രക്തസാക്ഷികളോട് അനാദരം ഇനിയും തുടർന്നുകൂടാ..
text_fieldsവാഗൺ കൂട്ടക്കൊലയിൽ മരിച്ചവരുടെ പേരുകൾ രക്തസാക്ഷി നിഘണ്ഡുവിൽനിന്ന് നീക്കംചെയ്യാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയപ്പോഴും, തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ കൂട്ടക്കൊല ചിത്രങ്ങൾ മായ്ക്കാൻ സംഘ്പരിവാർ ഭരണകൂടം ഒരുമ്പെട്ടപ്പോഴും പ്രതിഷേധം മുഴക്കിയവരാണ് കേരളീയസമൂഹം. എന്നാൽ ആ രക്തസാക്ഷികളെ നാം വേണ്ടവിധം ആദരിക്കുന്നുണ്ടോ എന്ന് ചോദിക്കേണ്ടിവരുന്നത് ആ 70 ദേശാഭിമാനികളുടെ പട്ടിക പോലും കൃത്യമായി നാം സൂക്ഷിക്കുന്നില്ല എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ്
ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സാധാരണക്കാരായ മനുഷ്യർ നടത്തിയ പോരാട്ടത്തിലെ ചോരയിൽ കുതിർന്ന ഒരധ്യായമാണ് 1920 നവംബർ 20ന് നടമാടിയ വാഗൺ കൂട്ടക്കൊല. വാഗൺ ട്രാജഡി എന്ന് പേരുനൽകി ഒതുക്കി ബ്രിട്ടീഷുകാർ ആ ദാരുണ സംഭവത്തിന്റെ ഭീകരതയും ഭയാനകതയും ലഘൂകരിക്കാൻ ശ്രമിച്ചു;നാം അത് അപ്പടി പിന്തുടർന്നു പോന്നു. അടുത്ത കാലത്തായി വാഗൺ കൂട്ടക്കൊല എന്നുതന്നെ വിശേഷിപ്പിക്കാൻ ചരിത്രകാരന്മാർ തയാറാവുന്നുണ്ട്.
‘‘കലാപം ആരംഭിച്ച് ഒരു മാസം കഴിയുമ്പോഴേക്കും മാർഷൽ ലോ കോടതികൾ അനവധി മാപ്പിളമാരെ ശിക്ഷിച്ചു. വിവിധ കേസുകളിൽ പിടികൂടിയ മലപ്പുറം, പയ്യനാട്, കുരുവമ്പലം, നിലമ്പൂർ, മമ്പാട്, വണ്ടൂർ, പോരൂർ, തൃക്കലങ്കോട് പ്രദേശങ്ങളിൽ നിന്നുള്ളവരെ തിരൂരിലെത്തിച്ചിരുന്നു.
അതിനുശേഷം ആയിരക്കണക്കായിട്ടായിരുന്നു ശിക്ഷകളുണ്ടായിരുന്നത്. ശിക്ഷിക്കപ്പെട്ടവർക്ക് താമസിക്കാൻ മാത്രം ജയിലുകൾ മലബാറിലുണ്ടായിരുന്നില്ല. കണ്ണൂർ ജയിലിലെ സ്ഥലം മുഴുവൻ ഒടുങ്ങിയപ്പോൾ തടവുകാരെ ബെല്ലാരി മുതലായ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ തുടങ്ങി’’യെന്ന് കെ. മാധവൻ നായർ എഴുതുന്നു. (മലബാർ കലാപം, മാതൃഭൂമി പതിപ്പ്, 1987, പേജ് 297, 298)
തുറന്ന വണ്ടികളിൽ മാപ്പിളത്തടവുകാരെ ലഹള പ്രദേശങ്ങളിലൂടെ കൊണ്ടുപോയാൽ മറ്റുള്ളവർ കാണാനും രക്ഷപ്പെടുത്താനും ഇടയുള്ളതിനാൽ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് തടവുകാരെ കൊണ്ടുപോകുമ്പോൾ വണ്ടിയുടെ ജനലുകൾ അടക്കാൻ പൊലീസ് മേധാവി ഹിച്ച്കോക്ക് ഉത്തരവിടുകയായിരുന്നു. കന്നുകാലികളെ കൊണ്ടുപോകുന്ന വണ്ടികളായിരുന്നു ആദ്യം ഉപയോഗിച്ചത്. താമസിയാതെ അത് മാറ്റി ഗുഡ്സ് വാഗണാക്കി.
