Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡോ. എം.എ. കുട്ടപ്പൻ;...

ഡോ. എം.എ. കുട്ടപ്പൻ; അംബേദ്കറെയും ഗാന്ധിയേയും നെഞ്ചിൽ കൊണ്ടുനടന്നയാൾ

text_fields
bookmark_border
MA Kuttappan
cancel
camera_alt

1999ൽ എറണാകുളത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അന്തേവാസികൾ നടത്തിയ ഉപവാസ സമരത്തിൽ സംസാരിക്കുന്ന ഡോ. എം.എ. കുട്ടപ്പൻ (ഫയൽ)

വിദ്യാർഥി ജീവിതകാലത്തുതന്നെ അംബേദ്​കർ ചിന്തകളിൽ ആകൃഷ്​ടനായ സാമൂഹിക പ്രവർത്തകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ. ഒരുകാലത്ത്​ ഏറെ സജീവമായിരുന്ന കേരള ഹരിജൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (കെ.എച്ച്.എസ്.എഫ്)​ നടത്തിയ എല്ലാ പ്രധാന സമരങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

സ്​പെഷൽ റിക്രൂട്ട്​മന്റെിനു വേണ്ടി കേരള ഹരിജൻ ഫെഡറേഷൻ നടത്തിയ സമരങ്ങളോട്​ മുഖംതിരിച്ച അന്നത്തെ ഹരിജനക്ഷേമ മന്ത്രി വെള്ള ഈച്ചരനെ തടഞ്ഞുവെച്ച സമരത്തിലും വാച്ചുധരിച്ചതി​ന്റെ പേരിൽ ആലപ്പുഴ എരമല്ലൂരിൽ ഹരിജൻ വിദ്യാർഥിക്ക്​ മർദനമേറ്റ​തിനെതിരായ പ്രതിഷേധത്തിലും ദലിത്​ നേതാവ്​ പി.വി. നടേശനെ അറസ്​റ്റു ചെയ്​തതിനെതിരായ പ്രക്ഷോഭത്തിലുമെല്ലാം എം.എ. കുട്ടപ്പൻ വഹിച്ച നേതൃപരമായ പങ്കിനെക്കുറിച്ച്​ ‘വജ്രസൂചികൾ’ എന്ന പേരിൽ കേരളത്തിലെ ആദ്യകാല ഹരിജൻ വിദ്യാർഥി മുന്നേറ്റത്തിന്റെ ചരിത്രമെഴുതിയ പി.ജി. ഗോപി രേഖപ്പെടുത്തിയിട്ടുണ്ട്​.

ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്, തിരുവനന്തപുരം ഗവ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽനിന്ന്​ എം.ബി.ബി.എസും എം.എസും പൂർത്തിയാക്കിയ ശേഷം അദ്ദേഹം കല്ലറ സുകുമാരൻ നേതൃത്വം നൽകിയ കേരള ഹരിജൻ ഫെഡറേഷ​ന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. കേരളത്തിലെ ഹരിജൻ പ്രസ്ഥാനം ഗാന്ധിയൻ പ്രസ്ഥാനത്തോട് വിമർശനപരമായി അടുപ്പമാണ്​ അന്ന്​ പുലർത്തിയിരുന്നത്​.

ഒരു സ്വതന്ത്രമായ ദലിത് പ്രസ്ഥാനത്തിന്റെ വികാസവും സ്വന്തം നിലക്ക് അധികാരം സാധ്യമാക്കുമോ എന്ന ചിന്തയും ഇക്കാലത്ത് രൂപപ്പെട്ടിരുന്നു. കേരള ഹരിജൻ പ്രസ്ഥാനവുമായി സഹകരിച്ചു കൊണ്ടുതന്നെ വണ്ടൂരിൽനിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിച്ച ഡോ. എം.എ. കുട്ടപ്പ​ന്റെ വിജയം കേരളത്തിലെ ഹരിജൻ രാഷ്ട്രീയത്തിൽ സമ്മിശ്ര പ്രതികരണമാണ്​ സൃഷ്​ടിച്ചത്​.

