ഡോ. കെ. ശാരദാമണി; അവസാനിക്കാത്ത ഊർജപ്രവാഹം
text_fieldsഡോ. കെ. ശാരദാമണി ശരീരംകൊണ്ട് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. നികത്താനാവാത്ത ഈ വിയോഗത്തെക്കുറിച്ച് അനുശോചന പോസ്റ്റുകളും കുറിപ്പുകളുംകൊണ്ട് നിറഞ്ഞതാവും അടുത്ത രണ്ടു ദിവസം. ശാരദാമണിയെന്ന വൈജ്ഞാനിക സമ്പത്തിനെ, ക്രിയാസമ്പുഷ്ടമായ ജീവിതത്തെ, വീണ്ടെടുത്ത് ചരിത്രത്തിന്റെ ഭാഗമാക്കേണ്ടത് അവരുടെ പിൻതലമുറക്കാരുടെ ഉത്തരവാദിത്തമാണ്. അത് ഈ വേർപിരിയൽ വേളയിൽ മാത്രമാവുന്നു എന്നത് ഖേദകരമാണ്.
സാമൂഹിക, സാമ്പത്തികശാസ്ത്ര പഠനഗവേഷണ മേഖലകളിൽ രാജ്യത്ത് മുന്നേറാനായ ആദ്യമലയാളി വനിതകളിലൊരാളാണവർ. യൂറോപ്പിൽനിന്ന് പിഎച്ച്.ഡി പൂർത്തിയാക്കി അറുപതുകളുടെ തുടക്കംമുതൽ ഡൽഹിയിലെ ഇന്ത്യന് സ്റ്റാറ്റിസ്റ്റിക്കല് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആസൂത്രണവിഭാഗത്തില് സേവനമനുഷ്ഠിച്ചു. ഉൽപാദനമേഖലയെക്കുറിച്ച് വിശദമായി പഠിച്ച, വിവിധ ഡാറ്റാ സോഴ്സുകൾ ഇത്രയേറെ കൃത്യതയോടെ കൈകാര്യം ചെയ്യാനറിയുന്ന വിദഗ്ധർ കേരളത്തിൽ നമുക്കധികം ഇല്ലായിരുന്നു എന്നുതന്നെ പറയാം. സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ചും.
അടിത്തട്ടിലുള്ള മനുഷ്യരുടെ ജീവിതം, കർഷകരുടെ ഉൽപാദന പ്രക്രിയയിലെ പ്രാധാന്യവും പങ്കാളിത്തവും, തൊഴിലാളികളുടെ പ്രയത്നങ്ങളും പ്രശ്നങ്ങളും, സ്ത്രീകളുടെ തൊഴിലും അവകാശങ്ങളും, ജാതിവ്യവസ്ഥയും ഉൽപാദന ബന്ധങ്ങളും, ഭൂ ഉടമാവകാശം തുടങ്ങി എല്ലാ മേഖലയിലുമുള്ള ജനങ്ങളുടെ വിഷയങ്ങളും അവർ പഠനവിധേയമാക്കി. കേരളത്തിെൻറ കാർഷിക ഉൽപാദനരംഗത്ത് നിർണായക പങ്കുവഹിച്ച പുലയസമുദായം അനുഭവിച്ച യാതനകളും അവരുടെ അടിമസമാനമായ ജീവിതവും സാമ്പത്തിക ശാസ്ത്ര വൈജ്ഞാനിക ഗവേഷണമേഖലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് Emergence of a Slave caste: pulayas of Kerala എന്ന പഠനത്തിലൂടെയായിരുന്നു. കേരളീയ ഗ്രാമജീവിതങ്ങളെക്കുറിച്ച് എഴുതിയ Divided Poor, തിരുവിതാംകൂറിലെ മാതൃദായ വ്യവസ്ഥയും കുടുംബ നിയമങ്ങളും വിശകലനം ചെയ്യുന്ന Matriliny Transformed: Family, Law and Ideology in Twentieth Century Travancore, കർഷക തൊഴിലാളികളായ സ്ത്രീകളെക്കുറിച്ചുള്ള Filling the Rice Bowl- Women in Paddy Cultivation തുടങ്ങിയ ഓരോ പഠനവും വളരെയേറെ ശ്രദ്ധേയവും ഈ വിഷയങ്ങളിലെ ആദ്യകാല സംഭാവനകളുമാണ്.
മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടന്ന് കണ്ടും ചോദിച്ചും അനുഭവിച്ചും തയാറാക്കിയ പഠനങ്ങളായിരുന്നു ഒട്ടുമിക്കവയും. കേരളത്തിലെയും തമിഴ്നാട്ടിലെയും കർഷകത്തൊഴിലാളി സ്ത്രീകളെക്കുറിച്ച് ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞ ജോൻ പി. മെഞ്ചറുമൊത്ത് നടത്തിയ പഠനം ആ വിഷയത്തിെൻറ പ്രത്യേകത കൊണ്ടുമാത്രമല്ല, ഗവേഷണത്തിെൻറ രീതിശാസ്ത്രംകൊണ്ടും സവിശേഷതകൾ നിറഞ്ഞതാണ്. പുരുഷന്മാരെ അപേക്ഷിച്ച് ലഭിക്കുന്ന വരുമാനത്തിെൻറ സിംഹഭാഗവും കുടുംബം നടത്തിപ്പിനാണ് സ്ത്രീകൾ ചെലവിടുന്നത് എന്നകാര്യം ഒരു ഗവേഷണപഠനത്തിലൂടെ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ അവർ സ്ഥാപിച്ചെടുത്തു. സാധാരണഗതിയിൽ അവരെപ്പോലെയുള്ള സാമ്പത്തികവിദഗ്ധർ കണ്ണയക്കാത്ത മാനവിക- സാമൂഹിക മേഖലകളിലെ വിവിധ വിഷയങ്ങൾ അവർ പഠനവിധേയമാക്കി.
