ഇവിടെ ഒന്നും നടക്കില്ലേ?
text_fieldsപച്ചപ്പട്ടണിഞ്ഞ നാട്ടിൽ കൃഷി ഊർജിതപ്പെടുത്താൻ നമുക്ക് താൽപര്യമില്ല. എന്നാൽ, മരുഭൂമിയിൽ പച്ചപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. നമ്മുടെ കഴിവും ചിന്താശേഷിയും പ്രാഗല്ഭ്യവും ജന്മനാടിനുകൂടി ഉപകരിക്കും വിധം മാറ്റിയെടുക്കേണ്ടതില്ലേ?പൊതുവേദികളിലും കുടുംബവേദികളിലുമെല്ലാം നമ്മുടെ നാടിനെക്കുറിച്ച് ചർച്ച വരുമ്പോൾ ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന രീതിയിലുള്ള സംസാരം പലപ്പോഴും കേൾക്കാറുണ്ട്. ഇങ്ങനെ പറയുന്നവർ ഓർക്കാത്ത ഒരു കാര്യമുണ്ട്. യഥാർഥത്തിൽ, അവനവന്റെ നാടേതോ ആ...
പച്ചപ്പട്ടണിഞ്ഞ നാട്ടിൽ കൃഷി ഊർജിതപ്പെടുത്താൻ നമുക്ക് താൽപര്യമില്ല. എന്നാൽ, മരുഭൂമിയിൽ പച്ചപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. നമ്മുടെ കഴിവും ചിന്താശേഷിയും പ്രാഗല്ഭ്യവും ജന്മനാടിനുകൂടി ഉപകരിക്കും വിധം മാറ്റിയെടുക്കേണ്ടതില്ലേ?
പൊതുവേദികളിലും കുടുംബവേദികളിലുമെല്ലാം നമ്മുടെ നാടിനെക്കുറിച്ച് ചർച്ച വരുമ്പോൾ ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന രീതിയിലുള്ള സംസാരം പലപ്പോഴും കേൾക്കാറുണ്ട്. ഇങ്ങനെ പറയുന്നവർ ഓർക്കാത്ത ഒരു കാര്യമുണ്ട്. യഥാർഥത്തിൽ, അവനവന്റെ നാടേതോ ആ ഇടത്തെ ചുറ്റിപ്പറ്റിയുള്ള സമൂഹത്തിൽ ഗുണപരമായ ഒന്നും നടക്കുന്നില്ല എന്നാണ് ഇതിലൂടെ പറഞ്ഞുവെക്കുന്നതെന്ന്. പൂർവകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത് എന്നും പലരും പറയാറുണ്ട്. വിശേഷിച്ച് വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും കാര്യത്തിൽ.
നമ്മുടെ നാട്ടുകാരായ പല വ്യവസായികളും വ്യാപാരികളും നിസ്തുലമായ രീതിയിൽ പുറംനാടുകളിൽ സംഭാവന അർപ്പിക്കുന്നുണ്ട്.
മിടുക്കരായ മലയാളി പ്രഫഷനലുകൾ വിദേശങ്ങളിൽ അഭിമാനകരമായ രീതിയിൽ ജോലി ചെയ്യുന്നുമുണ്ട്. എന്തുകൊണ്ട് നമ്മുടെ നാട്ടിൽ അവർക്ക് അത് സാധ്യമാകുന്നില്ല? അവരിൽ ചിലരുടെയെങ്കിലും സംസാരത്തിലും ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന പതിവ് വാചകം വരാറുമുണ്ട്.
