ഗാർഹിക തൊഴിൽനിയമം ഇനിയെപ്പോൾ?
text_fieldsജൂൺ 16 ഗാർഹിക തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 2011 ജൂൺ 16 ന് അന്തർദേശീയ തൊഴിലാളി കോൺഫറൻസിൽ ഗാർഹിക തൊഴിലാളികളുടെ അന്തർദേശീയ കൺവെൻഷൻ അംഗീകരിക്കപ്പെട്ട ദിവസമാണ് ഗാർഹിക തൊഴിലാളികൾ തങ്ങളുടെ ദിനമായി പ്രഖ്യാപിച്ചത്. മറ്റേതു തൊഴിലുംപോലെ ഗാർഹിക തൊഴിൽ അന്തസ്സുള്ള തൊഴിലാണെന്നും മാന്യമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും ഈ കൺവെൻഷൻ ഉറപ്പാക്കുന്നു. സംഘടിത തൊഴിലാളി വർഗത്തിെൻറയും സംഘാടനത്തിെൻറയും അവകാശങ്ങളുടെയും ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് ഗാർഹിക തൊഴിലിനെ മനസ്സിലാക്കുന്നതിന് പ്രയാസമുണ്ട്. മറ്റൊരാളുടെ വീടാണ് തൊഴിലിടം എന്നുള്ളതുകൊണ്ടാണ് ഈ സന്ദേഹങ്ങൾ ഉണ്ടാകുന്നത്. വീടെന്ന തികച്ചും സ്വകാര്യയിടത്തിൽ തൊഴിലെടുക്കുമ്പോൾ തൊഴിൽ ബന്ധങ്ങൾ പലപ്പോഴും അവ്യക്തമാകുന്നു. തൊഴിലാളിയോടുള്ള സമീപനത്തിലും ഈ അവസ്ഥ തന്നെയാണ് ഉണ്ടാവുക.
ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള തൊഴിൽ മേഖലയാണ് ഗാർഹിക തൊഴിൽ. അണുകുടുംബങ്ങളിൽ സ്ത്രീകൾക്ക് ജോലിക്ക് പോകണമെങ്കിലും കുട്ടികളുടെ കാര്യം നോക്കണമെങ്കിലും പ്രായമായവരുടെ പരിചരണത്തിനും എല്ലാം ഇവരുടെ സഹായം ആവശ്യമാണ്. തന്മൂലം ആവശ്യക്കാർ ഒരിക്കലും കുറയാത്ത മേഖലയാണിത്. ഈ കാഴ്ചപ്പാടിൽനിന്നുകൊണ്ട് മറുപുറം നോക്കുമ്പോൾ തൊഴിലാളിയാണെന്ന ഒരു പരിഗണനയും ഇവർക്ക് ലഭിക്കുന്നില്ല. സഹായി, വേലക്കാരി, മെയ്ഡ് തുടങ്ങിയ പേരുകളിൽ വിളിക്കപ്പെടുകയും ജാതിയുടെയും വർഗത്തിെൻറയും ഏറ്റവും പ്രാന്തവത്കൃതമായ അവസ്ഥകളിലേക്ക് ഇവർ എത്തിപ്പെടുകയും ചെയ്യുന്നു. വേതനം, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയവയൊന്നും പ്രധാനമല്ലാതായി മാറുകയും വൈകാരികതയുടെ പ്രകടനങ്ങൾ തൊഴിലാളിയെ തന്നെ മറ്റൊരവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു. തൊഴിൽ ദാതാവ് പലപ്പോഴും അദൃശ്യമായി പോകുന്നുണ്ട്. വീടിെൻറ സ്വകാര്യതയിൽ തങ്ങളുടെ കൃത്യനിർവഹണം നടത്തി തിരിച്ചുപോകുമ്പോൾ തൊഴിലാളിയാണെന്നു രേഖപ്പെടുത്താനുള്ള തൊഴിൽ കാർഡോ, മറ്റു തിരിച്ചറിയൽ സംവിധാനങ്ങളോ ഒന്നുമില്ല. ഔദ്യോഗിക കണക്കെടുപ്പുകളിൽ ഒന്നും ഇവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല.
ഇന്ത്യ ഗവൺമെൻറ് 2010ൽ ഒരു ദേശീയ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് ഗാർഹിക തൊഴിലാളികളുടെ ദേശീയ നയ രൂപവത്കരണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അന്തർദേശീയ കൺവെൻഷനിലെ പ്രധാന ഭാഗങ്ങളെല്ലാം ഉൾപ്പെടുത്തി ദേശീയ കരട് രൂപപ്പെടുത്തിയെങ്കിലും യു.പി.എ സർക്കാറിന് ഈ നയം അംഗീകരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടായില്ല. കഴിഞ്ഞ മൂന്നു വർഷമായി എൻ.ഡി.എ ഗവൺമെൻറിെൻറ പരിഗണനക്ക് നയത്തിെൻറ പല കരട് രൂപങ്ങളും എത്തിയെങ്കിലും ഇതുവരെയും ഒന്നിനും പച്ചക്കൊടി ലഭിച്ചിട്ടില്ല. ഗാർഹികതൊഴിലാളി അവകാശ സംരക്ഷണനയം വേണ്ട, സമഗ്ര നിയമം മതി എന്ന ഉറച്ചനിലപാടിലാണ് ഗാർഹിക തൊഴിലാളി സംഘടനകളും ദേശീയ വേദിയുമെല്ലാം. ദേശീയവേദി വിവിധ ഘട്ടങ്ങളിലായി ഈ മേഖലയിലെ നിയമ വിദഗ്ധരുടെയും സംഘടനകളുടെയും തൊഴിലാളികളുടെയും ആലോചന ശിൽപശാലകൾകൂടി ഒരു കരട് നിയമം കേന്ദ്ര ഗവൺമെൻറിന് സമർപ്പിച്ചിട്ടുണ്ട്. പരമാവധി എം.പിമാരെ നേരിൽകണ്ട് ഈ കരട് നിയമത്തിെൻറ കോപ്പി നൽകിയിട്ടുണ്ട്. ഗാർഹിക തൊഴിലിെൻറ സങ്കീർണതകൾ ഉൾക്കൊണ്ട് തൊഴിൽ ഏകീകരണം, മിനിമം വേതനം ഉറപ്പാക്കൽ, സാമൂഹിക സുരക്ഷ, പരാതി പരിഹാര സംവിധാനങ്ങൾ–എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര നിയമത്തിെൻറ കരടാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സർക്കാർ നിയമ നിർമാണം എത്രയും പെട്ടെന്ന് നടപ്പിലാക്കണം എന്നുള്ളതാണ് ഈ വർഷത്തെ ഗാർഹിക തൊഴിലാളി ദിനത്തിലെ പ്രധാന ആവശ്യം.
