കറുപ്പിനോടുള്ള സമീപനം
text_fieldsനാട്യശാസ്ത്രത്തിലെ വർണ വിവേചനം-2
ആഹാര്യാഭിനയത്തെക്കുറിച്ച് വിവരിക്കുന്ന നാട്യശാസ്ത്രത്തിന്റെ 23ാം അധ്യായത്തിൽ ചീത്ത പ്രവൃത്തി ചെയ്യുന്നവർ, ഭൂതബാധയേറ്റവർ, രോഗികൾ, ദേഹാധ്വാനം ചെയ്യുന്നവർ, നീച ജാതിയിൽപെട്ടവർ എന്നിവരുടെയെല്ലാം നിറം കറുപ്പാണെന്ന് വിവരിക്കുന്നു (കുകർമിണോ ഗ്രഹഗ്രസ്താ/ വ്യാധിതാസ്തപസി സ്ഥിതാ:/ ആയസ്ത കർമിണശ്ചൈവ/ ഹ്യസിതാശ്ച കുജാതയ:, നാ. ശാ. 23.97). കിരാതന്മാർ, ബർബരന്മാർ, ആന്ധ്രക്കാർ, ദ്രാവിഡ ദേശക്കാർ, ദക്ഷിണ ദേശക്കാർ ഇവരെല്ലാം പ്രായേണ കറുപ്പാണെന്നും നാട്യശാസ്ത്രം കൂട്ടിച്ചേർക്കുന്നു (നാ. ശാ. 23.101).
നീചന്മാരുടെ നിറം കറുപ്പാണെന്ന് സ്ഥാപിക്കുന്ന നാട്യശാസ്ത്രകാരൻ ദ്രാവിഡ-ദക്ഷിണ ദേശക്കാരെയും നീചരായും അധമരായുമാണ് ഗണിക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ അധിനിവേശ ആര്യൻ നോട്ടമാണ് നാട്യശാസ്ത്രത്തിന്റെ സൗന്ദര്യദർശനം. ആളുകളുടെ ഗുണങ്ങൾ നോക്കി കഥാപാത്രങ്ങളുടെ പ്രാതിനിധ്യം നൽകണമെന്ന് (തസ്മിന്നന്വിഷ്യ ഹി ഗുണാൻ/കാര്യ: പാത്ര സമാശ്രയ:,
നാ. ശാ. 35.3) വിധിക്കുന്ന നാട്യശാസ്ത്രകാരൻ ആര്യബ്രാഹ്മണരെയും സവർണരെയും നായികാനായകന്മാരായും ദ്രാവിഡരെയും ദക്ഷിണ ദേശക്കാരെയും ഹീനമായും സ്ഥാനപ്പെടുത്തുന്നു.
ബ്രാഹ്മണ്യത്തിന്റെ സൗന്ദര്യബോധം
ദേവന്മാരുടെ ഭാഷയാണ് സംസ്കൃതമെന്നും ബ്രാഹ്മണാദി വർണത്തിൽപെട്ടവർ മാത്രമേ അത് നാടകത്തിൽ സംസാരിക്കാവൂ എന്നും നാട്യശാസ്ത്രം കൽപിക്കുന്നു (നാ. ശാ. 18.25, 18.28). സ്ത്രീ, നീചർ മുതലായവർക്ക് പ്രാകൃതമാണ് വേണ്ടതെന്നും, ചണ്ഡാലന്മാർക്ക് ചണ്ഡാലീ ഭാഷയാണ് വേണ്ടതെന്നും, കരിപ്പണിക്കാർ, വേടന്മാർ, വിറകുപണിക്കാർ ഇവർക്കെല്ലാം ശബരഭാഷയാണ് വേണ്ടതെന്നും ശഠിക്കുന്ന (നാ. ശാ. 18.33, 18.49, 18. 50) നാട്യശാസ്ത്രകാരന്റെ ഭാഷാവിധാന യുക്തിയെ നയിക്കുന്നത് ചാതുർവർണ്യമാണെന്ന് സ്പഷ്ടമാണ്.
മറ്റുള്ളവർ സംസ്കൃതം സംസാരിക്കരുതെന്ന് വിലക്കുന്നതിലൂടെ ആ ഭാഷയെ അതിഭൗതികവത്കരിക്കുകയും അത് സംസാരിക്കുന്ന ദ്വിജരെ അപ്രമാദികളായും എല്ലാറ്റിന്റെയും നേരവകാശികളായുമാണ് സ്ഥാപിക്കുന്നത്. മനുഷ്യരുടെ തുല്യത എന്ന ആശയത്തെ നാട്യശാസ്ത്രം അൽപംപോലും വില കൽപിക്കുന്നില്ല എന്ന് ഇതിൽ നിന്ന് സ്പഷ്ടം. നാടകത്തിൽ ദാസിക്ക് പൂക്കളുടെ പേര് നൽകണമെന്നും, മറ്റുള്ള സ്ത്രീപുരുഷന്മാർക്ക് അവരുടെ ജാതിക്കും അവരുടെ തൊഴിലിനും അനുസരിച്ച് പേര് നൽകണമെന്നും കൽപിക്കുന്ന നാട്യശാസ്ത്രത്തിന്റെ (നാ. ശാ. 19. 33-35) മൂല്യബോധം അടിമുടി ബ്രാഹ്മണ്യമാണ്.
ചുരുക്കത്തിൽ നാട്യശാസ്ത്രത്തിന്റെ സൗന്ദര്യ ബോധത്തെ നിർണയിച്ച് നിലനിർത്തുന്നത് ഇന്ത്യൻ ബ്രാഹ്മണ്യവും അതിന്റെ അസമത്വ സാമൂഹിക വ്യവസ്ഥയുമാണെന്ന് സുവ്യക്തം. നാട്യശാസ്ത്രത്തിന്റെ ഈ സൗന്ദര്യബോധത്താൽ നയിക്കപ്പെടുന്ന ‘ക്ലാസിക്കൽ കല’കൾക്ക് ജനാധിപത്യ വിരുദ്ധമായിരിക്കാനേ കഴിയൂ. അടിസ്ഥാനപരമായ പ്രശ്നം, കലയുടെ സൗന്ദര്യ ബോധത്തെ നിർണയിക്കുന്ന ഈ ബ്രാഹ്മണ്യ പ്രത്യയ ബോധമാണെന്ന തിരിച്ചറിവാണ് സമൂഹത്തിൽ ഉണരേണ്ടത്.
ഇത്തരമൊരു തിരിച്ചറിവിന്റെ അഭാവമാണ് ഹിന്ദുത്വ ബ്രാഹ്മണ്യത്തെ സ്വാഭാവിക വ്യവസ്ഥയാക്കി നിലനിർത്തുന്നത്. ആ സ്വാഭാവിക ഹിന്ദുത്വ-ബ്രാഹ്മണ്യ-അസമത്വ ആവാസ വ്യവസ്ഥയാണ് കലാസാംസ്കാരിക രംഗത്തെ തികച്ചും യാഥാസ്ഥിതികമായി തുടരാനും ജനായത്തത്തിനുതന്നെ വിലങ്ങുതടിയാവാനും നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.