Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്ത്രീധന മോഹികൾക്ക്​...

സ്ത്രീധന മോഹികൾക്ക്​ ജയിലാണ്​ മണിയറ

text_fields
bookmark_border
dowry
cancel

പാമ്പിനെക്കൊണ്ട്​ കൊത്തിച്ചുപോലും കൊല്ലാൻ മടിക്കാത്ത പങ്കാളിക്കൊപ്പം ജീവിതം കെട്ടിപ്പടുക്കാൻ നിർബന്ധിതരാവുന്ന നമ്മുടെ പെൺമക്കൾക്ക്​ ആരാണ്​ തുണ​? എല്ലാം കെട്ടിപ്പൂട്ടിയടപ്പിച്ച ലോക്​ഡൗൺ കാലത്തും നാട്ടിൽ മുടക്കമില്ലാതെ നടന്ന കാര്യം ക്രൂരമായ ഗാർഹിക പീഡനങ്ങൾ മാത്രമായിരുന്നു. മദ്യത്തി​െൻറയും ലഹരി മരുന്നുകളുടെയും നിയന്ത്രണമില്ലാത്ത ഒഴുക്കും സാമൂഹിക മാധ്യമങ്ങളുടെയും വിവര സാ​ങ്കേതിക വിദ്യയുടെ ദുരുപയോഗവുമെല്ലാം ദാമ്പത്യബന്ധങ്ങളെ ശിഥിലമാക്കുന്നുണ്ട്​. ഇതിങ്ങനെ കൽപാന്തകാലം വകവെച്ചു കൊടുക്കുവാൻ തന്നെയാണോ നമ്മുടെ തീരുമാനം​? കേരളത്തിലെ നവവധുക്കൾക്കോ സ്​ത്രീകൾക്കോ മാത്രമല്ല ഇത്​ ഭീഷണിയാവുന്നത്​. മറിച്ച്​, മലയാളി സമൂഹത്തി​നു​തന്നെയാണ്​. വീടകങ്ങളെ തിരിച്ചുപിടിക്കാതെ എങ്ങനെയാണ്​ പുതു കാലത്തിലേക്കും നവകേരളത്തിലേക്കും നമ്മൾ കാലെടുത്തു വെക്കുക​?

നിശ്ശബ്​ദം സഹിച്ചും ക്ഷമിച്ചും അടിമയെ​േ​പ്പാലെ ജീവിക്കില്ലെന്ന്​ ഓരോ പെൺകുട്ടിയും മനസ്സിലുറപ്പിക്കേണ്ടിയിരിക്കുന്നു. ചില്ലിക്കാശ്​ സ്​ത്രീധനം വാങ്ങാതെയാണ്​ ആൺമക്കളുടെ വിവാഹം നടത്തിയതെന്ന്​ അഭിമാനപൂർവം പറയുന്നവരും പെൺമക്കളെ വൻതുക സ്​ത്രീധനം നൽകി കല്യാണം കഴിപ്പിച്ചയക്കാൻ മടികാണിക്കുന്നില്ല. കുട്ടിയെ ഞങ്ങൾക്ക്​ ഇഷ്​ടമായി, എന്തു തരും എന്ന്​ ചോദിക്കുന്ന പാർട്ടിയോട്​ ഇവിടെ നിന്ന്​ ഇറങ്ങിപ്പോകാൻ അഞ്ച്​ മിനിറ്റ്​ തരും എന്ന കുറിപ്പ്​ ഒരുവേള സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആ മറുപടി ജീവിതത്തിൽ പകർത്താൻ കേരളത്തിലെ കുടുംബങ്ങൾ എന്നു തയാറാവുന്നുവോ, അതു മുതൽ ഇളകിത്തുടങ്ങും കല്യാണ ചൂഷകരുടെയും ഗാർഹിക പീഡകരുടെയും അടിക്കല്ല്​.

