ഒരു ജനാധിപത്യ ഇന്ത്യക്കായി...
text_fieldsഡോ. ബി.ആർ. അംബേദ്കറെയും അദ്ദേഹത്തിന്റെ ചിന്തകളെയും ഹൃദയ ഭാവമായി സ്വീകരിച്ചാൽ മാത്രമേ ഇന്ത്യക്ക് ഒരു ജനാധിപത്യ രാഷ്ട്രമായിത്തീരാൻ കഴിയുകയുള്ളൂ എന്ന് ശാസ്ത്രചരിത്രകാരിയും ചിന്തകയുമായ ഡോ. മീരാ നന്ദ അവരുടെ Prophets Facing Backward എന്ന ഗ്രന്ഥത്തിൽ എഴുതുന്നുണ്ട്.
ഇന്ത്യ കണ്ട എക്കാലത്തെയും മഹത്തായ ജനാധിപത്യ ദാർശനികനും ചിന്തകനും നിയമജ്ഞനും രാഷ്ട്രമീമാംസകനുമാണ് ഡോ. ബി.ആർ. അംബേദ്കർ. രാഷ്ട്രീയ ഹിന്ദുത്വം ഏറ്റവും അപകടകരമായി മനുഷ്യ ജീവിതങ്ങളെ കാർന്നു തിന്നുകൊണ്ടിരിക്കുമ്പോൾ അതിന്റെ അടിസ്ഥാന കാരണമായ സാംസ്കാരിക ബ്രാഹ്മണ്യത്തെ നിശിതമായി വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്തു ഡോ. അംബേദ്കർ.
സംസ്കാരത്തെ ആഴത്തിൽ ഗ്രസിച്ച ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥയാണ് ഇന്ത്യയെ സമ്പൂർണമായി പിളർത്തി മനുഷ്യരെ പരസ്പരം വെറുപ്പിന്റെ ഗർത്തങ്ങളിൽ തള്ളിയിടുന്നതെന്ന് അംബേദ്കർ രചനകളിലൂടെ കടന്നു പോകുമ്പോൾ ബോധ്യപ്പെടും.
ജാതി വ്യവസ്ഥയെ അഭിസംബോധന ചെയ്യാതെ ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റിത്തീർക്കാൻ കഴിയില്ല എന്ന് അംബേദ്കർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. എന്നാൽ ദേശീയ പ്രസ്ഥാനത്തിന് വളരെ വൈകി പോലും അംബേദ്കറുടെ ഈ ചിന്തകളെ പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നത് വർത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ കൂടി അനാവരണം ചെയ്യുന്നുണ്ട്.
ജാതിയുടെ ഈ മേൽക്കീഴ് വ്യവസ്ഥയെയും അത് നിർമിക്കുന്ന ആഢ്യ മ്ലേച്ഛത്വങ്ങളുടെ വെറുപ്പിന്റെ ശ്രേണീകൃത വ്യവസ്ഥയെയും മറി കടക്കാൻ ഡോ. അംബേദ്കർ അവതരിപ്പിച്ച ‘ശാസ്ത്രീയ ഔഷധ’മാണ് സാഹോദര്യ ജനാധിപത്യം. ഭരണഘടനയിൽ ഉൾച്ചേർത്ത ജനാധിപത്യ തത്ത്വങ്ങളുടെ ആന്തര മൂല്യങ്ങൾ പ്രകാശിക്കുന്നത് സാഹോദര്യ ജനാധിപത്യ ചിന്തകളിലാണ്.
ഭരണഘടനാ ധാർമികത ജനങ്ങളുടെ ഹൃദയ ഭാവമായി മാറിത്തീരണമെന്ന് സുദൃഢമായി പ്രസ്താവിച്ചതിലൂടെ സാഹോദര്യം ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിന്റെ ആത്മഭാവമായി തീരണമെന്നാണ് അംബേദ്കർ വിവക്ഷിച്ചത്. ന്യൂനപക്ഷങ്ങളുടെ ദേവാലയങ്ങൾ ഹിംസാത്മകമായ ആക്രമണം നേരിടുന്നതും മുസ്ലിംകളെ ക്രൂര ഹിംസകൾക്ക് വിധേയമാക്കാൻ രാമനവമി തന്നെ തിരഞ്ഞെടുക്കുന്നതും അംബേദ്കർ വിവരിച്ച സാഹോദര്യ ജനാധിപത്യത്തിന്റെ അഭാവം നിമിത്തമാണ്.
സാഹോദര്യത്തിന്റെ അഭാവമാണ് ആത്യന്തികമായി അപരവത്കരണത്തിന് നിദാനവും. ‘സാഹോദര്യത്തിന്റെ മറ്റൊരു പേര് മാത്രമാണ് ജനാധിപത്യം’ എന്ന് ഉപദർശിച്ച ഡോ. അംബേദ്കർ ഇന്ത്യയെ ഒരു ജനാധിപത്യ ഇന്ത്യയായി നിലനിർത്താനുള്ള ആന്തരാത്മ പ്രകാശമായി സാഹോദര്യത്തെ ദർശിച്ചു.
പരസ്പരം പോരടിക്കുന്ന പറ്റങ്ങളായും അധികാര ഭരണരംഗം ഒരു ‘സവർണ ഒളിഗാർ ക്കിയായി’ പരിണമിക്കാതിരിക്കാനും സംവരണ തത്ത്വങ്ങളെ ഭരണഘടനാപരമായി വ്യവസ്ഥ ചെയ്തു കൊണ്ട് പ്രാതിനിധ്യ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനാണ് അംബേദ്കർ ശ്രമിച്ചത്.
പ്രാതിനിധ്യ ജനായത്ത വ്യവസ്ഥ ആന്തരികമായി ദുർബലപ്പെടുത്തി ഇന്ത്യയെ സവർണ കേന്ദീകൃത രാഷ്ട്രമായി മാറ്റിത്തീർക്കാൻ ഹിന്ദുത്വർ അതിയത്നം ചെയ്യുമ്പോൾ അതിന്റെ മൂലകാരണത്തെ ദീർഘദർശനം ചെയ്ത അംബേദ്കർ ചിന്തകൾ വർത്തമാന ഇന്ത്യൻ പ്രതിസന്ധികൾ തരണംചെയ്യുവാനുള്ള നമ്മുടെ പിടിവള്ളിയാണെന്ന് മറക്കാതിരിക്കാം.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സാഹോദര്യ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച് ഇന്ത്യ കണ്ട മഹത്തായ ജനാധിപത്യ ദാർശനികന്റെ ജന്മദിനം സാഹോദര്യത്തിന്റെ ആഘോഷങ്ങളാക്കി മാറ്റാൻ പ്രയത്നിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.