കരുതലുകളെ കുരുതികൊടുക്കരുത്
text_fieldsകോവിഡാനന്തര ചികിത്സക്ക് എ.പി.എൽ വിഭാഗക്കാരിൽനിന്ന് പണം ഈടാക്കാനുള്ള നിർഭാഗ്യകരമായ തീരുമാനം സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥയുടെ അനന്തരഫലമായി സാമ്പത്തികമായി സമൂഹം അടിമുടി തകർന്നുനിൽക്കുന്ന ഘട്ടത്തിൽ ലക്ഷക്കണക്കിന് മനുഷ്യർക്ക് സൗജന്യചികിത്സയും സേവനവും നിഷേധിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ കടുത്ത നീതിനിഷേധമാണ്. കഴിഞ്ഞ 4-5 മാസമായി ഡൽഹിയിലും കേരളത്തിലും ബ്ലാക്ക് ഫംഗസ് ചികിത്സക്കു വിധേയനായ ആളെന്ന നിലയിൽ വരുമാനം, മെഡിക്കൽ ഫീസ്, ചികിത്സലഭ്യത, ഗുണനിലവാരം എന്നിവയുടെ പരസ്പരബന്ധം എത്ര സങ്കീർണമാണെന്ന് എനിക്ക് കൃത്യമായി പറയാനാവും.
ബ്ലാക്ക് ഫംഗസ് (mucormycosis) പ്രമേഹരോഗികളിലും രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലും കോവിഡ്ചികിത്സയുടെ പാർശ്വഫലങ്ങളിലൊന്നായാണ് കണ്ടുവരുന്നത്. ജീവൻതന്നെ അപകടപ്പെടുത്തുന്ന രോഗമായാണ് ഇത് ഗണിക്കപ്പെടുന്നത്. ഇതിനുള്ള ചികിത്സ സങ്കീർണവും ചെലവേറിയ മരുന്നുകൾ ആവശ്യമുള്ളതുമാണ്. ബി.ബി.സിയുടെ വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഇന്ത്യയിൽ 4300ലധികം ആളുകൾ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മരണനിരക്ക് 50 ശതമാനത്തിൽ കൂടുതലാണെന്നത് ഭീതിയുളവാക്കുന്നതാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിലെ കാലതാമസവും രോഗികളിലും മെഡിക്കൽ സംവിധാനങ്ങളിലുമുള്ള അവബോധമില്ലായ്മയും മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ടെന്നാണ് മെഡിക്കൽ വിദഗ്ധർ സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ, ജനങ്ങളിൽ കൂടുതൽ അവബോധമുണ്ടാകാനും തക്കസമയത്ത് ചികിത്സ തേടാനുമാവുന്നവിധത്തിൽ ജില്ലാടിസ്ഥാനത്തിൽ ഹെൽപ്ഡെസ്ക് തുടങ്ങുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ആദ്യം സൂചിപ്പിച്ചതുപോലെ, ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നുവില വളരെ കൂടുതലാണ്. ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയകളും വിലയേറിയ മരുന്നുകളുമാണ് നിർദേശിക്കപ്പെടുന്നത്. Amphotericin B ഇൻജക്ഷൻ -വില 7000-8000 രൂപ, Isavuconazole- ഏഴ് കാപ്സ്യൂളുകൾക്ക് 21,500 രൂപ, Posaconazole പത്ത് ടാബ്ലറ്റുകൾക്ക് 5400 രൂപ എന്നിങ്ങനെയാണ് മരുന്നിനു വരുന്ന ചെലവ്. വില കൂടുതലാണെന്നതിനു പുറമെ ഈ മരുന്നുകളുടെ ലഭ്യതക്കുറവും ഓരോ ഘട്ടത്തിലും രോഗികളെയും മെഡിക്കൽ സംഘത്തെയും പ്രതിസന്ധിയിലാക്കുന്നു. ഈ മരുന്നുകളുടെ അഭാവത്തിൽ, അനുബന്ധമായ മരുന്നുകൾ, കുറഞ്ഞ കാലയളവിൽ ഫലപ്രദമാണെങ്കിലും കൂടുതൽ പാർശ്വഫലങ്ങളുള്ളവ നിർദേശിക്കാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു. പലഘട്ടത്തിൽ, വിവിധ മാർഗങ്ങളിലൂടെ മരുന്നുക്ഷാമം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നിർദിഷ്ട മരുന്നുകൾ സംസ്ഥാനത്ത് ശരിയായ തോതിൽ ലഭ്യമായിട്ടില്ല.
തകർന്നുപോയ മനുഷ്യർ
ബ്ലാക്ക് ഫംഗസിന് ഒന്നോ രണ്ടോ മാസത്തെ കിടത്തിച്ചികിത്സയാണ് നിർദേശിക്കപ്പെടാറ്. സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം രോഗനിർണയത്തിനും ശസ്ത്രക്രിയകൾക്കും തുടർപരിശോധനക്കും സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു. ബി.പി.എൽ കുടുംബത്തിന് ഇൻഷുറൻസ് വഴി ഈ മരുന്നുകൾ ലഭിച്ചേക്കാം. പേക്ഷ, മറ്റു വിഭാഗങ്ങളിലുള്ളവർ ഇതിനു പണം നൽകണം. മിക്ക കേസുകളിലും ഡിസ്ചാർജ് ചെയ്തശേഷവും ഔഷധസേവ 2-3 മാസത്തേക്ക് തുടരേണ്ടിവന്നേക്കും.