മത-സാംസ്​കാരിക സംഘടനകളും യുവജന പ്രസ്​ഥാനങ്ങളും സ്​ത്രീധന വിരുദ്ധ പോരാട്ടം വീണ്ടും മുഖ്യ അജണ്ടയാക്കേണ്ട സമയമായിരിക്കുന്നു. സ്​ത്രീധനരഹിത വിവാഹം പ്രോത്സാഹിപ്പിക്കാൻ മാത്രമല്ല, സ്​ത്രീധന വിവാഹങ്ങളെ നിരാകരിക്കാനും ബഹിഷ്​കരിക്കാനും സമൂഹത്തിലെ ഓരോ വ്യക്​തിയും ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ സ്​ത്രീധന പീഡനത്തിനിരയായി മരിക്കുന്ന പെൺകുട്ടികൾക്ക്​ വേണ്ടി നമ്മ​െളാഴുക്കുന്ന കണ്ണുനീർ വ്യാജമാണ്​. സ്​ത്രീധനം വാക്കാൽ ആവശ്യപ്പെടുന്നതു പോലും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന്​ ചോദിക്കുന്നവരും നൽകുന്നവരും ഓർക്കുക.

പെൺമക്കളെ വളർത്തി വലുതാക്കുന്നത്​ വല്ലവനും കൊണ്ടുപോയി കൊലക്കു കൊടുക്കാനല്ലെന്ന്​ മാതാപിതാക്കൾ തീരുമാനിക്കണം, ഒപ്പം ആൺമക്കളെ കൊലയാളി മനസ്​കരായല്ല വളർത്തുന്നതെന്നും ഉറപ്പാക്കണം. ഒട്ടുമിക്ക സ്​ത്രീധന-ഗാർഹിക പീഡന സംഭവങ്ങളിലും ഭർതൃഗൃഹത്തിലെ മാതാപിതാക്കൾ വഹിച്ച പങ്ക്​ നടുക്കുന്നതാണ്​.

ലഭിക്കുമോ നീതി?

സ്​ത്രീധന പീഡനം സംബന്ധിച്ച നിരവധി കേസുകൾ സംസ്​ഥാനത്തെ പല ജില്ലകളിലും കെട്ടിക്കിടക്കുന്നുണ്ട്​. എന്നാൽ നീതി തേടുന്നതിൽനിന്ന്​ പിന്തിരിയാൻ ഇത്​ കാരണമായിക്കൂടാ. പരാതി നൽകിയിട്ടില്ലെങ്കിൽ അനുഭവിച്ചോ എന്നു​പറഞ്ഞ വനിത കമീഷൻ അധ്യക്ഷയുടെ കസേര തെറിപ്പിച്ചത്​ കേരളത്തിലെ സ്​ത്രീകളുടെയും പൗരാവകാശ സമൂഹത്തി​െൻറയും ജാഗ്രതയാണ്. കേരളത്തെ ഗാർഹിക പീഡന മുക്​തമാക്കും എന്ന വാഗ്​ദാനത്തിന്​ അൽപ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വിസ്​മയയെപ്പോലുള്ളവരുടെ ജീവബലി ഇനിയെങ്കിലും സർക്കാറി​െൻറയും അധികാരികളുടെയും നിലപാടുകളിൽ മാറ്റം സൃഷ്​ടിക്കുമെന്ന്​ പ്രത്യാശിക്കാം.

വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്​റ്റിക് കോൺഫ്ലിക്റ്റ് റെസല്യൂഷൻ സെൻറർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ല പൊലീസ് മേധാവിമാർ ഒാൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദേശിക്കുന്ന രീതിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും സർക്കാർ ഇപ്പോൾ നിർദേശം നൽകിയിട്ടുണ്ട്​. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത ഓൺലൈൻ' എന്ന സംവിധാനം നിലവിലുണ്ട്. എന്നാൽ ഇപ്പോഴാണ് അതിനും ജീവൻ​െവച്ചിട്ടുള്ളത്.

പരാതികൾ അറിയിക്കാം

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക്​ മെയിൽ അയക്കാം. മൊബൈൽ നമ്പർ 9497996992 കൂടാതെ പൊലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 9497900999, 9497900286. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനുള്ള നോഡൽ ഒാഫിസർ പത്തനംതിട്ട എസ്.പി. ആർ.നിശാന്തിനിയെ 9497999955 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം.

