പരിഭ്രാന്തി വേണ്ട, പ്രവർത്തനമാണ് വേണ്ടത്
text_fieldsകോവിഡ് പകർച്ചവ്യാധിയുടെ ആദ്യ തരംഗ ഘട്ടത്തിൽ വ്യത്യസ്തമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം മുൻമേധാവി ഡോ. പി.കെ. ശശിധരൻ. അനാവശ്യ രോഗഭീതി പരത്താതെ യാഥാർഥ്യബോധത്തോടെ പ്രതിരോധ പ്രവർത്തനങ്ങളാണ് വേണ്ടതെന്നു പറഞ്ഞതിന് ഏറെ പഴികേട്ടു അദ്ദേഹം. കോവിഡ് രണ്ടാം തരംഗം ഭീതിപരത്തുേമ്പാഴും വാക്സിൻ ലഭ്യമല്ലെന്നോർത്ത് ഭയപ്പെടരുതെന്നും മരുന്നിനേക്കാളും വാക്സിനേക്കാളും പ്രധാനം വ്യക്തി ശുചിത്വവും ഭക്ഷണരീതിയിലെ മാറ്റവുമാണെന്നും ഡോക്ടർ പറയുന്നു.
ഭയം വേണ്ട ജാഗ്രത മതി എന്നായിരുന്നേല്ലാ കോവിഡിന്റെ ആദ്യഘട്ടത്തിലെ സമീപനം. ഇപ്പോൾ ഭീതി വർധിച്ചിരിക്കുന്നു- എന്താണീ സാഹചര്യത്തിലേക്ക് എത്തിച്ചത്?
കോവിഡിന്റെ ആദ്യ വരവിൽ നിന്നു തന്നെ നമ്മൾ വേണ്ടത്ര പാഠം പഠിക്കാത്തതിന്റെ പ്രശ്നം ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്. കോവിഡിനെതിരായ നിരന്തര ബോധവത്കരണത്തോടൊപ്പം ജീവിത ശൈലി ക്രമപ്പെടുത്താനുള്ള ശക്തമായ ഇടപെടൽ നമ്മുടെ ഭാഗത്തു നിന്നുണ്ടായില്ല. കഴിഞ്ഞ ഒരു വർഷം നമ്മൾ അതിനുവേണ്ടി ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നു. മരുന്നിനെക്കാളും വാക്സിനെക്കാളും പ്രധാനം നമ്മുടെ ഭക്ഷണ രീതിയിൽ മാറ്റം വരുത്തലാണ്. ശുദ്ധജലം, പഴം-പച്ചക്കറികൾ, പ്രോട്ടിൻ, കാർബോ ഹൈഡ്രേറ്റ്സ് ഇവയുടെ ക്രമമായ ഉപയോഗം വഴി രോഗപ്രതിേരാധം ശക്തിപ്പെടുത്താനാവും. നന്നായി വെള്ളം കുടിക്കുക, പച്ചക്കറിയും പഴവർഗങ്ങളും പ്രോട്ടീൻ അടങ്ങിയ മത്സ്യവും കഴിക്കുക. കാർബോ ഹൈേഡ്രറ്റ്സ് അടങ്ങിയ അരി പോലുള്ള ഭക്ഷണം നിയന്ത്രിത അളവിൽ കഴിക്കാനും ജനങ്ങളെ ബോധവത്കരിക്കുക. ആഗോളതലത്തിൽ പടർന്നുപിടിച്ച വൈറസിന്റെ വകഭേദം സ്വാഭാവികമാണ്. അതിനെപ്പറ്റി പറഞ്ഞ് രോഗികളെ പേടിപ്പിക്കരുത്.
ജീവിത ശൈലി ഏതെല്ലാം തരത്തിലാണ് പ്രശ്നം വഷളാക്കിയിരിക്കുന്നത്?
കോവിഡ് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയത് അമിതവണ്ണമുള്ളവരിലാണ്. മറ്റൊരു കൂട്ടർ പലതരം വൈറ്റമിനുകളുടെ കുറവുള്ളവരാണ്. ദീർഘകാല ലോക്ഡൗണും അടച്ചിടലും ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഹാനികരമായി ബാധിച്ചിട്ടുണ്ട്. തടി കുറക്കാനും ജീവിതശൈലി നന്നാക്കാനും വൈറ്റമിന്റെ കുറവു വരാത്ത ഭക്ഷണരീതി ശീലിക്കാനുമാണ് ജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത്. ആവശ്യമെങ്കിൽ വൈറ്റമിൻ സപ്ലിമെൻറ് കഴിക്കാൻ നിർദേശിക്കാം. ലോക്ഡൗൺ കാലത്ത് ഭക്ഷണം കഴിച്ച് അടച്ചുപൂട്ടിയിരുന്നതുകൊണ്ട് രണ്ടു കിലോമുതൽ 22 കിലോവരെ തൂക്കം കൂടിയവരുണ്ട്. പലരും കഴിച്ച ഭക്ഷണവും പോഷകഗുണമുള്ളതുമല്ല എന്നും ഓർക്കണം.
