മുങ്ങിമരണങ്ങൾക്ക് അറുതിവരുത്താൻ
text_fieldsറോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിലും ഏറ്റവും കൂടുതൽ അപകട മരണങ്ങളുണ്ടാവുന്നത് പുഴകൾ, കുളങ്ങൾ, പാറമടകളിലെ വെള്ളക്കെട്ടുകൾ തുടങ്ങിയ ജലാശയങ്ങളിലാണ്. ശരാശരി ആയിരം പേർ പ്രതിവർഷം കേരളത്തിൽ മുങ്ങിമരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (UNEP) ദുരന്ത അപകടസാധ്യത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നാലായിരമാളുകൾക്ക് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്.
സുരക്ഷനടപടികളും പൊതുജന അവബോധവും ശക്തിപ്പെടുത്താൻ വൈകിക്കൂടെന്ന സന്ദേശമാണ് ഈ മരണങ്ങൾ നൽകുന്നത്. ഈ വിഷയത്തിൽ കേരളം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന വസ്തുത നിരാശജനകമാണ്. ഇവ്വിധം മരിക്കുന്നവരിൽ 30 ശതമാനത്തോളം 14 വയസ്സിന് താഴെയുള്ള കുട്ടികളാണ് എന്നതും ഇതുമായി ബന്ധപ്പെട്ട ദുരന്ത തയാറെടുപ്പുകളും അപകടങ്ങളുടെ പ്രതിരോധവും നിർണായകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ജല ദുരന്തങ്ങൾ തടയുന്നതിനുള്ള സമഗ്രമായ ജലസുരക്ഷ വിദ്യാഭ്യാസത്തിന്റെയും സജീവമായ നടപടികളുടെയും നിർണായകമായ ആവശ്യകതയെ ഇനിയെങ്കിലും നമ്മൾ കാര്യമായി കാണണം. മുങ്ങിമരണങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ ജല വിദ്യാഭ്യാസത്തിലും അവബോധത്തിലുമാണ് തുടങ്ങേണ്ടത്. ചെറുപ്പം മുതലേ നീന്തൽ പഠിക്കുന്നത് മുങ്ങിമരണ സാധ്യത ഗണ്യമായി കുറക്കുമെന്നത് സർവാംഗീകൃതമാണെങ്കിലും കേരളത്തിലെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും നീന്തൽ അറിയില്ല. ഓരോരുത്തരും നീന്തൽ പഠിക്കുക എന്നത്, അപകടങ്ങൾ ഒഴിവാക്കി ഓരോ ജീവനും രക്ഷിക്കാനുള്ള പ്രാഥമിക വഴികളിൽ ഒന്നാണെന്ന് മാത്രമല്ല, അത് ജലസ്രോതസ്സുകൾക്ക് ചുറ്റും ജീവിക്കുന്ന എല്ലാവരുടെയും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉയർത്താൻ കൂടി സഹായിക്കുന്നുണ്ട്.
ചില നിർദേശങ്ങൾ
1. പ്രാദേശിക ജലാശയങ്ങളെ അറിയുകയും പുതുതലമുറക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നത് അപകടങ്ങൾ തടയുന്നതിനുള്ള പ്രധാന ചുവടുകളിലൊന്നാണ്. ഓരോ നദിക്കും കുളത്തിനും വെള്ളക്കെട്ടുകൾക്കും വ്യത്യസ്തമായ അപകടസാധ്യതകൾ ഉണ്ടാക്കാൻ കഴിയുന്ന തനത് സവിശേഷതകളുണ്ട്. പലപ്പോഴും പ്രദേശവാസികൾക്ക് മാത്രമായിരിക്കും ഇതെക്കുറിച്ച് വ്യക്തമായി അറിയുക.
2. ചെറിയ പ്രായത്തിൽതന്നെ നീന്തൽ പരിശീലന പരിപാടികളിൽ കുഞ്ഞുങ്ങളുടെ സുരക്ഷിതമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം. ഇത് പ്രദേശിക ജലാശയങ്ങളിലെ അപകട സാധ്യതയെ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും രക്ഷപ്രവർത്തനങ്ങൾക്കുപോലും അവരെ സജ്ജമാക്കാനും ഉപകരിക്കുന്നു. അപകട സാധ്യതയുടെ പേരിൽ പുഴകളിൽനിന്നോ കുളങ്ങളിൽനിന്നോ ആളുകളെ അകറ്റുക എന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല; മറിച്ച്, എല്ലാ പ്രാദേശിക ജലസ്രോതസ്സുകളെയും കൂടുതൽ പരിചയപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുകളാണ് നമുക്കാവശ്യം.