‘എെൻറ വീട് അന്തസ്സാർന്ന തൊഴിലിട’ മെന്ന പ്രചാരണപരിപാടി അന്തർദേശീയ ഗാർഹിക തൊഴിലാളി പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഓരോ തൊഴിൽ ദാതാവും എെൻറ വീട് അന്തസ്സാർന്ന തൊഴിലിടമാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള ആർജ്ജവം ഉണ്ടാവുക എന്നതാണ് ഈ പ്രചാരണത്തിെൻറ ലക്ഷ്യം. ഗാർഹിക തൊഴിലിെൻറ മഹത്ത്വം തിരിച്ചറിഞ്ഞുകൊണ്ട് തങ്ങളുടെ കുടുംബത്തിന് ഈ തൊഴിലാളികൾ നൽകുന്ന സേവനത്തെ ബഹുമാനിക്കുക ഓരോ തൊഴിൽ ദാതാവിെൻറയും ഉത്തരവാദിത്തമാണ്. മാന്യമായ വേതനം നൽകുക, അംഗീകരിക്കപ്പെട്ട ജോലി സമയം, വിശ്രമം, അതിനുള്ള സാഹചര്യം, ഇവയെല്ലാം ഓരോ തൊഴിൽ ദാതാവിെൻറയും കടമയാണ്. അതിക്രമങ്ങളും ചൂഷണങ്ങളുമില്ലാതെ സുരക്ഷിതമായി പണിയെടുക്കാൻ പറ്റുന്ന തൊഴിലിടമായി ഓരോ വീടുകളും മാറേണ്ടതുണ്ട്. ഇവരുടെ ആരോഗ്യവും സാമൂഹിക സുരക്ഷയും ഇതോടൊപ്പം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എല്ലാ തൊഴിൽമേഖലകളിലും ആഴ്ചയിലൊരിക്കൽ വേതനത്തോടുകൂടിയ അവധി ലഭ്യമാകുമ്പോൾ അത് ലഭിക്കുക എന്നത് അസംഘടിത തൊഴിലാളികളുടെ സ്വപ്നം മാത്രമാണിന്നും. ഗാർഹികതൊഴിലിൽ തൊഴിലുടമ അദൃശ്യരല്ല. ഒരു നിശ്ചിത തുക തങ്ങൾക്ക് സേവനം നൽകുന്ന ഗാർഹിക തൊഴിലാളിയുടെ സാമൂഹിക സുരക്ഷ വിഹിതമായി അടക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്.
സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിയുടെ അതേ സ്വഭാവമാണ് എന്നുള്ളതു ഈ തൊഴിലിെൻറ വൈദഗ്ധ്യത്തെ പലപ്പോഴും കുറച്ചുകാട്ടുന്നു. ആധുനിക സാഹചര്യങ്ങളിൽ വീടു വൃത്തിയാക്കുന്നതും പുതിയതരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും വ്യത്യസ്തമായ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതും എല്ലാം വൈദഗ്ധ്യം തന്നെയാണ്. ദേശീയ നൈപുണ്യ വികസന കോർപറേഷൻ ഗാർഹികതൊഴിൽ പ്രത്യേക സർട്ടിഫിക്കറ്റ് ഉള്ള തൊഴിലായി അംഗീകരിച്ചു കഴിഞ്ഞു. രോഗീപരിചരണവും, പ്രസവാനന്തര ശുശ്രൂഷകളും, കുട്ടിയെ പരിചരിക്കലുമെല്ലാം അതേപോലെ വൈദഗ്ധ്യം വേണ്ട പണികളാണ്. കേരളസർക്കാർ ഗാർഹികതൊഴിലാളികളുടെ മിനിമം കൂലി നിശ്ചയിച്ചിട്ടുള്ളത് ഈ വൈദഗ്ധ്യങ്ങളെ ഒന്നും പരിഗണിക്കാതെയാണ്.
അദൃശ്യമായ തൊഴിലിടവും തൊഴിൽ ദാതാവും ഈ തൊഴിൽ മേഖലയുടെ അവകാശ നിഷേധത്തിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. എല്ലാ തൊഴിൽ ദാതാക്കളും ഉപജീവനത്തിനായി മറ്റു തൊഴിൽ മേഖലകളിലെ നിയമങ്ങൾ പാലിക്കുന്നതിന് തയാറാവുകയും കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾക്കായി ശബ്ദം ഉയർത്തുകയും ചെയ്യുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ തിരിച്ചറിയുക പൗരബോധമുള്ള പൊതുസമൂഹത്തിെൻറ കടമയാണ്.
സേവ യൂനിയൻ ജനറൽ സെക്രട്ടറിയാണ് ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.