കോവിഡിനെ തുടർന്ന് ന്യൂമോണിയ വന്ന് ആളുകൾ മരിക്കുന്നു എന്ന് ഒരുപാട് റിപ്പോർട്ടുകൾ കാണാറുണ്ട്- ഇതിന്റെ വാസ്തവം എത്രത്തോളമാണ്?
കോവിഡ് ന്യൂമോണിയ എന്നത് പലകാരണങ്ങളാലുള്ള അവസ്ഥയാണ്. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്നത് പല കാരണങ്ങളാലാണ്. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി , ഫോളിക് ആസിഡ്, വിറ്റാമിൻ സി എന്നിവയുടെ കുറവ്, നിർജലീകരണം, എല്ലാം ചേർന്ന് ഉണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥ. വൈറസ് പലപ്പോഴും ഒരു നിമിത്തം മാത്രമാണ്. ചിലപ്പോൾ സെക്കൻഡറി ബാക്ടീരിയൽ ഇൻഫെക്ഷൻ കൂടെ വരാം . cytokine storm എന്ന അവസ്ഥ വരാൻ സാധ്യതയുള്ള ശരീരവുമായി നടക്കുന്ന ഒരാൾക്ക് കോവിഡ് വരുമ്പോഴാണ് ഇതുണ്ടാവുന്നത്. അവിടെയും തടി കൂടുതലും തെറ്റായ ആഹാരരീതിയും ജീവിതശൈലിയും ഒക്കെ തന്നെയാണ് യഥാർഥ വില്ലൻ.
പക്ഷേ, കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണസംഖ്യ വല്ലാതെ കൂടുന്നില്ലേ?
യഥാർഥത്തിൽ മരിച്ചവരുടെ കണക്കുകൾ നിരത്തി പേടിപ്പിക്കേണ്ടതില്ല. ഹൃദ്രോഗം, കാൻസർ ഇവ മൂലം മരിച്ചവരുടെ എണ്ണം പരിശോധിച്ചാലും ഇതുപോലെ ഭീതിപ്പെടുത്തുന്നതായിരിക്കും കണക്ക്. രോഗം വന്നവരെ പേടിപ്പിക്കുന്നത് ചികിത്സാ നിയമങ്ങൾക്ക് എതിരാണ്. കോവിഡിന്റെ സവിശേഷത അത് പുതിയൊരു വൈറസ് ആണെന്നുള്ളതാണ്. നമ്മുടെ ശരീരത്തിൽ അതിനുള്ള ആൻറി ബോഡി ഇല്ലാത്തതുകൊണ്ട് ഒരുപാടുപേരെ ഒരേസമയം അത് ബാധിച്ചിട്ടുണ്ടാവും. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നം ഒരുപാട് പേർക്ക് ഒരേസമയം വരുന്നു. കൂടുതല്‍പേർ ഒരേസമയത്തു ചികിത്സ തേടാനിടയാവും. അല്ലെങ്കിൽ അവർ എല്ലാം ഒന്നിച്ചു വരുന്നു എന്ന അസ്വാഭാവികത മാത്രമാണ് അതിലുള്ളത്.
ആശുപത്രികൾ നിറഞ്ഞു കവിയുന്നു, ഉത്തരേന്ത്യയിലേതുപോലെ കേരളത്തിലും ആശുപത്രി കിടക്കകൾക്ക് ക്ഷാമം വന്നേക്കുമെന്നല്ലേ മുന്നറിയിപ്പുകൾ?
