വിങ്ങിപ്പൊട്ടുന്ന താരങ്ങളെക്കണ്ട് നെഞ്ചുരുകുന്നില്ലേ നിങ്ങൾക്ക്?
text_fieldsരാജ്യാന്തര കായിക വേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ വനിതാ ഗുസ്തി താരങ്ങൾ കഴിഞ്ഞ മാസം 23 മുതൽ തെരുവിലാണ്. കൃത്യമായി പറഞ്ഞാൽ രാജ്യതലസ്ഥാന നഗരിയിലെ സമരകേന്ദ്രമായ ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മെഡൽ നേട്ടങ്ങൾക്ക് പകരമായി സർക്കാറിൽനിന്ന് എന്തെങ്കിലും പാരിതോഷികങ്ങളോ പരിശീലന കേന്ദ്രം പണിയാൻ സ്ഥലമോ ഫണ്ടോ ഒന്നുമല്ല അവരുടെ ആവശ്യം; മറിച്ച് മനുഷ്യർ എന്നുള്ള പരിഗണനയാണ്. അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ് എന്ന യു.പിയിൽനിന്നുള്ള ബി.ജെ.പിക്കാരൻ എം.പി നടത്തിയ ലൈംഗിക അതിക്രമങ്ങളെച്ചൊല്ലിയാണ് നമ്മുടെ കായികതാരങ്ങൾ ആരോപണമുയർത്തിയിരിക്കുന്നത്.
ബ്രിജ് ഭൂഷൻ ആ പദവിക്ക് ഭൂഷണമല്ല എന്ന് നേരത്തേതന്നെ തെളിയിച്ചയാളാണ്. രണ്ടുവർഷം മുമ്പ് ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന വേദിയിൽവെച്ച് അയാൾ ഒരു ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന വിഡിയോ നാം പലരും കണ്ടതാണ്. വളർന്നുവരുന്ന ഒരു കായികതാരത്തെ പൊതുവേദിയിൽവെച്ച് അത്തരത്തിൽ അപമാനിച്ച, കൈയേറ്റം ചെയ്ത ആ നിമിഷം തന്നെ പുറത്താക്കപ്പെടലിന് അർഹനായിരുന്നു
ബ്രിജ് ഭൂഷൻ. പക്ഷേ, ഒന്നും സംഭവിച്ചില്ല, എന്തിനങ്ങനെ ചെയ്തു എന്നുപോലും ഒരാളും ചോദിച്ചില്ല. ഇപ്പോഴുമതെ, ഇത്രയധികം കായിക താരങ്ങൾ ഒറ്റക്കെട്ടായിനിന്ന് ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോഴും അതേക്കുറിച്ച് വിശദീകരണം തേടാൻപോലും ഒരു സംവിധാനവും ഇവിടെ മുന്നോട്ടുവരുന്നില്ല. ആരോപണവിധേയനാവട്ടെ ഒരു കുലുക്കവുമില്ല.
പെൺകുട്ടികളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം വേദികളിൽ കയറിനിന്ന് പ്രഘോഷിക്കുന്ന പ്രധാനമന്ത്രി നമുക്കുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം നൽകുമെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഇവിടുണ്ട്. എന്നിട്ടുമെന്തേ ഈ സ്ത്രീകൾക്ക്, രാജ്യത്തിനുവേണ്ടി ഒട്ടേറെ പണിപ്പെട്ട, വിയർപ്പൊഴുക്കിയ, സ്വന്തം ജീവിതംതന്നെ ഉഴിഞ്ഞുവെച്ച യുവതികൾക്ക് നീതി നൽകുന്നതിൽനിന്ന് അവരൊക്കെ മുഖംതിരിച്ചുനിൽക്കുന്നത്? ഒട്ടനവധി കായിക മത്സരങ്ങളിൽ കരുത്തരായ എതിരാളികളെയും അവരുയർത്തുന്ന വെല്ലുവിളികളെയും നേരിട്ടിട്ടുണ്ടെങ്കിലും ഇതുപോലെ അപമാനിതരായ സന്ദർഭം നമ്മുടെ താരങ്ങൾക്ക് മുമ്പുണ്ടായിട്ടുണ്ടാവില്ലെന്ന് ഉറപ്പ്. അവർ ചോദിക്കുന്നത് ഏതൊരു മനുഷ്യർക്കും അവകാശമുള്ള മിനിമം മാന്യത മാത്രമാണ്. ഭരിക്കുന്ന കക്ഷിയുടെ ഇഷ്ടപുസ്തകത്തിൽ പേരുള്ള ക്രിമിനലുകൾക്ക് തോന്നുംപടിയെല്ലാം ചെയ്യാമെന്നാണെങ്കിൽ ഈ രാജ്യത്ത് ആർക്കാണ്, എങ്ങനെയാണ് സുരക്ഷയും സമാധാനവുമുണ്ടാവുക? ലോകമറിയുന്ന താരങ്ങളുടെ അവസ്ഥ ഇതുപോലെയാണെങ്കിൽ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും എന്നാലോചിച്ചുനോക്കു.
