പിതാവേ, ഈ അനീതികളൊന്നും അങ്ങു കാണുന്നില്ലേ?
text_fieldsസംഘ്പരിവാർ നടത്തുന്ന വിഷലിപ്ത പ്രചാരണങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്പർധയും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ തുടരവെ വർഗീയ ഭീകരതയുടെ ഗുജറാത്ത് മോഡലിനെ മാനവികതയുടെ കൊടിയേന്തി ചെറുക്കാൻ മുന്നിട്ടിറങ്ങിയ പുരോഹിതെൻറ ഓർമപ്പെടുത്തൽ. ഗുജറാത്തിൽ ന്യൂനപക്ഷങ്ങളെ ഞെരിച്ചമർത്താൻ ബി.ജെ.പി ഭരണകൂടം നടപ്പാക്കിയ നിയമങ്ങളെ ഇഴകീറി പരിശോധിക്കുന്നു ലേഖകൻ
രാജ്യം നേരിടുന്ന യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധതെറ്റിക്കാൻ ഉപയോഗിച്ചുപോരുന്ന ഗൂഢതന്ത്രമായ 'ലവ് ജിഹാദ്'പ്രചാരണം വീണ്ടും വലിയ ചർച്ചയായിത്തീർന്നിരിക്കുന്നു. ഈയിടെ കേരളത്തിലെ ഒരു ബിഷപ് മുസ്ലിംകൾ കത്തോലിക്ക പെൺകുട്ടികളെ ലവ്-നാർകോട്ടിക് ജിഹാദുകളുടെ ഇരയാക്കുന്നുവെന്ന് ആരോപണമുയർത്തി. ഗുജറാത്തിൽ കഴിഞ്ഞ ദിവസം രാജിവെച്ച മുഖ്യമന്ത്രി പറഞ്ഞത് ഹിന്ദു പെൺകുട്ടികളെ കെണിയിൽപ്പെടുത്തി അവരുമായി ഒളിച്ചോടുന്നവരെ സർക്കാർ കർശനമായി നേരിടും എന്നാണ്.
ബിഷപ്പിെൻറയും ആ മുൻമുഖ്യമന്ത്രിയുടെയും ആരോപണങ്ങൾ പല അർഥത്തിലും തെറ്റാണ്, അതിലുപരി ഭരണഘടനാവിരുദ്ധവും പുരുഷാധിപത്യ മനസ്സിൽനിന്ന് ഉടലെടുക്കുന്നതുമാണ്. ഇഷ്ടമുള്ളയാളെ തിരഞ്ഞെടുത്ത് വിവാഹം ചെയ്യുന്ന കാര്യത്തിലും ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്നതു സംബന്ധിച്ചും പ്രായപൂർത്തിയായ കത്തോലിക്ക/ഹിന്ദു സ്ത്രീകൾ ചിന്തിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും ബുദ്ധിശേഷിയില്ലാത്തവരാണ് എന്നു സ്ഥാപിക്കുകയാണവർ.
ബിഷപ്പും മുൻമുഖ്യനും ഇങ്ങനെയൊക്കെ വിളിച്ചുപറഞ്ഞുവെന്നല്ലാതെ അതിന് ഉപോദ്ബലകമായ എന്തെങ്കിലും തെളിവുകൾ നൽകാനില്ല. കേരളത്തിൽ എത്ര കത്തോലിക്ക യുവതികൾ ഹിന്ദുക്കളെയോ മറ്റേതെങ്കിലും വിശ്വാസങ്ങളിലുള്ളവരെയോ വിവാഹം ചെയ്തു എന്നതു സംബന്ധിച്ചും ബിഷപ്പിന് കണക്കില്ല. സഭക്കുള്ളിലെ സാമ്പത്തിക, ലൈംഗിക അപവാദ ആരോപണ കോലാഹലങ്ങളോട് പ്രതികരിക്കാനും സംവദിക്കാനുമുള്ള സത്യസന്ധതയാണ് ബിഷപ് കാണിക്കേണ്ടത്. മുൻ മുഖ്യമന്ത്രിയാവട്ടെ സകല മേഖലകളിലും അത്യന്തം നിരാശജനകമായിക്കിടക്കുന്ന ഗുജറാത്തിെൻറ പ്രശ്നങ്ങളെ സംബോധന ചെയ്യാൻ തയാറാവണം. രണ്ടുപേരും രാജ്യത്തെയും സഭയിലേയും സ്ത്രീകളുടെ അവകാശങ്ങളെ, വിശിഷ്യ, അന്തസ്സും സമത്വവും ഉയർത്തിപ്പിടിക്കാൻ ശബ്ദമുയർത്തി മുന്നോട്ടുവരണം.
