ചേർത്തുപിടിക്കലിന്റെ ഈസ്റ്റർ സന്ദേശം
text_fieldsഈ വർഷത്തെ ഉയിർപ്പു തിരുനാൾ കേരളത്തനിമയുടെ സവിശേഷത അനുസ്മരിപ്പിക്കുന്നു. കോളനിവാഴ്ചകളുടെ കാലംവരെ ഹൈന്ദവ, യഹൂദ, ക്രൈസ്തവ, ഇസ്ലാം മതസ്ഥർ ഇവിടെ താന്താങ്ങളുടെ വ്യാപാരാദി കാര്യങ്ങളിൽ പരസ്പരം ഇടപഴകി കഴിഞ്ഞവരാണ്. ആ ഇടപഴകലിന്റെ ഓർമപ്പെടുത്തലാണ് ഈ വർഷത്തെ ഈസ്റ്റർ ആചരണം. ഏതാനും നാളുകളുടെ വ്യത്യാസത്തിലാണല്ലോ ഇക്കുറി ഈസ്റ്ററും വിഷുവും ഈദും കേരളീയർ ആഘോഷിക്കുന്നത്.
ക്രൈസ്തവരും മുസ്ലിംകളും നോമ്പനുഷ്ഠിച്ച് ഉയിർപ്പ്, റമദാൻ പെരുന്നാളുകളിലേക്ക് പ്രവേശിക്കുന്നു; വിഷു പുതുവസന്തത്തിന്റെ ഐശ്വര്യത്തിലേക്ക് പ്രതീക്ഷ വെക്കുന്നു. മൂന്നിലും പൊതുവായത് നല്ലനാളെയുടെ പ്രതീക്ഷയാണ്, ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ നാളെ. അതു തനിക്കുവേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ള ഒന്ന്. ജാതി-മത ഭേദമന്യേ എല്ലാവർക്കും ഒരുപോലെ നന്മ കൈവരുമ്പോൾ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിൽക്കുന്ന സമൂഹം ഉണ്ടാവൂ.
എന്താണ് ഈസ്റ്റർ പറയുന്നത്?
ഉയിർപ്പ് ഒരു സന്തോഷാനുഭവവും ആഘോഷവുമാണ്. എന്നാൽ, അതിനുമുമ്പ് അതികഠിനമായ പീഡനങ്ങളുടെയും കൊലയുടെയും ദിനങ്ങളുണ്ട്. എന്തുകൊണ്ടാണ് ഈ ദൈവപുത്രൻ (ദൈവമനുഷ്യൻ എന്നു വിളിക്കുന്നതാവും കൂടുതൽ ശരി. എങ്കിൽ മാത്രമേ ചരിത്രത്തിൽ ജീവിച്ചു മരിച്ച യേശുവിനെയും അവന്റെ സന്ദേശത്തെയും മനുഷ്യജീവിതത്തിലേക്ക് ഉൾച്ചേർക്കാനാവൂ) അതിക്രൂരമായ പീഡനങ്ങളും കുരിശിലെ നിന്ദ്യമായ മരണവും ഏറ്റുവാങ്ങേണ്ടിവന്നത്? അതിന് ഉത്തരം കണ്ടെത്താൻ യേശുവിനോടൊത്ത് അവൻ സഞ്ചരിച്ച സമരിയ, യൂദയ, അവയുടെ പ്രാന്തപ്രദേശങ്ങൾ എന്നിവയിലൂടെ നാമും യാത്രചെയ്യണം. അവൻ പറഞ്ഞതും പഠിപ്പിച്ചതും ചെയ്തതും ശ്രദ്ധയോടെ കണ്ടു മനസ്സിലാക്കണം.
എന്തിനാണ് താൻ വന്നിരിക്കുന്നതെന്ന് അവൻ വെളിപ്പെടുത്തുന്നിടത്തുനിന്നു തുടങ്ങാം. ലൂക്കയുടെ സുവിശേഷം നാലാം അധ്യായത്തിൽ അവിടുന്ന് പറയുന്നു: ‘‘ദരിദ്രർക്ക് സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ബന്ധിതർക്ക് മോചനവും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യവുമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്നെന്നെ അയച്ചിരിക്കുന്നു.’’ അതേ സുവിശേഷത്തിൽ ഏഴാം അധ്യായത്തിൽ സ്നാപകന്റെ ശിഷ്യരോട് അവൻ ഇതു വീണ്ടും ഉറപ്പിച്ചു പറയുന്നുണ്ട്.
മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിൽ അഷ്ടഭാഗ്യങ്ങളായി അവിടുന്ന് പറയുന്നത് അന്നും ഇന്നും നാം ഭാഗ്യമെന്ന് കരുതുന്നവയെയല്ല. പിന്നെയോ, ദരിദ്രർ, വിലപിക്കുന്നവർ, നീതിക്കുവേണ്ടി നിലപാട് സ്വീകരിക്കുന്നവർ, ശാന്തശീലർ, കരുണയുള്ളവർ, ഹൃദയശുദ്ധിയുള്ളവർ, സമാധാനം സ്ഥാപിക്കുന്നവർ -ഇവരൊക്കെയാണ് ഭാഗ്യവാന്മാർ. ലൂക്കയും ഇതുതന്നെ ഉദ്ധരിച്ചിട്ട് ഒരു പടികൂടി കടന്ന്, ഇപ്പോൾ സമ്പന്നരായവർക്കും ചിരിക്കുന്നവർക്കും സംതൃപ്തരായി കഴിയുന്നവർക്കും മനുഷ്യ പ്രശംസ ലഭിക്കുന്നവർക്കും ദുരിതം എന്നാണ് പറയുന്നത്.
എന്നാൽ, ഇന്നത്തെ പ്രോസ്പെരിറ്റി തിയോളജി സുവിശേഷ പ്രസംഗകർ ഇതിനു കടകവിരുദ്ധമായ സുവിശേഷം അല്ലേ പ്രസംഗിക്കുന്നത്? യേശുവിന്റെ കാലത്തും ഇപ്പോൾ പ്രസംഗിക്കുന്ന സങ്കല്പം തന്നെയാണ് ഉണ്ടായിരുന്നത്. ഇതാണ് അവിടുന്ന് തിരുത്തിപ്പറഞ്ഞത്. യഹൂദ പ്രമാണിമാർക്ക് ഇതുൾക്കൊള്ളാൻ കഴിഞ്ഞില്ല.കപടനാട്യക്കാരായ നിയമജ്ഞരെയും ഫരിസേയരെയും ‘നിങ്ങൾക്ക് ഹാ ദുരിതം’ എന്നു പറഞ്ഞുകൊണ്ട് അവരുടെ തെറ്റായ മനോഭാവങ്ങളെയും പ്രവൃത്തികളെയും പരസ്യമായി ചൂണ്ടി കുറ്റപ്പെടുത്തുന്നത് അവരെ കൂടുതൽ രോഷാകുലരാക്കി. അവരവനെ ഇല്ലാതാക്കാൻ ആലോചന തുടങ്ങി.
വ്യത്യസ്തമായ പ്രവർത്തനശൈലി
കൂടാതെ യേശുവിന്റെ പ്രബോധനങ്ങളും ശൈലികളും അന്നത്തെ യഹൂദ നേതൃത്വത്തിന്റെ രീതികളിൽനിന്നു തീർത്തും വ്യത്യസ്തങ്ങളായിരുന്നു. അവനെ കേട്ട ജനങ്ങൾ പറഞ്ഞു, ‘നമ്മുടെ നിയമജ്ഞരെ പോലെയല്ല, എത്ര ആധികാരികമായാണ് ഇവൻ പഠിപ്പിക്കുന്നത്’ എന്ന്. അവന്റെ ശിഷ്യന്മാർ മുക്കുവരും ചുങ്കക്കാരുമായിരുന്നു; അവനെ പിൻചെന്നവരാകട്ടെ, ചുങ്കക്കാരും പാപികളും വേശ്യകളുമായി അധികാരിസമൂഹത്താൽ വിധിച്ചു തള്ളപ്പെട്ടവരുമായിരുന്നു.
വിജാതീയരെയും പരദേശികളെയും അവൻ അനുകമ്പയോടെ ചേർത്തുനിർത്തി. അന്ധരും ചെകിടരും കുഷ്ഠരോഗികളുമൊക്കെ അവരുടെ തന്നെയോ അവരുടെ മാതാപിതാക്കളുടെയോ പൂർവികരുടെയോ പാപംമൂലമാണ് അവർക്ക് ഈ അവസ്ഥ വന്നതെന്ന് പറഞ്ഞു പുറന്തള്ളിയിരുന്ന കാലത്ത് അവനവരെ തൊട്ടുസുഖപ്പെടുത്തി. ഇതൊന്നും അന്നത്തെ വരേണ്യ വിഭാഗത്തിന് ഉൾക്കൊള്ളാനായില്ല. ഇതിനൊക്കെ പുറമെയാണ് ജറൂസലം ദേവാലയത്തിൽ ഭക്തിക്കച്ചവടം നടത്തിയിരുന്നവരുടെ മേശകൾ മറിച്ചിട്ടതും ചാട്ടവാറെടുത്തവരെ പുറത്താക്കിയതും.
