തലമാറ്റം
text_fields'ഇൗ പാപത്തിൽ പങ്കുചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -എട്ടു വർഷം ഇറാൻ ജനതയെ നയിച്ച മഹ്മൂദ് അഹ്മദി െനജാദിെൻറതാണീ വാക്കുകൾ. ഏതു പാപത്തെക്കുറിച്ചാണ് െനജാദ് സംസാരിക്കുന്നതെന്നറിയാമോ? തെരഞ്ഞെടുപ്പ് അഥവാ ഇലക്ഷൻ എന്ന 'പാപം'; കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, കഴിഞ്ഞയാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പുതന്നെ. ഇത്തവണ പ്രചാരണ ഗോദയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് തെരഞ്ഞെടുപ്പിെൻറ 'പാപ-പുണ്യ' ഭാഗധേയങ്ങളെക്കുറിച്ചായിരുന്നുവല്ലൊ. പൗരജനങ്ങളിൽ വലിയൊരു പങ്കും നേരത്തെ പറഞ്ഞുവെച്ചു, ഇക്കുറി തങ്ങൾ പോളിങ് ബൂത്തിലേക്കില്ലെന്ന്. അവർക്ക് അവരുടേതായ കാരണങ്ങളുണ്ടായിരുന്നു. ഇൗ ബഹിഷ്കരണാഹ്വാനത്തെ കേട്ടുകേൾവിയില്ലാത്ത തിട്ടൂരങ്ങൾകൊണ്ടാണ് ചില മുഫ്തിമാർ നേരിട്ടത്. ബാലറ്റ് ശൂന്യമാക്കി പെട്ടിയിൽ നിക്ഷേപിക്കുന്നത് ഹറാമും വോട്ട് ബഹിഷ്കരണം കടുത്ത പാപമാണെന്നുംവരെ തട്ടിവിട്ടവരുണ്ട്. ഇതിനൊരു മറുവാദമെന്ന നിലയിലായിരുന്നു െനജാദിെൻറ പ്രസ്താവന. ഇൗ പ്രസ്താവനയിലുണ്ട് ആ തെരഞ്ഞെടുപ്പിെൻറ ഗതിയും സുതാര്യതയുെമാക്കെ. ഏതായാലും ബാലറ്റ് തുറന്നപ്പോൾ പ്രതീക്ഷിച്ച സ്ഥാനാർഥിതന്നെ വിജയിച്ചിരിക്കുന്നു: ഇബ്രാഹീം റഇൗസി. നിലവിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ റഇൗസി, റൂഹാനിയുടെ പിൻഗാമിയായി ആഗസ്റ്റിൽ ചുമതലയേൽക്കും.
സയ്യിദ് ഇബ്രാഹീം റഇൗസ് അൽ സാദത്തി എന്നാണ് പൂർണനാമധേയം. അതു ചുരുക്കിയാണ് 'റഇൗസി' ആയത്. 'റഇൗസ്' എന്നാൽ തലവൻ, പ്രസിഡൻറ് എന്നൊക്കെയാണ് അർഥം. പേരിൽ സൂചിപ്പിക്കുന്നതുപോലെ 'സയ്യിദ്' കുടുംബമാണ്. വംശപരമ്പര ചെന്നെത്തുന്നത് ഇമാം ഹുസൈനിൽ. ഇൗ പേരും വംശപരമ്പരയുമൊക്കെത്തന്നെയാണ് റഇൗസിയുടെ എക്കാലത്തെയും രാഷ്ട്രീയ മൂലധനം. റഇൗസി എന്നു കേൾക്കുേമ്പാൾതന്നെ സ്വാഭാവികമായും ഒാർമിക്കപ്പെടുന്ന പേര് രാജ്യത്തിെൻ പരമോന്നത നേതാവ് ഖാംനഇയുടേതാണ്. അദ്ദേഹത്തിെൻറ ഏറ്റവും വിശ്വസ്ഥൻ എന്നതാണ് മേൽവിലാസങ്ങളിലൊന്ന്. ഖാംനഇയുടെ പിൻഗാമി എന്നുവരെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്രക്കുണ്ട് ആത്മീയ നേതാവുമായുള്ള ബന്ധം. ആ ബന്ധംകൊണ്ടുകൂടിയാണ് പാശ്ചാത്യ മാധ്യമങ്ങൾ 'തീവ്രയാഥാസ്ഥിതികൻ' എന്ന വിശേഷണം ചാർത്തിനൽകിയിരിക്കുന്നത്.
