ഇതിനൊക്കെ അധികാരമുണ്ടോ ഗവർണർക്ക്?
text_fieldsകേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് 'മന്ത്രിമാർ ഗവർണറുടെ ഓഫിസിന്റെ വിലയിടിക്കാൻ ശ്രമിച്ചാൽ 'പ്രീതി പിൻവലിക്കുന്ന' (withdrawal of pleasure) തടക്കമുള്ള നടപടിയുണ്ടാകും' എന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മന്ത്രിമാരെ ഗവർണർ ഭീഷണിപ്പെടുത്തുന്നത് സംസ്ഥാന ചരിത്രത്തിൽതന്നെ ആദ്യസംഭവമാണ്. ഒരു ജനാധിപത്യക്രമത്തിൽ മന്ത്രിമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ജനങ്ങളുടേതല്ലാതെ ഒരു പൊന്നുതമ്പുരാന്റെയും പ്രീതി ആവശ്യമില്ല. എന്നാൽ, ഗവർണർക്ക് അതിനുള്ള അധികാരമുണ്ട്, അവകാശമുണ്ട് തുടങ്ങിയ വ്യാഖ്യാനങ്ങൾ സർക്കാറിന്റെ എതിരാളികളും ഗവർണറുടെ ചെയ്തികളിൽ സന്തോഷം പുലർത്തുന്നവരും നടത്തുന്നു. പക്ഷേ, എന്താണ് യാഥാർഥ്യം? ഗവർണർ സമീപകാലത്ത് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകൾക്ക് ഭരണഘടനപ്രകാരം എത്രമാത്രം സാധുതയുണ്ട് ?
നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം സർവകലാശാലകളിലും ചാൻസലർ പദവി ഗവർണർമാർക്കാണ് നൽകിയിരിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ നിയമസഭകൾ പാസാക്കുന്ന സർവകലാശാല നിയമത്തിനനുസൃതമായാണ് ചാൻസലർ സ്ഥാനം നിശ്ചയിക്കുന്നത്. അതിൻപ്രകാരം കേരളത്തിൽ ഗവർണർക്ക് നിയമസഭ നൽകിയ ഒരു പദവിയാണിത്. സർക്കാർതീരുമാനങ്ങളിൽ വിശദീകരണം ചോദിക്കാനും ബന്ധപ്പെട്ട മന്ത്രിയെ വിളിച്ചുവരുത്തി വിഷയത്തിൽ വ്യക്തതവരുത്താനുമുള്ള അവകാശം ഗവർണർക്കുണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ, മറ്റ് വിഷയങ്ങളിലെന്നപോലെ സംസ്ഥാന സർക്കാറിന്റെ പൊതുതാൽപര്യം സംരക്ഷിച്ചുകൊണ്ടുമാത്രമേ ഭരണഘടനാപരമായ യൂനിവേഴ്സിറ്റി കാര്യങ്ങളിൽ ഗവർണർക്ക് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ.
സർവകലാശാലകളിലെ വിവിധ കമ്മിറ്റികളുടെ നാമനിർദേശത്തിലും ഉദ്യോഗ നിയമനത്തിലുമെല്ലാം മുമ്പും ചില ഗവർണർമാർ ഇടപെട്ടിട്ടുണ്ട്. ഈ നിലയിലുള്ള ഇടപെടൽ ഭരണഘടനയിലെ ഗവർണറുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നകാര്യത്തിൽ ഒരു സംശയവുമില്ല. അതിനെ നിയമപരമായി ചെറുക്കാൻ സംസ്ഥാന സർക്കാറുകൾ വിമുഖത കാട്ടിയതുകൊണ്ടുമാത്രമാണ് അത്തരം ഇടപെടലുകൾ തുടരുന്നത്.
