തകരുന്ന സമ്പദ്വ്യവസ്ഥ, പതറുന്ന ഭരണകൂടം
text_fieldsമോദിയുടെ രണ്ടാം സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ആറുമാസങ്ങള്‍ കടന്നുപോയി. കശ്മീരിലും അസമിലും അനിശ്ചിതത്വത്തിെൻറ വിഭാഗീയവിത്തുകള് പാകി അത് മുളച്ച് ഇന്ത്യ മുഴുവന്‍ ഹിന്ദുത്വ ഭീകരഭരണത്തിെൻറ ചോരവീഴ്ത്താന്‍ ഒരുങ്ങിയാണ് രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. ഒന്നാം മോദിഭരണം സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥ അതിെൻറ ഏറ്റവും തീവ്രമായ നിഷേധാത്മക ഫലങ്ങള്‍ കാണിച്ചുതുടങ്ങിയതും ഇതേ കാലയളവില്‍തന്നെയാണ്. ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് അങ്ങനെയൊന്ന് ഇപ്പോള്‍ ഇല്ലെന്ന് ധനകാര്യമന്ത്രി ലോക്സഭയില്‍ പറഞ്ഞത് സാങ്കേതികമായി ശരിയാണ് എന്ന് സമ്മതിച്ചാല്‍പോലും സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തികക്കുഴപ്പമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത് എന്ന യാഥാർഥ്യം അൽപമെങ്കിലും സാമ്പത്തിക സാക്ഷരതയുള്ളവര്‍ക്ക് കണക്കുകളിലൂടെയും, അതിെൻറ ഇപ്പോഴത്തെ ആഴവും പരപ്പും ഇന്ത്യയിലെ സാധാരണ മനുഷ്യര്‍ക്ക് അവരുടെ നിത്യജീവിതത്തിലൂടെയും മനസ്സിലാക്കാന്‍ കഴിയും.
മാന്ദ്യമില്ല എന്ന സാങ്കേതികത്വംതന്നെ അർഥരഹിതമാവുംവിധമുള്ള കുഴപ്പങ്ങളാണ് സമ്പദ്വ്യവസ്ഥയില് ഇപ്പോള്‍ കുന്നുകൂടുന്നത്. ഈ നിഷേധവാദത്തിെൻറ തണലില്‍ ഇരുവരും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന നിലപാടുകൂടി എടുത്തിരിക്കുന്നു. ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലല്ലോ. ഈ കുയുക്തിയാവട്ടെ, പ്രശ്നങ്ങളെ കൂടുതല്‍ സങ്കീർണമാക്കിയിരിക്കുന്നു.
ട്രേഡ് സൈക്കിള്‍ എന്നത് ഏതു സമ്പദ് വ്യവസ്ഥയിലും ആഗോളതലത്തിലും സംഭവിക്കാവുന്ന പ്രതിഭാസമാണ്. എന്നാല്‍, അതിെൻറ തീവ്രത പലപ്പോഴും വ്യത്യസ്തമായിരിക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഉയര്‍ച്ചതാഴ്ചകളെ മാര്‍ക്സ് കണ്ടിരുന്നത് മുതലാളിത്തത്തിെൻറ അനിവാര്യമായ വിപണി സ്വഭാവമായിട്ടാണ്. ലാഭപ്രതിസന്ധിയാണ് അതിെൻറ മൂലകാരണം. പക്ഷേ, എല്ലാ പ്രതിസന്ധികളും ആസൂത്രിതമായ ഇടപെടലുകളിലൂടെ പരിഹരിക്കപ്പെടുകയോ, വിപണിതന്നെ സ്വയം പരിഹരിക്കുകയോ ചെയ്യും എന്നതാണ് ബൂര്‍ഷ്വാ ധനശാസ്ത്രത്തിെൻറ രണ്ടു വ്യത്യസ്ത തീര്‍പ്പുകള്‍. മറികടക്കാനാവാത്ത ആത്യന്തികപ്രതിസന്ധി മുതലാളിത്തം പാടേ തകര്‍ന്നുവീഴുന്ന വിപ്ലവസന്ധിയാണ്. അത് ചിലപ്പോള്‍ ഒരിക്കലും സംഭവിച്ചില്ല എന്നുവരാം. പക്ഷേ, അതിനിടയില്‍, ഒരു ക്ഷേമരാഷ്ട്രത്തില്‍, അതിെൻറ ലിബറല്‍ ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ സംഭവിക്കുന്നത് എന്തൊക്കെയാണ്? സാങ്കേതികമായ അർഥത്തില്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചനിരക്ക് രണ്ടു പാദങ്ങളില്‍ തുടര്‍ച്ചയായി പൂജ്യത്തിനു താഴെയാകുമ്പോഴാണ് സാമ്പത്തികമാന്ദ്യം സംഭവിച്ചു എന്ന് പറയുക. ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങനെ സംഭവിച്ചിട്ടില്ല എന്നത് വസ്തുതയാണ്. എന്നാല്‍, ഇത് കേവലം നിര്വചനത്തിെൻറ പ്രശ്നം മാത്രമാണോ? കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷക്കാലമായി സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കപ്പെടുന്നു എന്നത് അവഗണിക്കേണ്ട കാര്യമല്ല.
