ചെറുക്കണം, ലഹരിക്കുരുക്കിനെ
text_fieldsആൺ - പെണ് വ്യത്യാസമില്ലാതെ, പ്രായഭേദമില്ലാതെ സമൂഹത്തെയൊന്നാകെ ലഹരിവിപത്ത് കാർന്നു തിന്നുന്ന ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മൾ ഓരോ ദിവസവും കടന്നുപോകുന്നത്. ലഹരിവസ്തുക്കളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതും ഉപയോഗിക്കുന്നതും കുട്ടികളും യുവജനങ്ങളുമാണെന്നത് ഈ വെല്ലുവിളിയുടെ ആഘാതം വർധിപ്പിക്കുന്നു.
ലഹരിവിപത്തിനെതിരെ മാനവരാശിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ 1987 മുതൽ ജൂൺ 26 ലോക ലഹരിവിരുദ്ധദിനമായി ആചരിച്ചു വരുന്നുണ്ട്. “ആദ്യം ജനം: ദൂഷണവും വിവേചനവും നിർത്തി പ്രതിരോധം ശക്തമാക്കുക (People first: stop stigma and discrimination, strengthen prevention) എന്നതാണ് ഈ വർഷത്തെ പ്രമേയം.
കൊക്കെയ്ൻ, മാരിജുവാന, കനാബിസ്, ആംഫെറ്റമിൻ, എക്സ്റ്റസി, ലൈസർജിക് ആസിഡ് ഡൈതൈലമൈഡ് (എൽ.എസ്.ഡി) , മെത്തലീൻ ഡയോക്സി മെത്താംഫെറ്റമിൻ (എം.ഡി.എം.എ) എന്നിവയാണ് ഇന്ത്യയിൽ ഇപ്പോൾ വ്യാപകമായിരിക്കുന്ന ലഹരി പദാർഥങ്ങൾ. ഇവയുടെ ഉപയോഗം നാഡീവ്യൂഹത്തെയും മാനസിക - ശാരീരികാരോഗ്യത്തെയും തീർത്തും പ്രതികൂലമായി ബാധിക്കുന്നു.
മയക്കുമരുന്ന് ആസക്തി (Drug addiction) അങ്ങനെ ഇത് ഒരു രോഗമായി കണക്കാക്കാവുന്ന അവസ്ഥയാണെന്ന് വിദഗ്ധർ കരുതുന്നു. ലഹരി പദാർഥങ്ങൾക്ക് അടിപ്പെട്ട് പോകുന്നതുവഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും സാമൂഹിക മാനസിക പ്രശ്നങ്ങൾ ഉണ്ടാവുകയും അത് ആത്മഹത്യയിലേക്കുവരെ നയിക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗം സമൂഹത്തിലെ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവയിലേക്ക് എത്തുന്നതു വഴി മൊത്തം സമൂഹത്തിന്റെ തന്നെ നാശത്തിലേക്ക് വഴി തെളിക്കുന്നു.
ഏതൊരു ലഹരിപദാർഥവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. അതിസങ്കീർണമായ ഘടനയാണ് നമ്മുടെ തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരിപദാർഥങ്ങൾ എത്തുമ്പോൾ റിഫ്ലക്സ് പ്രവർത്തനങ്ങൾ താറുമാറാകുന്നു. തുടർന്ന് ഓർമക്കുറവ്, ഉത്കണ്ഠ തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്കാഘാതം വരെ സംഭവിച്ചേക്കാം.
തന്നിലോ മറ്റുള്ളവരിലോ ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ തുടർച്ചയായി ഏൽപിക്കുക, സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുക എന്നതെല്ലാം മയക്കുമരുന്ന് ദുരുപയോഗത്തിന്റെ (drug abuse ) ലക്ഷണങ്ങളാവാം. ഇത്തരം സാഹചര്യത്തിൽ ചികിത്സതേടേണ്ടതാണ്. ലഹരി ഉപഭോഗം ഉയരുക, എല്ലാത്തിലും താൽപര്യം നഷ്ടപ്പെടുക, ലഹരി നിർത്താൻ നിരവധി തവണ ശ്രമിക്കുക അത് വിജയിക്കാതിരിക്കുക തുടങ്ങിയവ മയക്കുമരുന്ന് ആസക്തിയുടെ ലക്ഷണങ്ങളാണ്.
കാത്തുസൂക്ഷിക്കണം, കുട്ടികളെ
കുട്ടികളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയേണ്ടത് രക്ഷിതാക്കളാണ്, എന്നാൽ ചെറിയൊരു ശ്രദ്ധക്കുറവുപോലും മക്കളെ മയക്കുമരുന്നിനോട് അടിമപ്പെടുന്ന പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്.
ഉറക്കക്കുറവ്, വിശപ്പില്ലായ്മ, അമിത ദേഷ്യം തലവേദന, ശരീരം മെലിയൽ , കണ്ണുകൾ ചുവന്നിരിക്കുക, ദേഹത്ത് രക്തം വരുന്നത് ഉൾപ്പെടെയുള്ള മുറിപ്പാടുകൾ, പഠനത്തിൽ പെട്ടെന്നുണ്ടാകുന്ന പിന്നാക്കാവസ്ഥ എന്നിവ ലഹരി ഉപയോഗത്തിന്റെ ലക്ഷണമായേക്കാം.
വീട്ടുകാരോട് അകൽച്ച കാണിക്കുന്നതും സംസാരിക്കാൻ വിസമ്മതിക്കുന്നതും ദീർഘനേരം വാതിൽ അടച്ച് മുറിയിൽ ഇരിക്കുന്നതുമെല്ലാം സൂക്ഷിക്കേണ്ട കാര്യങ്ങളാണ്. കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാൽ അവരെ കുറ്റപ്പെടുത്താതെ തുറന്നു സംസാരിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയാറാകണം.
ലഹരി ഉപയോഗം തിരിച്ചറിഞ്ഞാൽ
മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് മയക്കുമരുന്ന് ആസക്തി (Drug Addiction) യും, മയക്കു മരുന്ന് ദുരുപയോഗവും (Drug Abuse). ഇവ രണ്ടും ഒന്നാണ് എന്ന മിഥ്യാധാരണയുമുണ്ട്. Drug abuse പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരിൽ കാണപ്പെടും. എന്നാൽ ഈ അവസ്ഥ ചികിത്സ കിട്ടാതെ നീളുമ്പോൾ അത് Drug Addiction ആയി മാറുന്നു.
അഡിക്ഷൻ സങ്കീർണമാണെങ്കിലും ചികിത്സ സാധ്യമാണ്. ഒറ്റക്കുള്ള ചികിത്സ എല്ലാവരിലും ഫലവത്തല്ല എന്നാൽ കൗൺസലിങ്ങും ബിഹേവിയർ തെറപ്പികളും ഈ അസുഖത്തിന് ലഭ്യമാണ് ഇതോടൊപ്പം ആവശ്യമെങ്കിൽ മരുന്നുകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു.
കേരളത്തിലെ 14 ജില്ലകളിലും വിമുക്തി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങളിലും തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മാനസികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിവിമോചന ചികിത്സ ലഭ്യമാണ്.
(ഓറൽ ഫിസിഷ്യനും മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.