ജോയിയിൽനിന്ന് നജ്മൽ ബാബുവിലേക്കുള്ള അകലം
text_fieldsടി.എൻ. ജോയ് അന്തരിച്ചത് ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയുടെ അന്നുതന്നെയാണ്. നല്ല സുഖമില്ലാതിരുന്നതിനാൽ എനിക്ക് കൊടുങ്ങല്ലൂരിലേക്ക് യാത്രചെയ്യാൻ കഴിയുമായിരുന്നില്ല. ഞാൻ കെ. വേണുവിനെ വിളിക്കുകയും േജായിയുടെ മരണാനന്തരത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ജോയിയുടെ ചേട്ടൻ പ്രേമചന്ദ്രൻ ഞങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരാളായിരുന്നു. വേണു, പ്രേമചന്ദ്രനുമായി സംസാരിക്കുകയും ജോയിയുടെ കുടുംബ വീട്ടുവളപ്പിൽ വൈകുന്നേരം സംസ്കാരം നടക്കുമെന്ന് അറിയിക്കുകയും ചെയ്തു. അപ്പോൾ ജോയിയുടെ അന്ത്യാഭിലാഷത്തെക്കുറിച്ച് വേണു, പ്രേമനെ ഒാർമിപ്പിച്ചു. ചേരമാൻ പെരുമാൾ പള്ളിയിൽ സംസ്കരിക്കപ്പെടണം എന്ന ആഗ്രഹം ജോയി പരസ്യമായി പ്രഖ്യാപിച്ചിരുന്നല്ലോ. എന്നാൽ, പ്രേമൻ അതിന് ഒരുക്കമായിരുന്നില്ല.
‘‘ജോയിയുടെ വീട് -കൈവാലത്ത്വീട്- കമ്യൂണിസ്റ്റുകാരുടെയും ഭൗതികവാദികളുടെയും സ്ഥലമാണ്. ജോയിയുടെ അച്ഛൻതന്നെയും തികഞ്ഞ ഒരു ഭൗതികവാദി ആയിരുന്നു’’ -പ്രേമൻ പറഞ്ഞു. ഒരു ചടങ്ങുമില്ലാതെ, ഒരു വിളക്കിൽ തിരിപോലും കൊളുത്തിവെക്കാതെ ഞങ്ങൾ ജോയിയെ സംസ്കരിച്ചുകൊള്ളാം. ചേരമാൻപള്ളിയിലാണെങ്കിൽ ധാരാളം ചടങ്ങുകൾ ഉണ്ടാകുമല്ലോ, അപ്പോൾ ഇതല്ലേ ഭേദം.
വേണുവിന് അതിനോട് യോജിപ്പുണ്ടായില്ല. ഇൗ വിവരം ഞാൻ, ഞങ്ങളുടെ പൊതുസുഹൃത്തായ ബി. രാജീവനോട് വിളിച്ചുപറയുകയുണ്ടായി. രാജീവൻ അതിനോട് പ്രതികരിച്ചതും കൗതുകകരമായാണ്. ഒരുചടങ്ങുമില്ലാതെ സംസ്കാരം നടത്തുക എന്ന രീതിയും ഹിന്ദുമതത്തിലുണ്ട്. അതുകൊണ്ട് ചടങ്ങുകളില്ല എന്നതുകൊണ്ട് സംസ്കാരം മതമുക്തമാകണമെന്നില്ല. 2013 ഡിസംബറിലാണ് േജായി ഒരു കത്ത് എഴുതിയത്. ആ കത്ത് ചേരമാൻ പള്ളിയിലെ സുലൈമാൻ മൗലവിക്കാണ്. അന്ന് അദ്ദേഹം ജോയി മാത്രമായിരുന്നു. നജ്മൽ ബാബു ആയിരുന്നില്ല. ആ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത് താൻ മരിക്കുേമ്പാൾ എെന്ന പള്ളിയിൽ ഖബറടക്കാൻ കഴിയുമോ എന്നാണ്. താനൊരു വിശ്വാസിയൊന്നുമല്ലെന്നും വിശ്വാസത്തിെൻറ വൈവിധ്യഭംഗിയിലാണ് വിശ്വസിക്കുന്നതെന്നും അേദ്ദഹം ആ കത്തിലെഴുതി.
ജനനം ഒരാൾക്ക് തിരെഞ്ഞടുക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ, മരണവും മരണാനന്തരവും ഒരാൾക്ക് തീരുമാനിക്കാനാവും. ജോയി തീരുമാനിച്ചത് മുസ്ലിം ആയി മരിക്കാനാണ്. അതിനുവേണ്ടിയാണ് അദ്ദേഹം മതംമാറുകയും നജ്മൽ ബാബു എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. 2015ലാണ് അത് സംഭവിച്ചത്.