മുന്നോട്ടു വെക്കേണ്ട ചോദ്യം ഇതാണ്: പരസ്പര സമ്മതമുള്ള രണ്ടു മുതിർന്ന പൗരർ തമ്മിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭരണകൂടത്തിനോ സഭക്കോ അവരെ അതിൽ നിന്ന് തടയാനുള്ള അധികാരമുണ്ടോ? ഒരു ദലിത് യുവതിക്ക് ബുദ്ധമതം ആശ്ലേഷിക്കണമെന്നുണ്ടെങ്കിൽ- അവരുടെ ഭർത്താവിെൻറ മതം അവരുടെ ജീവിത നിലവാരം ഉയർത്തിയേക്കുമെങ്കിൽ -അവർക്ക് അതിനുള്ള അവകാശമുണ്ടോ? അതെല്ലങ്കിൽ ഒരു ക്രൈസ്തവ യുവതിക്ക് ഒരു മുസ്ലിമിനെ വിവാഹം ചെയ്തതിനെ തുടർന്ന് ഇസ്ലാം ആശ്ലേഷിക്കണമെന്ന് തോന്നിയാൽ അതിന് അവകാശമുണ്ടോ? എന്തിനാണ് അടിച്ചമർത്തൽ സംവിധാനങ്ങളെയും നോട്ടക്കാരെയും ഉപയോഗിച്ച് ഭരണകൂടവും അല്ലെങ്കിൽ സഭയും തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത്? സ്വകാര്യതക്കുള്ള അവകാശം എന്ന ഭരണഘടനയുടെ 21ാം വകുപ്പിെൻറ വ്യക്തമായ ലംഘനമല്ലേ അത്. 2017 ആഗസ്റ്റ് 24ന് ഇന്ത്യൻ പരമോന്നത നീതിപീഠം ഒരു ഐതിഹാസിക ന്യായവിധിയിലൂടെ സ്വകാര്യതക്കുള്ള അവകാശത്തെ മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഗുജറാത്ത് ഹൈകോടതി സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ച് ചോദിച്ചത്- പുതുതായി ഭേദഗതി ചെയ്ത നിയമപ്രകാരം ചുമത്തിയ ആദ്യ 'ലവ് ജിഹാദ് കേസ്'റദ്ദാക്കാൻ തയാറാവാത്തത് എന്തുകൊണ്ടാണ് എന്നാണ്. തെൻറ ഭർത്താവിനെതിരെ ചുമത്തിയ ആരോപണങ്ങൾ പൊലീസ് കെട്ടിച്ചമച്ചവയാണെന്ന് ചൂണ്ടിക്കാട്ടി ഈ കേസിൽ കക്ഷിയായ യുവതി കോടതിയിൽ ഹരജി നൽകിയിരുന്നു. മതാന്തര വിവാഹങ്ങൾ നിർബന്ധിത മതപരിവർത്തന കാരണമായി വ്യവസ്ഥ ചെയ്യുന്നതടക്കമുള്ള മതസ്വാതന്ത്ര്യ (ഭേദഗതി) നിയമത്തിെൻറ പല വകുപ്പുകളും ആഗസ്റ്റ് 19ന് ഒരു ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
ഗുജറാത്ത് നിയമസഭ ഏപ്രിൽ ഒന്നിന് പാസാക്കുകയും ഗവർണറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ജൂൺ 15 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുകയും ചെയ്ത നിയമഭേദഗതിയിലെ വ്യവസ്ഥകളെ ചോദ്യംചെയ്ത് രണ്ട് ഹരജികളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. നിയമത്തിലെ നിരവധി വ്യവസ്ഥകൾ സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസായിരുന്ന വിക്രംനാഥിെൻറ നേതൃത്വത്തിലെ ഡിവിഷൻ ബെഞ്ച് പറഞ്ഞത്: രണ്ടു മതവിശ്വാസങ്ങളിലെ വ്യക്തികൾ തമ്മിൽ ബലമോ പ്രലോഭനമോ കബളിപ്പിക്കലോ കൂടാതെ നടന്ന വിവാഹത്തെ നിയമവിരുദ്ധ മതപരിവർത്തനം ലക്ഷ്യംവെച്ചാണെന്ന് വ്യാഖ്യാനിക്കാനാവില്ല എന്നായിരുന്നു.
