ചൈനക്കാർ സിനിമ കാണാറുണ്ടോ?
text_fieldsസകലതിലും സമൂഹമാധ്യമ സ്വാധീനമുള്ള ഇക്കാലത്ത് ചൈനയുടെ സോഷ്യൽ മീഡിയ ലൈഫ് എങ്ങനെ എന്ന് പലരും ചോദിക്കാറുണ്ട്. ചൈനയിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ പുതിയ ലോകം, മനുഷ്യർ, ഭാഷ ഇതെല്ലാമായിരുന്നു മുന്നിൽ. കുറെ നാളുകൾ എല്ലാ അർഥത്തിലും മനസ്സിനെ ഭരിച്ചിരുന്നത് ഒരു തരം അത്ഭുതമായിരുന്നു. പതിയെപ്പതിയെ അവയോടെല്ലാം പൊരുത്തപ്പെടാൻ പരിശീലിച്ചു. അന്നേവരെ എവിടെയും കേട്ടിട്ടില്ലായിരുന്ന മാൻഡറിൻ എന്ന ഭാഷ ശീലമായി. അധികം വൈകാതെ ചൈനയെന്ന ദേശം സ്വന്തമെന്നപോലെയായി.
നിർത്താതെ സംസാരിക്കാൻ താൽപര്യപ്പെടുന്നവരാണ് ചൈനക്കാർ. പുതുതായി പരിചയപ്പെടുന്ന വ്യക്തിയോടുപോലും ദീർഘനാളായി അടുപ്പമുള്ളവരോടെന്ന കണക്കിന് വർത്തമാനം പറയും. ഭക്ഷണത്തിന് ക്ഷണിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന സുഹൃത്തുക്കളോട്, ‘ഹൗ ആർ യൂ’ എന്നല്ല, മറിച്ച്, ‘ഭക്ഷണം കഴിച്ചോ’ എന്നാണ് ചൈനക്കാർ ചോദിക്കുക. ഈ മനുഷ്യരുടെ സഹൃദയത്വം തിരിച്ചറിയാൻ മറ്റെന്തു വേണം!
വാട്സ്ആപ് പോലുള്ള വിനിമയോപാധികൾ അത്ര പ്രചാരത്തിലാകാത്ത കാലത്താണ് ഞാൻ ചൈനയിലെത്തുന്നത്. ചൈനക്കാരുടെ ‘വീചാറ്റും’ അന്ന് നിലവിലില്ല. കേരളത്തിലേക്ക് വിളിക്കണമെങ്കിൽ അത്യാവശ്യം കാശു ചെലവാണ്. കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെന്നതായിരുന്നു ആകെയുള്ള ആശ്വാസം. അപ്പോഴും പ്രശ്നമുണ്ട്, ഇന്ത്യക്കാർ ആശ്രയിക്കുന്ന ഒട്ടുമിക്ക വെബ്സൈറ്റുകളും ചൈനയിൽ ലഭ്യമല്ല. യൂട്യൂബു പോലുമില്ല. വിരസതയകറ്റാനായി, ഓൺലൈനിൽ ലഭിച്ചുപോന്ന സകലമാന പത്രങ്ങളും-പ്രശസ്തമായതും അല്ലാത്തതും- അരിച്ചുപെറുക്കി വായിക്കൽ ഒരു മാർഗമായി കണ്ടെത്തി. അതൊന്നും പക്ഷേ, ദീർഘകാലം പ്രാവർത്തികമായില്ല. എന്തായാലും വിവര സാങ്കേതികവിദ്യ അതിവേഗം വികസിച്ചത് ഭാഗ്യമായി.
സമൂഹമാധ്യമങ്ങളുടെ വരവ് ചൈനക്കാരുടെ ശീലങ്ങളിലും വലിയ വ്യതിയാനം വരുത്തിയിട്ടുണ്ട്. ടിക് ടോക്, വീചാറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുള്ളവരാണ് മുതിർന്ന സ്ത്രീപുരുഷന്മാരുൾപ്പെടെ ഏതാണ്ടെല്ലാവരും. പാർക്കിലോ ഷോപ്പിങ് മാളുകളിലോ മെട്രോയിൽ കയറുമ്പോഴോ ബസുകൾക്കായി കാത്തിരിക്കുമ്പോഴോ ഉള്ള ചെറിയ ഇടവേളകളിലെല്ലാം ആളുകൾ ഫോൺ സ്വൈപ് ചെയ്ത് വിഡിയോ കണ്ടാണ് ചെലവഴിക്കുക. കണ്ടാസ്വദിക്കാൻ മാത്രമല്ല, ഡാൻസു കളിക്കുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെയും വിഡിയോകൾ പോസ്റ്റ് ചെയ്യാനും വയോധികർക്ക് താൽപര്യമാണ്.