ഗാന്ധിജിയുടെ ജീവിതത്തിലെ ഒരനുഭവം ഇൗസമയം ഒാർക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽനിന്ന് ഗാന്ധിജി ദില്ലിയിലെത്തി. ശവങ്ങളെക്കൊണ്ടാണ് അദ്ദേഹത്തെ ആ നഗരം എതിരേറ്റത്. മതലഹളയുടെ വടുക്കൾപേറിയ ശവങ്ങളായിരുന്നു അവ. സുരക്ഷാകാരണങ്ങളാൽ ഗാന്ധിജിക്ക് താമസിക്കാൻ ബിർള മന്ദിർ ഒരുക്കിയത് പ്രധാനമന്ത്രി നെഹ്റുവിെൻറ ബുദ്ധിയായിരുന്നു.
താൻ സ്ഥിരമായി താമസിക്കുന്ന ‘ഭംഗി’ കോളനി വിട്ട് ബിർള മന്ദിരത്തിൽ പാർക്കാൻ ഗാന്ധിജിയെ ഒത്തിരി നിർബന്ധിപ്പിക്കേണ്ടിവന്നു. എങ്കിലും ഗാന്ധിജി ഭംഗി കോളനിയിലേക്ക് പോവുകതന്നെ ചെയ്തു. അവിടെ അദ്ദേഹം കണ്ട കാഴ്ച മനസ്സ് മരവിപ്പിക്കുന്നതായിരുന്നു. ഭംഗി കോളനിയിലെ മുസ്ലിംകൾ കടുത്ത അരക്ഷിതാവസ്ഥയിലായിരുന്നു. ‘‘നോക്കൂ, ബാപ്പൂ ഞങ്ങളെ അവർ ആക്രമിക്കുകയാണ്. ഇതാണോ താങ്കൾ ഞങ്ങൾക്ക് തന്ന രാമരാജ്യം’’. ശവങ്ങളുടെ ആ നഗരത്തിൽ പഴയ ഉത്തരങ്ങളൊന്നും ഗാന്ധിജിയെ തുണച്ചില്ല. ഗാന്ധിജി പറഞ്ഞു: ‘‘നിങ്ങളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് പറയാൻ എനിക്കറിയില്ല. പക്ഷേ, ഒന്നുണ്ട് ആക്രമിക്കപ്പെടുേമ്പാൾ കൈയിൽ കിട്ടിയ ആയുധങ്ങളെടുത്ത് നിങ്ങൾ തിരിച്ചടിക്കണം’’.
ഭംഗി കോളനിയിൽനിന്ന് പുറത്തിറങ്ങാൻ ഗാന്ധിജിക്ക് നന്നേ പാടുപെടേണ്ടിവന്നു. അന്നുരാത്രി നെഹ്റുവും പേട്ടലും മൗലാന ആസാദും അദ്ദേഹത്തെ സന്ദർശിച്ചു. മൗലാന പറഞ്ഞു: ‘‘ബാപ്പൂ, ഒരു രാജ്യം മുഴുവൻ നിങ്ങളുടെ ജീവനുവേണ്ടി പ്രാർഥിക്കുകയാണ്. അവരെ നിരാശപ്പെടുത്തരുത്. താങ്കൾ ഇന്ന് ആയുധമെടുത്ത് തിരിച്ചടിക്കാനാണ് കോളനിയിലെ മുസൽമാന്മാേരാട് ആവശ്യപ്പെട്ടത്. അങ്ങ്, അങ്ങയുടെ അഹിംസ കൈയൊഴിഞ്ഞുവെന്ന് ഞങ്ങൾ കരുതണമോ’’?
മറുപടിപറയാൻ ഗാന്ധിജിക്ക് ഒരുനിമിഷം വേണ്ടിവന്നില്ല. ‘‘എെൻറ അഹിംസയെക്കുറിച്ച് നിങ്ങൾ എന്താണ് കരുതിയിരിക്കുന്നത് മൗലാന? കീഴടങ്ങലിനും ഹിംസക്കുമിടക്ക് സ്പഷ്ടമായ ഒരൊറ്റ തിരഞ്ഞെടുപ്പേ സാധ്യമാകുന്നുള്ളൂവെങ്കിൽ ഞാൻ നിശ്ചയമായും ഹിംസ തിരഞ്ഞെടുക്കും; അെതെൻറ മാർഗമല്ലെങ്കിൽക്കൂടി. എെൻറ അഹിംസ ഒരു ഭീരുവിെൻറ കീഴടങ്ങലല്ല’’. ഗാന്ധിജി ജനിച്ച ദിവസത്തിലാണ് ജോയി മരിച്ചത്. അശാന്തനായി അലയാൻ നജ്മൽ ബാബുവിനെ വിട്ടുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.