ദരിദ്രരെ പഴിക്കുകയല്ല വേണ്ടൂ
text_fieldsപെട്രോൾ വില കൂടുന്നു, അത് കൂടിക്കൊണ്ടേയിരിക്കും. മുമ്പും വില കുറവൊന്നുമായിരുന്നില്ല. പണ്ടുണ്ടായിരുന്ന ലിറ്ററിന് 70 രൂപ എന്ന അവസ്ഥയിൽനിന്ന് ഒരുപാട് മുന്നോട്ട് പോയി. ഇനി ഒരിക്കലും ആ പഴയ നിരക്കിലേക്ക് മടങ്ങാൻ കഴിയില്ല. വർക്ക് ഫ്രം ഹോം പദ്ധതി വീണ്ടും നടപ്പിലാക്കുന്നതാണ് സർക്കാറിന് നല്ലത്. എല്ലാവരും രണ്ട് മണിക്കൂർ അനാവശ്യമായി ട്രാഫിക്കിൽ ചെലവഴിക്കേണ്ടി വരുന്നതും ടെൻഷനടിക്കുന്നതും ഒഴിവാക്കാനാവും. സർക്കാറിന് നികുതിയിനത്തിൽ കുറച്ച് നഷ്ടമുണ്ടാകുമെങ്കിലും അത് മറ്റൊരു വിധത്തിൽ നഷ്ടപരിഹാരമായി മാറും.
ഓഫിസിൽ പോക്ക് ഒഴിച്ചുകൂടാത്തവർ മാത്രം റോഡിലൂടെ യാത്രചെയ്യുക. ബാക്കിയുള്ളവർ വീട്ടിൽനിന്ന് ജോലിചെയ്യുക. എല്ലാ സർക്കാർ ഓഫിസുകളിലും വർക്ക് ഫ്രം ഹോം നടപ്പാക്കണം. കുറച്ച് ദിവസത്തേക്കല്ല, അടുത്ത രണ്ട് മൂന്ന് വർഷത്തേക്ക് ഇത് നടപ്പിലാക്കണം. സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക് നീട്ടുക വഴി യു.പി സർക്കാർ നല്ലൊരു കാര്യമാണ് ചെയ്തത്. ഈ പദ്ധതി നീട്ടിയില്ലായിരുന്നെങ്കിൽ, സംസ്ഥാന ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിമൂലം മരിക്കുമായിരുന്നു.
വികസനത്തെക്കുറിച്ച് എന്ത് അവകാശവാദം ഉന്നയിച്ചാലും, ഈ നയങ്ങൾ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് നേതാക്കൾക്കും അറിയാം. സാമ്പത്തിക നയങ്ങൾക്ക് ബദലുകളെ കുറിച്ച് ചിന്തിക്കുന്നത് എളുപ്പമല്ല, ലോകത്തിലെ മറ്റേതോ ഫാക്ടറിയിൽ നിർമിക്കുന്ന സാമ്പത്തിക നയങ്ങളുടെ സംവിധാനത്തിന്റെ ഒരു ചെറിയ ഭാഗമാണ് ഓരോ സർക്കാറും. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. അതിന്റെ കളികൾ മനസ്സിലാക്കാനുള്ള കഴിവ് ഞാനുൾപ്പെടെ ഇന്ത്യയിലെ 99.9999 ശതമാനം പത്രപ്രവർത്തകർക്കും ഇല്ല.
യു.പിയിൽ 15 കോടി ദരിദ്രരുണ്ട്. ബി.ജെ.പി അവിടെ ഭൂരിപക്ഷം നേടി വിജയിച്ചതിന്റെ പേരിൽ പലരും ആ പാവങ്ങളെ മാത്രം അധിക്ഷേപിക്കുന്നു. ഇത് ശരിയല്ല. 150 ദശലക്ഷം മനുഷ്യർ പട്ടിണിയാൽ മരിച്ചുവീഴുന്നതിനെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ?. യോഗി സർക്കാർ സൗജന്യ റേഷൻ അഞ്ച് വർഷത്തേക്ക് നൽകണമെന്നും മാങ്ങ-നെല്ലിക്ക അച്ചാർ, ശർക്കര, ഇടക്ക് പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പുതിയ ഇനങ്ങൾ കൂടി ചേർത്തിരുന്നെങ്കിലെന്നും ഞാൻ ആശിക്കുന്നു.