നമ്മുടെ ഭരണഘടന അനുസരിച്ച് ഓരോ ഘടക സംസ്ഥാനത്തിലും രൂപവത്കരിക്കപ്പെട്ട ഗവൺമെന്റുകൾ കേന്ദ്രസർക്കാറിനോട് സാദൃശ്യമുള്ളവയാണ്. സംസ്ഥാന നിയമസഭയോട് ഉത്തരവാദിത്തമുള്ള മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കുന്ന ഭരണത്തലവനാണ് ഗവർണർ. ഗവർണറുടെ നിലയെ പരാമർശിച്ചുകൊണ്ട് ഡോ. അംബേദ്കർ ഇപ്രകാരം പ്രസ്താവിച്ചു: ''തന്റെ സ്വന്തം വിവേചനത്താലോ വ്യക്തിപരമായ അഭിപ്രായത്താലോ നിർവഹിക്കപ്പെടേണ്ട ഒരു ചുമതലയും ഗവർണർക്കില്ല. ഭരണഘടന തത്ത്വങ്ങളനുസരിച്ച് അദ്ദേഹം എല്ലാകാര്യങ്ങളിലും മന്ത്രിമാരുടെ ഉപദേശാനുസരണം പ്രവർത്തിക്കണം.''
സുനിൽ ബോസും കൂട്ടരും പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്കെതിരെ നടത്തിയ കേസിൽ (1950) 'ഗവർണർമാർ മന്ത്രിമാരുടെ ഉപദേശാനുസരണം പ്രവർത്തിക്കണമെന്ന്' കൽക്കത്ത ഹൈകോടതി വിധിക്കുകയുണ്ടായി. ആ വിധി ഇങ്ങനെ: ''ഇന്നത്തെ ഭരണഘടനയനുസരിച്ച് ഗവർണർമാർക്ക് മന്ത്രിമാരുടെ ഉപദേശം അനുസരിച്ചല്ലാതെ പ്രവർത്തിക്കാൻ കഴിയുകയില്ല. തന്റെ വിവേചനം അനുസരിച്ചോ വ്യക്തിപരമായ അഭിപ്രായം അനുസരിച്ചോ പ്രവർത്തിക്കാൻ അധികാരമില്ലാത്തതിനാൽ ഗവർണർമാർ മന്ത്രിമാരുടെ ഉപദേശമനുസരിച്ചുതന്നെ പ്രവർത്തിക്കണം''. പിന്നീട് സുപ്രീംകോടതി ഈ വിധിയെ അനുകൂലിച്ചു.
ഭരണഘടനയിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ സുപ്രീംകോടതി ഐകകണ്ഠ്യേനയുള്ള വിധിനിർണയത്തിൽ വ്യാഖ്യാനിക്കുകയുണ്ടായി. അന്നത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് വി.കെ. മുഖർജി ഒരു സംസ്ഥാന ഗവർണർ വ്യവസ്ഥാപിത ഭരണത്തലവനല്ലാതെ മറ്റൊന്നുമല്ലെന്ന് ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന് വിവേചനമനുസരിച്ച് പ്രയോഗിക്കാവുന്ന അധികാരങ്ങളൊന്നും സ്വായത്തമാക്കാൻ കഴിയുകയില്ല.
കെ.ജെ. കപൂറും പഞ്ചാബ് സർക്കാറും തമ്മിലെ കേസിൽ (1955) 'ഗവർണർ നാമമാത്ര ഭരണത്തലവനാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഇംഗ്ലണ്ടിലെ രാജാവിന്റെ സ്ഥാനത്തിന് തുല്യമാണെന്നും' സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
ഷംഷെർ സിങ്ങിന്റെ കേസിൽ (1974) സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഗവർണർ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യർ ഉൾപ്പെടെ ഏഴ് ന്യായാധിപന്മാരുടെ ബെഞ്ചിന്റെ ഈ തീരുമാനം അതിനിർണായകമായിരുന്നു. അതിനുശേഷം പുറപ്പെടുവിക്കപ്പെട്ട പല വിധിന്യായങ്ങളിലും ഇക്കാര്യം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനത്തെ വിധിന്യായം നബാം റേബിയ (2016) എന്ന കേസിൽ സുപ്രീംകോടതിയുടെ മറ്റൊരു ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ചതാണ്. അതിലും ഗവർണർ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നുള്ള തത്ത്വം ആവർത്തിക്കപ്പെട്ടു. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരവകാശവുമില്ല എന്നുള്ളകാര്യം കോടതി ഷംഷെർ സിങ്ങിന്റെ കേസിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതുമാണ്.