അവസാനിപ്പിക്കണം മാമൂലുകളെല്ലാം

വിശ്വാസപരമായി മതങ്ങൾ സാമ്പത്തിക ചൂഷണങ്ങൾക്ക്​ എതിരാണ്​, വിവാഹം പവിത്ര സങ്കൽപവുമാണ്​. എന്നാൽ, ഉ​പയോഗിക്കുന്ന വാക്കുകളിലും നടപ്പാക്കുന്ന രീതിയിലും പ്രാദേശികവും സാമുദായികവുമായ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും സ്​ത്രീധനമെന്ന മഹാമാരി കേരളത്തിൽ സർവവ്യാപിയാണ്​. ഞങ്ങളുടെ നാട്ടിൽ ഇല്ല, സമുദായത്തിൽ അത്തരം വിവാഹങ്ങൾ ഒന്നുപോലും നടക്കുന്നില്ല എന്ന്​ ആത്മവിശ്വാസത്തോടെ പറയാൻ ഒരാൾക്കും കഴിയില്ല.

പയ്യ​െൻറ വീട്ടുകാർ ഡീസൻറാണ്,​ സ്​ത്രീധനം ഒന്നും ചോദിച്ചില്ല. പിന്നെ ഞങ്ങൾ മകളുടെ സന്തോഷത്തിന്​ ഇത്ര പവൻ സ്വർണം ഇട്ട്​ കൊടുത്തു എന്നാണ്​ പലരും പറയാറ്​. അതും ഈ നിയമവിരുദ്ധ സ​മ്പ്രദായത്തിന്​ വളമിടലാണ്​.

നൂറു പവനും അതിലേറെയും നൽകി പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുന്നതിനൊപ്പം ഭർതൃമാതാവിനും സഹോദരിക്കും വളയിടുന്ന രീതിയും പലയിടങ്ങളിലുമുണ്ട്​. ആ വളയുടെ കനം കുറഞ്ഞതി​െൻറ പേരിൽ കുത്തുവാക്ക്​ കേൾക്കാത്തവരാവും കുറവ്​. കല്യാണക്കച്ചവടത്തിെല മറ്റൊരു അലിഖിത നിയമമാണ് അടുക്കള കാണൽ ചടങ്ങ്. വര​െൻറ വീട്ടിലേക്കാവശ്യമായ ഉപകരണങ്ങൾ പോലും പെൺവീട്ടുകാരുടെ ബാധ്യതയാക്കി മാറ്റുന്ന പരിപാടിയാണിത്​.

വിവാഹം കഴിഞ്ഞ്​ മാസം രണ്ട്​ പിന്നിടു​േമ്പാഴേക്കും 'വിശേഷം ഒന്നുമായില്ലേ' എന്നന്വേഷിച്ച്​ തുടങ്ങും. ഗർഭിണി ആയാൽ പിന്നെ അടുത്ത സെറ്റ്​ മാമൂലുകളുടെ തുടക്കമായി. കുടുംബത്തി​​െൻറ കൺമണിയാണ്​ പിറക്കുന്ന കുഞ്ഞെങ്കിലും അതി​െൻറ ചെലവ്​ വഹിക്കേണ്ട ബാധ്യത മുഴുവൻ പെൺവീട്ടുകാർക്കാണ്​.

ഇതൊക്കെ വർഷങ്ങളായി നടത്തിവരുന്ന ആചാരങ്ങളല്ലേ? അത്​ ഒരു സുപ്രഭാതത്തിൽ നിർത്താൻ പറ്റുമോ എന്നാണ്​ പുരോഗമന ചിന്താഗതിക്കാർ എന്നവകാശപ്പെടുന്ന കുടുംബങ്ങളുടെ പോലും നിലപാട്. വർഷങ്ങളായി പതിനായിരക്കണക്കിന്​ കുടുംബങ്ങൾ തകർന്ന്​ തരിപ്പണമായതും കണ്ണീർ കുടിക്കുന്നതും ഇത്തരം ആചാരങ്ങളുടെ പേരിലാണെന്ന്​ ഇനിയെങ്കിലും തിരിച്ചറിയുക. ഇനിയും അത്​ ആവർത്തിക്കപ്പെടരുത്​ എന്ന്​ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ മാമൂലുകളുടെ മാറാലക്കെട്ട്​ തൂത്ത്​ തുടച്ച്​ വൃത്തിയാക്കാൻ കേരളം ഒറ്റക്കെട്ടായിറങ്ങുക.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry Case
News Summary - Dowry system in kerala
Next Story