തുറന്നുകാട്ടണം മലയാള സിനിമയിലെ ജാതിമേധാവിത്വം
text_fieldsഅധികാരികളുടെ ജാതീയ അതിക്രമങ്ങൾക്കെതിരെ സമരമുഖത്തുള്ള കെ.ആർ. നാരായണൻ
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർഥികൾക്കും ജീവനക്കാർക്കും അഭിവാദ്യമറിയിച്ച്
ഡൽഹി ഐ.ഐ.ടി അധ്യാപികയും പ്രശസ്ത തത്ത്വചിന്തകയുമായ ഡോ. ദിവ്യ ദ്വിവേദി അയച്ച കത്ത്
കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ കീഴ്ജാതിക്കാരായ വിദ്യാർഥികളോടും ജീവനക്കാരോടും ജാതിവാദികളായ അധികാരികൾ ചെയ്യുന്ന കാര്യങ്ങളറിഞ്ഞ് കടുത്ത സങ്കടവും ആശങ്കയും രോഷവും തോന്നുന്നു.
സവർണന്റെ വിസർജ്യം മഹത്തരമായ എന്തോ ആണെന്ന മട്ടിലാണ് താഴ്ന്ന ജാതിക്കാരായ ജീവനക്കാരെക്കൊണ്ട് മേൽജാതിക്കാരനായ ഡയറക്ടറുടെ വീട്ടിൽ ശുചീകരണ ജോലി ചെയ്യിക്കുന്നത്. ഇത്തരം ജാതീയ പ്രവൃത്തികളുടെ സ്വഭാവം മനുഷ്യത്വരഹിതവും മനുഷ്യരെ തളർത്തിക്കളയുന്നതുമാണ്.
ഇത്തരം സവർണമേൽക്കോയ്മ വാദികളെ നീക്കം ചെയ്ത് അവർക്കെതിരെ നിയമനടപടി കൈക്കൊള്ളാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനുപകരം അവർക്ക് പരിരക്ഷ പകരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.
ഉദാഹരണത്തിന് ഒരു അഭിമുഖത്തിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സമരം ചെയ്യുന്ന വിദ്യാർഥികളെയും ജീവനക്കാരെയും ജാതീയവും സ്ത്രീവിരുദ്ധവുമായ വാക്കുകളുപയോഗിച്ച് പരിഹസിക്കുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനു പിന്നാലെ ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയുടെ ഉന്നത തലത്തിലുള്ള അംഗങ്ങളിൽ ചിലർ അടൂരിന് പ്രതിരോധം തീർക്കാനെത്തുന്നു. സവർണ സംവരണം നടപ്പാക്കിയ, മേൽജാതി പൈതൃകത്തിന്റെ മുന്നണിപ്പോരാളികളാണ് കേരളം ഭരിക്കുന്നതെന്നതിനാൽ ഇതിലൊന്നും ഒരത്ഭുതവുമില്ല.
ഇന്ത്യയിലെ ആദ്യ ദലിത് രാഷ്ട്രപതിയുടെ നാമധേയത്തിലുള്ള സ്ഥാപനം ഭരിക്കാൻ ന്യൂനപക്ഷ സവർണ സമുദായങ്ങളിൽ നിന്നുള്ളവരെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നത് ഏറെ ആശങ്കജനകമാണ്. താഴ്ന്ന ജാതിയിൽപ്പെട്ട ഭൂരിപക്ഷം വരുന്ന മനുഷ്യരെ അദൃശ്യവത്കരിച്ച കേരളത്തിലെ സിനിമകളെ വിലയിരുത്തുകയും, സിനിമാ മേഖലയെ നിയന്ത്രിക്കുന്ന സവർണ ജാതീയതയെ തുറന്നുകാണിക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾതന്നെ പലപ്പോഴും കേന്ദ്രീകരിക്കുന്നത് ആധുനിക ഇന്ത്യൻ ഭരണകൂടത്തിനുകീഴിൽ മേൽജാതിക്കാരുടെ അഭിമാനത്തിനും പൈതൃക മേൽക്കോയ്മക്കും സംഭവിച്ച ചെറു നഷ്ടങ്ങളിലാണ്.
ജാതീയ അടിച്ചമർത്തലുകൾക്കും അതിക്രമങ്ങൾക്കും മനുഷ്യർ എന്ന ആശയത്തിന്റെ ലംഘനത്തിനുമെതിരെ പ്രതിഷേധിക്കുന്നവരെല്ലാം ഇന്ത്യയിലെ സമത്വ രാഷ്ട്രീയത്തിന്റെ വിപ്ലവപ്പോരാളികളാണ്. ഈ ഇരുണ്ട ആകാശത്തിനുകീഴിൽ വെളിച്ചം പകരാൻ വിളക്കുമേന്തി നടക്കുന്നവരാണ് നിങ്ങൾ.
ജയ് ഭീം, നീൽ സലാം ദിവ്യ ദ്വിവേദി, ന്യൂഡൽഹി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.