Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭയക്കരുത്​; ഒരാളെയും,...

ഭയക്കരുത്​; ഒരാളെയും, ഒന്നിനേയും

text_fields
bookmark_border
muskan hijab
cancel
camera_alt

© DEEMUK

മുസ്​കാൻ ഖാൻ​/സഫർ ആഫാഖ്​

ആക്രോശിച്ച്​ പാഞ്ഞടുത്ത അക്രമാസക്തരായ വർഗീയവാദി ആൺപറ്റത്തിനു​ മുന്നിലൂടെ തക്​ബീർ മുഴക്കി ആർജവത്തോടെ നടന്നുപോയ ആ പെൺകുട്ടി ഇന്ന്​ ധീരതയുടെയും ചെറുത്തുനിൽപ്പി​ന്റെയും പ്രതീകമാണ്​. തെക്കൻ കർണാടകയിലെ മാണ്ഡ്യയിലുള്ള സാധാരണ കുടുംബത്തിൽനിന്നുള്ള ബീബി മുസ്​കാൻ ഖാൻ എന്ന രണ്ടാംവർഷ ബി.കോം വിദ്യാർഥിനി ഒരൊറ്റ നിമിഷംകൊണ്ടാണ്​ ദേശീയ-അന്തർ​ദേശീയ മാധ്യമങ്ങളിലെ വാർത്തതാരമായത്.

കോളജ്​ മുറ്റത്ത്​ അടിപതറിപ്പോയ വലതുപക്ഷ വർഗീയ സംഘങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണം അഴിച്ചുവിടു​മ്പോഴും അവർക്ക്​ കുലുക്കമില്ല. അഭിഭാഷകയാവണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന മുസ്​ഖാന്​ ത​ന്റെ അവകാശങ്ങളെക്കുറിച്ച്​ നല്ല ബോധ്യമുണ്ട്​.

അന്ന്​ കോളജിൽ സംഭവിച്ചതെന്തെന്ന്​ ഓർത്തുപറയാമോ, ആൾക്കൂട്ടത്തെ നേരിടുമ്പോൾ എന്തായിരുന്നു മനസ്സിൽ?

ഹിജാബ്​ ഊരണമെന്നാവശ്യപ്പെട്ട്​ ആദ്യമവരെന്നെ ഗേറ്റിൽ തടഞ്ഞുനിർത്തി, ബുർഖയുമിട്ട്​ അകത്തേക്ക്​ കടക്കാൻ അനുവദിക്കില്ലെന്നും ബുർഖ മാറ്റാനാവില്ലെങ്കിൽ വീട്ടിലേക്ക്​ തിരിച്ചുപോകാനും പറഞ്ഞു. അവർ വളഞ്ഞുവെക്കാൻ നോക്കിയെങ്കിലും ഞാൻ ബൈക്ക്​ ഓടിച്ച്​ അകത്തേക്ക്​ കടന്നു. ക്ലാസിലേക്ക്​ നടക്കവേ അവർ സംഘം ചേർന്നുവന്ന്​ ജയ്​ ശ്രീരാം വിളിച്ച്​ ആക്രമണോത്സുകരായി എ​ന്റെ അടുത്തേക്ക്​ പാഞ്ഞുവന്നു. ആദ്യം ഒരൽപ്പം പകച്ചുപോയെങ്കിലും ദൈവനാമം എന്നെ ധൈര്യവതിയാക്കി- ഞാൻ അല്ലാഹു അക്​ബർ എന്ന്​ ഉറക്കെപ്പറഞ്ഞു.

അതിനുശേഷം എന്തു സംഭവിച്ചു, ആരെങ്കിലും സഹായവുമായി വന്നോ?

എ​ന്റെ ​പ്രിൻസിപ്പലും ലെക്​ചറർമാരും കോളജിലെ മറ്റെല്ലാവരും എന്നെ പിന്തുണച്ചു. പ്രിൻസിപ്പൽ അന്ന്​ ഹിജാബിനെക്കുറിച്ച്​ ഒരക്ഷരം പറഞ്ഞിരുന്നില്ല. എ​ന്നെ തടഞ്ഞുവെക്കാൻ വന്നവരെല്ലാം പുറമെ നിന്നു വന്നവരാണ്​.

വീട്ടിൽനിന്നിറങ്ങു​മ്പോൾ ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിരുന്നോ?

