മറക്കരുത്, മരിച്ചുവീഴുന്നത് മനുഷ്യരാണ്
text_fieldsഡോ. കഫീൽ ഖാനെതിരായ പുനരന്വേഷണ ഉത്തരവ് പിൻവലിച്ചതായി ഈ മാസമാദ്യം ഉത്തർപ്രദേശ് സർക്കാർ അലഹബാദ് ഹൈകോടതിയെ അറിയിച്ചിരുന്നു. പക്ഷേ, സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റൊരു കേസിൽ നടത്തിയ അച്ചടക്കനടപടികളുടെ പേരിൽ അദ്ദേഹമിപ്പോഴും സസ്പെൻഷനിലാണ്. 2017 ആഗസ്റ്റിലെ ദുരന്തരാത്രിയിൽ ജീവിതനൂൽപാലത്തിൽ കഴിഞ്ഞ മസ്തിഷ്കജ്വര രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ഓക്സിജൻ സിലിണ്ടറുകൾ സംഘടിപ്പിക്കാൻ നല്ലവനായ ആ ഡോക്ടർ നടത്തിയ പരിശ്രമങ്ങൾ വിശദീകരിച്ചാൽ തീരില്ല. പക്ഷേ, ഓക്സിജെൻറ അപര്യാപ്തത ഗോരഖ്പുർ സർക്കാർ ആശുപത്രിയിൽ 63 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തി. അന്ന് ഡോ. ഖാനെ അറസ്റ്റ് ചെയ്യുന്നതിനു പകരം അദ്ദേഹം പറയുന്നതെന്തെന്ന് കേൾക്കാൻ സർക്കാർ സൗമനസ്യം കാണിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ ഓക്സിജനില്ലാതെ നെട്ടോട്ടമോടുന്ന അവസ്ഥക്ക് മഹാമാരിയുടെ ഞെരുക്കത്തിനു മുേമ്പ പരിഹാരം കണ്ടെത്താനായേനെ.
ഈയിടെ ആരോഗ്യമന്ത്രാലയം പാർലമെൻറിൽ അറിയിച്ചത് കോവിഡ് രണ്ടാം തരംഗത്തിൽ പഞ്ചാബിലെ നാലു മരണങ്ങൾ മാത്രമാണ് ഓക്സിജൻ അപര്യാപ്തത മൂലം നടന്നതായി സംശയിക്കുന്നത് എന്നാണ്. അതു ശരിയെങ്കിൽ നമ്മൾ കണ്ട സ്ട്രെച്ചറുകളിൽ ശ്വാസംകിട്ടാതെ പിടയുന്ന രോഗികളും ഓക്സിജൻ നിറച്ചുകിട്ടാൻ പെടാപ്പാട് പെട്ട് ഓടിനടക്കുന്ന ബന്ധുക്കളും ഗുരുദ്വാരകൾ ഓക്സിജൻ ലംഗറുകളൊരുക്കിയതും ആശുപത്രികൾ രക്ഷാസന്ദേശമയക്കുന്നതും സംസ്ഥാന സർക്കാറുകൾ അഭ്യർഥനകൾ നടത്തുന്നതും ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞതും മൃതദേഹങ്ങൾ ഒഴുകി മഹാനദി ഗംഗ ശവവാഹിനിയായി മാറിയതുമെല്ലാം അസത്യമാണെന്ന് കരുതേണ്ടിവരും. ഡൽഹിയിൽ ഓക്സിജൻക്ഷാമ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ രണ്ടു തവണ നിർദേശിച്ചിട്ടും ലഫ്റ്റനൻറ് ഗവർണറത് തള്ളുകയായിരുന്നു. 'ഓക്സിജൻ ഷോട്ടേജ് ഡെത്ത്' എന്ന ഗ്രൂപ്പിെൻറ കണക്കുപ്രകാരം രാജ്യത്ത് 629 ഓക്സിജൻ ക്ഷാമ മരണങ്ങളാണ് കുറഞ്ഞ കാലത്തിനിടെ മാത്രം സംഭവിച്ചിരിക്കുന്നത്.