ആദ്യകാലങ്ങളിൽ വാഗണുകളുടെ വാതിലുകൾ തുറന്ന് പുറത്തേക്കുചാരി കയറുകൊണ്ട് കെട്ടിയായിരുന്നു കൊണ്ടുപോയത്. പുറമെയുള്ളവർ തടവുകാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും തടസ്സപ്പെടുത്താനായി വാതിൽ പൂട്ടിയാണ് പിന്നീട് കൊണ്ടുപോയിരുന്നതെന്ന് കെ. മാധവൻ നായർ എഴുതുന്നു. 2500ഓളം തടവുകാരെ 32 പ്രാവശ്യമായി ഇത്തരം ചരക്കുവാഗണുകളിൽ കൊണ്ടുപോയിട്ടുണ്ടാകുമെന്ന് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
നവംബർ 19ന് തടവുകാരെ കൊണ്ടുപോകാൻ ഉപയോഗിച്ചത് ദക്ഷിണ മറാത്ത-മദ്രാസ് റെയിൽവേയുടെ എൽ.വി 1711 ചരക്ക് വാഗണാണ്.
കോഴിക്കോടുനിന്ന് മദിരാശിയിലേക്കുള്ള 27-ാം നമ്പർ ട്രെയിൻ സന്ധ്യക്ക് 7.15ന് തിരൂരിലെത്തി. 96 മുസ്ലിംകളും നാല് ഹിന്ദുക്കളുമടക്കം 100 തടവുകാരെ വാഗണിൽ കുത്തിനിറച്ചു. മൂന്ന് അറകളുള്ള വാഗണിന്റെ ചുമർ മരപ്പലകകളും മുകൾ ഭാഗം ഇരുമ്പ് പലകയുമായിരുന്നു. വായു സഞ്ചാരമില്ലാത്ത വാഗൺ പുതുതായി പെയിന്റ് ചെയ്തതിനാൽ കാറ്റ് കടക്കാവുന്ന ചെറുദ്വാരങ്ങൾ പോലും തടസ്സപ്പെട്ട നിലയിലായിരുന്നു.
രാത്രി 8.40ന് ട്രെയിൻ ഷൊർണൂർ എത്തി. അര മണിക്കൂർ ഷൊർണൂരിലും 15 മിനിറ്റ് ഒലവക്കോട്ടും നിർത്തിയിട്ടു. അവശരായ തടവുകാരുടെ അലമുറ പലരും കേട്ടുവെങ്കിലും ആരും ഗൗനിച്ചില്ല. രാത്രി 12.30ന് പോത്തന്നൂരിൽ എത്തിയപ്പോഴാണ് വാഗണിൽനിന്ന് അലമുറകേട്ട ഒരു യാത്രക്കാരന്റെ നിർബന്ധം കാരണം വാതിൽ തുറന്നത്.
56 പേർ അതിനകം മരിച്ചിരുന്നു. അവരുടെ മൃതദേഹം അതേ വാഗണിൽ തിരൂരിലേക്ക് തിരിച്ചയച്ചു. പുലർച്ച 4.30ന് ബാക്കി 44 തടവുകാരെ മറ്റൊരു ട്രെയിനിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. അവരിൽ ആറുപേർ കൂടി കോയമ്പത്തൂരിൽ എത്തുമ്പോഴേക്കും മരിച്ചു.
