ആതുരം ഈ സേവനം നൊമ്പരമായി ഡോ.വന്ദനദാസ്
text_fieldsതിരുവനന്തപുരം: ജീവൻ തിരികെ പിടിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ വന്ദന ദാസ് എന്ന യുവ ഡോക്ടറുടെ മൃതദേഹത്തിനു മുന്നിൽ വിങ്ങുന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി ഉറ്റവരും സഹപ്രവർത്തകരുമടക്കം നിസ്സഹായരായി നിന്നു. നൊമ്പരക്കാഴ്ചയായി വെള്ളപുതപ്പിച്ചായിരുന്നു വന്ദനയുടെ ചേതനയറ്റ ശരീരം. സമീപത്ത് തയാറാക്കിയ ആംബുലൻസിൽ വന്ദന ദാസിന്റെ പിതാവുണ്ടായിരുന്നു. അവസാന യാത്രക്ക് തയാറെടുക്കുന്ന കൂട്ടുകാരിയെ കണ്ട് വിങ്ങിപ്പൊട്ടുകയായിരുന്നു സഹപാഠികൾ. സംഭവിച്ചതിലെ അവിശ്വസനീയതയും വൈകാരികതയും നിറഞ്ഞു നീറുന്ന അന്തരീക്ഷമായിരുന്നു മെഡിക്കൽ കോളജിലെ മോർച്ചറി പരിസരമാകെ. അതേസമയം, മോർച്ചറിക്ക് മുന്നിലെ റോഡിൽ മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധം ആർത്തിരമ്പുന്നുണ്ടായിരുന്നു.
കിംസ് ആശുപത്രിയിൽനിന്ന് ഉച്ചക്ക് 12ഓടെയാണ് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചത്. കണ്ണീരും രോഷാഗ്നിയും ഇടമുറിയാത്ത നിമിഷങ്ങളിൽ 2.15ഓടെ ഡോ. വന്ദന ദാസിന്റെ മൃതദേഹം മോർച്ചറിക്ക് സമീപത്തെ വരാന്തയിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. മാതാപിതാക്കളും സുഹൃത്തുകളും സഹപാഠികളുമടക്കം നേരത്തേതന്നെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. രണ്ടു മണിക്കൂറോളം നീണ്ട കാത്തിരിപ്പ്. ഇതേസമയത്താണ് മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധവുമായി റോഡിൽ അണിനിരന്നത്. ‘ഡോക്ടർക്ക് വേണ്ടത്ര പരിചയമില്ലാത്തതിനാലാകാമെന്ന’ ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്ലക്കാർഡുകളടക്കം ഉയർത്തിയായിരുന്നു പ്രക്ഷോഭം.
മൃതദേഹം പൊതുദർശനത്തിനായി എത്തിച്ചതോടെ കാത്തുനിന്നവരെല്ലാം അന്ത്യോപചാരത്തിനായി മുന്നോട്ടുവന്നു. ഇതിനിടെ മന്ത്രി വി.എൻ. വാസവനും സ്ഥലത്തെത്തി, യാത്രക്കാവശ്യമുള്ള മുന്നൊരുക്കം വിലയിരുത്തി. മെഡിക്കൽ കോളജിലെ വിദ്യാർഥികളും ഡോക്ടർമാരും മറ്റു ജീവനക്കാരുമടക്കം നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. പൂക്കൾ അർപ്പിച്ചായിരുന്നു വിദ്യാർഥികളുടെ യാത്രാമൊഴി. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം മൃതദേഹം ആംബുലൻസിൽ വന്ദന പഠിച്ചിരുന്ന അസീസിയ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ 7.30 ഓടെയാണ് ഗുരുതര പരിക്കേറ്റ വന്ദനയെ കൊട്ടാരക്കരയിൽനിന്ന് കിംസ് ആശുപത്രിയിലെത്തിച്ചത്. ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെ രാവിലെ എട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഞെട്ടിക്കുന്നത്; ശക്തമായ നടപടി -മുഖ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യധികം വേദനാജനകമായ സംഭവമാണുണ്ടായത്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും.ചികിത്സക്കായി എത്തിയ വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കിംസ് ആശുപത്രിയിലെത്തി മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.