വിഷം വിളമ്പരുത് നമ്മുടെ മക്കൾക്ക്
text_fieldsലോകത്തിനു തന്നെ മാതൃകയാണ് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം. പഠനപദ്ധതിക്കൊപ്പം നമ്മുടെ പാഠ്യേതര പ്രവർത്തനങ്ങളും മികച്ചതാണ്. വർഷങ്ങളായി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണപദ്ധതിയിൽ സർക്കാറും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. കുഞ്ഞുങ്ങൾ വിശന്ന് ക്ലാസിലിരിക്കുന്നത് ഒഴിവാക്കാനും പോഷകാഹാരം ഉറപ്പാക്കാനും ഈ പദ്ധതി കൊണ്ട് സാധിച്ചിട്ടുണ്ട്.
എന്നാൽ, പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറിയ വലിയ വിഷയം" കൂടി നമ്മുടെ പരിഗണനക്ക് വിധേയമാകേണ്ടതുണ്ട്. അത് ഉച്ചഭക്ഷണത്തിനോടൊപ്പം വിളമ്പുന്ന പച്ചക്കറിയുടെ നിലവാരമാണ്. നമ്മുടെ പൊതുവിപണിയിൽ വിൽക്കപ്പെടുന്ന പച്ചക്കറിയുടെ ഏറിയപങ്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയാണ്. അതാകട്ടെ വിഷത്തിൽ മുങ്ങിക്കുളിച്ചാണ് അതിർത്തി കടന്നെത്തുന്നത്. പച്ചക്കറിയിലെ വിഷസാന്നിധ്യം ബോധ്യമുള്ളതു കൊണ്ട് വീടുകളിൽ പാചകത്തിന് മുമ്പ് അവ ഉപ്പുവെള്ളത്തിലും മഞ്ഞൾ വെള്ളത്തിലുമിട്ട് വൃത്തിയാക്കിയാണ് ഉപയോഗിക്കാറ്.
എന്നാൽ, സ്കൂളുകളിൽ ഇത്തരമൊരു പ്രക്രിയ നടക്കുന്നില്ല, വസ്തുത ഇതാണെന്നിരിക്കെ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ ഏതാണ്ട് എട്ട് വർഷത്തോളം ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ വിഷം കലർന്ന പച്ചക്കറിയാണ് കഴിക്കുന്നത്. ഈ വിഷയത്തിന് ശാശ്വതപരിഹാരം അത്യാവശ്യമാണ്. സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. അതിനായി ചില നിർദേശങ്ങൾ അധികൃതർക്ക് മുമ്പാകെ സമർപ്പിക്കുന്നു.
1. എൽ.പി മുതൽ ഹൈസ്‌കൂൾ വരെ ക്ലാസുകളിൽ ആഴ്ചയിൽ ഒരു പീരിയഡ് കാർഷികാഭിരുചി വർധിപ്പിക്കാനായി മാറ്റി വെക്കാം. അൽപസമയം കുട്ടികൾ പ്രകൃതിയിലേക്ക് ഇറങ്ങി കൃഷിയുടെ ബാലപാഠങ്ങളും പഠിക്കട്ടെ. അതിലൂടെ കുട്ടികൾ അവൻ മൂന്നുനേരം കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രാധാന്യവും മനസ്സിലാക്കട്ടെ. മൂന്നുനേരം കഴിക്കുന്ന ആഹാരം എങ്ങനെ ഊണ് മേശയിൽ എത്തുന്നു എന്ന് പോലും പല കുട്ടികൾക്കും അറിയില്ല
2. "ഞങ്ങളും കൃഷിയിലേക്കെന്ന" സർക്കാർ പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കാം . അതിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സർക്കാറിന്റെയും സ്കൂൾ പി.ടി.എ യുടെയും സഹായത്തോടെ തൊഴിലുറപ്പ്-കുടുംബശ്രീ പദ്ധതിയിലെ തൊഴിലാളികളെ നിയോഗിക്കാം. കാർഷിക പരിശീലനത്തിലും പരിപാലനത്തിലും അവർക്ക് നല്ല പങ്കുവഹിക്കാനാവും. ഇതുവഴി ഉൽപാദിപ്പിക്കുന്ന പച്ചക്കറി സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ ഉപയോഗിക്കാം. വലിയ ബുദ്ധിമുട്ടില്ലാതെ കൃഷി ചെയ്യാൻ കഴിയുന്ന പപ്പായ (ഓമക്ക), കോവക്ക, മുരിങ്ങ, വഴുതന, പച്ചമുളക്, കറിവേപ്പ് തുടങ്ങിയ വിളകൾക്ക് മുൻഗണന നൽകാം.
3. കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലും കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതുമായ സ്‌കൂളുകളിലും പി.ടി.എയുടെ സഹായത്തോടെ വ്യാപകമായോ അല്ലാതെയോ കൃഷി ചെയ്യുന്ന കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ നിന്ന് പച്ചക്കറി ഉൾപ്പെടെയുള്ള നാടൻ കാർഷിക വിഭവങ്ങളായ ചേമ്പ്, ചേന,കാച്ചിൽ, കായ് വർഗങ്ങൾ, കപ്പക്ക തുടങ്ങിയവ സംഭാവനയായി സ്വീകരിക്കുക.
ആരോഗ്യമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ സമൂഹം ഒന്നായി ഒറ്റക്കെട്ടായി അണിചേരണം. ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് നിരവധി തവണ അധികൃതർക്ക് പരാതി സമർപ്പിച്ച ഒരു വ്യക്തിയാണ് ഞാൻ. ഇതിന് നിരവധി ഉത്തരവുകളും നടപടികളും വന്നിട്ടുണ്ട്. എന്നാൽ നാളിതുവരെ സ്ഥായിയായ പരിഹാരം ഉണ്ടായിട്ടില്ല. ഓരോ രക്ഷിതാക്കളും അധ്യാപകരും ഈ വിഷയം ഗൗരവമായി ഏറ്റെടുത്ത് ക്രിയാത്മകമായി ഇടപെടണമെന്നും ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പാക്കണമെന്നും അഭ്യർഥിക്കുന്നു.
(സംസ്ഥാന അധ്യാപക -വനമിത്ര അവാർഡ് ജേതാവും താമരക്കുളം വി.വി.എച്ച്.എസ്.എസ് അധ്യാപകനുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.