ബാക്കി 38 പേരിൽ 13 പേരെ കോയമ്പത്തൂർ സിവിൽ ആശുപത്രിയിലും 25 പേരെ സെൻട്രൽ ജയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 13ൽ രണ്ടുപേർ മരിച്ചു. അന്ന് വൈകീട്ട് നാലു പേരും, 26ന് രാവിലെ രണ്ടുപേരും കൂടി മരിച്ചു. മൊത്തം വാഗണിലുണ്ടായിരുന്ന നൂറുപേരിൽ 70 പേർ മരിച്ചു.
നവംബർ 22ന് ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ് കൂട്ടക്കൊലയുടെ വിവരം പുറംലോകത്തെ അറിയിച്ചത്. കോയമ്പത്തൂരിൽ പട്ടാള നിയമം ബാധകമായിരുന്നില്ല എന്നതിനാലാണ് വാർത്ത പുറത്തറിഞ്ഞത്.
തിരൂരിൽ തിരിച്ചെത്തിച്ച 52 മൃതദേഹങ്ങൾ നാട്ടുകാർ ഏറ്റുവാങ്ങി തിരൂർ ജുമുഅത്ത് പള്ളിയിലും കോരങ്ങത്ത് പള്ളിയിലുമായി ഖബറടക്കി. 41 പേർ കുരുവമ്പലത്തുകാരായിരുന്നു. മതപണ്ഡിതനായ കുഞ്ഞുണ്ണീൻ മുസ്ലിയാരെ പൊലീസ് കൊണ്ടുപോയ വിവരമറിഞ്ഞ് പെരിന്തൽമണ്ണ സ്റ്റേഷനിലേക്കുപോയ പാവങ്ങളായിരുന്നു ഇവർ. മുസ്ലിയാരെ വിട്ടയച്ച പൊലീസ് അദ്ദേഹത്തെ തേടിവന്ന ജനങ്ങളെ തടവിലാക്കുകയായിരുന്നു.
മരിച്ച നാല് ഹൈന്ദവർ തൃക്കലങ്കോട്ടുകാർ ആയിരുന്നു. അവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് ആരും ഇല്ലാതിരുന്നതിനാൽ കോരങ്ങത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽനിന്ന് അര കിലോമീറ്റർ ദൂരെ വടക്കൻ മുത്തൂരിൽ ചുടല എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലത്താണ് സംസ്കരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മലബാർ സ്പെഷൽ കമീഷണർ എ.ആർ. നാപ്പിന്റെ നേതൃത്വത്തിൽ അഡ്വ. മഞ്ചേരി രാമയ്യർ, കല്ലടി മൊയ്തുട്ടി (മണ്ണാർക്കാട്), മങ്കട കോവിലകം രാജകൃഷ്ണ വർമ എന്നിവരുൾപ്പെട്ട സമിതിയെ നിയോഗിച്ചുവെങ്കിലും അന്വേഷണം വെറും പ്രഹസനമായിരുന്നു.
ശ്വാസംമുട്ടി മരിച്ച 70 പേരുടെ കുടുംബങ്ങൾക്ക് 300 രൂപ നഷ്ടപരിഹാരം നൽകാൻ 1922 ഏപ്രിൽ ഒന്നിന് സർക്കാർ ഉത്തരവിട്ടു.
വേണം, ഒരു ഔദ്യോഗിക രേഖ
വാഗൺ കൂട്ടക്കൊലയിൽ മരിച്ചവരുടെ പേരുകൾ രക്തസാക്ഷി നിഘണ്ഡുവിൽനിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയപ്പോഴും, തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ കൂട്ടക്കൊല ചിത്രങ്ങൾ മായ്ക്കാൻ സംഘ്പരിവാർ ഭരണകൂടം ഒരുമ്പെട്ടപ്പോഴും പ്രതിഷേധം മുഴക്കിയവരാണ് കേരളീയ സമൂഹം.
