എവിടെയാവും ആ കുഞ്ഞിപ്പോൾ?
text_fieldsഏതാനും വർഷങ്ങളുടെ കാത്തിരിപ്പിനും കഠിന പരിശ്രമത്തിനും ശേഷമാണ് 2005 ഏപ്രിലിൽ മൈസൂരുവിലെ സർക്കാർ മെഡിക്കൽ കോളജിൽ ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത് (DCH) എന്ന രണ്ടു വർഷ കോഴ്സിന് പ്രവേശനം ലഭിച്ചത്. ചെറിയ കുഞ്ഞിനെ വീട്ടിലാക്കി അന്യദേശത്ത് പോയി പഠിക്കുക എന്നത് അൽപം വിഷമിപ്പിച്ചെങ്കിലും, ഏറെ ആഗ്രഹിച്ചു കിട്ടിയ കോഴ്സിനു ചേരാൻതന്നെ ഉറപ്പിച്ചു.
നവജാതശിശുക്കളുടെ വാർഡിൽ എന്റെ കരിയർ ആരംഭിച്ചു. ശിശുക്കളെ പരിചരിക്കുന്നതിനു പുറമെ പ്രസവമുറിയിൽ കുഞ്ഞ് കരഞ്ഞില്ലെങ്കിൽ അവിടെ ഓടിയെത്തണം, സിസേറിയൻ തുടങ്ങുന്നതിനു മുമ്പ് തിയറ്ററിലെത്തി കുഞ്ഞിനെ സ്വീകരിക്കാൻ തയാറായി നിൽക്കണം, കുഞ്ഞിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും പരിശോധിക്കണം, ശ്വാസതടസ്സമുള്ള കുഞ്ഞുങ്ങളെ നവജാത ശിശു പരിചരണ ഐ.സി.യുവിലേക്ക് മാറ്റണം ഇതൊക്കെയായിരുന്നു തുടക്കത്തിൽ എന്റെ പ്രധാന ജോലികൾ.
അതിനിടെ തെന്നിവീണ് ഇടതുകൈയിൽ പൊട്ടലുണ്ടായതിന്റെ ഫലമായി കൈയിൽ ഗ്ലൗസ് ധരിച്ച് ചെയ്യുന്ന ജോലികളിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു. രണ്ടാഴ്ച കഴിഞ്ഞ് പ്ലാസ്റ്റർ വെട്ടിയ ശേഷം വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ച ദിവസം രാത്രി ഒരു കുഞ്ഞിനെ ലേബർ റൂമിൽനിന്ന് കൊണ്ടുവന്നു. ഞരമ്പിൽ കാനുല ഘടിപ്പിച്ച് അതിലൂടെ ഗ്ലൂക്കോസ് ഉൾപ്പെടെ മെഡിസിൻ നൽകേണ്ടിയിരുന്നു. കൈയിലെ പൊട്ടൽ കാരണം, ഗ്ലൗസ് വലിച്ചിടാൻ അപ്പോഴും കുറച്ച് പ്രയാസം ഉണ്ടായിരുന്നതിനാൽ ഗ്ലൗസില്ലാതെതന്നെ കാനുല ഘടിപ്പിച്ചു. അക്കാലത്ത് ഞങ്ങളുടെ ആശുപത്രിയിൽ ഒരുപാടുപേർ എച്ച്.ഐ.വി പോസിറ്റിവ് ആയിരുന്നു. രോഗബാധിതരാണെന്ന് അറിയാത്തവരായിരുന്നു അവരിൽ അധിക പേരും.
അഡ്മിറ്റ് ചെയ്ത് രണ്ടു ദിവസത്തിന് ശേഷമാണ് ഈ കുഞ്ഞിന്റെ അമ്മ എച്ച്.ഐ.വി പോസിറ്റിവാണെന്നറിയുന്നത്. കേസ്ഷീറ്റിൽ സാധാരണ എഴുതാറുള്ള ‘BIO HAZARD’ എന്ന് ഇല്ലായിരുന്നു. കുഞ്ഞ് ചിലപ്പോൾ എച്ച്.ഐ.വി നെഗറ്റിവ് ആയിരിക്കാം. പക്ഷേ, പ്രസവസമയത്ത് അമ്മയുടെ സ്രവങ്ങൾ കുഞ്ഞിന്റെ ദേഹത്തുള്ളതുകൊണ്ട് റിസ്ക് സാധ്യതയുണ്ട്.
