മറക്കരുത്, ഗവർണർ സമാന്തര സർക്കാറല്ല
text_fieldsനയപ്രഖ്യാപന പ്രസംഗത്തിൽ താൻ ഒപ്പുവെക്കുകയില്ല എന്ന് ശഠിക്കുക വഴി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സൃഷ്ടിച്ച ഭരണഘടനാ പ്രതിസന്ധി സർക്കാർ പൊതുഭരണ സെക്രട്ടറിയെ തൽക്ഷണം ആ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ട് താൽക്കാലികമായി ഒഴിവാക്കിയെങ്കിലും ഗവർണറുടെ നിലപാടിനെ കേരള സമൂഹം മാത്രമല്ല, രാജ്യം മുഴുവൻ തന്നെ ഗൗരവതരമായ ചർച്ചക്ക് വിഷയീഭവിപ്പിക്കേണ്ടതാണ്. കാരണം, നയപ്രഖ്യാപനമെന്ന ഭരണഘടനാദൗത്യം എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാരും പാർലമെന്റിൽ രാഷ്ട്രപതിയും നിർവഹിക്കേണ്ട പ്രധാനപ്പെട്ട ചുമതലയാണ്. അതിന് ഭംഗം വരുത്തിയാൽ ഏറ്റവും ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണുണ്ടാവുക. ഭരണഘടനാ നിർമാതാക്കൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു സാഹചര്യമാണിത്.
ഭരണഘടനയുടെ 176ാം വകുപ്പനുസരിച്ച് പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യമായി കൂടുന്ന സമ്മേളനവും അതിനുശേഷം വർഷത്തിന്റെ ആദ്യം നടത്തുന്ന സമ്മേളനവും ഗവർണർ ഉദ്ഘാടനം ചെയ്യുകയും സമ്മേളന ഉദ്ദേശ്യം അംഗങ്ങളെ അറിയിക്കുകയും വേണമെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. ഇത് നിർബന്ധമായി ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് (mandatory). ഗവർണർ നിയമസഭയിൽ ചെയ്യുന്ന ഈ നയപ്രഖ്യാപന പ്രസംഗത്തിൽ നിലവിലുള്ള സർക്കാറിന്റെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും വരുംവർഷത്തിൽ എന്തൊക്കെ ചെയ്യാൻ പോകുന്നുവെന്നും, എന്തൊക്കെ നിയമങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്നും മറ്റുമുള്ള വിവരങ്ങളാണുള്ളത്.
ഇതൊക്കെ നിയമസഭയെ അറിയിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ട്. ആ ബാധ്യത നിറവേറ്റുന്നത് ഗവർണറിലൂടെയാണ്. നയപ്രഖ്യാപന പ്രസംഗത്തിന്റെ ഒരു പ്രത്യേകത ഇത് സർക്കാർ എഴുതി ഗവർണറെകൊണ്ട് വായിപ്പിക്കുന്ന ഒരു പ്രസംഗമാണെന്നുള്ളതാണ്. അതിലെഴുതിയിരിക്കുന്നത് വള്ളിപുള്ളി വ്യത്യാസമില്ലാതെ വായിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. ഈ പ്രസംഗത്തിലുള്ള ഒരു വാക്കുപോലും മാറ്റാനധികാരമില്ല. അതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിനും ഗവർണർ വ്യക്തിപരമായി ഉത്തരവാദിയല്ലതാനും. ആ ഉത്തരവാദിത്തം സർക്കാറിന്റേതു മാത്രമാണ്. കാരണം പാർലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റിനാണ് നിയമസഭയോടും ജനങ്ങളോടും ബാധ്യതയുള്ളത്.
നയപ്രഖ്യാപന പ്രസംഗത്തിന്റെ നടപടിക്രമമനുസരിച്ച് പ്രസംഗം സർക്കാറെഴുതി ഗവർണർക്ക് അയക്കുമ്പോൾ അദ്ദേഹം അതിൽ ഒപ്പിടണം. അതിനുശേഷമേ അത് നിയമസഭാംഗങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയൂ. അംഗങ്ങൾ ഒപ്പിട്ട പ്രസംഗം മാത്രമേ സഭയുടെ റെക്കോഡിൽ രേഖപ്പെടുത്തുകയുള്ളൂ. ആ പ്രസംഗം മാത്രമേ ഗവർണർ വായിക്കുകയുള്ളൂ. അപ്പോൾ ഗവർണർ ഒപ്പിടുകയില്ല എന്ന് ശഠിക്കുകയാണെങ്കിൽ പ്രസംഗം അംഗങ്ങൾക്ക് വിതരണം ചെയ്യാനോ അത് വായിക്കാനോ ഒന്നും സാധിക്കുകയില്ല. ഫലമോ, അസംബ്ലി കൂടാനേ പറ്റുകയില്ല.