എന്നാൽ ആ രക്തസാക്ഷികളെ നാം വേണ്ടവിധം ആദരിക്കുന്നുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത് ആ 70 ദേശാഭിമാനികളുടെ പട്ടിക പോലും കൃത്യമായി നാം സൂക്ഷിക്കുന്നില്ല എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ്. നിലമ്പൂർ, മമ്പാട്, വണ്ടൂർ, തൃക്കലങ്ങോട് തുടങ്ങി കിഴക്കൻ ഏറനാടൻ ഗ്രാമങ്ങളിൽനിന്നുള്ള ഇരുപതോളം പേർ വാഗൺ കൂട്ടക്കൊലയിൽ രക്തസാക്ഷ്യം വരിച്ചിട്ടുണ്ട്.
അവരെയും കുടുംബങ്ങളെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ്, നൂറുവർഷം പിന്നിടുമ്പോഴും രക്തസാക്ഷികളുടെ പേരുപോലും കൃത്യമായി രേഖകളിലില്ല എന്ന ഞെട്ടിക്കുന്ന വസ്തുത അറിയുന്നത്.
വാഗൺ ദുരന്തത്തിൽ മരിച്ച 70 പേരുടെ പട്ടിക പല രേഖകളിലും രചനകളിലും വ്യത്യസ്ത രീതിയിലാണുള്ളത്. ആധികാരികമെന്ന് കരുതപ്പെടുന്ന കൃതികളിൽപോലും 70 പേരുടെ പട്ടികയിൽ പേരുകൾ പലതരത്തിൽ.
തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ രക്തസാക്ഷികളുടെ പട്ടിക രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചതായി വിവരം കിട്ടി. ആ പട്ടിക കണ്ടപ്പോൾ ഞെട്ടി. മൊത്തം 71 പേരുണ്ട്. മരിച്ചവരുടെ 70 പേരുകൾക്കൊപ്പം ഒരാൾ കൂടി അധികം. അന്ന് മരണം മുഖാമുഖം കണ്ട് മടങ്ങിയ കൊന്നോല അഹമ്മദ് ഹാജിയുടെ പേര്. മലപ്പുറം കോട്ടപ്പടിയിലെ കൊന്നോല അഹമ്മദ് ഹാജിയുമായി ഗവേഷകരും മാധ്യമ പ്രവർത്തകരും 1980കളിൽ അഭിമുഖം നടത്തിയിരുന്നു.
വീരയോദ്ധാക്കൾ എന്നാണ് ഫലകത്തിന് മുകളിൽ ശീർഷകം നൽകിയതെന്ന് വാദിക്കാം. കൊന്നോല അഹമ്മദ് ഹാജിയെപ്പോലൊരു ധീരയോദ്ധാവിന്റെ പേര് ഉൾപ്പെടുത്തുന്നത് തീർത്തും ഉചിതം തന്നെയാണ്, പക്ഷേ, ബാക്കി 29 ആളുകളുടെ പേരുകൾ കൂടി കൂടെചേർക്കുക എന്നതല്ലേ നീതിയുടെ താൽപര്യം?
രക്തസാക്ഷി നിഘണ്ഡുവിലും മരിച്ച 70 പേരുടെ കൃത്യമായ വിവരങ്ങൾ ഇല്ലായിരുന്നു. 60 പേരുകൾ മാത്രമാണ് പട്ടികയിൽ ഉണ്ടായിരുന്നത്. 10 പേർ തമസ്കരിക്കപ്പെട്ടു.
70 പേരിൽ സവിശേഷമായി ശ്രദ്ധിച്ചത് കത്താലി എന്ന പേരാണ്. രക്തസാക്ഷി നിഘണ്ഡുവിലും വിക്കിയിലും ഗവേഷണ പ്രബന്ധത്തിലുമെല്ലാം കത്താലി എന്നുതന്നെ. തിരൂരിലെ ഫലകത്തിൽനിന്ന് പേരുകിട്ടി. ഖാദറലിയാണ് കത്താലി ആയത്. മൂസയും അസ്സനും പൊതുവേ എല്ലാ പട്ടികകളിലും മൂത്തയും അത്തനുമായാണ് കാണുന്നത്.
