പ്രളയാനന്തര വരൾച്ച; ഇത് മുന്നറിയിപ്പ് മാത്രം
text_fieldsകേരളത്തെ വിറപ്പിച്ച പ്രളയദുരന്തത്തിൽ നിന്ന് അതിജീവിക്കുന്നതിനിടയിൽ ഭീതിപ്പെടുത്തുന്ന കാലാവസ്ഥയും അസ്വാഭാവിക ചൂടും നമുക്ക് നൽകുന്നത് ഒരു മുന്നറിയിപ്പ് മാത്രമാണ്. ഒരാഴ്ച മുമ്പുവരെ ഇരുകര മുട്ടി ഒഴുകിയ നദികൾ കാഴ്ചക്ക് വിരുന്നൊരുക്കിയെങ്കിൽ ജലവിതാനം താഴ്ന്ന നദികളാണ് ഇപ്പോൾ അതിശയക്കാഴ്ചയൊരുക്കുന്നത്. പ്രളയനാളുകളിൽ ഒഴുകിയ നദികളും മറ്റും ഇപ്പോൾ പഴയനിലയിലേക്ക് അതിവേഗം മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പുഴ അടക്കം ജലസ്രോതസ്സുകൾ വറ്റുന്നുണ്ട്. ഈ പ്രതിഭാസത്തിൽനിന്ന് കരകയറാൻ മഴ മാത്രമാണ് ഏക പ്രതിവിധി.
പ്രളയശേഷം മഴലഭ്യതയിലെ കുറവും പ്രളയസമയത്തുണ്ടായ ശക്തമായ ഒഴുക്കിൽ പുഴകളുടെ അടിത്തട്ട‌് ഒഴുകിപ്പോയതുൾപ്പെടെയുള്ളതുമാണ‌് ജലവിതാനം കുറയാനുള്ള പൊതുകാരണങ്ങളിലൊന്ന്. നിലവിൽ ഭൂജലനിരപ്പിെൻറ അളവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ‌് വിലയിരുത്തൽ. ആഗസ്റ്റ് 21നുശേഷം സംസ്ഥാനത്ത് തീരെ മഴ ലഭിച്ചിട്ടില്ല. അടുത്തമാസങ്ങളിൽ പ്രതീക്ഷിക്കുന്ന അളവിൽ സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരംകാണാൻ സാധിക്കും. പ്രളയസമയത്തുണ്ടായ വെള്ളം മുഴുവൻ കടലിലേക്ക‌് പൂർണമായി എത്തി. പുഴകളുടെ അടിത്തട്ട‌് ഒഴുകിപ്പോയതോടെ പുഴയുടെ ആഴംകൂടിയിട്ടുണ്ട്. പ്രളയത്തിെൻറ ആഘാതത്തിൽ മേൽമണ്ണിന് താഴെ ജലം സംഭരിച്ചുനിർത്തിയിരുന്ന മൺപാളിയിൽ വിള്ളലുണ്ടായി. മണ്ണിനടിയിൽ അറകൾ വലുതായതോടെ മേൽമണ്ണിന് ജലം പിടിച്ചുനിർത്തുന്നതിനുള്ള ശേഷി കുറയുകയും ചെയ്‌തു.
മഴക്കാലത്ത് ഭൗമോപരിതലത്തിലൂടെ വെള്ളം ഒഴുകിയാണ് താഴേക്കിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കുത്തനെ താഴേക്കിറങ്ങുകയാണ്. കിണറുകളിലെ ഭൂഗർഭജലം അടുത്തുള്ള മറ്റു ജലസ്രോതസ്സുകളിലേക്ക‌് ഒഴുക്ക‌് തുടരുന്നു. മഴയുടെ കുറവും ഈ ഭൂഗർഭജലത്തിെൻറ ഇത്തരം ഒഴുക്കുമാണ‌് കിണർ ജലവിതാനം താഴുന്നതിെൻറ കാരണം. ഏറ്റവും കൂടിയ അളവിൽ മഴ ലഭിച്ചിട്ടും കിണറുകളിൽ ജലവിതാനം പൊടുന്നനെ താഴുന്ന പ്രതിഭാസമാണ് എങ്ങും. വെള്ളം പിടിച്ചുനിർത്താൻ നദികളിലും മറ്റും സ്ഥാപിച്ചിരുന്ന തടയണകളും മറ്റും പ്രളയത്തിെൻറ കുത്തൊഴുക്കിൽ തകർന്നു. പ്രാഥമിക പരിശോധന നടത്തിയ കോഴിക്കോട‌് ജില്ലയിലെ കുറ്റ്യാടിപ്പുഴ, ചാലിയാർ പുഴ തുടങ്ങിയയിടങ്ങളിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല. അതേസമയം, പൂനൂർപുഴ വറ്റുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എവിടെയും കാര്യമായ പ്രശ‌്നം റിപ്പോർട്ട‌് ചെയ‌്തിട്ടില്ല.