എയ്ഡ്‌സ് പകർന്നുകിട്ടാനുള്ള ഈ സാധ്യതയെക്കുറിച്ചോർത്ത് കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി. മാസങ്ങളോളം ഈ ഭയം മനസ്സിൽ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. അതിനകം കുഞ്ഞിന്റെ അമ്മക്ക് അവിടെയുള്ള വളന്റിയറി കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്ററിൽനിന്ന് കൗൺസലിങ് നൽകിയിട്ടുണ്ടായിരുന്നു. തന്നെ ബാധിച്ചിരിക്കുന്ന ഈ വ്യാധിയുടെ ആഴം തിരിച്ചറിഞ്ഞ അവർ ഞങ്ങളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു, കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്ന് കൈകൂപ്പി അപേക്ഷിച്ചു.
അന്യദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവിൽനിന്ന് അയാൾ പോലുമറിയാതെ ആ സ്ത്രീക്ക് പകർന്നുകിട്ടിയതായിരുന്നു ആ മാറാരോഗം. ഇനി കുഞ്ഞിലേക്ക് രോഗാണു പകർന്നിട്ടില്ലെങ്കിൽ പകരാതിരിക്കാൻ ഒരേയൊരു മാർഗമേ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നുള്ളൂ. അമ്മയുടെ മുലപ്പാൽ കുഞ്ഞിന് നിഷേധിക്കുകതന്നെ. മുലപ്പാലിലൂടെ 30 ശതമാനം വരെ അണുബാധ സാധ്യത അന്നുണ്ടായിരുന്നു. കരഞ്ഞുകൊണ്ടാണെങ്കിലും അവരത് സമ്മതിച്ചു.
നേരത്തേ അണുബാധ തിരിച്ചറിഞ്ഞാൽ അമ്മക്ക് ഗർഭാവസ്ഥയിലും കുഞ്ഞിന് പ്രസവശേഷവും ഒരു പരിധി വരെ അണുബാധ തടയാൻ സാധിക്കുന്ന പ്രതിരോധ മരുന്നുകൾ ഇന്ന് ലഭ്യമാണ്. പക്ഷേ, പ്രസവത്തോടടുപ്പിച്ച് ഇത് തിരിച്ചറിയുന്ന വേളയിൽ ഒന്നും ചെയ്യാൻ കഴിയാറില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞ് എന്റെ എച്ച്.ഐ.വി എലിസ ഫലം നെഗറ്റിവാണെന്ന് അറിഞ്ഞ ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്.
ആ ഫലം പോസിറ്റിവായിരുന്നെങ്കിലോ? -അടുത്ത നിമിഷം മുതൽ ഞാൻ ലോകത്തിനു മുന്നിൽ വെറുക്കപ്പെട്ടവളായേനെ. പങ്കാളിയിൽനിന്നും അമ്മയിൽനിന്നും രക്തദാതാവിൽനിന്നുമൊക്കെയാണ് ഏറെ ആളുകൾക്കും രോഗപ്പകർച്ചയുണ്ടാവുന്നത്. എയ്ഡ്സാവട്ടെ മറ്റേതെങ്കിലുമൊരു രോഗമാവട്ടെ അതൊരു കുറ്റകൃത്യമല്ല എന്ന് സമൂഹം മനസ്സിലാക്കുന്നില്ല. രോഗത്തേക്കാളേറെ, രോഗിയാണെന്ന് വെളിപ്പെടുന്നതു മുതൽ ലോകം ഏൽപിക്കുന്ന മുറിവുകളാണ് എയ്ഡ്സ് രോഗികളെ ദുർബലരാക്കുന്നത്, രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാവുന്നത്.
ഇപ്പോഴും ആ അമ്മയുടെ കരച്ചിലും ഒരു ജോഡി കുഞ്ഞിക്കണ്ണുകളും എന്റെ മനസ്സിൽ നിന്നൊഴിഞ്ഞിട്ടില്ല. അന്നൊക്കെ കുഞ്ഞിന് 18 മാസം പ്രായമായാൽ മാത്രമേ അണുബാധ സ്ഥിരീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. ആ കുഞ്ഞ് ആരോഗ്യവതിയായി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവണേ എന്നു മാത്രമാണ് അന്നും ഇന്നും പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.