ആറ് രക്തസാക്ഷികളെ നൽകിയ നാടാണ് തൃക്കലങ്ങോട്. അവരുടെ പേരിൽ ഒരു സ്മാരകം പോലും ആ നാട്ടിൽ ഉയർന്നതായി അറിയില്ല. വിശേഷിച്ചും മാപ്പിള ലഹള എന്ന പേരുതന്നെ അസംബന്ധമാണെന്ന് തെളിയിക്കുന്നവിധം രക്തസാക്ഷികളായ മാപ്പിളമാരല്ലാത്ത നാല് പേർ അവിടുത്തുകാരാണ്. സി. ഗോപാലൻ നായർ ‘ദി മോപ്ല റിബല്യൻ 1921’ എന്ന കൃതിയിൽ (പേജ് 89) മൂന്ന് ഹിന്ദുക്കൾ എന്ന് എഴുതിവെച്ചു. (ദലിതൻ ഹിന്ദു അല്ല എന്ന നിലക്കാണോ അദ്ദേഹം ഒരാളെ എണ്ണത്തിൽ കുറച്ചത് എന്നറിയില്ല)
വാഗണിനുള്ളിൽ ശ്വാസംമുട്ടി മരിച്ച ഹൈന്ദവരുടെ നാലുപേരുകൾ വിവിധ കൃതികളിൽ അക്കരവീട്ടിൽ എന്ന കുന്നപ്പള്ളി അച്യുതൻ നായർ (കൃഷി), മേലേടത്ത് ശങ്കരൻ നായർ (കൃഷി), റിസാക്കിൽ പാലത്തിൽ തട്ടാൻ ഉണ്ണിപ്പുറയൻ (തട്ടാൻ), ചോലക്കപ്പറമ്പിൽ ചെട്ടിച്ചിപ്പു (കൂലിപ്പണി) എന്നിങ്ങനെയാണ് കാണുന്നത്.
റിസാക്കിൽ പാലത്തിൽ എന്ന വീട്ടുപേര് തെറ്റാണ്. കിഴക്കിലെ പാലത്തിൽ തട്ടാൻ ഉണ്ണിപ്പുറയൻ എന്നാണ് ശരി. ഇംഗ്ലീഷിൽ നിന്ന് മൊഴിമാറ്റി താതൻ ഉണ്ണിപ്പുറയൻ എന്നുവരെ മലയാള പത്രങ്ങൾ വാർത്ത നൽകിയിട്ടുണ്ട്.
ഇനിയും ഈ രക്തസാക്ഷികളെ അവഗണിക്കാനും അനാദരിക്കാനും ഇടവരുത്തരുത് എന്നാണ് ഈ 103-ാം വാർഷിക നാളിൽ കേരള സർക്കാറിന്റെ ശ്രദ്ധയിൽപെടുത്താനുള്ളത്. വാഗൺ കൂട്ടക്കൊലയിലെ ഇരകളായ 70 പേരുടെയും, അന്ന് ജീവച്ഛവങ്ങളായ 30 ആളുകളുടെയും പേരും വീട്ടുപേരും സ്ഥലം, തൊഴിൽ എന്നീ വിവരങ്ങളും അടങ്ങുന്ന രേഖ കേരള സർക്കാർ ഔദ്യോഗികമായി തയാറാക്കി പ്രസിദ്ധീകരിക്കണം.
ഔദ്യോഗിക ചരിത്ര രേഖയായി അത് നിലനിൽക്കട്ടെ. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വകുപ്പിലെ ഡോ. പി. ശിവദാസൻ ഉൾപ്പെടെ നിരവധി ഗവേഷകർ ഇതുസംബന്ധമായി വിശദമായി പഠനം നടത്തിയവരാണ്. അവർക്ക് എളുപ്പത്തിൽ ഇക്കാര്യം നിർവഹിക്കാനാവും എന്നത് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.