അദാനിക്കുവേണ്ടി ജനങ്ങളെ ഷോക്കടിപ്പിക്കരുത്
text_fieldsഅദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ നിരക്കിലുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂ. അത് സാധ്യമാക്കാന്‍ ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തണം. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിന് പിന്നിലെ കാരണമറിഞ്ഞാൽ നാം മൂക്കത്ത് വിരല്‍വെച്ചു പോകും. അഴിമതി നടത്താനുള്ള വ്യഗ്രതയിൽ കാണിച്ചുകൂട്ടിയ മണ്ടത്തങ്ങളാണ് വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയതും ജനങ്ങളെ പിഴിയുന്നതിലേക്കെത്തിച്ചതും.
നിസ്സാര നിരക്കില്‍ വൈദ്യുതി ലഭ്യമാക്കിയിരുന്ന ദീര്‍ഘകാല കരാറുകള്‍ കൂട്ടത്തോടെ റദ്ദാക്കി പൊള്ളുന്ന വിലക്ക് വൈദ്യുതി വാങ്ങുക എന്ന ഹിമാലയന്‍ മണ്ടത്തമാണ് കേരളത്തിലെ ഇടതുസര്‍ക്കാറിന് കീഴില്‍ നടന്നത്.
യൂനിറ്റിന് 4.15 രൂപമുതല്‍ 4.29 രൂപവരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പകരം 10.25 രൂപമുതല്‍ 14.30 രൂപവരെ വില നല്‍കിയാണ് ഇപ്പോള്‍ കറന്റ് വാങ്ങുന്നത്. ആ ഭാരമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയില്‍ അടിച്ചേൽപിക്കുന്നത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനും കുറഞ്ഞ നിരക്കില്‍ യഥേഷ്ടം വൈദ്യുതി ലഭിക്കുന്നതിനുമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് 2016ല്‍ വൈദ്യുതി ഉൽപാദക കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടന് മുഹമ്മദായിരുന്നു അന്ന് വൈദ്യുതി വകുപ്പ് മന്ത്രി. ആറു കരാറുകളാണ് അന്ന് വിവിധ വൈദ്യുതോൽപാദക കമ്പനികളുമായി ഉണ്ടാക്കിയത്.
ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡുമായി 200 മെഗാവാട്ട് 3.60 രൂപ നിരക്കിലും ജാബുവ പവര്‍ ലിമിറ്റഡുമായി 115 മെഗാവാട്ട് 4.15 രൂപ നിരക്കിലും ബാല്‍കോ, ഇന്ത്യാ തെര്‍മല്‍ ലിമിറ്റഡ്, ജാബുവ (രണ്ടാം കരാർ) എന്നിവയുമായി 100 മെഗാവാട്ട് വീതം 4.29 രൂപ നിരക്കിലും ജിന്‍ഡാലുമായി (രണ്ടാം കരാർ) 150 മെഗാവാട്ട് 4.29 രൂപ നിരക്കിലും (ആകെ 765 മെഗാവാട്ട്) ഉണ്ടാക്കിയ കരാറുകൾ അന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായിരുന്നു.
2042 വരെ ഈ നിരക്കില്‍ നമുക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. എന്നാല്‍, ഇതില്‍ 465 മെഗാവാട്ടിന്റെ നാല് കരാറുകള്‍ 2023ല്‍ റദ്ദാക്കപ്പെട്ടു. ആറു കരാറുകളിൽ ഒന്നുമാത്രം 3.60 രൂപക്കും മറ്റു കരാറുകൾ 4.15, 4.29 രൂപക്കുമാണെന്നും പല നിരക്കില്‍ കരാറുണ്ടാക്കിയത് ക്രമവിരുദ്ധമാണെന്നും പറഞ്ഞാണ് വൈദ്യുതി റെഗുലേറ്ററി കമീഷന് അവ റദ്ദാക്കിയത്.
എന്നാല്‍, ഓരോ കരാറും വെവ്വേറെ വിളിച്ച ടെൻഡറുകളനുസരിച്ച് ഒപ്പിട്ടവയാണെന്നും അതിനാലാണ് വ്യത്യസ്ത നിരക്കുകള്‍ വന്നതെന്നുമുള്ള വസ്തുത പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ വ്യഗ്രത കാണിച്ച മിടുക്കന്മാര് പരിഗണിച്ചില്ല.
വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരുന്നതിനുള്ള ട്രാന്സ്മിഷൻ കോറിഡോറിന്റെ ലഭ്യതയും കൂടി കണക്കിലെടുത്താണ് വ്യത്യസ്ത കരാറുകള്‍ ഉണ്ടാക്കിയതെന്ന വസ്തുതയും അവര്‍ കണ്ടില്ലെന്നുവെച്ചു. 4.29 രൂപ കൂടുതലാണെന്ന് പറഞ്ഞ് കരാര്‍ റദ്ദാക്കിയിട്ട് 10.25 രൂപമുതല്‍ 14.3 രൂപവരെ വില നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്.
