പീഡനങ്ങളില്‍ സഹികെട്ട ഭൂമി
text_fieldsമനുഷ്യവംശത്തിെൻറ നിലനില്പിനെ അപകടത്തിലാക്കുംവിധം കാലാവസ്ഥ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടികളില്‍ കൂടുതല്‍ ബുദ്ധിയുള്ളവരും സമർഥരും അനുഗൃഹീതരുമായ മാനവരുടെ കുലം സര്‍വനാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. നാം കെട്ടിപ്പൊക്കിയ നാഗരികതകള്‍ മണ്ണടിയുവാന്‍ ഇനി അധികകാലമില്ല. കാര്‍ബണ്‍ സംയുക്തങ്ങളും മീഥൈനും ഇതര ഹരിതഗൃഹ വാതകങ്ങളും വന്‍തോതില്‍ നിത്യവും ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുന്നു. ആഗോളതാപനം നിയന്ത്രിക്കാന്‍ കല്‍ക്കരിയുടെയും ഫോസില്‍ ഇന്ധനങ്ങളുടെയും ഉപഭോഗം അവസാനിപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടി നടന്നത്. കോപ്പ് 26( COP 26) എന്ന് അറിയപ്പെടുന്ന ഈ സമ്മേളനത്തില്‍ ഇരുനൂറ് രാഷ്ട്രങ്ങളില്‍ നിന്നായി ഇരുപത്തയ്യായിരം പ്രതിനിധികള്‍ വന്നുചേര്‍ന്നു.
നൂറ്റി ഇരുപത് രാഷ്ട്രത്തലവന്മാര് സമ്മേളനത്തില്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്നവരും കാര്‍ബന്‍ ബഹിര്ഗമനത്തിെൻറ 27 ശതമാനം ഉത്തരവാദിത്തമുള്ളവരുമായ ചൈനയെ പ്രതിനിധാനംെചയ്ത് ആരും വന്നില്ല. ആസ്ത്രേലിയയും ഉയര്‍ന്നതോതില്‍ കല്‍ക്കരി ഉപഭോഗമുള്ള രാജ്യമാണ്, അവരും പങ്കെടുത്തില്ല. ഇപ്പോഴത്തെ ആഗോള താപന വർധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതു രണ്ടിനു താഴെ നിര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നു പറയുന്നു. സമ്മേളനത്തില്‍ എണ്ണമറ്റ ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടന പ്രതിനിധികളും പരിസ്ഥിതി വിദഗ്ധരും ഉണ്ടായിരുന്നു. അവര്‍ സത്യസന്ധമായ വസ്തുതകള്‍ മുന്നോട്ടുവെച്ചു. അവയെല്ലാം കാതുകൂര്‍പ്പിച്ച് സമ്മേളനം കേട്ടു. തീരുമാനങ്ങളിലെത്തിച്ചേരുമ്പോള് ആ ശക്തി പ്രകടിതമായില്ല.