കർശന ഫോളോഅപ് കൂടാതെ/തുടർചികിത്സകളും നിർദേശിക്കുന്നു. ചെലവേറിയ മരുന്നുകൾക്കു പുറമെ, റെഗുലറായുള്ള രക്തപരിശോധന, ആവശ്യമെങ്കിൽ സ്കാനിങ് എന്നിവയും ഇതിനോടൊപ്പം ചെയ്യേണ്ടതുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ എ.പി.എൽ-ബി.പി.എൽ ഭേദമന്യേ മരുന്നുകളും അനുബന്ധ ടെസ്റ്റുകളും സ്വന്തം ചെലവിൽ നിറവേറ്റണം. രോഗത്തിെൻറ കാഠിന്യംകൊണ്ടു മാത്രമല്ല, തങ്ങളുടെ സാമ്പത്തികശേഷിക്ക് താങ്ങാവുന്നതിലും എത്രയോ ഇരട്ടി വരുന്ന ചെലവുകൾ കണ്ടെത്താൻ പെടാപ്പാട് പെടേണ്ടിവരുന്നുവെന്നതുകൊണ്ടുകൂടിയാണ് കോവിഡ്-കോവിഡാനന്തര രോഗങ്ങൾ ഭയാനകമായി മാറുന്നത്. വിലയേറിയ മരുന്നുകൾക്ക് സബ്സിഡി ഏർപ്പെടുത്തണമെന്ന് നിരവധി കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല. മിക്ക മെഡിക്കൽ കോളജുകളിലും പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെയും ജീവകാരുണ്യ-രാഷ്ട്രീയ സംഘടനകളുടെയും വകയായി ഏർപ്പെടുത്തിയിരിക്കുന്ന സൗജന്യ ഭക്ഷണവിതരണ കൗണ്ടറുകൾക്കു മുന്നിൽ മൂന്നു നേരവും നീണ്ട ക്യൂ കാണാം. ഭൂരിഭാഗം രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്നത് ഈ ഭക്ഷണമാണ്.
എന്തുകൊണ്ടാണ് ഈ ക്യൂ? രോഗികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഭക്ഷണംപോലും വിലകൊടുത്ത് വാങ്ങാൻ പ്രാപ്തിയില്ലാത്ത അവസ്ഥയാണിപ്പോൾ. ആംബുലൻസിന് പണം നൽകാൻ കഴിയാത്തതിനാൽ ഗുരുതര രോഗമുള്ളവരെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുവരുന്നത് സാധാരണ സംഭവമാണ് കേരളത്തിലിന്ന്. ബസ് ചാർജ് നൽകാൻ നിവൃത്തിയില്ലാതെ കിലോമീറ്ററുകൾ നടന്നു വരുന്ന കൂട്ടിരിപ്പുകാരെ കാണാം ഓരോ വാർഡിലും. ഈ മനുഷ്യരോടാണ് പണമുണ്ടെങ്കിൽ മാത്രം ചികിത്സിച്ചാൽ മതിയെന്ന് സർക്കാർ പറയുന്നത്. ഇത് അനീതിയാണ്, നെറികേടാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മൗലികാവകാശങ്ങൾക്ക് കേന്ദ്ര സർക്കാർ ബജറ്റ് വെട്ടിക്കുറക്കുന്ന പശ്ചാത്തലത്തിൽ, ഈ രംഗത്തെ കേരള സർക്കാർ ഇടപെടലുകൾ ഏറെ അഭിനന്ദിക്കപ്പെട്ടതാണ്. സർക്കാർ ആശുപത്രികളിലെ പശ്ചാത്തല സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുമുണ്ട്. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ടീം ലഭ്യമായ പരിമിതമായ സൗകര്യങ്ങളിൽനിന്നുകൊണ്ടുതന്നെ രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണവും നൽകാൻ ശ്രദ്ധിക്കുന്നുണ്ട്.
ദാരിദ്ര്യരേഖക്കു മുകളിലോ താഴെയോ എന്നു കണ്ടെത്തുന്ന പ്രക്രിയ ഒട്ടുംതന്നെ കുറ്റരഹിതമല്ല. എ.പി.എൽ കാർഡ് ഉള്ളവരെല്ലാം സാമ്പത്തികമായി സുസ്ഥിതിയിൽ ആയിരുന്നുവെന്ന് പറയാനുമാവില്ല. കോവിഡ് എല്ലാ കണക്കുകളും താളങ്ങളും തെറ്റിക്കുകകൂടി ചെയ്തതോടെ സാമ്പത്തിക-സാമൂഹിക സാഹചര്യം അത്യന്തം സങ്കീർണമായി. ആശുപത്രിയിലേക്കുള്ള ഓട്ടോക്കൂലിയോ പനിമരുന്നിനുള്ള വിലയോപോലും നൽകാൻ കഴിവില്ലാത്തവരായി മാറിയിട്ടുണ്ട് ഇവിടത്തെ ഇടത്തരക്കാരുൾപ്പെടെയുള്ളവർ. അവരെ കടക്കെണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുേമ്പാൾ കേരള സർക്കാർ സ്വന്തം നേട്ടങ്ങളെയും കരുതലുകളെയുമാണ് കുരുതി കഴിക്കുന്നത്.
(ഡൽഹിയിൽ മാനേജ്മെൻറ് കൺസൽട്ടൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.