റൂഹാനിയെയും െനജാദിനെയുെമാക്കെ വെച്ചുനോക്കുേമ്പാൾ ആൾ അപ്പറഞ്ഞതുതന്നെ. എന്നാലും, ഇറാൻ ഭരണകൂടത്തിൽ പ്രസിഡൻറിെൻറ നയ നിലപാടുകൾ എത്രകണ്ട് ഭരണതലത്തിൽ പ്രതിഫലിക്കുമെന്ന് ആർക്കാണറിയാത്തത്? ഇറാൻ രാഷ്ട്രീയത്തെ യാഥാസ്ഥിതികരുടെയും പരിഷ്കരണവാദികളുടെയും പോർമുഖമായിട്ടാണ് അവതരിപ്പിക്കാറുള്ളത്. ഇൗ വക പാർട്ടികളൊക്കെ അവിടെയുണ്ടെങ്കിലും ആത്യന്തികമായി രാജ്യത്തിെൻറ നയം പറയാൻ അവിടെ മറ്റൊരു പരമാധികാര സംവിധാനമുണ്ട് -ഗാർഡിയൻ ഒാഫ് ഗാർഡിയൻസ്. അവരുടെ ഇച്ഛക്കനുസരിച്ച് നീങ്ങാനേ ഏത് പരിഷ്കരണവാദിക്കും കഴിയൂ. ഇതിപ്പോൾ, ഇക്കാലമത്രയും പരമാധികാര സമിതിയുടെ നിഴൽപോലെ നിലകൊണ്ട ഒരാൾ പ്രസിഡൻറ് പദത്തിലെത്തി എന്ന വ്യത്യാസമേയുള്ളൂ.
ഇൗ നേരിയ വ്യത്യാസത്തെപ്പോലും വലിയ സംഭവമായിട്ടാണ് യൂറോപ്പും അമേരിക്കയുെമാക്കെ കാണുന്നത്. തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്തായാലും 'തീവ്ര വിഭാഗ'ക്കാരനാണല്ലോ. അതെന്തായാലും, ഇൗ തെരഞ്ഞെടുപ്പ് അത്ര സുതാര്യമായിരുന്നില്ലെന്ന അവരുടെ വാദത്തിൽ കുറച്ചെങ്കിലും ശരിയുണ്ട്. മത്സരത്തിനായി നാമനിർദേശ പത്രിക സമർപ്പിച്ച 600ൽ ഏെഴണ്ണം ഒഴികെ ബാക്കിയെല്ലാം സുപ്രീംകൗൺസിൽ തള്ളി. ഇൗ തിരസ്കൃതരുടെ കൂട്ടത്തിൽ െനജാദും ഇപ്പോഴത്തെ വൈസ് പ്രസിഡൻറ് ജഹാംഗിരിയുമൊക്കെയുണ്ടായിരുന്നു. അതിെൻറ നിരാശകൂടിയാണ് െനജാദ് പ്രകടിപ്പിച്ചത്. നെജാദിെൻറ നിരാശ ജനങ്ങളിലും പ്രതിഫലിച്ചു. അതുകൊണ്ടാകാം, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് (48 ശതമാനം) ആണ് രേഖപ്പെടുത്തിയത്. എന്നുവെച്ചാൽ, വോട്ടർമാരിൽ പകുതി പേരും 'പാപ'ത്തിൽ പങ്കാളിയായില്ലെന്ന്. ഫലം വന്നപ്പോൾ റഇൗസിക്ക് 17 ദശലക്ഷത്തിൽപരം വോട്ട്; തൊട്ടടുത്ത എതിർസ്ഥാനാർഥിക്ക് (ടിയാനും 'തീവ്ര വിഭാഗം'തന്നെ) 34 ലക്ഷം. ഇവർക്കു രണ്ടുപേർക്കുമിടയിൽ 'മറ്റൊരാൾക്ക്' 41 ലക്ഷം വോട്ട് കിട്ടി. അസാധു-നോട്ട വിഭാഗത്തിനാണ് ഇൗ വോട്ട്. ഇതൊക്കെ കഴിഞ്ഞാണ്, പടിഞ്ഞാറ് ആഗ്രഹിച്ച സ്ഥാനാർഥിയുടെ വോട്ടുനില. ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തെ പകുതിയിലധികം പേരും ബഹിഷ്കരിച്ച, പോളിങ് ബൂത്തിലെത്തിയവരിൽ ഏതാണ്ട് 15 ശതമാനം പേർ പ്രതിഷേധ വോട്ട് രേഖപ്പെടുത്തിയ ഒരു തെരഞ്ഞെടുപ്പിലാണ് റഇൗസിയുടെ വിജയം.
പക്ഷെ, കഴിഞ്ഞത് ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പാണ്. അതിലെ വിജയിച്ചവരെ അംഗീകരിക്കുകയാണ് ജനാധിപത്യ മര്യാദ. ഇപ്പറഞ്ഞ പടിഞ്ഞാറുകാരിൽ പലരും ആ മര്യാദ കാണിച്ചില്ല. എന്നുവെച്ച്, റഇൗസിക്ക് മുന്നോട്ടുപോകാതിരിക്കാനാവില്ല. ഭരണകൂടത്തോടും ജനങ്ങളോടും സഹരാഷ്ട്രങ്ങളോടുമുള്ള തെൻറ സമീപനം എന്തായിരിക്കുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കെതിരായ ഉറച്ച പോരാട്ടമാണ് അതിലൊന്ന്; തകർന്ന സമ്പദ്വ്യവസ്ഥയെ തിരിച്ചുപിടിക്കാനുള്ള പദ്ധതികളുമുണ്ട്. ഇതിനെല്ലാമപ്പുറം, രാജ്യത്തിെൻറ ആത്മാഭിമാനം ആർക്കുമുന്നിലും പണയപ്പെടുത്തില്ല എന്ന പ്രഖ്യാപനമാണ്. ഏത് ഉപേരാധത്തിന് മുന്നിലും മുട്ടുമടക്കില്ല എന്ന് ആവർത്തിച്ചിട്ടുണ്ട്. അല്ലെങ്കിലും, ഇറാന് ഉപരോധം അനുഗ്രമാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ളയാളാണ്. ഉപരോധത്തിലാകുന്നതോടെ രാജ്യവും പൗരന്മാരും സ്വയംപര്യാപ്തരാകുമെന്നാണ് തിയറി. ഇൗ സിദ്ധാന്തം നിലനിൽക്കെത്തന്നെ, ട്രംപ് പുനഃസ്ഥാപിച്ച ഉപരോധം എടുത്തുകളയുന്നതു സംബന്ധിച്ച ചർച്ചക്ക് ബൈഡനുമൊത്തിരിക്കാൻ തയാറാണ്. എന്നുകരുതി, തങ്ങളുടെ ബാലിസ്റ്റിക് മിസൈലിലൊക്കെ തൊട്ടുകളിച്ചാൽ വിധം മാറുകയും ചെയ്യും. അതായത്, ഉൗർജാവശ്യത്തിനും മറ്റുമുള്ള ഗവേഷണ പദ്ധതികൾ ഉപേക്ഷിച്ചുള്ള ഒരു വിട്ടുവീഴ്ചക്കുമില്ല എന്നതാണ് നിലപാട്. നെജാദിെൻറ അതേ നയം. പിന്നെന്തിന് അദ്ദേഹം 'പാപ'മെന്ന് കരുതി പിന്മാറണം?
