പൊതുവിലെ നീതിയും നെറികേടും
text_fieldsആശാ വർക്കർമാരുടെ സമരത്തിനിടെ പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവർധന ജനങ്ങൾക്കിടയിൽ വമ്പിച്ച അവമതിപ്പ് ഉണ്ടാക്കിയിരിക്കുകയാണല്ലോ. സമാനമായിരുന്നു, ബജറ്റിൽ ക്ഷേമപെൻഷൻ 100 രൂപ പോലും വർധിപ്പിക്കാതെ സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ക്ഷാമബത്താ കുടിശ്ശികയുടെ ഗഡു അനുവദിച്ചത്.
സാമ്പ്രദായികാർഥത്തിൽ ഇവ രണ്ടിലും കുറ്റമൊന്നും പറയാനില്ല. രണ്ടും തികച്ചും നിയമവിധേയവും ന്യായവും. പക്ഷേ, പരിമിതവും സമാഹരിക്കാൻ അങ്ങേയറ്റം ക്ലേശകരവുമായ പൊതുവിഭവങ്ങൾ ചെലവിടുമ്പോൾ വേണ്ട മുൻഗണനാക്രമമെന്ത്? അവിടെ വേണ്ടത് കേവലയുക്തിയും വിലപേശലുമാണോ?
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ സമൂഹത്തിൽ പൊതുവിഭവങ്ങൾ എങ്ങനെ സമാഹരിക്കപ്പെടുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽ 62 ശതമാനവും സമാഹരിക്കപ്പെടുന്നത് മദ്യം, പെട്രോളിയം ഉൽപന്നങ്ങൾ, ഭാഗ്യക്കുറി, മോട്ടോർ വാഹനങ്ങൾ എന്നീ നാല് ഇനങ്ങളിൽനിന്നാണ്. പാവപ്പെട്ടവരും പുറമ്പോക്കിൽ കിടക്കുന്നവരും ഇത്രമാത്രം തുക ഖജനാവിൽ എത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. എങ്കിലും അവരിലേക്ക് തിരിച്ചുചെല്ലേണ്ട പൊതുസേവനങ്ങളുടെ കാര്യം വരുമ്പോൾ വിഭവദാരിദ്യ്രമാണ്. 2021ലെ 1600 രൂപ ക്ഷേമപെൻഷന് ഇന്ന് 1303 രൂപയേ മൂല്യമുള്ളൂ. അത് വർധിപ്പിക്കാനും കൃത്യമായി കൊടുക്കാനുമായി ഏർപ്പെടുത്തിയ പെട്രോൾ, മദ്യ സെസ്സുകളുടെ വരുമാനം എവിടെപ്പോയി എന്ന് ആർക്കുമറിയില്ല. സപ്ലൈകോ വിൽപനശാലകൾ ഏറക്കുറെ കാലിയാണ്. സർക്കാർ ആശുപത്രികളിൽ മരുന്നും പരിശോധനാ സൗകര്യങ്ങളും ആവശ്യത്തിനില്ല. സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട തുക മാസങ്ങളായി കുടിശ്ശികയായിട്ടുള്ള ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഉണ്ട്.
ഏറ്റുപോയതും ഏറ്റുപോകാത്തതും
മേൽപറഞ്ഞ ചെലവുകളൊന്നും സർക്കാർ മുറയിൽ ഏറ്റുപോയത് അല്ല. ക്ഷേമപെൻഷൻ അവകാശമല്ല, ഔദാര്യമാണ് എന്നാണല്ലോ സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചത്. നേരെമറിച്ച് ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവ ഏറ്റുപോയത് ആണ്. അവക്ക് മാറ്റിവെച്ചിട്ട് മിച്ചമുണ്ടെങ്കിൽ മാത്രമേ മറ്റ് ആവശ്യങ്ങൾക്ക് വിഭവങ്ങൾ ലഭ്യമാകൂ. കൊടുക്കാനുള്ള ക്ഷാമബത്താ കുടിശ്ശിക അടക്കം മൊത്തം വരുമാനത്തിന്റെ 64 ശതമാനം വരും ശമ്പളവും പെൻഷനും. 19 ശതമാനം പലിശയും കൂടിയാവുമ്പോൾ 84 ശതമാനമായി. എന്നുപറഞ്ഞാൽ വരുമാനത്തിൽനിന്ന് മിച്ചം വരുന്നത് ഏറിയാൽ 16 ശതമാനം മാത്രം.
