ചർച്ചയാവട്ടെ വനിതകളുടെ തൊഴിൽ മേഖല പങ്കാളിത്തം
text_fieldsതൊഴിൽമേഖലയിലെ സ്ത്രീസാന്നിധ്യത്തെയും സ്ത്രീശക്തിയെയും പറ്റി അനേക വർഷക്കാലം അതിവിപുലമായ രീതിയിൽ നടത്തിയ വിവരശേഖരണത്തിനും പഠനത്തിനും വിലയിരുത്തലിനുംശേഷം തയാറാക്കപ്പെട്ട വിലമതിക്കാനാവാത്ത വിജ്ഞാനസമ്പത്തിന്റെ ഉടമയെന്ന നിലയിലാണ് ഹാർവാർഡ് ധനശാസ്ത്ര വകുപ്പിലെ ആദ്യ വനിത അധ്യാപികയായ പ്രഫ. ക്ലോഡിയ ഗോൾഡിൻ ഈ വർഷത്തെ ധനശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹതയായത്.
തൊഴിൽവിപണിയിൽ സ്ത്രീകൾ കൈവരിച്ച ഉജ്ജ്വല നേട്ടങ്ങൾക്ക് പുറമെ, വേതനവർധനയുടെയും ലിംഗസമത്വത്തിന്റെയും കാരണങ്ങളും സാഹചര്യങ്ങളും അഗാധമായ വിശകലനത്തിന് വിധേയമാക്കുകയും മേഖലയിലെ അപാകതകൾ സമൂഹ ശ്രദ്ധയിലേക്കെത്തിക്കുകയും ചെയ്ത ദൗത്യമാണ് ഈ സാമ്പത്തിക ശാസ്ത്രപ്രതിഭയുടെ മഹത്തായ സേവനം. 1990ൽ ഹാർവാർഡ് യൂനിവേഴ്സിറ്റി അധ്യാപികയായിരിക്കെയാണ് ഇവർ സമൂഹത്തിൽ വനിതകൾക്കെതിരെ ചരിത്രപരമായി തുടർന്നുവരുന്ന വിവേചനം സംബന്ധമായ പഠനത്തിലേർപ്പെടുന്നത്.
വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ട് മാത്രമല്ല, സ്വന്തം തൊഴിലിൽപോലും സ്ത്രീകൾ വിവേചനത്തിനിരയാക്കപ്പെടുന്നുണ്ടെന്ന് അവർ കണ്ടെത്തി. ആധികാരികമായ ഈ പഠനങ്ങൾ നയപരമായ തീരുമാനങ്ങളെടുക്കുന്നവർക്ക് ആഗോളതലത്തിൽതന്നെ മാർഗനിർദേശങ്ങളായി വർത്തിക്കുന്നുവെന്ന് ഗോതൻ ബർഗ് യൂനിവേഴ്സിറ്റിയിലെ ധനശാസ്ത്ര പ്രഫസർ റാൻഡി എജ് അൽ മാർസൺ ചൂണ്ടിക്കാട്ടുന്നു.
19ാം നൂറ്റാണ്ടിൽ കർഷക സമൂഹത്തിൽനിന്ന് വ്യവസായ സമൂഹത്തിലേക്കുള്ള പരിവർത്തനത്തെ തുടർന്നാണ് വിവാഹിതരായ വനിതകളുടെ പ്രാതിനിധ്യത്തിൽ തൊഴിൽ വിപണിയിൽ ശോഷണം സംഭവിച്ചിരിക്കുന്നതെന്നാണ് ഗോൾഡിന്റെ നിഗമനം. ഈ ഇടിവ് താൽക്കാലികമായിരുന്നു.
20-ാം നൂറ്റാണ്ടിൽ വ്യാവസായിക, സേവന മേഖലകളുടെ അതിവേഗ വളർച്ചയും വികസനവുംമൂലം വനിത പ്രാതിനിധ്യത്തിൽ ക്രമാനുഗത വളർച്ചയുമുണ്ടായി. ഇതിനിടയാക്കിയതിന് മറ്റൊരു സാഹചര്യം സൃഷ്ടിച്ചത് തൊഴിൽ വിപണിയിലെ ഘടന മാറ്റവുമായിരുന്നു.