ഒരു വിഭാഗം ഹരിജന നേതൃത്വങ്ങൾ ഇതിനോടു വിയോജിക്കുകയും സ്വതന്ത്രമായ ദലിത് പ്രസ്ഥാനങ്ങൾക്ക് രൂപം കൊടുക്കുകയും ചെയ്തു. അതേസമയം, ഗാന്ധിയനായി മാറിയപ്പോഴും അംബേദ്കറൈറ്റായി പ്രവർത്തിച്ച നേതാവായിരുന്നു എം.എ. കുട്ടപ്പൻ എന്നാണ്​ അദ്ദേഹത്തി​ന്റെ പ്രവർത്തനങ്ങളിൽനിന്ന്​ വിലയിരുത്താനാവുക.

ജനപ്രതിനിധി എന്ന നിലയിൽ ദലിതരോടും ആദിവാസികളോടും അങ്ങേയറ്റം സൗഹാർദപരമായി നിലകൊണ്ടു. ജഗജീവൻ റാം, മല്ലികാർജുന ഖാർഗെ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി അടുപ്പം സൂക്ഷിക്കുകയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുൻകൈയിൽ രൂപപ്പെട്ട ദലിത് കോൺഗ്രസിന്​ വേരുകൾ സൃഷ്​ടിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.

വണ്ടൂർ, ഞാറക്കൽ, ചേലക്കര മണ്ഡലങ്ങളിൽനിന്ന്​ നാലുതവണ നിയമസഭാംഗമായപ്പോൾ ആദിവാസി ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ധാരാളം ശിൽപശാലകൾ നടത്തിയിട്ടുണ്ട്. സർക്കാരിന്റെ മുൻകൈയിൽ പടവുകൾ മാസിക ആരംഭിക്കുകയും പ്രമുഖ ദലിത് ചിന്തകനായിരുന്ന പോൾ ചിറക്കരോടിനെ അതിന്റെ എഡിറ്ററാക്കുകയും ചെയ്തു.

പട്ടികവിഭാഗക്ഷേമ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സംഘടനാ ഭേദമില്ലാതെ സേവനം നടത്തി. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന എം.ജി. ട്രസ്റ്റിന് എൻജിനീയറിങ് കോളജ് ആരംഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നെങ്കിലും ആ ലക്ഷ്യം വിജയം കണ്ടില്ല.

2001-2004 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിൽ പിന്നാക്ക പട്ടികക്ഷേമ മന്ത്രിയായിരുന്നു കുട്ടപ്പൻ. ഒരു പക്ഷേ, അദ്ദേഹത്തിന്റെ ദലിത് ആഭിമുഖ്യം ഏറ്റവും കനത്ത വെല്ലുവിളിയെ അഭിമുഖീകരിച്ച കാലം കൂടിയായിരുന്നു ഇത്. സെക്രട്ടേറിയറ്റിനു മുമ്പിൽ നടന്ന ആദിവാസി കുടിൽകെട്ടൽ സമരത്തെത്തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ആദിവാസികളുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാൻ കുട്ടപ്പൻ നടത്തിയ ശ്രമങ്ങൾ വിലപ്പെട്ടതായിരുന്നു.

ആറളം ഫാം പുനരധിവാസ പദ്ധതി ഇതിൽ ഒന്നായിരുന്നു. 3500 ഏക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. മാത്രവുമല്ല ട്രൈബൽ സബ്പ്ലാൻ വിജയകരമാക്കാൻ സമിതികൾ രൂപവത്കരിക്കുകയും ചെയ്തിരുന്നു. മുത്തങ്ങ സംഭവം നടന്നതും ഇക്കാലത്താണ്​. മുത്തങ്ങയിലേക്കുള്ള ആദിവാസി പ്രവേശനത്തെ അനുഭാവത്തോടെ സമീപിച്ച മന്ത്രിയായിരുന്നു അദ്ദേഹം.