1960 ഡിസംബർ 14ന് ഖുറാസാൻ പ്രവിശ്യയിെല മശ്ഹദിൽ ജനനം. പേർഷ്യൻ പുരോഹിത കുടുംബമായിരുന്നു റഇൗസിയുടേത്. പിതാവ് മതപാഠശാല അധ്യാപകനായിരുന്നു. റഇൗസിയുടെ അഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ചു. റഇൗസിയുടെ വിദ്യാഭ്യാസവും ആ വഴിക്കുതന്നെയായിരുന്നു. ഷിയാ മുസ്ലിംകളുടെ തീർഥാടന നഗരങ്ങളിലൊന്നായ ഖുമിലെ ഒരു മതപാഠശാലയിൽനിന്നാണ് പഠനം ആരംഭിച്ചത്. അക്കാലത്ത് ഷാ വിരുദ്ധ സമരങ്ങളുടെ കേന്ദ്രവുംകൂടിയായിരുന്നു ആ നഗരം. പ്രവാസജീവിതം നയിക്കുന്ന ആയത്തുല്ല ഖുമൈനിയുടെ വാക്കുകൾക്ക് ചെവിയോർക്കുന്ന നേതാക്കളുടെയും വിദ്യാർഥികളുടെയും വലിയ സംഘമുണ്ടായിരുന്നു അവിടെ -ഹഖാനി ഗ്രൂപ്. പതിയെ ആ സംഘത്തിൽ റഇൗസിയും ചേർന്നു. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇസ്ലാമിക വിപ്ലവത്തിനുശേഷം, ഖുമൈനിയുടെ ഇഷ്ടക്കാരനായി റഇൗസി മാറി.
20ാം വയസ്സിൽ അൽബുർസ് പ്രവിശ്യയുടെ തലസ്ഥാനമായ കരാജിൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെടുന്നതൊക്കെ ആ ഇഷ്ടത്തിെൻറ പുറത്താണ്. പിന്നീട്, വെച്ചടി കയറ്റമായിരുന്നു. ഒരു പ്രവിശ്യയുടെതന്നെ പ്രോസിക്യൂട്ടറായി; അതുകഴിഞ്ഞ് തെഹ്റാെൻറ ഡെപ്യൂട്ടി പ്രോസിക്യൂട്ടറും ശേഷം, ജുഡീഷ്യറിയിൽ സവിശേഷ പദവിയും അലങ്കരിച്ചു. ഇക്കാലത്താണ് ഇറാനിൽ രാഷ്ട്രീയ വിമതർക്ക് കൂട്ടത്തോടെ വധശിക്ഷ നടപ്പാക്കിയത്. ആംനസ്റ്റിയുടെ അന്വേഷണ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ അയ്യായിരത്തോളം പേരാണ് റഇൗസിയുടെയും കൂട്ടരുടെയും പ്രോസിക്യൂഷന് വിധേയമായി ജീവൻ നഷ്ടമായത്. ഇതിെൻറ പേരിൽ പല രാജ്യങ്ങളിലും വിലക്കുണ്ട് റഇൗസിക്ക്. ഖുമൈനിയുടെ മരണശേഷം, ജനറൽ ഇൻസ്പെക്ഷൻ ഒാഫിസ് മേധാവി മുതൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വരെയുള്ള പദവികൾ അലങ്കരിച്ചു. രണ്ടു തവണ അസംബ്ലി ഒാഫ് എക്സ്പേർട്ടിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അധ്യാപികയും എഴുത്തുകാരിയുമായ ജുമൈല സാദത്താണ് ഭാര്യ. രണ്ടു പെൺമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.