കല്‍ക്കരിയും ഫോസില്‍ ഇന്ധനങ്ങളും നിര്‍ത്തലാക്കുന്നതോടെ ലോകരാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥ തകിടംമറിയാം. കല്‍ക്കരിയും പെട്രോളിയം ഉൽപന്നങ്ങളുംകൊണ്ട് സമ്പന്നമായ രാഷ്ട്രങ്ങള്‍ക്ക് തിരിച്ചടിയേല്ക്കാം. മിക്ക രാഷ്ട്രങ്ങള്‍ക്കും ഊര്‍ജ്ജസ്രോതസ്സില്‍ മാറ്റംവരുമ്പോള്‍ എന്തു സംഭവിക്കുമെന്ന വേവലാതിയുണ്ട്. എങ്കിലും രാഷ്ട്രനേതാക്കള്‍ അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന് വരെ ആ തരത്തില്‍ അതിനെ ഉള്‍ക്കൊണ്ടില്ല. ഹരിതഗൃഹ വാതകങ്ങളുടെ ഭൂരിഭാഗവും പുറത്തേക്ക് തള്ളുന്ന മുതലാളിത്ത വികസിത രാഷ്ട്രങ്ങള്‍ അതിനെ നേരിടാനുള്ള ചെലവ് വഹിക്കണം. അവികസിത- ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ഈ വിഷയത്തില്‍ എന്തുമാത്രം സാമ്പത്തിക സഹായം ലഭ്യമാവുമെന്ന് വ്യക്തമല്ല. 2030ലെത്തുമ്പോള്‍ എങ്കിലും കാലാവസ്ഥ തിരിച്ചുപിടിക്കാനുള്ള ജീവജാലങ്ങള്‍ക്ക് വസിക്കാവുന്ന തരത്തില്‍ ഭൂമിയെ മാറ്റാന്‍ സാധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി, 2070ലെത്തുമ്പോള്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം നെറ്റ് സീറോയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുപോന്നിട്ടുണ്ട്. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയത്തില്‍ സുപ്രീംകോടതി വരെ ഇടപെട്ട് താക്കീത് നല്‍കിയിട്ടും അതുപോലും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
കല്‍ക്കരിയും എണ്ണയും തൊട്ടുകളിക്കാന്‍ വന്‍കിട രാഷ്ട്രങ്ങളും കോര്‍പറേറ്റുകളും സമ്മതിക്കുമോ? ഇപ്പോള്‍ കാലാകാലങ്ങളില്‍ ചേരാറുള്ള നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഒന്നായി കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയും സംബന്ധിച്ച സമ്മേളനങ്ങളെ ഇനി കണ്ടുകൂടാ. അനേകം ദ്വീപ് രാഷ്ട്രങ്ങളെ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കയാണ്. മാലദ്വീപ് ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളും കൊച്ചിയും മുംബൈയും വരെയുള്ള നഗരങ്ങളും താമസിയാതെ വെള്ളത്തിനടിയിലാകുമെന്നും അവയെല്ലാം കടലെടുത്തുപോകുമെന്നും വിശ്വാസയോഗ്യമായ രീതിയില്‍ ശാസ്ത്രം പ്രവചിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു രാജ്യത്തിെൻറയോ ജനതയുടെയോ സര്‍ക്കാറിെൻറയോ മാത്രം പരിശ്രമത്തില്‍ ഇതില്‍നിന്നു രക്ഷപ്പെടാനാവില്ല. കോവിഡ് മഹാമാരിയെപോലെ ഇന്നത്തെ നമ്മുടെ അറിവും പരിജ്ഞാനവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തി നിശ്ചയദാര്‍ഢ്യത്തോടെ നാം ഇറങ്ങിത്തിരിച്ചാലും അതിെൻറ ഫലപ്രാപ്തി എത്രത്തോളമെന്ന് കണ്ടറിയണം. എങ്കിലും നമ്മുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. കേരളത്തില്‍പോലും നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ നാം ചെയ്തിട്ടുണ്ടോ? മറ്റു രാഷ്ട്രങ്ങളുടെ സ്ഥിതിയും അങ്ങനെയാവാമല്ലോ.1600 കിലോമീറ്റര്‍ നീളവും 900 മീറ്റര്‍ ശരാശരി ഉയരവുമുള്ള പശ്ചിമഘട്ട മലനിരകള്‍ കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് തുടങ്ങി ആറ് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഈ സംസ്ഥാനങ്ങളിലെ മിക്ക നദികളും അതില്‍ നിന്നും ഉത്ഭവിക്കുന്നു. അത് ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ഐക്യരാഷ്ട്രസഭ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട പ്രദേശമാണ്.