ചിലയിടങ്ങളിൽ പ്രതീക്ഷക്കപ്പുറം ഭൂജലവിതാനം താഴ‌്ന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട‌്. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം പ്രളയം ജലസ്രോതസ്സുകളിൽ ഏൽപിച്ച ആഘാതവും ഭാവിയിലേക്കുള്ള കരുതൽ, സംരക്ഷണ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനുമാണ‌് ഇനി പഠനം നടത്തുന്നത‌്. ഭാരതപ്പുഴയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കൂടാതെ, പ്രളയത്താൽ നാടിനു നാശംവിതക്കുകയും ഭയം ജനിപ്പിക്കുകയും ചെയ്ത പമ്പാ നദി മുൻവർഷങ്ങളേക്കാൾ താഴ്ന്ന നിലയിലാണ് ഒഴുകുന്നത്. വലുതും ചെറുതുമായ അണക്കെട്ടുകളുടെ സംഭരണശേഷിയിലും കാര്യമായ കുറവുവന്നിട്ടുണ്ട്.
നാലും അഞ്ചും ആൾപ്പൊക്കത്തിൽ വെള്ളം ഒഴുകിയ പ്രദേശങ്ങളിലും കിണറുകൾ പെട്ടെന്നു ശോഷിച്ചതാണ് ജനങ്ങൾ നേരിടുന്ന മറ്റൊരു പ്രശ‌്നം. പ്രളയജലം അപ്പാടെ ഒഴുകി കടലിലെത്തിയതോടെ ഭൂമിക്കടിയിലെ ജലശേഖരത്തിെൻറ അളവും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് നിഗമനം. ഭൂമിയുടെ ഈർപ്പം നഷ്ടമായി ചൂട് കൂടിയതുമൂലമാണ് വയനാട്ടിൽ മണ്ണിരകളും മറ്റു ജന്തുക്കളും ചത്തുവീഴുന്നത്. ഇനി ഏതൊക്കെ പുഴകളിലാണ‌് പഠനം നടത്തേണ്ടതെന്ന‌് ഉടൻ തീരുമാനിക്കും. മുൻവർഷങ്ങളിൽ ഈ സമയത്തെ മഴയുടെ ലഭ്യതയും പുഴയുടെ ഒഴുക്ക‌്, ഭൂജലവിതാനം തുടങ്ങിയ വിഷയങ്ങളും പഠനവിധേയമാക്കും.
വരുംകാലത്ത‌് ജലപരിപോഷണത്തിനും സംരക്ഷണത്തിനുമായി സ്വീകരിക്കേണ്ട ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. നെൽവയലുകൾ ഇല്ലാതാകുന്നതും, മണൽ ഊറ്റലുകൾ തകൃതിയായി നടക്കുന്നതും എല്ലാം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുഴകളുടെയും ജലസ്രോതസ്സുകളുടെയും സംരക്ഷണം എത്രമേൽ പ്രധാനപ്പെട്ടതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു പ്രളയനാളുകൾ. ജല സംരക്ഷണത്തിന് ഒറ്റക്കെട്ടായി കൈകോർത്ത് മുന്നിട്ടിറങ്ങിയാൽമാത്രമേ വരുംകാലങ്ങളിൽ ഇത്തരം സംഭവങ്ങളിലേക്ക് നാം എത്തിച്ചേരാതിരിക്കൂ.
(സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റാണ് ലേഖകൻ)
തയാറാക്കിയത്: തൗഫീഖ് അസ്‌ലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.