കൊടുംകൊലപാതകിക്ക് മുന്നിൽ കരയാൻ പോലുമാവാതെ വന്ദന
text_fieldsകൊല്ലം: കത്രിക വീശി പാഞ്ഞടുത്ത അക്രമിയുടെ ആക്രോശത്തിൽ സ്തബ്ധയായി, ഓടി മാറാൻ പോലുമാവാതെ നിന്നുപോയി ആ യുവ ഡോക്ടർ. പൊടുന്നനെ മുകളിലേക്ക് ചാടിവീണ് തലക്കും നെഞ്ചത്തും മാറി മാറി കുത്തിയപ്പോഴും കരയാൻ പോലുമാവാതെ യുവ ഡോക്ടർ. മാപ്പില്ലാത്ത കൊടും ക്രൂരതയിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടിന്റെ തീരാവേദനയാവുകയാണ് ഡോ. വന്ദനദാസ്.
ബുധനാഴ്ച പുലർച്ചയാണ് കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത, മെഡിക്കൽ സമൂഹം ഏറെക്കാലമായി ഭയപ്പെട്ടിരുന്ന ദാരുണസംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച മുതൽ പരസ്പരബന്ധമില്ലാതെ കാര്യങ്ങൾ പറഞ്ഞ സന്ദീപിനെ കാലിന് പരിക്കേറ്റതിനെതുടർന്നാണ് നാട്ടിൽനിന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തുമ്പോൾ ശാന്തനായി കാണപ്പെട്ട ഇയാളുടെ സ്വഭാവം നിമിഷനേരങ്ങൾക്കിടെയാണ് മാറിയത്.
കത്രിക എടുത്ത് അക്രമാസക്തനായ സന്ദീപിന്റെ ഭാവമാറ്റം കണ്ടതോടെ ജിവനക്കാർ ഭയന്നു. ഹോം ഗാർഡിനെ ആക്രമിച്ചതോടെ പലരും കിട്ടിയ റൂമിലേക്ക് മാറി കതകടച്ചു. അത്യാഹിത വിഭാഗത്തിലെ കൗണ്ടറിലിരുന്ന ജീവനക്കാരി സ്വന്തം മകളെയുംകൊണ്ട് കട്ടിലിനടിയിലാണ് അഭയം തേടിയത്. ഇതിനിടെ ഡോ. വന്ദന ദാസ് ഒബ്സർവേഷൻ റൂമിൽ ഒറ്റപ്പെട്ടു. പരിസരബോധം മറന്ന് ഭ്രാന്തനെ പോലെ അലറിവിളിച്ചെത്തിയ സന്ദീപിന്റെ കത്രികക്കുമുന്നിൽ വന്ദന അകപ്പെട്ടു.
പത്തോളം പേർ ഒന്നിച്ച് പരിശ്രമിച്ചാണ് ഇയാളെ പിടിച്ചുമാറ്റിയത്. ബുധനാഴ്ച ആശുപത്രിയിൽ അതിക്രമം കാട്ടിയ സന്ദീപ് തലേദിവസം മുതൽ അസ്വാഭാവികമായ രീതിയിലാണ് സംസാരിച്ചിരുന്നതെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് പറഞ്ഞു. ആശുപത്രികളിൽ ആക്രമണങ്ങൾ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും ഡോക്ടർക്ക് ജീവൻ നഷ്ടമാകുന്നത് ആദ്യമായാണ്.
30 വർഷം മുമ്പ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർക്ക് കുത്തേറ്റിരുന്നു. പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിലായിരുന്നു ആക്രമണം. 2000 ൽ രോഗികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.