സുമാര്‍ എണ്‍പതിനായിരം ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തിന് വിസ്തൃതിയുണ്ട്. 25 കോടി ആളുകള്‍ അവിടങ്ങളില്‍ അധിവസിക്കുന്ന ഗുണഭോക്താക്കളാണ്. ഈ ആറ് സംസ്ഥാനങ്ങളിലെ കാലാവസ്ഥ നിശ്ചയിക്കുന്നതില്‍ ഈ മലനിരകള്‍ക്ക് മുഖ്യ പങ്കുണ്ട്. അതിെൻറ സംരക്ഷണാർഥം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമീഷന് റിപ്പോര്‍ട്ട് നിരാകരിച്ച സംസ്ഥാനമാണിത്. പിന്നെയാണോ ഗ്ലാസ്ഗോ ഉച്ചകോടി തീരുമാനങ്ങള്‍ നാം മാനിക്കുവാന്‍ പോകുന്നത്. മനുഷ്യര്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങള്‍ ൈകയേറിക്കൊണ്ടിരിക്കുന്നു. അതത് കാലത്ത് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ആ ൈകയേറ്റങ്ങളെ ക്രമവത്കരിച്ചുകൊണ്ടേയിരിക്കുന്നു.
സ്വാഭാവികമായും വന്യമൃഗങ്ങള്‍ ഗതികെട്ട് പരിഭ്രാന്തരായി ജലവും ആഹാരവും സ്വൈരവാസസ്ഥലവും തേടി നഗരങ്ങളിലേക്കും മനുഷ്യവാസ സ്ഥലങ്ങളിലേക്കും ഇറങ്ങിവന്നുകൊണ്ടിരിക്കുന്നു. പ്രളയങ്ങള്‍, കാട്ടുതീ, ഭൂകമ്പം, അഗ്നിപർവത സ്ഫോടനങ്ങള്‍, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, മേഘവിസ്ഫോടനം, ന്യൂനമര്‍ദങ്ങള്‍ എന്നിവ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. എങ്കിലും വിദ്യാസമ്പന്നരായ കേരളീയര്‍പോലും തങ്ങള്‍ക്കാവുന്നത് ചെയ്യാന്‍ മുതിരുന്നില്ല. ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി പാറക്കെട്ടുകള്‍ തകര്‍ക്കുന്നു. അസംസ്കൃത പദാര്ഥങ്ങള്ക്കുവേണ്ടി കിലോമീറ്ററുകള്‍ താഴ്ചയില്‍ ഭൂമിയെ മനുഷ്യര്‍ ചുറ്റുപാടും കുഴിച്ചുകൊണ്ടേയിരിക്കുന്നു. വനങ്ങള്‍ വെട്ടി വെളുപ്പിക്കുന്നു. മഹാനദികളിലെ സ്വാഭാവികമായ ജലപ്രവാഹങ്ങള്‍ അണകെട്ടി നിര്‍ത്തുന്നു. ഈ വിധം ഭൂമിയെ നാം പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമി ഒരിക്കലും ഇതിനോട് പ്രതികരിക്കരുതെന്നാണോ നാം ആഗ്രഹിക്കുന്നത്? പ്രകൃതിയെ കീഴടക്കുക, ചൂഷണം ചെയ്യുക എന്ന നിലപാട് മാറണം. പകരം അതിനോട് ഇണങ്ങി ജീവിക്കലാണ് ന്യായം. ഊര്‍ജ്ജസ്രോതസ്സുകളാണ് പുതിയ വെല്ലുവിളി. അതിെൻറ ഏറ്റവും ശക്തമായ ഉറവിടം സൂര്യനാണ്. പിന്നെ കടലാണ്. കാറ്റാണ്.
അവയെ ഉപയോഗിക്കുവാന്‍ മികച്ച സാങ്കേതിക വിദ്യ ആര്‍ജ്ജിക്കണം. ആണവ ഇന്ധനങ്ങളും പെട്രോളിയം ഉൽപന്നങ്ങളും കല്‍ക്കരിയും ഇതര ഫോസില്‍ ഇന്ധനങ്ങളും ഉപേക്ഷിക്കേണ്ടതായി വരും. രാഷ്ട്രതലവന്മാരുടെ ഒരു വിഷയമായി അവശേഷിക്കുന്ന കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണ പ്രശ്നങ്ങളും ജനങ്ങളുടെ പ്രശ്നമായി മാറണം. രാഷ്ട്രീയ കക്ഷികളും മതസംഘടനകളുമൊക്കെ ഈ കാര്യം ഏറ്റെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.