ബി.ജെ.പിയുടെ ഇരട്ടമുഖം
text_fieldsഭാരതീയ ജനത പാർട്ടി വക്താക്കൾ ഇന്ത്യയിലെ ഏറ്റവും വലിയ പത്രഗ്രൂപ്പിന്റെ ചാനലിലെ തത്സമയ ചർച്ചയിൽ ഇസ്ലാമിനെയും പ്രവാചകനെയുംകുറിച്ച് നിന്ദ്യമായ അഭിപ്രായപ്രകടനം നടത്തിയത് അത്ര പുതിയ കാര്യമല്ല. കഴിഞ്ഞ കുറെ മാസമായി ധരം സൻസദുകളിൽ വ്യാപകമായ അധിക്ഷേപങ്ങളും അക്രമത്തിനും കൊലപാതകത്തിനുമുള്ള ആഹ്വാനങ്ങളും നടക്കുന്നത് നാം കണ്ടതാണ്. അതിന് പാർട്ടിയുടെ അനുമതിയുണ്ടായിരുന്നു. ബി.ജെ.പി മുഖ്യമന്ത്രിമാരും മന്ത്രിമാരും അതിനെ പിന്തുണച്ച് സമാനഭാഷ്യം പങ്കുവെച്ചു. അത്തരം കുറ്റവാളികൾ അതിവേഗം പാർട്ടിയുടെ ഉന്നത പദവികളിലേക്ക് ഉയർത്തപ്പെട്ടു. അതേസമയംതന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ പ്രധാനമന്ത്രിയെയോ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയോ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തുന്ന കൊമേഡിയന്മാരെയും സാധാരണ ജനങ്ങളെയും അറസ്റ്റ് ചെയ്യുന്നതിൽ ജാഗ്രതയും പുലർത്തിപ്പോരുന്നു.
പിന്നെയെന്തുകൊണ്ടാവും വക്താക്കളായ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും പൊതുപ്രസ്താവനയിറക്കി പുറത്താക്കാൻ ബി.ജെ.പി തയാറായത്?
കുവൈത്തിലെ ചവർവീപ്പകളിൽ ഷൂ അടയാളത്തോടെ മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതുകൊണ്ടാണോ? മോദിയുമായി അടുപ്പമുള്ള നേതാക്കളാണ് ഇസ്ലാംവിരുദ്ധ പ്രസ്താവന നടത്തിയതെന്നാണ് പശ്ചിമേഷ്യയിൽ നിന്നുള്ള ട്വീറ്റുകൾ. ഇന്ത്യൻ ചരക്കുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ഒമാൻ ഗ്രാൻഡ് മുഫ്തിയുടേതുൾപ്പെടെ പശ്ചിമേഷ്യയിൽ ഏറെപ്പേർ പിന്തുടരുന്ന സോഷ്യൽ മീഡിയ ഹാൻഡ്ലുകളിൽനിന്നുള്ള രോഷാകുലമായ അഭിപ്രായങ്ങളുമാണ് ബി.ജെ.പിയെ നടപടികൾക്ക് നിർബന്ധിതമാക്കിയതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
വിരോധാഭാസമെന്നു പറയട്ടെ, ഇതേ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാണ് കാൺപുരിൽ 400 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്, അവരുടെ വീടുകൾ ഏതുസമയവും ബുൾഡോസർ കയറ്റി ഇടിച്ച് നിരത്തപ്പെട്ടേക്കാം എന്ന ഭീഷണിയിലാണ്. 'ഭാഗിക സ്വതന്ത്ര' രാജ്യം, തെരഞ്ഞെടുപ്പ് നടക്കുന്ന സ്വേച്ഛാധിപത്യ വ്യവസ്ഥ എന്നൊക്കെയാണ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇന്ത്യയെ ഇപ്പോൾ നിർവചിക്കുന്നത്. അതായത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ലെ നിലയിലാണ് നമ്മുടെ ജനാധിപത്യ സൂചികകൾ.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ (മുസ്ലിംകളുടെയും ക്രൈസ്തവരുടെയും) മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ചൂണ്ടിക്കാട്ടുമ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രി അതിന് 'വോട്ട് ബാങ്ക്' രാഷ്ട്രീയത്തെയാണ് കുറ്റപ്പെടുത്തിയത്.