ആശുപത്രികൾ നിറയുന്നുണ്ട്. എന്തെന്നാൽ ജനം വലിയ ടെൻഷനിലാണ്. സ്വാഭാവികമായും പലതരം രോഗങ്ങളുമുള്ളവരുണ്ടാവും. മാനസികമായി നേരിടേണ്ടതാണ് പല രോഗങ്ങളും. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. മരണസാധ്യത കൂടുതലാണെന്ന പ്രചാരണം അവരിൽ ഭീതി ഇരട്ടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ കിടന്ന് ചികിത്സതേടുന്നവരെല്ലാം അത് ആവശ്യമുള്ളവർ തന്നെയാണോ എന്ന കാര്യത്തിൽ ചർച്ച വേണ്ടിവരും. ആശുപത്രികളിലേക്ക് വന്ന് തിരക്കുകൂട്ടുന്നതിനു പകരം ഡോക്ടറുമായി ഫോണിലും ഓൺലൈനിലും ബന്ധപ്പെട്ട് ചികിത്സ തേടുന്ന രീതിയും വികസിച്ചുവരുന്നു എന്നത് ആശ്വാസകരമാണ്. നൂറു കണക്കിന് രോഗികളുമായി േഫാണിലൂടെ സംസാരിച്ച് മരുന്നും ആശ്വാസവും നൽകാൻ സാധിക്കുന്നു എന്നതാണ് എന്റെ അനുഭവം. കൂടുതലും രോഗികളോട് പറയുന്ന വാക്ക് 'പേടിക്കേണ്ടതില്ല' എന്നാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുവാനുള്ള നിർദേശങ്ങളും നൽകാറുണ്ട്.
ശരീരം സ്വന്തം നിലയിൽ പ്രതിരോധം നേടുന്നത് എങ്ങനെയാണ്?
ഒരു വൈറസ് നൂറ് ആളുടെ ശരീരത്തിൽ ഒരേ ഡോസിൽ കടത്തിവിട്ടാൽ കുറച്ചുപേര്‍ക്കേ അസുഖം വരുകയുള്ളൂ. മുമ്പ് 1500 പേര് പങ്കെടുത്ത ഒരു കല്യാണ വീട്ടിൽ നിന്ന് നൂറോ നൂറ്റമ്പതോ പേർക്ക് ടൈഫോയിഡ് ഉണ്ടായി. ഒരേ വെള്ളം, ഒരേ ഭക്ഷണം കഴിച്ചിട്ടും അത്ര പേര്‍ക്കേ അത് ബാധിക്കുന്നുള്ളൂ, എന്തുകൊണ്ടാണത്? നമ്മുടെ ശരീരത്തിന്റെ രോഗത്തെ ചെറുക്കാനുള്ള കഴിവാണ് അത് സാധ്യമാക്കുന്നത്.
കൊറോണയുടെ കാര്യത്തിലും ഇത് വ്യക്തമാണ്. വൂഹാനില്‍നിന്ന് ആദ്യത്തെ റിപ്പോർട്ട് പ്രകാരം ഒരു ശതമാനം പേര്‍ക്കേ അസുഖം കൂടിയിട്ടുള്ളൂ എന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ പഠനം ശരിയായി വിലയിരുത്തിയാൽ പകർച്ച വ്യാധികളെ ചികിത്സിച്ച് പരിചയമുള്ളവർക്ക് നിഗമനത്തിലെത്താവുന്നതേയുള്ളൂ. വിദേശരാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിനെ അതിജയിച്ചത് നാച്വറലായാണ്. മാസ്ക് ഉപയോഗിക്കാത്ത രാജ്യങ്ങൾ പോലുമുണ്ടായിരുന്നു. സ്വാഭാവിക പ്രതിരോധം ആർജിച്ചാണ് അവർ കോവിഡിനെ നേരിട്ടത്. സ്വീഡനാണ് കോവിഡ് പ്രതിരോധത്തിൽ ശരിയായ മാതൃക. അേമരിക്കയെ എന്തിനും മാതൃകയാക്കുന്ന നമ്മുടെ സമീപനം മാറണം.
വാക്സിൻ ലഭ്യത കുറവാണെന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്?