ഇതിന്റെ കാരണം, ബുദ്ധിജീവികളായ എന്റെ ചില സുഹൃത്തുക്കളോട് ആരാഞ്ഞു. ഉത്തരം രസാവഹമായിരുന്നു. ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന് പറയുന്നതിന്റെ അർഥം, ഇവിടെ ഒന്നും നടക്കില്ല എന്ന് മാത്രമല്ല; ഇവിടെ ഒന്നും നടത്താൻ തങ്ങൾക്ക് താൽപര്യമില്ല എന്നുകൂടിയാണ്- അവർ വിശദീകരിച്ചു. ഈ ഭാഷ്യം ഞാൻ പൂർണമായും വിശ്വസിക്കുന്നില്ല.
എങ്ങനെയാണോ ഇന്നലെകളിൽ ഉണ്ടായിരുന്നത്, അതുതന്നെ നാളെയും തുടരണമെന്ന സ്റ്റാസ്കോ കാഴ്ചപ്പാട് നമ്മുടെ നാടിനെ ഗ്രസിച്ചിട്ട് നാളേറെയായി എന്നത് വാസ്തവമാണ്. നമുക്ക് സ്വന്തമായുള്ള ചില മേന്മകളെ നാടുനീളെ കൊട്ടിഗ്ഘോഷിക്കുകയും എന്നാൽ സാമ്പത്തിക പുരോഗതിയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും കാര്യം വരുമ്പോൾ പുരോഗമന നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മിൽ പലരും. എന്നാലോ, അന്യനാടുകളുടെ പുരോഗതിയെക്കുറിച്ച് പറയാൻ നമുക്ക് എന്നും നൂറ് നാവാണ്.
‘ഇവിടെ ഒന്നും നടക്കുന്നില്ല, അവിടെ എല്ലാം നടക്കുന്നു എന്ന അഭിപ്രായം ശരിക്കും നിങ്ങൾക്കുണ്ടോ’ -എന്റെ ചില പ്രവാസി സുഹൃത്തുക്കളോട് ഞാൻ ചോദിച്ചു. ‘പുറംനാടുകളിൽ വികസന കാര്യങ്ങൾക്ക് വേഗമുണ്ട്. ഇവിടെ അവസരങ്ങൾ കുറവായത് കൊണ്ടാണ് പുറംനാട് കർമഭൂമിയായി തെരഞ്ഞെടുത്തത്. അവിടെയെത്തിയപ്പോഴാണ് ഇങ്ങനെയൊരു അഭിപ്രായം ഉടലെടുത്തത്’ -അവർ പറഞ്ഞു.
ഈ നാടുകളിലെ ഭരണസംവിധാനങ്ങളും രീതിയുമല്ല നമ്മുടെ നാട്ടിലുള്ളത്. വ്യത്യസ്ത സ്വരങ്ങൾക്ക് വിശാലമായ തോതിൽ ചെവികൊടുത്തുകൊണ്ട് നിലകൊള്ളുന്ന സംവിധാനമാണ് ഇവിടെയുള്ളത്. അതിന്റേതായ കാലതാമസം തീരുമാനങ്ങളിലുമുണ്ടാകും. ഒന്നും നടക്കുന്നില്ലെന്ന് പ്രചരിപ്പിക്കുമ്പോൾ ഒരർഥത്തിൽ നാം സൃഷ്ടിക്കുന്ന ശൂന്യത നാം തന്നെ ആഘോഷിക്കുന്ന രീതിയാകുന്നു. അതുമൂലം നാടിനുണ്ടാകുന്ന അപഖ്യാതി ആരും ഓർക്കുന്നില്ല. കൃഷിയിലോ വ്യവസായത്തിലോ മറ്റു നാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവിടെ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ‘കേരളം തീർത്തും വ്യത്യസ്തമാണ്, അത് അവിടങ്ങളിലേ നടത്താൻ കഴിയൂ’ എന്ന വാദവുമായി ഈ വ്യക്തിത്വങ്ങൾ തന്നെയാണ് ആദ്യം ഓടിവരിക. ഇത്തരം വിമർശനങ്ങളെയും ആശയങ്ങളെയും ജനാധിപത്യപരമായി ഉൾക്കൊള്ളാനുള്ള ഇടം ഇവിടെയുണ്ട് എന്നതും നാം ഓർക്കേണ്ട കാര്യമാണ്.