കേരളത്തിൽ നിലനിന്നിരുന്ന മാതൃദായക വ്യവസ്ഥയെക്കുറിച്ച് അവർ അഭിമാനംകൊണ്ടിരുന്നു. ശാക്തീകരണം എന്ന ആശയപ്രയോഗത്തെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. മരുമക്കത്തായ സമ്പ്രദായം സ്ത്രീകൾക്ക് നൽകിയിരുന്ന പരിരക്ഷകളും സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും ഇടങ്ങളും നമ്മളിന്ന് രൂപപ്പെടുത്താൻ ശ്രമിക്കുന്ന പരിമിത ഫെമിനിസത്തെക്കാൾ ഏറെ മികച്ചതാണെന്ന അഭിപ്രായവും അവർക്കുണ്ടായിരുന്നു. കേരളത്തിലെ ചില സമുദായങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഈ വ്യവസ്ഥ അക്കാലത്ത് സ്ത്രീകൾക്ക് വിദ്യ സമ്പാദിക്കാനും തൊഴിൽനേടാനുമുള്ള അവകാശം ഉറപ്പാക്കുന്നതിലും അവരുടെ സ്വതന്ത്ര വ്യക്തിരൂപവത്കരണത്തിലും മുഖ്യപങ്കുവഹിച്ചതായും അവർ വാദിച്ചിരുന്നു.
ഇത്രയേറെ നേട്ടങ്ങളും മികവുകളും അനുഭവജ്ഞാനവും ഉണ്ടായിട്ടും ഡൽഹിയിലെ സേവനം അവസാനിപ്പിച്ച് തൊണ്ണൂറുകളുടെ ആദ്യത്തിൽ കേരളത്തിൽ തിരിച്ചെത്തിയ ഡോ. ശാരദാമണിയെ നമ്മൾ ഏതുരീതിയിലാണ് എതിരേൽക്കുകയും പരിഗണിക്കുകയും ചെയ്തത് എന്ന് ഈ അവസരത്തിലെങ്കിലും ആലോചിക്കേണ്ടതുണ്ട്. സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ്, സംസ്ഥാന ആസൂത്രണ ബോർഡ്, വനിതാ കമീഷൻ തുടങ്ങി കേരളത്തിെൻറ വികസനത്തിന് അവരുടെ കഴിവുകളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താമായിരുന്ന ഒരു വേദിയിലും അവർക്ക് വേണ്ട ഇടം ലഭ്യമായില്ല. ഒരുപക്ഷേ, ഈ പദവികൾക്കെല്ലാം തീർത്തും അർഹയാണെങ്കിലും അവർ അതൊന്നും കാംക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. അവ നേടിയെടുക്കാൻ ഏതെങ്കിലും തരത്തിലെ വിട്ടുവീഴ്ചകൾക്കും ഒത്തുതീർപ്പുകൾക്കും ഒരുക്കവുമായിരുന്നില്ല. ശരിയെന്നുറപ്പുള്ള കാര്യങ്ങൾ എവിടെ കയറിനിന്നും ആരുടെ മുഖത്തുനോക്കിയും തുറന്നുപറയാനുള്ള അവകാശം നഷ്ടപ്പെടുത്താൻ ഇഷ്ടമായിരുന്നില്ല എന്ന് അവരുടെ പല ഇടപെടലുകളിൽനിന്നും വ്യക്തമാണ്.
അറിവിനോട് മാത്രമായിരുന്നു മമത, മനുഷ്യരോട് മാത്രമായിരുന്നു സ്നേഹവും ആദരവും. എല്ലാവിധ അതിക്രമങ്ങളും ഇല്ലാതാക്കണമെന്നാണ് അവർ പങ്കെടുക്കുന്ന ഇടങ്ങളിലെല്ലാം പറഞ്ഞിരുന്നത്. അതിനായി കേരളത്തിലെ വിവിധ സിവിൽ സൊസൈറ്റി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ കഴിയുംവിധം പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. അത്തരമൊരാളെ അംഗീകരിക്കാനും ഉന്നതസ്ഥാനങ്ങളിൽ അവരോധിക്കാനും സർക്കാറുകൾ താൽപര്യമെടുക്കാതിരുന്നത് ഇതിനാലാവും. എന്നാൽ, ഇത്രയേറെ കഴിവും നേട്ടങ്ങളുമുള്ള ഒരു പുരുഷപണ്ഡിതനായിരുന്നുവെങ്കിൽ കേരള പൊതുസമൂഹം എത്രമാത്രം ആഘോഷിച്ച് ആദരിക്കുമായിരുന്നേനെ എന്നത് അവിതർക്കമാണ്. പണ്ഡിതകളെ മാനിക്കാനും ആദരിക്കാനും നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഡോ. കെ. ശാരദാമണി കൈമാറിത്തന്ന വിജ്ഞാനസമ്പത്ത് നവകേരളത്തിലേക്കുള്ള പ്രയാണത്തിൽ നമുക്ക് കരുത്തുപകരും എന്ന് പ്രത്യാശിക്കാം. അവരുടെ ജീവിതവും അവർ പകർന്നുതന്ന അറിവും ആർജവവും കേരളത്തിലെ സ്ത്രീസമൂഹത്തെ മുന്നോട്ടുനയിക്കാൻ ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നു.
(ഐ.ഐ.ടി മദ്രാസ് ഹ്യുമാനിറ്റീസ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.