ഇത്രയൊക്കെയായപ്പോൾ നിയമജ്ഞരും ഫരിസേയറും ജനപ്രമാണികളും തങ്ങളുടെ അധികാരവും ശക്തിയും സമ്പത്തും നഷ്ടപ്പെടുമെന്നു ഭയന്നു. അത് മറച്ചുവെച്ച് പുറമെ പറഞ്ഞ കാരണം അവരുടെ കാപട്യം വെളിവാക്കുന്നു- ‘‘അപ്പോൾ റോമാക്കാർ വന്ന് നമ്മെയും ദേവാലയവും നശിപ്പിക്കും.’’ അതുകൊണ്ട് അവനെ കൊല്ലണമെന്ന് തീരുമാനിച്ച് അവനെ കുരിശിൽ തൂക്കിലേറ്റി വധിച്ചു. പക്ഷേ, ഈ മരണം അവിടംകൊണ്ട് തീരാനുള്ളതായിരുന്നില്ല. മൂന്നാംപക്കം അവിടുന്ന് ഉയിർത്തെഴുന്നേറ്റു. അതുവരെ എല്ലാം തീർന്നു എന്നു കരുതി മൂകരും നിരാശരുമായിരുന്നവരും പഴയ തൊഴിലായ മീൻപിടിത്തത്തിനു പോയവരും എമ്മാവൂസിലേക്കു പോയവരുമെല്ലാം ഈ മൂന്നാംപക്കം സന്തോഷചിത്തരായി, ഉന്മേഷം വീണ്ടെടുത്തു, സർവോപരി പ്രതീക്ഷയുടെ പ്രത്യാശയിലേക്ക് മടങ്ങിവന്നു.
ഉയിർപ്പിന്റെ പ്രത്യാശപാഠങ്ങൾ
ഉയിർപ്പിന്റെ പ്രത്യാശ ഒത്തിരി പാഠങ്ങൾ തരുന്നുണ്ട്, പ്രത്യേകിച്ച് ഇന്നത്തെ സമൂഹം കടന്നുപോവുന്ന അവസ്ഥകളിൽ.ഒന്ന്, സത്യത്തിനും സ്നേഹത്തിനും സർവോപരി മനുഷ്യനന്മക്കും വേണ്ടി നിലകൊള്ളുന്നവർ കൊല്ലപ്പെട്ടേക്കാം. എന്നാൽ, അവരുടെ ജീവിതം മരണംകൊണ്ട് അവസാനിക്കുന്നില്ല. അവർ ഏതൊക്കെ മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ടോ അവയെല്ലാം കൂടുതൽ ശക്തിയോടെ ജ്വലിച്ചുനിൽക്കും.
രണ്ട്, നന്മയെ ഒരു ശക്തിക്കും എന്നേക്കുമായി അടിച്ചമർത്താനാവില്ല. പ്രതീക്ഷയോടെ മൂന്നാം നാളിനായി കാത്തിരിക്കാം. നന്മ ഒരുനാൾ തിരിച്ചുവരും.മൂന്ന്, നമ്മുടെ ജീവിതസഫലത നിർണയിക്കുന്നത് ജീവിതത്തിൽ നേടിയ സമ്പത്തും അധികാരവും അലങ്കരിച്ച സ്ഥാനങ്ങളുമല്ല. പ്രത്യുത, നാം ജീവിച്ച മൂല്യങ്ങളാണ്. അതാണ് സ്ഥായിയായി വിലമതിക്കപ്പെടുന്ന സമ്പത്ത്.
നാല്, ദൈവത്തിന്റെ രക്ഷാകരമായ ഇടപെടൽ ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കുമായിട്ടുള്ളതാണ്.അഞ്ച്, യേശുവിന്റെ മാർഗം വെട്ടിപ്പിടിക്കലിന്റേതല്ല, ത്യാഗത്തിന്റേതാണ് (sacrificial). ഇന്ന് വ്യാപകമായി പ്രചരിക്കുന്ന പ്രോസ്പെരിറ്റി തിയോളജി യേശുവിന്റെ വഴിയല്ല. യേശുവിനെ ഒരു ബിംബമായി ചില ഇടങ്ങളിൽമാത്രം പ്രതിഷ്ഠിച്ച് ആരാധിക്കാനല്ല, അവനെ ഒരു ബ്രാൻഡാക്കി കച്ചവടം നടത്താനുമല്ല അവന്റെ അനുയായികൾ വിളിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് അവന്റെ വഴിയേ സഞ്ചരിച്ച് അവന് സാക്ഷ്യം നൽകാനാണ്, മറ്റൊരു യേശുവാകാനാണ്.
യേശു ചേർത്തുപിടിച്ചതുപോലെ വിശ്വാസികളെയും അവിശ്വാസികളെയും വിജാതീയരെയും പരദേശികളെയും വഴിയിറമ്പിലേക്കു തള്ളപ്പെടുന്നവരെയും ചേർത്തുപിടിക്കാം.ഈ ഉയിർപ്പു തിരുനാൾ വിഭാഗീയതയും ഭിന്നതയും അടിച്ചമർത്തലുകളുമില്ലാത്ത സാഹോദര്യത്തിന്റെ പുതു പ്രഭാതമാകട്ടെ എന്ന് പ്രാർഥിക്കാം, പരസ്പരം സമാധാനം ആശംസിക്കാം.
(കത്തോലിക്ക സഭയുടെ സാമൂഹിക പ്രബോധനം, ബൈബിൾ വിഷയങ്ങളിൽ പരിശീലകനും സാമൂഹിക പ്രവർത്തകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.