എന്തിനാണ് ഇങ്ങനെ ആശങ്കപ്പെടുന്നതും തിക്കുംതിരക്കും കൂട്ടുന്നതും? വാക്സിനും ടെസ്റ്റുമൊന്നും അടിച്ചേൽപിക്കേണ്ട കാര്യമല്ല. വാക്സിൻ വേണ്ട എന്നല്ല അതിനർഥം. ഞാൻ വാക്സിനേഷന് വിധേയനായിട്ടുണ്ട്. കോവിഡ് വാക്സിൻ എടുത്താൽ പിന്നെ രോഗംവരില്ല, പൂര്‍ണമായും ഫലപ്രദമാണ് എന്നു പറയാൻ ആര്‍ക്കും ഇപ്പോൾ പറ്റില്ല. ഈ രോഗം കൊണ്ട് എല്ലാവരും മരിക്കും എന്ന അവസ്ഥ ഇല്ലതാനും. വാക്സിന് ഒരു ലോജിക്കുണ്ട്, എല്ലാവര്ക്കും ഒരേസമയം വരുന്നത് തടയാനാവും എന്നു മാത്രം. രോഗലക്ഷണമില്ലാത്തവരെ ടെസ്റ്റ് ചെയ്യുന്നത് ചികിത്സാ തത്ത്വങ്ങൾക്ക് എതിരാണ്. കൂട്ടപ്പരിശോധനയും കൂട്ടവാക്സിനേഷനും വേണ്ടതുണ്ടോ എന്ന് പുനരാലോചിക്കേണ്ടിവരും. എത്ര കാലം മാസ്ക് വെച്ച് നടക്കേണ്ടി വരുമെന്ന കാര്യവും ചർച്ച ചെയ്യേണ്ടതാണ്.
കേരളത്തിന്റെ ആരോഗ്യം ഇത്രക്കും മോശമായിരുന്നോ?
കേരളം രോഗാതുരമാണ്. ജീവിതശൈലീരോഗവ്യാപനം രൂക്ഷമാണ്. അതിന് പ്രധാനകാരണം സ്പെഷലൈസ്ഡ് ചികിത്സക്കു അമിതപ്രാധാന്യം നൽകുന്നതാണ്. ഫാമിലി ഡോക്ടർ എന്ന ആശയം കേരളത്തിൽ നടപ്പാക്കിയില്ലെങ്കിൽ വരും തലമുറയുടെ ആരോഗ്യം അപകടത്തിലാണ്. ഫാമിലിഡോക്ടറുടെ ജോലി ആരോഗ്യസംരക്ഷണവും രോഗം വരാതെ നോക്കലുമാണ്. എന്തു മരുന്ന് കഴിക്കണമെന്നല്ല എന്തു ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടർ ആദ്യം നിർദേശിക്കേണ്ടത്. അതുപോലെ രോഗം വന്നാൽ പെെട്ടന്നു കണ്ടുപിടിച്ചു ചികിത്സ തുടക്കത്തില്‍തന്നെ കൊടുക്കുകയാണ് അവരുടെ പ്രധാന ജോലി.
അല്ലാതെ എല്ലാവരേയും കൂടി ഒരിടത്തു കൊണ്ടുപോയി കൂട്ടിയിട്ട് ചികിത്സിക്കുകയല്ല. വികേന്ദ്രീകൃതമായി പേഷ്യൻറ് മാനേജ്മെൻറ് നന്നാക്കാനും രോഗംവരാതെ നോക്കാനും രോഗാതുരത കുറക്കാനും ഒക്കെയാണ് ഫാമിലിഡോക്ടർ വേണമെന്നുപറയുന്നത്. ഫാമിലി ഡോക്ടര്‍ എന്നു പറഞ്ഞാല്‍ ഒരു ഫ്രണ്ട് ഫിലോസഫർ ഗൈഡ് ആണ്. ക്യൂബയില്‍ 250 കുടുംബങ്ങള്‍ക്ക് ഒരു ഫാമിലി ഡോക്ടര്‍ ആണുള്ളത്. ഈ ഡോക്ടര്‍ അവരുടെ ഇടയിലാണ് താമസിക്കുന്നത്. 24 മണിക്കൂറും സേവനം കിട്ടുന്ന വിധത്തില്‍. ആഴ്ചയിലൊരിക്കല്‍ ഹെല്‍ത്ത് ടീം അവരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കും, വീട്ടിലെ കാര്യങ്ങളടക്കം.
അവരുടെ ആരോഗ്യം നിലനിര്‍ത്താനാണ് ഫാമിലി ഡോക്ടര്‍. കേരളത്തിലെ പ്രൈമറി ആശുപത്രികൾ ശക്തിപ്പെടുത്തിയാൽ ഇത് എളുപ്പത്തിൽ നടപ്പിലാക്കാനാവും. സർക്കാറിനെ ഉപദേശിക്കുന്ന ആരോഗ്യവിദഗ്ധർ രോഗികളെ ചികിത്സിച്ച് പരിചയമില്ലാത്തവരാണ് എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പോരായ്മ. എം.ബി.ബി.എസ് ഡിഗ്രി എടുത്താൽ ഡോക്ടറാവില്ല. രോഗികളെ ചികിത്സിച്ച് പരിചയം വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.