ബ്രിട്ടീഷ് പാർലമെന്റ് അനുവർത്തിച്ചുവരുന്ന അതേ നടപടിക്രമമാണ് നാം അംഗീകരിച്ചിട്ടുള്ളത്. അവിടെ രാജ്ഞിയാണ് നയപ്രഖ്യാപനപ്രസംഗം നടത്തുന്നത്. രാജ്ഞി സ്വയം വരുകയോ മറ്റാരെയെങ്കിലും കമീഷൻ ചെയ്ത് പ്രസംഗം വായിപ്പിക്കുകയോ ചെയ്യാം. എന്നാൽ, ഭരണഘടനയനുസരിച്ച് ഗവർണർ സ്വയം വന്ന് പ്രസംഗം നടത്തേണ്ടതാണ്. അപ്പോൾ നയപ്രഖ്യാപനപ്രസംഗം നടത്താൻ ഗവർണർ വിസമ്മതിച്ചാൽ അസംബ്ലി സമ്മേളനം നടത്താൻ കഴിയാതെ വരുകയും അതി ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി ഉണ്ടാവുകയും ചെയ്യും. കുറെ സമയത്തേക്കാണെങ്കിലും കേരളം സാക്ഷിയാവാൻ പോയത് അങ്ങനെയൊരു പ്രതിസന്ധിക്കാണ്.
ഈ സന്ദർഭത്തിൽ ഉയർന്നുവരുന്ന പ്രധാന ചോദ്യം ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെയിരിക്കുകയും അങ്ങനെ തുടർന്നുള്ള എല്ലാ സുപ്രധാന ഭരണഘടനാ നടപടികളും തടസ്സപ്പെടുകയും ചെയ്താൽ എന്താണുണ്ടാവുകയെന്നുള്ളതാണ്.
നമ്മുടെ ഭരണഘടനാ സംവിധാനത്തിൽ ഗവർണർക്ക് ഭരണപരമായ ഒരധികാരവുമില്ല. അധികാരങ്ങളെല്ലാം തിരഞ്ഞെടുക്കപ്പെട്ട സർക്കാറിൽ നിക്ഷിപ്തമായിരിക്കുന്നു. ആ സർക്കാറിന്റെ ഉപദേശമനുസരിച്ചല്ലാതെ ഗവർണർക്ക് ഒന്നും ചെയ്യാൻ സാധ്യമല്ല. സ്വതന്ത്രമായി ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ ഉള്ള ഒരധികാരവും ഭരണഘടന ഗവർണർക്ക് നൽകിയിട്ടില്ല. സുപ്രീംകോടതിയുടെ അനേകം വിധിന്യായങ്ങളിലൂടെ ഇക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. അതിന്റെയർഥം സർക്കാർ പറഞ്ഞാൽ അതുപോലെ ചെയ്യാൻ ഗവർണർ ബാധ്യസ്ഥനാണെന്നുള്ളതാണ്. അപ്പോൾ നയപ്രഖ്യാപനപ്രസംഗം ഒപ്പിടുകയില്ലെന്നും അതുവഴി മറ്റെല്ലാ നടപടികളും തടസ്സപ്പെടുത്തുമെന്നും പറയാൻ ഗവർണർക്ക് കഴിയുകയില്ല. അങ്ങനെ പറഞ്ഞാൽ ഗവർണർ ഭരണഘടനാലംഘനം ചെയ്യുന്നു എന്നാണ് കരുതേണ്ടത്. ഭരണഘടനയെ സംരക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ഗവർണർ ഭരണഘടനാലംഘനം നടത്തിയിരിക്കുന്നു എന്ന് സുപ്രീംകോടതി കണ്ടെത്തിയാൽ പിന്നെ ഒരുനിമിഷം പോലും അദ്ദേഹത്തിന് ആ സ്ഥാനത്തിരിക്കാൻ പറ്റുകയില്ല. രാഷ്ട്രപതിക്ക് അദ്ദേഹത്തെ ഉടൻ തന്നെ നീക്കം ചെയ്യേണ്ടിവരും.
ഈ ഭവിഷ്യത്തുകളൊക്കെ നന്നായി അറിയാവുന്ന ആളാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രതിസന്ധി സൃഷ്ടിക്കാനൊരുങ്ങിയതെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. സർക്കാറിനെ സംബന്ധിച്ചാണെങ്കിൽ, ഗവർണറെ അനുനയിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നയപ്രസംഗം വായിക്കുക എന്നുള്ളത് ഗവർണറുടെ ഭരണഘടനാ ചുമതലയാണ്. അത് നടത്തിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും ഗവർണറുടേതാണ്. ഭരണഘടനാ ബാധ്യത വിലപേശലിന്റെ വിഷയമല്ല. അങ്ങനെ ചെയ്താൽ ഭരണഘടനാ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടിയായിരിക്കുമത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഭരണഘടനയുടെ 355-ാം വകുപ്പനുസരിച്ച് സംസ്ഥാന ഭരണം ഭരണഘടനയനുസരിച്ച് നടത്തണമെന്നുറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസർക്കാറിന്റേതാണ്. ഗവർണറുടെ നിയമനം ഈ ബാധ്യതാ നിർവഹണത്തിന്റെ ഭാഗമാണ്. എന്നാൽ, ഗവർണർ എങ്ങനെയുള്ള ആളായിരിക്കണം, അദ്ദേഹത്തിന്റെ യോഗ്യതകളെന്തെല്ലാമായിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ ഭരണഘടനയിലില്ല. ഭരണഘടനയുടെ 157-ാം വകുപ്പിൽ പറയുന്നത് ഗവർണറായി നിയമിക്കപ്പെടുന്നയാൾ ഇന്ത്യൻ പൗരനും, 35 വയസ്സ് പൂർത്തിയായതുമായിരിക്കണമെന്നു മാത്രമാണ്. ഇത് ഭരണഘടനയുടെ ഒരു കുറവുതന്നെയാണ്.