മുൻകാലങ്ങളിൽ തൊഴിൽ തേടിയെത്തിയ വനിതകളിലേറെയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരായിരുന്നെങ്കിൽ, പുതിയ നൂറ്റാണ്ടിന്റെ തുടക്കംമുതൽ ബഹുഭൂരിഭാഗം രാജ്യങ്ങളിലും വനിത വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിക്കുകയും തൊഴിൽ മേഖലയിലെത്തിയ വനിതകളുടെ വിദ്യാഭ്യാസ-ഗുണമേന്മയിൽ അഭൂതപൂർവമായ ഉയർച്ച ഉണ്ടാവുകയും ചെയ്തു. തൊഴിൽ മത്സരരംഗത്ത് പുരുഷന്മാരോട് തുല്യത നിലനിർത്താൻ വനിതകൾക്ക് നിഷ്പ്രയാസം സാധിച്ചു.
വിപ്ലവകരമായ ഈ മാറ്റത്തിലേക്ക് നയിച്ചതിന് ഇടയാക്കിയ കാരണങ്ങളിലൊന്നെന്ന നിലയിൽ ക്ലോഡിയ ഗോൾഡിൻ പരിശോധന വിധേയമാക്കിയിരിക്കുന്നത് സ്ത്രീകൾ വൻതോതിൽ കുടുംബാസൂത്രണ മാർഗങ്ങളെ ആശ്രയിച്ചു എന്നതുകൂടിയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, വനിത തൊഴിലാളികളുടെ തൊഴിൽസാധ്യതകൾ സംബന്ധമായ ക്ലോഡിയ ഗോൾഡിന്റെ നിഗമനങ്ങൾ പ്രസക്തമാണെന്ന് നമുക്ക് കാണാനാവും.
കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട ജൂലൈ-ജൂൺ 2022-23 കാലയളവിലേക്കുള്ള പിരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് ഒറ്റനോട്ടത്തിൽതന്നെ ഈ വസ്തുത വെളിവാക്കുന്നതുമാണ്. ഔദ്യോഗിക അവലോകന റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ മുഖവിലക്കെടുത്താൽ നമുക്ക് കാണാനാവുക ഈ കാലയളവിൽ തൊഴിലില്ലായ്മ നിരക്കിൽ 3.2 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ്.
തൊഴിലാളി പങ്കാളിത്ത നിരക്കിലും ഇതിനനുസൃമായ വർധനവുണ്ടായിട്ടുണ്ട്. ഇതിന്റെ അർഥം സമ്പദ്വ്യവസ്ഥയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നുമാണ്. എന്നാൽ, തൊഴിലിന്റെ ഗുണമേന്മയിൽ മെച്ചമുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടാനുമാവില്ല.
തൊഴിലാളി പങ്കാളിത്ത നിരക്കിൽ പൊതുവിൽ, 2017-18നും 2022-23നും ഇടക്ക് 49.8ൽനിന്ന് 57.9 ശതമാനത്തിലേക്കാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. കാർഷികേതര മേഖലകളിൽ അതായത് ഉടമസ്ഥാടിസ്ഥാനത്തിലും പങ്കാളിത്താടിസ്ഥാനത്തിലുമുള്ള അനൗപചാരിക മേഖലകളിൽ ഉണ്ടായിരിക്കുന്ന വർധന 71.4ൽനിന്ന് 74.3 ശതമാനത്തിലേക്കാണ്.
ഈ മാറ്റം നാമമാത്രമാണെങ്കിലും സ്വാഗതാർഹമാണ്. എന്നാൽതന്നെയും 60 ശതമാനം തൊഴിലാളികൾക്കും രേഖാമൂലമുള്ള കരാറുകളൊന്നും ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ജോലിസ്ഥിരതയോ വേതനമടക്കമുള്ള പ്രതിഫലമോ സംബന്ധമായ ഒരുവിധ നേട്ടവും അവകാശപ്പെടാനുമാവില്ല.
ഇന്ത്യയിലെ സാമ്പത്തിക വികസന മേഖലയിലെ പൊതുസ്ഥിതി-ക്വാണ്ടിറ്റിയുടേതായാലും ക്വാളിറ്റിയുടേതായാലും ദീർഘകാലാടിസ്ഥാനത്തിൽ തെല്ലും ആശ്വാസകരമാണെന്ന് കരുതാനാവില്ല എന്നതിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടുള്ളതെന്ന് വ്യക്തം.