എം.പിക്കെതിരെ ഒരു ആരോപണം ഉയർന്നപ്പോഴേക്ക് ഇത്രമാത്രം കാടിളക്കം എന്തിനാണ് എന്നുചോദിച്ച് നിസ്സാരവത്കരിക്കുന്ന സംഘ്പരിവാർ അനുകൂലികളെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കാണാൻ കഴിയുന്നുണ്ട്. ആരോപണം മാത്രമല്ല, അന്വേഷണം നടന്ന് കോടതി ശിക്ഷവിധിച്ചാൽപോലും രാഷ്ട്രീയ ബന്ധം പ്രതികൾക്ക് സംരക്ഷണകവചം തീർക്കുന്നത് നമുക്ക് രാജ്യത്ത് കാണാനാവുന്നുണ്ട്. ഗുജറാത്തിലും മുസഫർ നഗറിലുമുൾപ്പെടെ നടന്ന ഒട്ടുമിക്ക വർഗീയ കലാപങ്ങളിലും സ്ത്രീകളും കുട്ടികളും തുല്യതയില്ലാത്ത അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. സ്വന്തം കൺമുന്നിൽവെച്ചാണ് പലരുടെയും പ്രിയപ്പെട്ടവർ വേട്ടയാടപ്പെട്ടത്. അക്രമികളാരെന്ന് വ്യക്തമാണെങ്കിൽപ്പോലും അതു തുറന്നുപറയാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും അവരെ അശക്തരാക്കുന്നത് അവശേഷിക്കുന്ന പ്രിയപ്പെട്ടവരെ പോലും അത് അപകടത്തിലാക്കുമോ എന്ന ഭീതിയാണ്. പിഞ്ചുമകൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ അറുകൊല ചെയ്യപ്പെട്ട, ബലാത്സംഗത്തിനിരയായ ബിൽകീസ് ബാനു എന്ന യുവതി പ്രതീക്ഷാപൂർവം നീതിക്കായി പൊരുതുകയും നമ്മുടെ രാജ്യത്തെ നീതിപീഠം അവരുടെ പോരാട്ടത്തിന് സാഫല്യം നൽകുകയും ചെയ്തതാണ്. എന്നിട്ട് ഇപ്പോൾ എന്തു സംഭവിച്ചു? ബലാത്സംഗം നടത്തിയ, കുഞ്ഞിനെ കൊലപ്പെടുത്തിയ കൊടുംക്രിമിനലുകൾ വലിയ സമരസേനാനികളെപ്പോലെ നാട്ടിലെമ്പാടും ആഘോഷിക്കപ്പെടുന്നു, ബിൽക്കീസും കുടുംബവും പേടിച്ചുവിറച്ച് കഴിഞ്ഞുകൂടുന്നു. ഉടൻ അറുതി വരുത്തിയില്ലെങ്കിൽ രാജ്യമൊട്ടുക്ക് പടർന്നുപിടിക്കും ഈ അന്യായം.
മൃണാളിനിയെപ്പോലൊരാളെവിടെ?
വിശ്രുത നർത്തകിയും അതിലുപരി രാജ്യം കണ്ട കരുത്തരായ സ്ത്രീകളിൽ ഒരാളുമായ മൃണാളിനി സാരാഭായിയുടെ 105ാം ജന്മദിനമാണ് ഈ മാസം 11ന്. ഞങ്ങൾ പരസ്പരം നേരിൽ കണ്ടിട്ടില്ല. പക്ഷേ, അവരെന്നെ ചേർത്തുപിടിച്ചിട്ടുണ്ട്.
2002ൽ ഗുജറാത്ത് വംശഹത്യ നടന്നതിനുപിന്നാലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ഞാനൊരു ലേഖനമെഴുതി. എന്റെ ഹൃദയത്തിൽനിന്നുള്ള വേദനയുടെ കുത്തൊഴുക്കായിരുന്നു ആ കുറിപ്പ്. ഒരാഴ്ചയാകുമ്പോഴേക്ക് എനിക്കൊരു കത്തുവന്നു. മൃണാളിനി സാരാഭായ് സ്വന്തം കൈപ്പടയിലെഴുതിയ, ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും അക്ഷരങ്ങൾ കോർത്തുവെച്ചുള്ളൊരു കത്ത്. വർഗീയ വിഷത്തിന്റെ വ്യാപനത്തിനെതിരെ നാം ഒരുമിച്ചു നിന്ന് പോരാടുമെന്നും എന്തുതന്നെ സംഭവിച്ചാലും ഈ രാജ്യത്തെ സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ഉറപ്പുനൽകുന്ന വരികൾ.
ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല, ഞാൻ ആരെന്നോ എവിടെയെന്നോ അവർക്ക് അറിയുമായിരുന്നില്ല, പക്ഷേ ഒരു ഹൃദയത്തിൽനിന്ന് ഉറപൊട്ടിയ കണ്ണീരിനെ വായിച്ചെടുക്കാൻ അവർക്ക് സാധിച്ചു. എന്റെ പേരിൽ ഇന്ത്യൻ എക്സ്പ്രസിന്റെ വിലാസത്തിലേക്കയച്ച കത്ത് പത്രമോഫിസുകാർ എനിക്ക് എത്തിച്ചുതരുകയായിരുന്നു.
വർഗീയത, വിഭാഗീയത, നീതി നിഷേധം... കണക്കറ്റ അന്യായങ്ങളിലാണ്ടുനിൽക്കുന്ന കാലമാണ്. സങ്കടപ്പെടുന്ന മനുഷ്യരെ ചേർത്തുപിടിക്കാൻ മൃണാളിനി സാരാഭായിയെപ്പോലെ ഹൃദയമുള്ള മനുഷ്യരെയും കാലം ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.