അതുകാരണം സജീവ രാഷ്ട്രീയത്തിലുള്ള ധാരാളം ആളുകളെ ഗവർണർമാരായി നിയമിച്ചിട്ടുണ്ട് കഴിഞ്ഞകാലങ്ങളിൽ. അതിൽ പലരും സംസ്ഥാനങ്ങളുടെ ഭരണകാര്യങ്ങളിലും, രാഷ്ട്രീയത്തിലുമൊക്കെ അനാവശ്യ ഇടപെടലുകൾ നടത്തി സംസ്ഥാന ഭരണം സുഗമമായി നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റുകളുമായി രമ്യമായ രീതിയിൽ മുന്നോട്ടുപോകുന്നതിനു പകരം അവർക്കെതിരായി പരസ്യ പ്രസ്താവനകൾ നടത്തുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക ഇപ്പോൾ ഒരു പതിവായിത്തീർന്നിരിക്കുന്നു. ഗവർണർ ഒരു സമാന്തര സർക്കാറല്ല എന്നുള്ള കാര്യം എപ്പോഴും ഓർക്കേണ്ടതുണ്ട്. ഭരണഘടന അനുസരിച്ച് സംസ്ഥാന ഭരണം നടത്തുന്നു എന്ന് ഉറപ്പുവരുത്തുന്നത് അനാവശ്യമായ ഇടപെടലുകൾ നടത്തിയല്ല. ഈ അനുഛേദത്തിന്റെ പ്രധാന ഉദ്ദേശ്യം സംസ്ഥാന ഗവൺമെന്റിന് എല്ലായ്പോഴും സഭയിൽ ഭൂരിപക്ഷമുണ്ട് എന്നുറപ്പുവരുത്തുകയെന്നുള്ളതാണ്. അതിനപ്പുറം ഗവർണർക്ക് ഭരണകാര്യങ്ങളിൽ ഇടപെടാൻ ഇന്ത്യൻ ഭരണഘടന അധികാരം നൽകുന്നില്ല.
ഗവർണറുടെ നിയമനം, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ സുപ്രീംകോടതിയിൽനിന്നുണ്ടാകേണ്ടതാണ്. അധികാര ദുർവിനിയോഗം ചെയ്യുന്ന ഗവർണർക്കെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് വ്യക്തതയാവശ്യമുണ്ട്. പ്രസിഡന്റ് നിയമിക്കുന്നയാളായതുകൊണ്ട് സംസ്ഥാനങ്ങൾക്ക് ഗവർണറെ മാറ്റാനുള്ള അധികാരം നൽകുകയില്ല. പക്ഷേ, ഗവർണറെ മാറ്റാനാവശ്യപ്പെടാവുന്നതാണ്. ഭരണഘടനാ ലംഘനം നടത്തിയെന്നുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം അങ്ങനെയുള്ള ആവശ്യം ഉന്നയിക്കേണ്ടത്.
ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സർക്കാരിയാ കമീഷനും പൂഞ്ചികമീഷനുമൊക്കെ ശിപാർശകൾ നടത്തിയിട്ടുണ്ട്. പക്ഷേ, കമീഷനുകളുടെ ശിപാർശകൾക്ക് നിയമപരമായ അംഗീകാരം കൊടുത്തില്ലെങ്കിൽ പ്രശ്നപരിഹാരം ദുഷ്കരമായിരിക്കും. കേരളത്തിൽ ഗവർണറും സർക്കാറും തമ്മിൽ ഈയിടെയായി നടക്കുന്ന പോരിന്റെ സന്ദർഭത്തിൽ ഗവർണർമാരുടെ പെരുമാറ്റച്ചട്ടങ്ങൾ രൂപവത്കരിക്കുകയും അവ പാലിക്കാൻ അവരെ ബാധ്യസ്ഥരാക്കുകയും വേണം. അല്ലെങ്കിൽ പല കാരണങ്ങളാൽ പോര് മുറുകുകയും തുടർന്നുപോവുകയും ചെയ്യും.
സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും സുഖത്തിനും വേണ്ടി തന്റെ സമയം പൂർണമായി വിനിയോഗിക്കുമെന്ന് സത്യപ്രതിജ്ഞ എടുത്ത ഗവർണർക്ക് നിലവിലുള്ള സർക്കാറുമായി രമ്യതയിൽ പോകേണ്ട ബാധ്യതയുണ്ട്. ഈ ബാധ്യതയുടെ യുക്തിക്കുള്ളിൽ പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ് പലപ്പോഴുമുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.