ഗ്യാൻവാപി പള്ളിയിലെ അവസ്ഥ ഏകദേശം എല്ലാ മുസ്ലിം ആരാധനാലയങ്ങളിലേക്കും പടരാൻ ഇന്ത്യയിലെ കോടതികൾ അനുവദിച്ചിരിക്കുന്നു. യു.പിയിലെ ബി.ജെ.പി വിജയത്തോടെ സാഹചര്യം അത്യന്തം വഷളായ അവസ്ഥയിലെത്തിയിരിക്കുന്നു.
ഭരണകക്ഷിയെ പ്രീതിപ്പെടുത്താൻ ഒരു നിയന്ത്രണവുമില്ലാതെ വിദ്വേഷ പ്രസംഗം അനുവദിക്കുന്ന, വിധേയത്വ മാധ്യമങ്ങളിലെ ടി.വി ചർച്ചയിൽ ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും സംബന്ധിച്ച അഭിപ്രായങ്ങൾ സകല അതിരും ലംഘിച്ചത് പശ്ചിമേഷ്യൻ ഇസ്ലാമിക രാഷ്ട്രങ്ങളെ രോഷാകുലരാക്കി.
തന്ത്രപരമായ ഊർജ-വ്യവസായ ആവശ്യങ്ങളും തൊഴിലവസരങ്ങളില്ലാത്ത ആഭ്യന്തര സമ്പദ്വ്യവസ്ഥയും നിലനിൽക്കെ വ്യത്യസ്ത മതക്കാരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലിചെയ്യുന്ന പശ്ചിമേഷ്യൻ മേഖലയുമായുള്ള ബന്ധം അപകടത്തിലാക്കുന്നത് ഇന്ത്യക്ക് നല്ലതല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രവാചകനെക്കുറിച്ച് തോന്നുംപടിയുള്ള വ്യക്തിപരമായ അഭിപ്രായങ്ങൾ ഗുരുതര തിരിച്ചടിക്ക് കാരണമായേക്കാം, അത് ഇന്ത്യക്ക് പല തലങ്ങളിൽ കനത്ത പ്രഹരമേൽപിക്കുകയും ചെയ്യും.
യുക്രെയ്ൻ യുദ്ധത്തെതുടർന്ന് ഇന്ത്യ കടുത്ത വിഭവ പ്രതിസന്ധിയിലാണ്. ഭക്ഷണ സാമഗ്രികളുടെ വില വർധിക്കുന്നു, എണ്ണ ഇറക്കുമതി ബിൽ കുതിച്ചുയരുന്നു, വിദേശനാണ്യ നിരക്ക് ഇടിയുന്നു. ക്വാഡിനും ബ്രിക്സിനുമിടയിൽ രണ്ട് കടുത്ത പരീക്ഷണങ്ങൾ. ഇത്തരമൊരു ഘട്ടത്തിൽ പണ്ട് കർഷക സമരവേളയിൽ അഭിപ്രായം പറഞ്ഞ പോപ് ഗായിക റിഹാന്നയോട് പ്രതികരിച്ചതുപോലെ പശ്ചിമേഷ്യയോട് വീരസ്യം കാണിക്കാൻ വിദേശകാര്യമന്ത്രാലയത്തിനാവില്ല.
ഇതിനുമുമ്പ് 2020ൽ വിദ്വേഷ പരാമർശങ്ങൾ നിർത്തൂ എന്ന് ഇന്ത്യയിലെ ഇസ്ലാമോഫോബുകളോട് പറയാൻ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന പവൻ കപൂർ നിർബന്ധിതനായിരുന്നു. കോവിഡ്19 പരത്തുന്നവരെന്നാരോപിച്ച് തബ്ലീഗ് ജമാഅത്തിനെതിരെ വെറുപ്പ് പടർത്തിയ ഘട്ടത്തിലായിരുന്നു അത്.