ഗവർണറുടെ സ്ഥാനത്തെപ്പറ്റി വിവിധ വീക്ഷണങ്ങളുണ്ട്. ഗവർണർമാർ വ്യവസ്ഥാപിത ഭരണത്തലവന്മാരായിരുന്നാൽ മതിയെന്ന് ഭരണഘടന നിർമാതാക്കൾ ചിന്തിച്ചിട്ടുണ്ടായിരിക്കണം. 'സഹായവും ഉപദേശവും' എന്ന പ്രയോഗം കൃത്യമായും ബ്രിട്ടനിൽനിന്ന് കിട്ടിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉപയോഗിച്ചതായിരിക്കണം. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശം അനുസരിക്കണമെന്ന് വിവക്ഷിച്ചിരുന്നു. ഇതിന് ഏതൊരു വ്യാഖ്യാനവും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. മന്ത്രിസഭ നൽകുന്ന ഉപദേശങ്ങൾക്ക് വിരുദ്ധമായി ഗവർണർമാർ പ്രവർത്തിക്കുകയാണെങ്കിൽ ജനാധിപത്യ വ്യവസ്ഥിതിയിലുള്ള സർക്കാറിന്റെ നിലനിൽപുതന്നെ അസാധ്യമായിത്തീരും.
ഭരണഘടനയിൽ അസം സർക്കാറിനെ പറ്റി പറയുന്നഭാഗം ഒഴികെ മറ്റൊരിടത്തും ഗവർണറുടെ വിവേചനാധികാരങ്ങളെപ്പറ്റി പ്രതിപാദിക്കാത്തതിൽനിന്ന് ഇത്തരം അധികാരങ്ങൾ വളരെ പരിമിതമാണെന്ന് വ്യക്തവുമാണ്. ഗവർണറെ പോലെ അധികാരമുള്ള ഒരാൾ ഒരുകാര്യം മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ കൂടിയാലോചിക്കുമ്പോൾ അഭിപ്രായഭിന്നത ഉണ്ടാകാം. എന്നാൽ, സർക്കാറിന് ആവശ്യമെന്ന് തോന്നുന്നകാര്യങ്ങൾ അവഗണിക്കാൻ ഗവർണർമാർക്ക് ഒരിക്കലും കഴിയുകയില്ല.
മന്ത്രിസഭാതീരുമാനമോ ഒരു മന്ത്രിയുടെ തീരുമാനമോ ഭരണഘടനാവിരുദ്ധമോ രാജ്യത്തെ സംഘർഷങ്ങൾ ഇടനൽകുന്ന ഒന്നോ ആണെങ്കിൽ അത് പുനഃപരിശോധന ചെയ്യണമെന്ന് മുഖ്യമന്ത്രിയോടോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോടോ ആവശ്യപ്പെടാനുള്ള അവകാശം നിശ്ചയമായും ഗവർണർക്കുണ്ട്. വകുപ്പ് മന്ത്രിമാർ അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഈ നിലയിൽ ഭരണഘടനാവിരുദ്ധമാണെന്ന് ഗവർണർക്ക് തോന്നിയാൽ അതിനെ സംബന്ധിച്ച് അവരോട് വിശദീകരണം തേടാനുള്ള അവകാശവുമുണ്ട്.
ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ അദ്ദേഹത്തിന് ഒന്നുകിൽ സമ്മതം രേഖപ്പെടുത്തി തിരിച്ചയക്കാം. അല്ലെങ്കിൽ, സമ്മതം നിരസിക്കാം. അതുമല്ലെങ്കിൽ പുനഃപരിശോധനക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രസിഡന്റിന്റെ പരിഗണനക്ക് വിടാം. പുനഃപരിശോധനക്കയച്ച ബിൽ നിയമസഭ ഒരുമാറ്റവും വരുത്താതെ തിരിച്ചയച്ചാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനാണ്.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സർവകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലടക്കം ഗവർണർമാർ സംസ്ഥാനസർക്കാർ തീരുമാനങ്ങൾക്കെതിരായ നിലപാടുകൾ കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഇനി ഇക്കാര്യത്തിൽ ആശ്രയം കോടതികൾതന്നെയാണ്. ഭരണഘടനയാണ് പരമപ്രധാനം. ഇതിനെ കൈയിലെടുത്ത് അമ്മാനമാടാൻ ഒരാളെയും പരമോന്നതകോടതി അനുവദിക്കുമെന്ന് വിശ്വസിക്കാനാവില്ല.
(ലേഖകൻ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.