളുണ്ടാവും, പക്ഷേ അടുത്ത വീട്ടിൽ പോയി അവരുടെ കുറ്റം പറയാറില്ലെന്നും നാട്ടിലെ കാര്യങ്ങൾ ശരിയല്ലെങ്കിൽ അന്താരാഷ്ട്ര വേദിയിൽ പോയി പരസ്യമായി പറയില്ലെന്നും' ചേതൻ ഭഗത് ജി പ്രതികരിച്ചപ്പോൾ വീർദാസിനെപ്പോലുള്ള ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നായിരുന്നു കങ്കണാജിയുടെ ആവശ്യം. ഉടനേ ഡൽഹിയിലെ തിലക് മാർഗ് സ്റ്റേഷനിൽ പരാതിയെത്തി, മറ്റൊന്ന് മുംബൈയിലും. ഇതെല്ലാം സംഭവിക്കുന്ന ഒരു ഇന്ത്യയിൽ നിന്നാണ് താനെന്ന കാര്യം വീർദാസിന് പണ്ടേ അറിയാം. മതങ്ങൾ, രാഷ്ട്രീയ വ്യവസ്ഥ, മാധ്യമരംഗം തുടങ്ങി സമസ്തവിഷയങ്ങളിലും ആക്ഷേപഹാസ്യം ചൊരിയുന്ന ഇദ്ദേഹത്തിെൻറ ഒരു നെറ്റ്ഫ്ലിക്സ് വിഡിയോയിൽനിന്ന് കഷണം മുറിച്ച് സംഘമിത്രങ്ങൾ മുൻപൊരിക്കൽ പ്രചരിപ്പിച്ചതിനെ തുടർന്ന് 12 മണിക്കൂറിനുള്ളിൽ 830 ഓൺലൈൻ വധഭീഷണികളാണെത്തിയത്.
സസ്യാഹാരികളെന്ന് അഭിമാനിക്കുകയും പച്ചക്കറി വിളയിക്കുന്ന കർഷകരുടെ മേൽ വാഹനം കയറ്റിക്കൊല്ലുകയും ചെയ്യുന്ന ഇന്ത്യയെക്കുറിച്ച് കെന്നഡി സെൻററിൽ പറയുന്നതിന് മുമ്പും കർഷക സമരക്കാരെ അടിച്ചമർത്തുന്നതിനെതിരെ നിലപാട് പരസ്യപ്പെടുത്തിയിട്ടുണ്ട് . കുറച്ച് രാഷ്ട്രീയക്കാരും അതിനേക്കാൾ കുറവ് സിനിമക്കാരുമേ ഈ കലാകാരനെതിരായ വേട്ടക്കെതിരെ നാലാൾ കാൺകെ രണ്ടുവരി കുറിച്ചിട്ടിട്ടുള്ളൂ. മധ്യപ്രദേശിൽ ഇനിമേൽ പരിപാടികളവതരിപ്പിക്കാൻ കയറ്റില്ലെന്ന് കട്ടായം പറഞ്ഞിട്ടുണ്ട് അവിടുത്തെ അഭ്യന്തര മന്ത്രി നരോത്തം മിശ്ര.
1979ൽ ഡറാഡൂണിൽ ജനിച്ച വീർ കുട്ടിക്കാലം ചെലവിട്ടത് നൈജീരിയയിലാണ്. അമേരിക്കയിലെ നോക്സ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും നാടകത്തിലും ബിരുദമെടുത്തു. 2006ൽ ഒരു ടെലിഫിലിമിലും പിറ്റേവർഷമിറങ്ങിയ നമസ്തേ ലണ്ടൻ എന്ന അക്ഷയ് കുമാർ ചിത്രത്തിലും ഓർത്തുവെക്കപ്പെടാൻ തക്ക ദൈർഘ്യമൊന്നുമില്ലാത്ത റോളുകളിൽ തലകാണിച്ചായിരുന്നു രംഗപ്രവേശം. ഇക്കാലത്തിനിടയിൽ 20ൽ താഴെ സിനിമകളിലേ വേഷമിട്ടിട്ടുള്ളൂ. കുറച്ച് ടി.വി ഷോകളിലും. പക്ഷേ, യൂട്യൂബും നെറ്റ്ഫ്ലിക്സും വഴി ലോകമൊട്ടുക്ക് പ്രേക്ഷകരും ആരാധകരുമുള്ള താരമായി. ഈ വർഷം എമ്മി അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. കോമഡി പറഞ്ഞ് കിട്ടുന്ന കൈയടികളുടെ മുഴക്കത്തിനിടയിലും രാഷ്ട്രീയ ശരികളിൽ വീഴ്ച പറ്റാതിരിക്കാൻ ശ്രദ്ധിക്കുന്നു എന്നതാണ് ഇഷ്ടപ്പെടാൻ കാരണമായി ആരാധകർ പറയുന്നത്. അഞ്ചു ദിവസംകൊണ്ട് യൂട്യുബിൽ മാത്രം 45 ലക്ഷം പേർ 'രണ്ട് ഇന്ത്യകൾ' കണ്ടു കഴിഞ്ഞു. കാഴ്ചക്കാരിലൊരാളെഴുതിയ കമൻറ് ഇങ്ങനെയാണ്: 'കൊമേഡിയൻമാർ സത്യം പറയുകയും രാഷ്ട്രീയക്കാർ കോമഡി കാണിക്കുകയും ചെയ്യുന്ന ഇന്ത്യയിൽനിന്നാണ് ഞാൻ വരുന്നത്'.
അങ്ങിനെ വീർ ദാസ് എണ്ണിപ്പറയാൻ വിട്ടുപോയ ഇന്ത്യകൾ ഇനിയുമെത്രയേറെ!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.