കടമെടുപ്പിന് കർശന നിയന്ത്രണം ഇല്ലായിരുന്നുവെങ്കിൽ ഏറ്റുപോകാത്ത ചെലവുകൾക്ക് കുറേയെങ്കിലും വിഭവങ്ങൾ ലഭ്യമാകുമായിരുന്നു. അതല്ലല്ലോ സ്ഥിതി. ഇന്നിപ്പോൾ ഏറ്റുപോയ ചെലവുകൾ നികത്തിക്കഴിയുമ്പോൾ ഖജനാവ് കാലിയാവുകയാണ്. വരുമാനം എത്ര വർധിച്ചിട്ടും കാര്യമില്ലെന്നായിരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള കുടിശ്ശിക 60,000 കോടിയോളമെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതിനുപുറമെയാണ് ശമ്പളം പുതുക്കലുകളും പുതിയ തസ്തികകൾ സൃഷ്ടിക്കലും. ഏറ്റുപോയ ചെലവുകൾ ഈ രീതിയിൽ വർധിക്കുമ്പോൾ ഏറ്റുപോകാത്ത ചെലവുകൾ നിരന്തരം ശോഷിച്ചേവരൂ. ഇവിടെ വേണ്ട പരിഹാരം ഓരോ ചെലവിനവും മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമായി നിജപ്പെടുത്തുന്ന നിയമം കൊണ്ടുവരുകയാണ്. ഉദാഹരണമായി ശമ്പളവും പെൻഷനും മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിൽ കൂടാൻ പാടില്ല എന്ന നിയമം വേണം. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ ശമ്പളമൊഴികെയുള്ള ചെലവുകൾ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിൽ കുറയാൻ പാടില്ല എന്ന നിബന്ധനയും വേണം. ഇത്തരം നിയമങ്ങൾ പല വികസിത രാജ്യങ്ങളിലുമുണ്ട്.
വേണ്ടത് നൈതികത
നമ്മുടെ സമൂഹത്തിൽ പൊതുവിഭവങ്ങളുടെ പങ്കുവെപ്പിന് അടിസ്ഥാനമായിട്ടുള്ളത് വർഗസമരാധിഷ്ഠിത വിലപേശലാണ്. കൂടുതൽ സംഘടിതർക്ക് കൂടുതൽ പൊതുവിഭവങ്ങൾ കൈപ്പിടിയിലാക്കാൻ കഴിയുന്നു. ഈ വിലപേശലിൽ ചേതം സംഭവിക്കുന്നത് അസംഘടിതരായ സാധാരണ ജനങ്ങൾക്കാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വിലപേശലിനെ അടിസ്ഥാനമാക്കിയുള്ള പങ്കുവെപ്പിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കൂടുതൽ കടമെടുത്തോ വിഭവസമാഹരണം നടത്തിയോ ഇന്നത്തെ വ്യവസ്ഥയെ താങ്ങിനിർത്താനാവില്ല. സമൂഹത്തിലെ അഞ്ച് അല്ലെങ്കിൽ ആറ് ശതമാനം വരുന്ന സംഘടിത വിഭാഗത്തെ, തീറ്റിപ്പോറ്റാൻവേണ്ടി എന്തിന് നികുതികൾ കൊടുക്കണം എന്ന നിഷേധാത്മക നിലപാടിലേക്ക് പോകാൻ സമൂഹത്തെ അനുവദിച്ചുകൂടാ. എല്ലാവരുംകൂടി സമാഹരിക്കുന്ന പൊതുവിഭവങ്ങളുടെമേൽ എല്ലാവർക്കും അവകാശമുണ്ട് എന്ന വസ്തുത അംഗീകരിക്കപ്പെടണം. നൈതികതയിൽ അധിഷ്ഠിതമായ ഒരു പുതിയ സാമൂഹിക സംവാദത്തിന് കാലമായിരിക്കുന്നു. അത് ഇക്കാര്യങ്ങളിൽ വിശാലമായ ഒരു അഭിപ്രായ സമന്വയത്തിലേക്ക് നയിക്കും. ഇതിനുള്ള സാമൂഹിക മൂലധനം സമൃദ്ധമായുള്ള സമൂഹമാണ് നമ്മുടേത്.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയംഗമാണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.