പാവങ്ങളെ വെറുക്കുന്നവരോട് എനിക്കൊരു ചോദ്യമുണ്ട്. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഫാക്ടറിയിൽനിന്ന് സാമ്പത്തിക നയം രൂപപ്പെടാത്ത ഏതെങ്കിലുമൊരു പാർട്ടിയെക്കുറിച്ച് അവർക്ക് അറിയാമോ? ഏതാനും ആയിരങ്ങൾ സമ്പന്നരാകുകയും കോടിക്കണക്കിന് ആളുകൾ ദരിദ്രരാകുകയും ചെയ്യുന്ന നയങ്ങൾ എങ്ങനെയാണ് എല്ലാ പാർട്ടികളുടെയും സർക്കാറുകൾ ഒരേപോലെ നടപ്പാക്കുന്നത്?. ഒരു പാർട്ടിക്കും വേറിട്ട സാമ്പത്തിക ചിന്തയോ പോംവഴികളോ ഇല്ല. കാരണം അവർക്കുള്ള ചരക്കുകൾ മറ്റെവിടെയോ നിന്ന് വരുന്നവയാണ്. അത് നിരസിക്കാനുള്ള ആർജവം ആർക്കും തന്നെയില്ല. രാഷ്ട്രീയ പാർട്ടികൾക്ക് പ്രസക്തി നിലനിർത്താൻ ഇത്ര കുറഞ്ഞ ഇടം മാത്രമേ അവശേഷിപ്പുള്ളൂ. രാഷ്ട്രീയത്തിന്റെ മേഖല പരിമിതമാകുന്നത് കണ്ടാണ് മതത്തിന്റെ രാഷ്ട്രീയം ശക്തമാവുന്നത്.
നവ ഉദാരവത്കരണ നയങ്ങൾ ജനങ്ങളെ ദരിദ്രരാക്കുകയും കുറഞ്ഞ ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ. സർക്കാർ സൗജന്യ റേഷൻ അനുവദിച്ചാൽ മാത്രമേ അവർക്ക് കുറഞ്ഞ ശമ്പളത്തിൽ ജീവിക്കാൻ കഴിയൂ. എന്തുകൊണ്ടാണ് ചുരുക്കം ചില ആളുകൾ മൂലധനം പൂർണമായി കൈയടക്കിവെച്ചിരിക്കുന്നത്? പാവപ്പെട്ടവർ അവരുടെ ശക്തി മനസ്സിലാക്കണം. അവർക്ക് സർക്കാരല്ലാതെ മറ്റാരുമില്ല, അവരുടെ വോട്ട് കൊണ്ടാണ് സർക്കാർ രൂപവത്കരിക്കുന്നത്.
150 ദശലക്ഷം ദരിദ്രരെ പരിഹസിക്കുന്നതിന് പകരം ബദൽ സാമ്പത്തിക നയത്തെക്കുറിച്ച് സംസാരിക്കുക. ഞാൻ പെൻഷൻ പദ്ധതിയെ പിന്തുണക്കുന്ന ആളാണ്. ഈ ദിവസങ്ങളിൽ പെൻഷനെതിരെ ഹിന്ദി പത്രങ്ങളിൽ ധാരാളം ലേഖനങ്ങൾ വരുന്നുണ്ട്. പെൻഷനെതിരെ എഴുതുന്നവരുടെ മാതാപിതാക്കൾ പെൻഷൻ വാങ്ങുന്നുണ്ടോ ഇല്ലയോ എന്നറിയില്ല. ഉണ്ടെന്നാകിൽ ആ ലേഖകർ ആദ്യം അത് തിരികെ നൽകണം. മുതിർന്ന ആളുകൾക്ക് പെൻഷൻ നൽകരുത് എന്നത് അതിപ്രബലമായ അഭിപ്രായമായി മാറുന്നുണ്ട്, നവലിബറൽ ഫാക്ടറിയിൽ നിന്നാണ് അത്തരം അഭിപ്രായം ഉയരുന്നത്. സർക്കാർ ജീവനക്കാർക്ക് ധാർമിക ശക്തിയും സംഖ്യാബലവുമില്ല.15 കോടി പാവങ്ങൾക്ക് രണ്ടും ഉണ്ട്.
ഇംഗ്ലീഷിൽ എഴുതുന്ന ദേശീയ മാധ്യമപ്രവർത്തകരുടെ പഴയ ലേഖനങ്ങൾ എടുത്തുനോക്കുക. സാമൂഹിക സുരക്ഷാ നയങ്ങളെ അവർ എങ്ങനെയാണ് പരിഹസിച്ചിരുന്നതെന്ന് അതിൽ കാണാം. ഇപ്പോൾ പാവപ്പെട്ടവർക്കായി ആരംഭിച്ച ഈ പദ്ധതികളെ അവർ അഭിനന്ദിക്കുന്നു. കാരണം നിങ്ങൾക്കറിയാം. ബി.ജെ.പിയുടെ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്താക്കപ്പെടും, ഞങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, ബി.ജെ.പി അധികാരത്തിന്റെ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്താകും.
മധ്യവർഗത്തിന് മാനസിക സന്തോഷം വേണം. അടിസ്ഥാനം വെറുപ്പാണെങ്കിൽ പോലും അവർക്ക് മാനസിക സന്തോഷം നൽകുന്നതിൽ ബി.ജെ.പി എന്തെങ്കിലും കുറവു വരുത്തിയതായി പറയാൻ കഴിയില്ല. മത രാഷ്ട്രീയത്തിലൂടെ അവർക്ക് മാനസിക സന്തോഷവും അംഗീകാരവും കൈവരുന്നു. ഇന്ന് ഇന്ത്യയിലെ യുവ ജനങ്ങളും അവരുടെ കുടുംബവും തൊഴിലില്ലാതെയും മാനസികമായി സന്തോഷിക്കുന്നതിന്റെ കാരണം ഇതാണ്.
(എൻ.ഡി.ടി.വി സീനിയർ എക്സിക്യൂട്ടിവ് എഡിറ്ററാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.