എന്നാലും പറയട്ടെ, നമ്മുടെ നാടിനെ എല്ലാ അർഥത്തിലും പുരോഗതിയിലേക്ക് നയിച്ചുകൊണ്ടല്ലേ മറ്റു നാടുകളിൽനിന്ന് വ്യത്യസ്തമാക്കേണ്ടത്?
കേരളത്തിന്റെ വിദ്യാഭ്യാസ -ആരോഗ്യ- സാമൂഹിക സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചെല്ലാം നാം ഏറെ ഊറ്റം കൊള്ളാറുണ്ട്. അത് നമ്മുടെ അതുല്യതയായി ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാറുമുണ്ട്. അത്തരം രംഗങ്ങളിലെ തിളക്കത്തോടൊപ്പം നാട് പുരോഗതി പ്രാപിക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ആധുനിക ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തിന്റെ അടിത്തറയുള്ള വ്യവസായങ്ങളിലൂടെയുമാണെന്ന് നാം തിരിച്ചറിയണം. നാടിന്റെ അതിർത്തി കടന്നാൽ, ഈ ചിന്തയുടെ ഏറ്റവും വലിയ പ്രയോക്താക്കളായി നാംതന്നെ മാറുന്നു. ഇത് ഒരുപരിധിവരെ വിരോധാഭാസമാണ്.
സ്വന്തം നൈപുണ്യം ജന്മനാടിന്റെ പുരോഗതിക്കായി സമർപ്പിക്കാൻ എന്തുകൊണ്ട് വൈമുഖ്യം കാണിക്കുന്നു എന്ന ചോദ്യം നാം നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്. മുറ്റത്തെ മുല്ലയെക്കാൾ എത്രയോ നിലവാരം കുറഞ്ഞ മുല്ലതൈകളെ നട്ടുവളർത്തുവാൻ നാമെല്ലാം ഓടിനടക്കുന്നു. പച്ചപ്പട്ടണിഞ്ഞ നാട്ടിൽ കൃഷി ഊർജിതപ്പെടുത്താൻ നമുക്ക് താൽപര്യമില്ല. എന്നാൽ, മരുഭൂമിയിൽ പച്ചപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ഇത് ഒരു ഉദാഹരണം മാത്രമാണ്. നമ്മുടെ കഴിവും ചിന്താശേഷിയും പ്രാഗല്ഭ്യവും ജന്മനാടിനുകൂടി ഉപകരിക്കും വിധം മാറ്റിയെടുക്കേണ്ടതില്ലേ? ഇന്ന് നിരവധി അവസരങ്ങൾ സർക്കാർ മുഖേനയും അല്ലാതെയും ഈ നാട്ടിലുണ്ട്. മറ്റു പലനാടുകളിലും ഇല്ലാത്തത്ര സ്വാതന്ത്ര്യവും സ്വാഭിമാനം സംരക്ഷിച്ചുള്ള ജീവിതവും ഈ നാട് നമുക്ക് ഉറപ്പുനൽകുന്നുമുണ്ട്. ആയതിനാൽ, ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന നെഗറ്റീവ് മൊഴി പൊളിച്ചെഴുതേണ്ട സമയമായില്ലേ?
ഇന്നു നാം കാണുന്ന ഇന്ത്യയുടെ ഒട്ടുവളരെ നന്മകൾക്കും വിത്തിട്ട് വെള്ളം പകർന്ന, ദേഷൈകദൃക്കുകളാൽ അന്നും ഇന്നും വിമർശിക്കപ്പെട്ടിട്ടുള്ള പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞതോർക്കുക: ‘പൗരത്വം എന്നത് രാജ്യത്തോടുള്ള സേവനം പൂർണമായും ഉൾക്കൊള്ളുന്നു.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.