റെഗുലേറ്ററി കമീഷനാണ് കരാറുകള്‍ റദ്ദുചെയ്തത്, അതില്‍ ഞങ്ങളെന്തു ചെയ്യും എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. പക്ഷേ, ആരൊക്കെയാണ് റെഗുലേറ്ററി കമീഷനിലെ അംഗങ്ങള്‍? മുന്‍മന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വില്‍സണ്‍, സി.പി.എം ഓഫിസര്‍ സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറി ബി. പ്രദീപ് എന്നിവരാണ് അംഗങ്ങള്‍. ടി.കെ. ജോസ് ഐ.എ.എസ് ആണ് ചെയര്മാന്. സര്‍ക്കാര്‍ നോമിനികളാണ് എല്ലാവരും.
കുറഞ്ഞ നിരക്കിലുള്ള കരാറുകള്‍ റദ്ദാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നപ്പോള്‍ 2016-17 കാലഘട്ടത്തില്‍ ഊർജ സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി ഈ ഹീനകൃത്യം ചെയ്യരുതെന്ന് കാണിച്ച് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. കരാറുകള്‍ റദ്ദാക്കിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെല്ലാം വിശദമായി വിവരിക്കുന്ന കത്ത് പക്ഷേ ആരുടെയും കണ്ണ് തുറപ്പിച്ചില്ല.
റെഗുലേറ്ററി കമീഷന് കരാറുകള്‍ റദ്ദാക്കിയപ്പോള്‍ അതിനെ ന്യായീകരിക്കുന്ന നിലപാടാണ് വകുപ്പ് മന്ത്രി സ്വീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാക്കിയ കരാറില്‍ അഴിമതി (ക്രമക്കേട്) കണ്ടെത്തിയതിനെതുടര്‍ന്ന് റദ്ദാക്കിയെന്നാണ് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ആ കരാാറിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെതന്നെ എന്തിന് റെഗുലേറ്ററി കമീഷന് അംഗമാക്കി? 2016 മുതല്‍ 23 വരെ ഈ കരാര്‍ എന്തുകൊണ്ട് റദ്ദുചെയ്യാതെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി?
കുറഞ്ഞ നിരക്കിലുള്ള കരാറുകള്‍ റദ്ദാക്കിയശേഷം ഇടക്കാല കരാറുകളിലൂടെ വന്‍വിലക്ക് വൈദ്യുതി വാങ്ങുന്നത് ആരില്നിന്നാണെന്നുകൂടെ മനസ്സിലാക്കണം. അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. യൂനിറ്റിന് 10.25 രൂപമുതല്‍ 14.3 രൂപവരെ വില നല്കി അദാനിയില്‍നിന്ന് നാല് കരാറുകളിലൂടെയാണ് വൈദ്യുതി വാങ്ങുന്നത്.
4.29 രൂപയുടെ കരാര്‍ റദ്ദാക്കിയ ജിന്‍ഡാലില്‍നിന്ന് 9.59 രൂപക്ക് പുതിയ കാരാറുണ്ടാക്കി വൈദ്യുതി വാങ്ങുന്നു എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദാക്കിയശേഷം അതേ കമ്പനിയില്‍നിന്ന് വൻ വിലക്ക് വൈദ്യുതി വാങ്ങുന്നു, ജനങ്ങളുടെ മേൽ അതിന്റെ ഭാരം ചുമത്തുന്നു.
അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ നിരള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂ. അത് സാധ്യമാക്കാന്‍ ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തണം. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണം.
യുഡി.എഫ് കാലത്ത് ഉണ്ടാക്കിയ ഏറ്റവും കുറഞ്ഞ തുകക്കുള്ള ഈ കരാറുകള്‍ കാരണം വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിരുന്നു എന്ന വസ്തുതകൂടി ഇവിടെ ഓര്‍ക്കണം. 800 കോടിയോളം രൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിന് ഈ വഴിയില്‍ ഉണ്ടായത്. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അനസ്യൂതമായ വൈദ്യുതിയും.
2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ അനുസരിച്ച് 2023വരെ സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നു. ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ മേനിപറയുന്ന ലോഡ്ഷെഡ്ഡിങ് രഹിത കേരളം സാധ്യമായത് ഈ കരാറുകള്‍ കാരണമായിരുന്നു. ഈ കരാറുകള്‍ റദ്ദാക്കിയത് കാരണം ഒരുദിവസം പത്തുമുതല്‍ പന്ത്രണ്ട് കോടിവരെ രൂപയുടെ നഷ്ടം ബോര്‍ഡിന് ഉണ്ടാകുന്നുണ്ട്. ഇതുവരെ 1600 കോടിരൂപയുടെ വൈദ്യുതി വാങ്ങേണ്ടിവന്നിട്ടുണ്ട്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയിലാണ് വരുന്നത്.
2042വരെ കേരളത്തിന് നാല് രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാധ്യതയില്‍നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതു സര്‍ക്കാറിന് കീഴില്‍ നടന്നത്. 2000 കോടി രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടായിരിക്കുന്നത്. ഇതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടിയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
ഭരണക്കാരുടെ തെറ്റിന് ജനങ്ങള്‍ പിഴയടക്കേണ്ട ഒരു കാര്യവുമില്ല. അതിനാല്‍ ഇപ്പോഴത്തെ വില വർധന പിന്വലിച്ചേതീരൂ. കരാറുകള്‍ റദ്ദാക്കിയതിലൂടെ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിന് വഴിവെച്ച കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികളും സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.