വ്യവസ്ഥകൾ സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹരജിയും കോടതി തള്ളി. ഒരു വ്യക്തിയുടെ മതംമാറ്റം നടത്തുന്നതിന് മുമ്പ് മതപുരോഹിതർ ജില്ല മജിസ്ട്രേറ്റിൽനിന്ന് മുൻകൂർ അനുമതി നേടിയിരിക്കണമെന്നതായിരുന്നു നിയമത്തിലെ വ്യവസ്ഥ. മറ്റൊന്ന് മതം മാറുന്നവർ ഒരു നിർദിഷ്ട ഫോമിൽ ജില്ല മജിസ്ട്രേറ്റിന് വിവരം അറിയിക്കുകയും വേണമെന്നാണ് മറ്റൊന്ന്. അഡ്വക്കറ്റ് ജനറൽ മുന്നോട്ടുവെച്ച വാദഗതികളെല്ലാം കേട്ട കോടതി തങ്ങൾ നേരത്തേ പുറത്തിറക്കിയ ഉത്തരവുകളിൽ മാറ്റംവരുത്താൻ ഒരു കാരണവും കാണുന്നില്ല എന്നാണ് വ്യക്തമാക്കിയത്. ഗുജറാത്ത് ഹൈകോടതി നൽകിയ ഇടക്കാല ഉത്തരവുകൾ തീർച്ചയായും നിർണായക വഴിത്തിരിവാണ്. കേൾക്കാൻ സുഖത്തിന് മതസ്വാതന്ത്ര്യ നിയമമെന്നും നിന്ദാസൂചകമായി ലവ് ജിഹാദ് വിരുദ്ധ നിയമമെന്നും വിളിക്കപ്പെടുന്ന, വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതും ദേശീയതലത്തിൽ കൊണ്ടുവരുവാൻ ഭരണകൂടം ആഞ്ഞു ശ്രമിക്കുന്നതുമായ ഭരണഘടനാവിരുദ്ധവും കഠോരവുമായ മറ്റു മതംമാറ്റ വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്യുേമ്പാൾ ഗുജറാത്ത് കോടതിയുടെ വിധികളും നിരീക്ഷണങ്ങളും പ്രമാണ വിധിയായി പരിഗണിക്കപ്പെടുക തന്നെ ചെയ്യും.
സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും കഠോര നിയമങ്ങളിലൊന്നായ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം പ്രതിപക്ഷത്തിെൻറ കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് 2003 മാർച്ച് 26ന് നിയമസഭ പാസാക്കിയെടുത്തത്. അന്നത്തെ മുഖ്യമന്ത്രിയും ഇന്ന് രാജ്യത്തിെൻറ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. 2002ൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുസ്ലിംകളെയും ക്രൈസ്തവരെയും ഒറ്റപ്പെടുത്തി സംസാരിച്ച മോദിയുടെ വലിയ വാഗ്ദാനമായിരുന്നു മതപരിവർത്തനം തടയൽ നിയമം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിംകളെയും ക്രൈസ്തവരെയും ഉന്നംവെക്കുന്നതായിരുന്നു നിയമമെന്ന് അന്നേ വ്യക്തമായിരുന്നു.
2006ൽ ഡാംഗ് ജില്ലയിൽ സർക്കാറിെൻറ പിന്തുണയോടെ നടന്ന ശബരീ കുംഭിൽ വെച്ച് മതംമാറ്റം തടയുക എന്നത് എെൻറ ഭരണഘടനാ ബാധ്യതയാണെന്ന് മോദി ക്രൈസ്വർക്ക് മുന്നറിയിപ്പ് നൽകി. വത്തിക്കാനിൽ നിന്ന് വിമാനം നിറയെ മിഷനറിമാരെ കൊണ്ടുവന്ന് ക്രൈസ്തവർ മതപരിവർത്തനം നടത്തുകയാണെന്നും തങ്ങൾ ഘർവാപസി സംഘടിപ്പിക്കുേമ്പാൾ മാത്രമെന്തിനാണ് മോശമായി ചിത്രീകരിക്കുന്നത് എന്നുമായിരുന്നു മുരാരി ബാപുവിെൻറ ചോദ്യം. നിയമത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സും മറ്റു സംഘടനകളും ചേർന്ന് സമർപ്പിച്ച ഹരജിയിൽ സർക്കാറിെൻറ അഭിപ്രായം തേടി ഹൈകോടതി അയച്ച നോട്ടീസിന് പ്രതികരണമുണ്ടായില്ല.
ഇക്കുറി നിയമഭേദഗതി മുന്നോട്ടുവെക്കുേമ്പാൾ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പ്രദിപ്സിങ് ജദേജ ഉദ്ദേശ്യം മറച്ചുവെച്ചില്ല. സാംസ്കാരികമായി തകർത്ത് ഇന്ത്യയെ പിന്നോട്ടടിപ്പിക്കാൻ മുസ്ലിം രാഷ്ട്രങ്ങൾ കൊണ്ടുവന്ന കുതന്ത്രമാണ് ലവ്ജിഹാദെന്നും അവരിൽ നിന്ന് പെൺമക്കളെ രക്ഷപ്പെടുത്തുകയും ജിഹാദികളെ പാഠംപഠിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിവാഹത്തിലൂടെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് കണ്ടെത്തിയാൽ മൂന്നു മുതൽ പത്തു വർഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ചുമത്താൻ ഭേദഗതി വ്യവസ്ഥ ചെയ്തു. 'നിർബന്ധിത' പരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഇതിന് മുമ്പ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും ഇത്തരം നിയമം പ്രാബല്യത്തിലായിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.