കോളജുകളിൽ ഹിജാബി​ന്റെ പേരിൽ പ്രശ്​നങ്ങൾ നടക്കുന്ന റിപ്പോർട്ടുകൾ കേട്ടിരുന്നു. സൂക്ഷിക്കാനും കോടതി വിധി വരുന്നതു വരെ ഹിജാബ്​ മാറ്റിവെക്കാനും പ്രിൻസിപ്പലും ഉപദേശിച്ചിരുന്നു. പക്ഷേ, എന്തിനു​ ഞങ്ങൾ ഹിജാബ്​ ഒഴിവാക്കണം? അതെ​ന്റെ മുൻഗണനയാണ്​. അതുകൊണ്ട്​ ശിരോവസ്​ത്രം ധരിച്ചുതന്നെ കോളജിലേക്ക്​ പോയി. ഈ സംഭവം നടന്ന ശേഷം ​പ്രിൻസിപ്പലും അധ്യാപകരും എന്നെ പിന്തുണക്കുകയാണ്​ ചെയ്​തത്​.

കോളജിലെ വിഡിയോ വൈറലായതോടെ നിങ്ങളൊരു ​പ്രതീകമായി, ആളുകൾ പിന്തുണയുമായി മുന്നോട്ടുവരുന്നുമുണ്ട്​, എന്തു തോന്നുന്നു?

അതെന്റെ ആത്മവിശ്വാസത്തിന്​ കൂടുതൽ കരുത്തുപകർന്നു. വീട്ടിലേക്ക്​ വന്നപ്പോൾ അവിടെ നിറയെ ആളുകൾ കൂടിനിൽക്കുന്നതുകണ്ട്​ ഞാൻ സ്​തബ്​ധയായി, പക്ഷേ എല്ലാവരും എന്നെ പിന്തുണക്കാൻ എത്തിയവരായിരുന്നു. എന്റെ ചിത്രം ഹിജാബിനുവേണ്ടിയുള്ള സമരങ്ങളുടെ അടയാളമായിട്ടുണ്ട്​, നിരവധി ആർട്ടുകളുമുണ്ടായി.

നിങ്ങൾക്ക്​ എന്താണ്​ ഹിജാബ്​?

ഹിജാബ്​ ധരിക്കുന്നത്​ എനിക്ക്​ നല്ലതായി തോന്നുന്നു, ഒരു മുസ്​ലിം എന്ന നിലയിൽ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.

ഹിജാബ്​ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നവരോട്​ എന്താണ്​ പറയാനുള്ളത്​?

അവർ പിൻപറ്റേണ്ട സംസ്​കാരത്തെക്കുറിച്ചൊന്നും നമ്മൾ ഗിരിപ്രഭാഷണം നടത്തുന്നില്ല. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്​. ഇന്ത്യയിലെ ജനങ്ങൾക്ക്​ അവരുടെ സംസ്​കാരവും വസ്​ത്രരീതിയും പിൻപറ്റാനും മതവിശ്വാസം പരിപാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്​. അവർ അവരുടെ സംസ്​കാരത്തിൽ നിലകൊള്ള​ട്ടെ, ഞങ്ങൾ ഞങ്ങളുടെ സംസ്​കാരത്തിലും. ഞങ്ങൾ അവരെ ചോദ്യം ചെയ്യാൻ പോകുന്നില്ല. ഞങ്ങളെപ്പറ്റി അവരും ബേജാറാ​വേണ്ടതില്ല.

ഹിജാബ്​ നിരോധിക്കാൻ സർക്കാർ ഉത്തരവിട്ടാൽ എന്തുചെയ്യും​?

ഞങ്ങൾ ഹിജാബ്​ മാറ്റില്ല, എന്തിനു മാറ്റണം?

ഹിജാബ്​ ധരിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന കോളജ്​ വിദ്യാർഥിനികളോട്​ പറയാനുള്ളതെന്താണ്​?

ഒരാ​ളെയും ഒന്നിനേയും നമ്മൾ ഭയപ്പെടരുത്​, നാം ഒരുമിച്ച്​ മുന്നോട്ടുനീങ്ങുക. ഒരുപറ്റം ആളുകൾ മാത്രമാണ്​ ഈ കുഴപ്പങ്ങളൊക്കെ പടച്ചുവിടാൻ നോക്കുന്നത്​. ദൈവം വേണ്ടുകവെച്ചാൽ എല്ലാം ശരിയാവും, നമ്മൾ വിജയിക്കുകതന്നെ ചെയ്യും.

കടപ്പാട്​: ആർട്ടിക്കിൾ 14

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab row
News Summary - Do not be afraid; One or the other
Next Story