നിലവിലെ മഹാമാരിക്കു മുമ്പുതന്നെ ഓരോ വർഷവും ഭയാനകമായ ആശുപത്രിദുരന്തങ്ങൾ സംഭവിക്കാറുണ്ട്. 2017ൽ 800 കുഞ്ഞുങ്ങളാണ് ഝാർഖണ്ഡിൽ മാത്രം മസ്തിഷ്കജ്വരം കാരണം മരിച്ചത്. 2015ൽ പ്രളയത്തിനിടെ വൈദ്യുതിബന്ധമില്ലാതായത് ചെന്നൈയിലെ ആശുപത്രിയിൽ 18 ജീവനുകൾ നഷ്ടപ്പെടുന്നതിന് വഴിവെച്ചു. 2014ൽ ഛത്തിസ്ഗഢിലെ സർക്കാർ ആരോഗ്യക്യാമ്പിൽ അനധികൃത വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരായ 13 സ്ത്രീകൾ മരിച്ചു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുേമ്പാഴും ആരോഗ്യപരിരക്ഷാരംഗത്തെ ദുരവസ്ഥക്ക് പരിഹാരം കണ്ടെത്താൻ ശ്രമങ്ങളുണ്ടായില്ല.
വ്യക്തിപരമായ ഒരു അനുഭവം പറയാം. രണ്ടു വർഷമായി മസ്തിഷ്കപ്പനിയുമായി മല്ലിടുകയാണ് എെൻറ സഹോദരി. ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവിസസിനു (എൻ.എച്ച്.എസ്) കീഴിലെ സർക്കാർ ആശുപത്രികളാണ് അവരുടെ ജീവൻ ഓരോ തവണയും രക്ഷപ്പെടുത്തിയത് എന്ന കാര്യത്തിൽ ലവലേശം സംശയമില്ല. എല്ലാ വർഷവും ബ്രിട്ടനിലെ ഐതിഹാസികമായ ആരോഗ്യ പരിരക്ഷ ശൃംഖല അതിഗുരുതര രോഗങ്ങൾ ബാധിച്ച 15 ദശലക്ഷം ആളുകെള അമേരിക്ക ചെലവിടുന്നതിനേക്കാൾ തുലോം കുറഞ്ഞ തുകയാൽ സുഖപ്പെടുത്തുന്നു. പ്രത്യക്ഷ നികുതികളാലാണ് എൻ.എച്ച്.എസിനുള്ള തുക കണ്ടെത്തുന്നത്. മക്ഡൊണാൾഡ്സിനും വാൾമാർട്ടിനും പിന്നാലെ ലോകത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളിലൊന്നാണിത്. ബ്രിട്ടനിൽ ജോലിയുള്ള 20 പേരിലൊരാൾ ഡോക്ടറോ നഴ്സോ ആരോഗ്യമേഖലയിലെ അനുബന്ധ സാങ്കേതിക ജീവനക്കാരോ ആണ്. മഹാമാരിക്കാലത്ത് ഫ്ലോറൻസ് നെയ്റ്റിഗേലിെൻറ നേരവകാശികളായി വാഴ്ത്തപ്പെട്ട ഇവിടത്തെ ദീനാനുകമ്പയുള്ള നഴ്സുമാരെ സൂപ്പർഹീറോകളായാണ് ലോകപ്രശസ്ത ചുമർചിത്രപ്രതിഭ ബാങ്ക്സി വരച്ചിട്ടത്. അതിവേഗം പ്രായമേറുന്ന ഒരു സമൂഹമെന്ന നിലയിൽ ബ്രിട്ടൻകാർക്ക് എൻ.എച്ച്.എസ് മതം പോലെയാണ്.