ഇതിൽതന്നെ ഏറെ ഗൗരവമേറിയ പ്രശ്നം തൊഴിൽമേഖലയിലെ വനിത പങ്കാളിത്തവുമായി ബന്ധപ്പെട്ടുള്ളതാണ്. യാദൃശ്ചികമെന്നുതന്നെ പറയട്ടെ, ഇന്ത്യയുടെ പി.എൽ.എഫ്.എസ് കണക്കുകൾ സംബന്ധമായ കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുന്ന അതേനാൾ തന്നെയാണ് നൊബേൽ സമിതിയുടെ ധനശാസ്ത്ര നൊബേൽ സമ്മാനപ്രഖ്യാപനവും പുറത്തുവരുന്നതും.
സർക്കാറിന്റെ പി.എൽ.എഫ്.എസ് അവലോകന റിപ്പോർട്ടിൽ കാണാൻ കഴിയുക, 15 വയസ്സിനോ അതിന് മുകളിലോ പ്രായമുള്ളവരിൽ വനിത പങ്കാളിത്തം 2017-18ൽ 23.3 ശതമാനമായിരുന്നത് 2022-23 ആയതോടെ 37.8 ശതമാനമായി ഉയർന്നു എന്നാണ്.
അതേയവസരത്തിൽ പുരുഷ പങ്കാളിത്ത വർധന 78.5 ശതമാനത്തിലേക്കായിരുന്നു. വനിത പങ്കാളിത്ത വർധന നാമമാത്രമാണെങ്കിൽതന്നെയും അതിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു എന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നു. പാൻഡെമിക്കിനെ തുടർന്നുണ്ടായ സാമ്പത്തികഞെരുക്കം, കൂടുതൽ സ്ത്രീകളെ കുറഞ്ഞ വേതന നിരക്കുകളിലാണെങ്കിൽകൂടിയും തൊഴിൽവിപണിയെ ആശ്രയിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.
ഇത്തരമൊരു പശ്ചാത്തലത്തിൽ ഇന്ത്യയിലെ കേന്ദ്ര സർക്കാർ മാത്രമല്ല, സംസ്ഥാന സർക്കാറുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതൽ മെച്ചപ്പെട്ട വേതനത്തോടെ, കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാൻ സന്നദ്ധരാവുക തന്നെ വേണം. വനിതകളുടെ വർധിതമായ തൊഴിൽ വിപണി പങ്കാളിത്തം ഉൽപാദന ക്ഷമതയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്തും.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ലക്ഷ്യമിടുന്ന അഞ്ച് ട്രില്യൻ ഡോളർ വളർച്ച എന്ന ലക്ഷ്യത്തിലെത്തുന്നതിന് മറ്റ് പല ഘടകങ്ങൾക്കെുമൊപ്പം വനിത പങ്കാളിത്തത്തിനും നിർണായക സ്ഥാനമാണ് ഉണ്ടായിരിക്കുക. നൊബേൽ പുരസ്കാര ജേതാവിന്റെ നിഗമന പ്രകാരം വിദ്യാഭ്യാസ യോഗ്യത കൈവരിച്ചതുകൊണ്ടുമാത്രം തൊഴിൽ വിപണിയിലെ ലിംഗവിവേചനം പരിഹരിക്കപ്പെടുകയില്ല. ഇതിന് ആവശ്യം വേണ്ടത് സാമൂഹിക, സ്ഥാപനവത്കൃത പ്രതിബന്ധങ്ങൾ നീക്കംചെയ്യുകയാണ്.
ഭാവിയെപ്പറ്റി സ്ത്രീസമൂഹത്തിനുള്ള ശുഭപ്രതീക്ഷകളും ആത്മവിശ്വാസവും ഇക്കാര്യത്തിൽ വൻതോതിലുള്ള സ്വാധീനമായിരിക്കും ചെലുത്തുക എന്നും പ്രഫ. ഗോൾഡിൻ വിശ്വസിക്കുന്നു.
ഇത്തരമൊരു പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ നയരൂപവത്കരണ രംഗത്തുള്ളവർ ശ്രദ്ധ ചെലുത്തേണ്ടത്, സമ്പദ്വ്യവസ്ഥയിലെ ആധുനിക ഔപചാരിക മേഖലയിൽ ആകർഷകമായ സേവന-വേതന വ്യവസ്ഥകളോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലായിരിക്കണം. തൊഴിൽ ചെയ്യുന്നതിന് അനുയോജ്യമായ പശ്ചാത്തല സൗകര്യങ്ങളും സാമൂഹിക സുരക്ഷ സൗകര്യങ്ങളും പരിസ്ഥിതിയും ഉറപ്പാക്കുക എന്നതും ഇതിന്റെ ഭാഗമായിരിക്കണം.
(സാമ്പത്തികകാര്യ വിദഗ്ധനും ആക്ടിവിസ്റ്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.