കുട്ടികളുടെ സ്കോളർഷിപ് തട്ടിപ്പറിക്കരുത്
text_fieldsന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിവന്നിരുന്ന സ്കോളർഷിപ്പുകളുടെ അനുപാതം മാറ്റുന്നതുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകളും സർക്കാർ നടപടികളും ചിന്തനീയമായ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാർ കമ്മിറ്റിയുടെ ശിപാർശകളുടെയും അതു പഠിച്ച പാലോളി സമിതി റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനം ലക്ഷ്യംവെച്ച് നടപ്പിൽ വരുത്തിയതാണീ പദ്ധതി. നൂറു ശതമാനവും മുസ്ലിം വിദ്യാർഥികൾക്ക് നൽകാനുദ്ദേശിച്ച് ആവിഷ്കരിച്ച സ്കോളർഷിപ്പിൽനിന്ന് പിന്നീട് 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിദ്യാർഥികൾക്ക് നീക്കിവെച്ചു. അതേച്ചൊല്ലി ആരും എതിർപ്പോ അലോസരമോ ഉയർത്തിയിരുന്നില്ല. എന്നാൽ, മുസ്ലിംകൾ അന്യായമായി അവകാശങ്ങൾ പറ്റുന്നുവെന്ന വിദ്വേഷ പ്രചാരണം സ്ഥാപിത വർഗീയ താൽപര്യ ശക്തികൾ ഉയർത്തുന്നതും സമാന വാദത്തോടെ കോടതി കയറുന്നതുമാണ് പിന്നീട് കണ്ടത്. കോടതിയാവട്ടെ, വിഷയത്തിെൻറ സാമൂഹിക- ചരിത്ര പശ്ചാത്തലങ്ങളൊന്നും പരിശോധിക്കാതെ വിധി പുറപ്പെടുവിച്ചു. ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്ന വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതു പുനഃക്രമീകരിച്ചിരിക്കുന്നു. പക്ഷേ, അതു മറ്റൊരു അനീതിയിലേക്കാണ് വഴിതുറക്കുന്നത്.
2011ലെ സെൻസസ് അനുസരിച്ച് സംസ്ഥാന ജനസംഖ്യയിൽ 26.56 ശതമാനമാണ് മുസ്ലിംകൾ. മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർ 18.38 ശതമാനവും. ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പുകൾ വീതം വെക്കുേമ്പാൾ മുസ്ലിം വിദ്യാർഥികൾക്ക് ലഭിച്ചുവരുന്ന, പൂർണമായും അർഹമായ വിഹിതത്തിൽ ഗണ്യമായ കുറവാണ് സംഭവിക്കുക.
ചരിത്രപരമായ, സാമൂഹികമായ കാരണങ്ങളാൽ പിന്നാക്കം തള്ളപ്പെട്ട, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അകറ്റപ്പെട്ട ഒരു സമുദായത്തിലെ വിദ്യാർഥികളോട്, അവരെ മുഖ്യധാരയിലേക്ക് വഴി നടത്തേണ്ട ഭരണകൂടം ചെയ്തുകൂടാത്ത അനീതിയാണ് സംഭവിക്കുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും വിദ്യാഭ്യാസ പ്രോത്സാഹനം നൽകണം എന്നാണോ ശരിക്കും സർക്കാർ ലക്ഷ്യമിടുന്നത്?
സാമൂഹികമായും ഉദ്യോഗതലത്തിലും മുൻപന്തിയിൽ നിൽക്കുന്ന സമുദായങ്ങൾക്കുവേണ്ടി പ്രത്യേക സംവരണം ഏർപ്പെടുത്തുന്നതിന് തിടുക്കം കാണിച്ച സർക്കാർ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകി സന്തുലനം ഉറപ്പുവരുത്താൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളിൽനിന്ന് പിടിച്ചുപറിക്കുകയായിരുന്നില്ല, മറ്റുള്ളവർക്കായി പുതുതായി തുക വകയിരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്.
ഈ സ്കോളർഷിപ് വീതംവെപ്പ് മുസ്ലിം വിദ്യാർഥികളോടു ചെയ്യുന്ന ദ്രോഹമാണെന്ന് ഭരണാധികാരികൾക്കും ബോധ്യപ്പെട്ടിരിക്കണം. അതുകൊണ്ടാണല്ലോ മുസ്ലിംകൾക്കുള്ള സ്കോളർഷിപ്പിൽ ഒരു കുറവും ഉണ്ടാവില്ല എന്ന ആശ്വാസവാചകം ധിറുതിപിടിച്ച് കൂട്ടിച്ചേർത്തതും പിന്നീട് കൂടക്കൂടെ ആവർത്തിക്കുന്നതും. എല്ലാത്തിനും പരിഹാരമായി എന്ന നിലയിൽ അവർ കൂട്ടിച്ചേർത്ത ഈ ആശ്വാസ വാചകത്തിൽപോലും ഒളിഞ്ഞിരിപ്പുണ്ട് ദ്രോഹം. മുസ്ലിംകൾക്കുള്ള സ്കോളർഷിപ് എണ്ണത്തിൽ കുറവുണ്ടാവില്ല എന്നു പറയുന്നതിെൻറ അർഥം കഴിഞ്ഞ വർഷം നൂറു വിദ്യാർഥികൾക്ക് നൽകിയിരുന്നുവെങ്കിൽ അത്ര തന്നെ ഇക്കുറിയും നൽകുമെന്നല്ലേ. പുതിയ കോളജുകളുടെയും കോഴ്സുകളുടെയും എണ്ണവും വൈവിധ്യവും വർഷംപ്രതി വർധിക്കുന്ന ഘട്ടത്തിൽ കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിനുവേണ്ടി തേടിയാലും നൂറിൽ ഒരെണ്ണം കൂടുതൽ ലഭിക്കില്ല എന്നതുതന്നെയാണ് ആ ആശ്വാസവചനത്തിൽ ഒളിഞ്ഞിരിക്കുന്ന ദ്രോഹം.
അതു പരിഹാരം കാണേണ്ടതു തന്നെയാണ്. ഇന്ന് ഈ നിമിഷം സാധിക്കുമെങ്കിൽ ഇപ്പോൾ തന്നെ. സർക്കാർ പറഞ്ഞത് ആത്മാർഥതയോടെയാണെങ്കിൽ ആശ്വാസ വചനം ഭേദഗതി ചെയ്യണം. കഴിഞ്ഞ വർഷേത്തതിൽനിന്ന് കുറവു വരില്ല എന്നല്ല, അർഹരായ ഒരു വിദ്യാർഥിക്കും സ്കോളർഷിപ് നിഷേധിക്കില്ല എന്നു വ്യക്തമാക്കി പറയുവാനും അത് പ്രാവർത്തികമാക്കാനും സർക്കാർ മുന്നോട്ടുവരണം.
(മുൻ സംസ്ഥാന വിവരാവകാശ കമീഷണറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.