മറുവശത്ത് ഇന്ത്യയിലെ ആശുപത്രികൾ ജീവനക്കാരുടെ ക്ഷാമം മൂലം വലയുന്നു. നിതി ആയോഗ് പുറത്തുവിട്ട കണക്കുകളിലൊന്ന് ഇങ്ങനെയാണ്. 2017-18 കാലത്ത് ബിഹാറിൽ 60 ശതമാനം മിഡ്വൈഫുമാരുടെയും 50 ശതമാനം സ്റ്റാഫ് നഴ്സുമാരുടെയും 34 ശതമാനം മെഡിക്കൽ ഓഫിസർമാരുടെയും 60 ശതമാനം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ജോലിയിലുള്ളവർക്ക് മാന്യമായ ശമ്പളം ലഭിക്കുന്നില്ലെന്നു മാത്രമല്ല അമിത ജോലിയെടുക്കേണ്ടിയും വരുന്നു.മഹാമാരിക്കുശേഷവും ഇന്ത്യൻ സർക്കാർ ജി.ഡി.പിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ആരോഗ്യപരിരക്ഷ മേഖലക്കായി വകയിരുത്തുന്നത്. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ വകയിരുത്തലുകളിലൊന്നാണിത്. തദ്ഫലമായി രാജ്യത്ത് 62 ശതമാനം ചികിത്സ ചെലവും രോഗികളുടെ കുടുംബം സ്വയം കണ്ടെത്തേണ്ടിവരുന്നു. കുടുംബങ്ങൾ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിയിടപ്പെടുന്നതിെൻറ മുഖ്യ കാരണങ്ങളിലൊന്നാണിത്. ചൈന ജി.ഡി.പിയുടെ മൂന്നു ശതമാനവും ബ്രിട്ടൻ ഏഴു ശതമാനവും അമേരിക്ക 17 ശതമാനവുമാണ് ആരോഗ്യ പരിരക്ഷ മേഖലക്കായി വകയിരുത്തുന്നത്.
കോവിഡ് കാലത്തെ ഓക്സിജൻ പ്രതിസന്ധി തീർച്ചയായും പ്രതിരോധിക്കാൻ കഴിയുമായിരുന്നതുതന്നെയാണ്. പക്ഷേ, 150 ജില്ല ആശുപത്രികളിൽ ഓക്സിജൻ പ്ലാൻറുകൾ നിർമിക്കാനുള്ള 200 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാർ എട്ടു മാസമാണ് വെച്ചുതാമസിപ്പിച്ചത്. അതേസമയം, മഹാരാഷ്ട്രയിലെ നന്ദുർബറിൽ ക്രാന്തദർശിയായ ജില്ല കലക്ടർ ഡോ. രാജേന്ദ്ര ഭറൂദ് രണ്ടാം തരംഗത്തിനുമുേമ്പ നിരവധി ഓക്സിൻ പ്ലാൻറുകൾ ഒരുക്കി. രാജ്യത്തെ ഏക ഓക്സിജൻ മിച്ച സംസ്ഥാനമായ കേരളം ഡിമാൻഡ് മുൻകൂട്ടി കണ്ട് ഉൽപാദനശേഷി കഴിഞ്ഞ വർഷംതന്നെ വർധിപ്പിച്ചു.എൻ.എച്ച്.എസ് രൂപവത്കരിക്കപ്പെടുന്നതിനുമുമ്പ് പാവപ്പെട്ട മനുഷ്യർ അവിടത്തെ സർക്കാർ ആശുപത്രികളിൽ മരിക്കുന്നതിനെക്കുറിച്ച് ജോർജ് ഓർവെൽ അദ്ദേഹത്തിെൻറ മൂർച്ചയേറിയ കുറിപ്പിൽ എഴുതിയത് 'ആ പിടഞ്ഞുവീഴുന്ന രോഗികൾ മനുഷ്യജീവികൾ ആണെന്ന ധാരണപോലും ഇല്ലാതെ പോകുന്നു' എന്നായിരുന്നു.
21ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ സർക്കാർ ആശുപത്രികളിൽ കാര്യമായ പുരോഗതിയൊന്നും ഇനിയും സംഭവിച്ചിട്ടില്ല. ഇവിടെ ഡോക്ടർമാരെ പലപ്പോഴും ഭഗവാനോടാണ് തുല്യപ്പെടുത്തിപ്പറയാറ്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളും ഔഷധങ്ങളും ഓക്സിജൻ ലഭ്യതയുമൊന്നുമില്ലാതെ ഡോ. ഖാനുപോലും അത്ഭുതങ്ങൾ ചെയ്തുകൂട്ടാനാകുമെന്ന് പ്രതീക്ഷിക്കാനാകുമോ?
(ഗവേഷകയും നയരൂപവത്കരണ വിദഗ്ധയുമായ ലേഖിക ബംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ പ്രവർത്തിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.