ഇക്കുറി ബി.ജെ.പിയുടെ പ്രസ്താവന വായ്കൂട്ടിപ്പിടിച്ചു കൊണ്ടുള്ളതാണ്, എന്തിനെന്നില്ല, ഇസ്ലാമിനെക്കുറിച്ചോ മുസ്ലിംകളെക്കുറിച്ചോ പരാമർശവുമില്ല. അതിൽ ഒപ്പുവെച്ചിരിക്കുന്നത് 'കേന്ദ്രകാര്യാലയ ചുമതലക്കാരൻ' മാത്രമാണ്. അല്ലാതെ മോദി-ഷാ ദ്വയമോ ദേശീയ അധ്യക്ഷനുൾപ്പെടെ ഏതെങ്കിലും മുതിർന്ന നേതാക്കളോ ഇതിൽ ഇടപെട്ടിട്ടില്ല. അതിൽനിന്ന് വ്യക്തമാവുന്നത് ഉന്നത ബി.ജെ.പി നേതാക്കളാരുംതന്നെ ഇസ്ലാം വിരോധികൾക്കെതിരെ പ്രതികരിക്കാൻ ധൈര്യപ്പെടില്ല എന്നു തന്നെയാണ്. എന്തെന്നാൽ, ആ വികാരം ഉദ്ദീപിപ്പിച്ച് നിർത്തി മാത്രമാണ് ഇന്നാട്ടിൽ ഈ പാർട്ടി അനുദിനം പുഷ്ടിപ്പിച്ചുവരുന്നത്.
ബി.ജെ.പി സർക്കാർ വിദേശങ്ങളിൽ ഗാന്ധിയെ ഉദ്ധരിക്കുകയും സ്വദേശത്ത് കൊലയാളി ഗോഡ്സെയെ പ്രകീർത്തിക്കുകയും ചെയ്യും. പുറംനാടുകളിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പുറംപൂച്ചണിയുന്നു. ഇവിടെയോ അവരുടെ പ്രത്യയശാസ്ത്ര ഗുരുവായ എം.എസ്. ഗോൾവാൾക്കറെ ശുഷ്കാന്തിയോടെ പിൻപറ്റുന്നു.
എന്നാൽ, ഡോ. കിറാ ഹുജുവിനെപ്പോലുള്ള വിദഗ്ധരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്, രണ്ട് മുഖങ്ങൾ ധരിച്ചുള്ള ഈ നടത്തം ഇന്ത്യക്ക് കൂടുതൽ ദുഷ്കരമായി മാറുമെന്നാണ്. സാമ്രാജ്യത്വ വിരുദ്ധതയുടെ മറവിൽ ഹിന്ദുത്വ ആശയങ്ങൾ എവ്വിധത്തിലാണ് ഇന്ത്യൻ വിദേശകാര്യ സർവിസിൽ തിരുകിക്കയറ്റുന്നതെന്ന് അവർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, നുപുറിനെയും നവീനിനെയുംപോലുള്ള ആളുകൾ ദേശീയ മാധ്യമങ്ങളിലിരുന്ന് തങ്ങളുടെ ധ്രുവീകരണ വിചാരധാരയിലൂന്നി വിദ്വേഷം വമിപ്പിക്കുന്നത് വിദേശരാജ്യങ്ങളിലറിഞ്ഞതോടെ ഇടപെടാൻ ഭരണകൂടം നിർബന്ധിതമായി. എന്നാൽ, ഈ രണ്ട് വക്താക്കളെ പിന്തുണക്കുകയും അവരെ തുറന്നുകാട്ടിയതിന് ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറിനെതിരെ നീങ്ങാൻ ശ്രമിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ പ്രിയ ടി.വി ചാനലിന്റെയും ബി.ജെ.പി നേതാക്കളുടെയും കാര്യമോ? എന്തായാലും, ഇപ്പോഴത്തേത് ഉള്ളിലെ ചീഞ്ഞുനാറ്റത്തിന്റെ മണം പുറത്തറിഞ്ഞതോടെ നടത്തിയ തന്ത്രപരമായ ഒരു പിന്മാറ്റമാണ്, അല്ലാതെ ശരിയാംവിധത്തിലുള്ള ഒരു തിരുത്തല്ല. എന്തുതന്നെയായാലും വിദേശത്തുനിന്നുള്ള സമ്മർദം മോദിക്കുമേൽ വിലപ്പോകുമെന്നതിന് അടിവരയിടുന്നു ഈ സംഭവഗതികൾ.
നന്ദി: theindiacable.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.