ഒരു സ്നേഹിതയുടെ മാതാപിതാക്കൾ കോവിഡ് കാലത്തെ വിരസത മറികടക്കാൻ വേണ്ടിയാണ് ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങിയത്. അറുപതു കഴിഞ്ഞ ഇരുവരും, ഒന്നിച്ചു നൃത്തം ചെയ്യുന്നതിന്റെയും കൃഷി പരിപാലിക്കുന്നതിന്റെയും സിനിമാസീനുകൾ അനുകരിച്ചുകാണിക്കുന്നതിന്റെയും നിരവധി വിഡിയോകളാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. മില്യനിലേറെ ഫോളോവേഴ്സുമുണ്ടവർക്ക്. ഇത്തരത്തിൽ പ്രചരിക്കപ്പെടുന്ന ഷോർട്ട് വിഡിയോകൾ കേവലം ഉല്ലാസത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ഇ-കോമേഴ്സ്, വിദ്യാഭ്യാസം, ടൂറിസം, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കും ഇത് ക്രമേണ വ്യാപിക്കുന്നുണ്ട്. ചൈന ഇന്റർനെറ്റ് നെറ്റ്വർക് ഇൻഫർമേഷൻ സെന്റർ പുറത്തുവിട്ട ചൈനയുടെ ഇന്റർനെറ്റ് വികസനത്തെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, 2022 ഡിസംബറോടെ ചൈനയിൽ ഏകദേശം 1.07 ബില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ടായിരുന്നു, 1.01 ബില്യനാണ് ഷോർട്ട് വിഡിയോ പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ എണ്ണം.
വീചാറ്റ് എന്ന ആപ്പിലാണ് ചൈനക്കാർ ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കൈയിൽ കറൻസിയുമായി നടക്കുന്നവർ ഇവിടെ ഇപ്പോൾ വിരളമാണ്. വീചാറ്റ് പേ വഴിയാണ് പണമിടപാടുകളെല്ലാം. ചാറ്റു ചെയ്തോ വിഡിയോ കോൾ ചെയ്തോ ഇരിക്കുന്നതിനിടയിൽ തന്നെ, മറ്റൊരു ആപ്പിന്റെയും സഹായമില്ലാതെ പണം അയക്കാനും സ്വീകരിക്കാനും ആവും. കൂടാതെ,‘പാംപേമെന്റ് എന്നൊരു സംവിധാനവും ഈയിടെയായി വീചാറ്റ് കൊണ്ടുവന്നിട്ടുണ്ട്. കൈവെള്ളയുടെ പ്രിന്റ് ഡിവൈസിലേക്ക് രജിസ്റ്റർ ചെയ്യലാണ് ഇതിനായുള്ള ആദ്യ പടി. ശേഷം ബാങ്ക് വിവരങ്ങളിലേക്ക് ക്യൂആർ കോഡുവഴി അതിനെ ബന്ധിപ്പിക്കുന്നു. ഇത്രമാത്രമേ ചെയ്യേണ്ടതുള്ളൂ. സബ് വേയിൽ കാർഡ് സ്വൈപ് ചെയ്തോ മൊബൈലിലെ ക്യൂആർ കോഡ് കാണിച്ചോ ടിക്കറ്റിന്റെ പണമടക്കുന്നതിനു പകരം നേരേ പോയി കൈവെള്ള കാണിച്ചാൽ മതിയാകും.