3. സർക്കാർ ജലസുരക്ഷക്കായുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനൊപ്പം വ്യാപകമായി നീന്തൽ പരിശീലനവും ജല സുരക്ഷ വർക്ക്ഷോപ്പുകളും ആസൂത്രണം ചെയ്ത് അതിനുള്ള ധനസഹായം നൽകുകയും, ആളുകൾ കൂടുതലായി കുളിക്കാനിറങ്ങുന്നയിടങ്ങളിൽ ലൈഫ് ഗാർഡുകളുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണം.
4. തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച്, ഓരോ പ്രദേശവാസികളെയും ഉൾപ്പെടുത്തി (പ്രത്യേകിച്ച് കുട്ടികളെ) പ്രാദേശിക ജലാശയങ്ങളെ പരിചയപ്പെടുത്തുന്നതിന് ചെറിയ പഠനയാത്രകൾ സംഘടിപ്പിക്കാൻ പറ്റിയാൽ അതൊരു വലിയ മാറ്റത്തിന് കാരണമാകും. ഈയൊരു സമീപനം സുരക്ഷിതമായ ജലാശയങ്ങൾ ഏതൊക്കെയെന്ന് മനസ്സിലാക്കാനും അപകടസാധ്യതകളെക്കുറിച്ചും ജല സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും അവരെ പഠിപ്പിക്കാനും സഹായിക്കും. ആളുകൾ പതിവായി വരുന്ന ജനപ്രിയ നീന്തൽ സ്ഥലങ്ങളിൽ തുടർച്ചയായ പരിശോധന നടത്തുക, മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിക്കുക, സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവ പഞ്ചായത്തുകൾക്ക് മുൻകൈയെടുത്ത് ചെയ്യാം.
5. സ്കൂളുകളും കോളജുകളും അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി നീന്തൽ പരിശീലനത്തിന് മുൻഗണന നൽകുന്നുണ്ടെങ്കിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സൗജന്യമായോ അല്ലാതെയോ നൽകുന്ന നീന്തൽ ക്ലാസുകൾ പോലുള്ള സംരംഭങ്ങൾക്ക് ഇനിയും അകമഴിഞ്ഞ പിന്തുണയും സഹായങ്ങളും നൽകേണ്ടതുണ്ട്. ഇത്തരത്തിലുള്ള നീന്തൽ പരിശീലന പരിപാടികൾക്ക് കാര്യമായ സ്വാധീനം ചെലുത്താനാകും. കൂടാതെ, സ്കൂൾ പ്രോഗ്രാമുകളിൽ ജലസുരക്ഷ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതും അതുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നുനൽകുന്നതും ജലാശയങ്ങളിൽ സുരക്ഷിതമായി ഇടപഴകാൻ കുട്ടികളെ പ്രാപ്തരാക്കും. പലപ്പോഴും ഇത്തരത്തിൽ നൽകുന്ന പരിശീലന പരിപാടികൾ ഒരു ചെറിയ ശതമാനം കുട്ടികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നത് ഒരു പോരായ്മയാണ്.
നീന്തൽ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
പരിചയസമ്പന്നരായ നീന്തൽ വിദഗ്ധർ മാത്രം പരിശീലകരാവുക. നീന്തൽ സ്ഥലങ്ങൾ വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുക. ലൈഫ് ജാക്കറ്റുകളുടെയും മറ്റു സുരക്ഷ ഉപകരണങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക, പ്രത്യേകിച്ച് അനുഭവപരിചയമില്ലാത്തവർക്ക്. ജലസുരക്ഷ സംരംഭങ്ങളിൽ പ്രാദേശിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക. കുട്ടികൾ, സ്ത്രീകൾ എന്നിവരെ പരമാവധി ഉൾപ്പെടുത്തുക.
നീന്തൽ പഠിപ്പിക്കുന്നതിലൂടെയും പ്രാദേശിക ജലാശയങ്ങളുമായി പ്രദേശവാസികളെ പരിചയപ്പെടുത്തുന്നതിലൂടെയും അവബോധത്തിന്റെയും തയാറെടുപ്പിന്റെയും (Awareness and preparedness) പുതിയൊരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ദാരുണമായ അപകടങ്ങൾ നമുക്ക് തടയാനാകുമെന്നതിൽ സംശയമില്ല. സർക്കാറും സ്കൂളുകളും കുടുംബങ്ങളും ഒന്നിച്ചുനിന്ന് കൂട്ടായ ഉത്തരവാദിത്തത്തിലൂടെ മാത്രമേ ഇത് സാധ്യമാക്കാനാവൂ.
(പോണ്ടിച്ചേരി സർവകലാശാലയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിൽ ദുരന്ത ലഘൂകരണ ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.