മുത്തങ്ങയിലേക്കു പോയവർക്ക് പയർവിത്തുകളും ചീരവിത്തുകളും കൊടുത്തുവിട്ടുകൊണ്ട് മന്ത്രി അനുഭാവം പ്രകടിപ്പിച്ചു എന്നാണ് അക്കാലത്ത് വന്ന വാർത്തകൾ. മുത്തങ്ങക്ക്​ ശേഷം എ.കെ. ആന്റണി മുഖ്യമന്ത്രിസ്​ഥാനം രാജിവെച്ചതോടെ എം.എ. കുട്ടപ്പനും മന്ത്രിസ്​ഥാനം ഒഴിയേണ്ടിവന്നു.

ഒരു പക്ഷേ, ഡോ. എം.എ. കുട്ടപ്പന്റെ സാമൂഹിക ജീവിതത്തിന് ഇടർച്ചകളുണ്ടാക്കുന്നതിൽ മുത്തങ്ങ സംഭവം ഒരു കാരണമായിട്ടുണ്ടാവാം. ആദിവാസി-ദലിത് സാമൂഹിക മണ്ഡലം അതിന്റെ സാമൂഹിക ഇടപെടലുകളുമായി മുന്നോട്ടുപോയപ്പോൾ ഗാന്ധിയൻ നെഹ്റുവിയൻ പ്രസ്ഥാനങ്ങൾ അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുമായി ഐക്യപ്പെട്ടുവെങ്കിലും അത് ദേശീയമായ ഒരു ഐക്യമായ പ്രതിഫലിച്ചുവൊ എന്ന ചോദ്യം പ്രസക്തമായി നിലനിൽക്കുന്നു.

ഇത്തരമൊരു ആലോചനക്ക് എന്തുകൊണ്ടും യോഗ്യനായിരുന്ന ഡോ. എം.എ. കുട്ടപ്പൻ യാദൃച്ഛികമായുണ്ടായ അനാരോഗ്യത്തെത്തുടർന്ന് രോഗശയ്യയിലാവുകയായിരുന്നു. ഈ ലേഖകൻ അദ്ദേഹവുമായി പങ്കിട്ട പ്രധാന അനുഭവങ്ങളിലൊന്ന് നെടുമ്പാശ്ശേരി വിമാനത്താവളം സർക്കാർ ഏറ്റെടുക്കണമെന്നും സംവരണ നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട്​ എം.എ. കുട്ടപ്പ​ന്റെ മുൻകൈയിൽ നെടുമ്പാശ്ശേരിയിൽ നടന്ന നിരാഹാര സമര കാലത്താണ്​.

അതേകാലത്ത്​ കോട്ടയം സചിവോത്തമപുരത്ത് നടന്ന 11-KV സമരത്തിന് അദ്ദേഹം പിന്തുണ നൽകിയതും ഓർക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട ധീരമായ രാഷ്​ട്രീയ ജീവിതം നയിച്ച അദ്ദേഹത്തി​ന്റെ വിയോഗം കേരളീയ പൊതുസമൂഹം ഒരുവേദനയായി കാണുന്നുണ്ടാവില്ല. ഇല്ലെങ്കിൽ തന്നെ ദലിതരുടെ വേദന എന്നെങ്കിലും ചെറുതരത്തിലെങ്കിലും ഈ മുഖ്യധാരാ സമൂഹത്തെ സങ്കടപ്പെടുത്തിയിട്ടുണ്ടോ?

എന്നിരിക്കിലും ദലിത് മേഖലയിലെ പ്രമുഖരായ കെ.കെ. കൊച്ച്, അഡ്വ. പി.കെ. ശാന്തമ്മ, ഡോ. എ.കെ വാസു, ഓർണ കൃഷ്ണൻകുട്ടി, പ്രഫസർ എൻ.സി ഹരിദാസ്, കെ. ശശിധരൻ മാസ്റ്റർ, കെ.ജി. സോമൻ, സുനിൽ ചേലക്കൽ തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഡോ. എം.എ. കുട്ടപ്പനെ അനുസ്മരിച്ചത് അദ്ദേഹത്തി​ന്റെ ജനാധിപത്യ നിലപാടി​ന്റെ തെളിവുസൂചകങ്ങളായി കാണാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemoriesDr.MA Kuttappan
News Summary - Dr M A kuttappan-He loves- Ambedkar-Gandhi-ideologies
Next Story