ഫോഷാനിലെ സ്റ്റോറിൽ പോയി ഒരു പാക്ക് പാലോ ബ്രഡോ വാങ്ങിയാലും ഇതുപോലെ കൈവെള്ള കാണിച്ച് പണമടക്കാം. വൈകാതെ തന്നെ ചൈനയിലെന്നപോലെ നമ്മുടെ നാടിന്റെ മുക്കുമൂലകളിൽപോലും പാം പേമെന്റ് സംവിധാനം വ്യാപകമായേക്കും. സോഷ്യൽ മീഡിയയെ കുറിച്ച് ഇത്രയും പറയുമ്പോൾ ചൈനക്കാർ സിനിമ കാണാറുണ്ടോ എന്നതാണ് പിന്നാലെ വരുന്ന ചോദ്യം. ചൈനീസ് ടി.വി ചാനലുകളിലെല്ലാം മിക്ക സമയങ്ങളിലും സീരിയലുകളാണ്. പുരാണകഥകളുടെ ദൃശ്യാവിഷ്കാരം. സബ്ടൈറ്റിലുകൾ പോലും മാൻഡറിനിൽ ആയിരിക്കും. മലയാളം ചാനലുകൾ എടുക്കാനുള്ള സംവിധാനം ഉണ്ടെന്നറിഞ്ഞെങ്കിലും താല്പര്യം കാണിച്ചില്ല. ആയിടെ, സ്കൈവി എന്ന സുഹൃത്താണ് യോക്കു എന്ന ആപ്ലിക്കേഷനെക്കുറിച്ച് പറഞ്ഞുതന്നത്. ഇന്ത്യൻ സിനിമകൾ കാണാൻ സാധിക്കും എന്നറിഞ്ഞതിനാൽ ഉടനടി യോക്കു പരീക്ഷിച്ചു. നിരാശയായിരുന്നു ഫലം. ഏതോ ഒരാൾ വല്ലപ്പോഴും അപ് ലോഡ് ചെയ്യുന്ന ഒന്നോ രണ്ടോ സിനിമകൾ മാത്രം കാണാനായി. ഒറ്റവാക്കിൽ പറഞ്ഞാൽ യൂട്യൂബിന്റെ കോപ്പി. അഞ്ചു സെക്കൻഡുകൾ കഴിഞ്ഞാൽ പരസ്യങ്ങൾ സ്കിപ് ചെയ്യാനാവും യൂട്യൂബിൽ. യോക്കുവിൽ പക്ഷേ, ചില വി.ഐ.പി യൂസേഴ്സിനൊഴികെ എല്ലാവർക്കും പരസ്യങ്ങൾ പൂർണമായും കണ്ടേ മതിയാകൂ. മെനു ബാറിൽ വിവിധ ബ്രാൻഡുകളുടെ സാധനങ്ങൾ ഓൺലൈനായി വാങ്ങാനുള്ള സൗകര്യം ഉണ്ട്. ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വെയ്ബോയുടെയും ആലിബാബയുടെയും സഹകരണമുള്ളതിനാൽ യോക്കുവിനാണ് ഇവിടെ യൂട്യൂബിനേക്കാൾ സ്വാധീനം.
ഇന്ത്യൻ സിനിമയുടെ തീവ്ര ആരാധകരാണ് ചൈനക്കാൻ. ഇന്ത്യൻ സിനിമയെന്നാൽ ചൈനക്കാർക്ക് ബോളിവുഡാണ്. അമീർഹാ(ഖാ)ൻ ആണ് മിക്കവരുടെയും ഇഷ്ട ഹീറോ. ഇന്ത്യക്കാരി ആണെന്നറിഞ്ഞയുടൻ, 1951ലെ രാജ് കപൂറിന്റെ സിനിമയായ ‘ആവാരാ’യിലെ ‘ആവാരാ ഹും’ എന്നുതുടങ്ങുന്ന പാട്ട് പാടിത്തരാത്ത ചൈനീസ് വൃദ്ധർ ഓർമയിലില്ല. യുവതലമുറയിൽപ്പെട്ട ചിലരെല്ലാം ചോദിച്ചിട്ടുണ്ട്, എന്തിനാണ് സിനിമയുടെ ഇടക്ക് മഞ്ഞുള്ള സ്ഥലത്തേക്ക് പോയി പാട്ടുപാടുന്നതെന്ന്.
കോവിഡിനു മുമ്പുവരെ ഇന്ത്യൻ സിനിമകൾക്ക് നല്ലൊരു വിപണിയായിരുന്നു ചൈന. ദംഗൽ എന്ന ആമിർഖാൻ മൂവി രണ്ടും മൂന്നു വട്ടം കണ്ട കൂട്ടുകാരെ അറിയാം. കുടുംബം, കുട്ടികൾ എന്നീ വ്യവസ്ഥിതികളെ പാവനമായി കാണുന്നവരാണ് ചൈനക്കാർ. അച്ഛൻ-മകൾ ബന്ധത്തെക്കുറിച്ച് വളരെ ആഴത്തിൽ പറഞ്ഞ ദങ്കൽ അതുകൊണ്ടുതന്നെയാണ് ചൈനക്കാർക്കിടയിൽ പ്രിയങ്കരമായതും. മലയാള സിനിമയായ ‘ദൃശ്യ’ത്തിന്റെ റീമേക്കായ Sheep without a shepherd, 2019ൽ ചൈനയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമാണെന്നതും കൂട്ടത്തിൽ പറയട്ടെ. അതിർത്തികൾ മനുഷ്യർക്ക് മാത്രമാണ്, കലാരൂപങ്ങൾക്ക് അതില്ല എന്നു തോന്നിപ്പിക്കുന്നത് കൂടിയാണ് ഇത്തരം അനുഭവങ്ങൾ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.