തുടര്‍ച്ചയായി അഞ്ചാംപാദമാണ് സമ്പദ്വ്യവസ്ഥയില് വളര്‍ച്ചനിരക്ക് കുറയുന്നതായി രേഖപ്പെടുന്നത്. അത് കുറഞ്ഞുകുറഞ്ഞ് 4.5 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി വ്യവസായ ഉൽപാദനം കുറയുകയാണ്. വൈദ്യുതി, കല്‍ക്കരി, ഇരുമ്പ്, ഇന്ധനം, സിമൻറ്, വളം തുടങ്ങി കാതല്‍ വ്യവസായങ്ങളായി അടയാളപ്പെടുത്തിയ മേഖലയിലും തുടര്‍ച്ചയായി ഉൽപാദനം ചുരുങ്ങുകയാണ്. കാതല്‍ വ്യവസായങ്ങളുടെ ഉൽപാദനം 5.8 ശതമാനമായി കുറഞ്ഞത് കഴിഞ്ഞ 14 വര്ഷക്കാലത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ ഉൽപാദനസൂചകമാണെന്ന് വിലയിരുത്തപ്പെടുന്നു. ജി.എസ്.ടി പിരിവില്നിന്നുള്ള വരുമാനവും കുറയുകയാണ്. 2018 സെപ്റ്റംബര്‍ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2019 സെപ്റ്റംബറില്‍ 2.67 ശതമാനം ഇടിവാണ് ജി.എസ്.ടിയില്‍ സംഭവിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ എല്ലാ മുന്‍കാല കണക്കും ഭേദിച്ച് വർധിക്കുകയാണ്. തൊഴില്‍വളര്‍ച്ച 2017-18 കാലത്ത് ഏതാണ്ട് നാലു ശതമാനമായിരുന്നത് ഇപ്പോള്‍ 2018-19 ആയപ്പോള്‍ 2.8 ശതമാനമായി കുറഞ്ഞിരിക്കുന്നു.
കോർപറേറ്റ് ഭീമന്മാര് ഈ അവസ്ഥയില്‍നിന്നു തല്ക്കാലം കരകയറാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിക്കഴിഞ്ഞു. അവര്‍ കടംവാങ്ങുന്നത് കുറഞ്ഞിരിക്കുന്നു. വ്യവസായ-സേവനമേഖലകളിലേക്കുള്ള ഋണനിരക്കില് കഴിഞ്ഞ രണ്ടുവര്ഷത്തിലെ ഏറ്റവും കുറഞ്ഞ ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനർഥം മൂലധനനിക്ഷേപം കുറയുന്നു എന്നും റിസ്കുകള്‍ എടുക്കാന്‍ വ്യവസായികള്‍ തയാറാവുന്നില്ല എന്നുമാണ്. വന്കിടക്കാരേക്കാള് ഈ സ്ഥിതിവിശേഷം കൂടുതല്‍ ബാധിക്കുക ഇടത്തരം-ചെറുകിട വ്യവസായികളെയാണ്. അവരുടെ മൂലധനനിക്ഷേപം ചുരുങ്ങുന്നതും ലാഭനിരക്ക് കുറയുന്നതും പല മേഖലകളിലെയും തൊഴിലവസരങ്ങളെ ബാധിക്കും. അസംസ്കൃതവസ്തുക്കളുടെ വിപണിയെ ബാധിക്കും. കാര്‍ഷികമേഖലയെ ബാധിക്കും.
ഏറ്റവും ഒടുവിലായി കോര്‍പറേറ്റ് നികുതി 10 ശതമാനം കുറച്ചിരിക്കുകയാണ്. അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിെൻറ ഫലമായി ചൈനയില്‍നിന്ന് പുറത്തുവരുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് ഈ ഇളവ് എന്നാണ് ധനകാര്യമന്ത്രി പറയുന്നത്. ചൈനയില്‍നിന്ന് വിട്ടുപോകുന്ന കമ്പനികള്‍ ഭൂരിഭാഗവും വിയറ്റ്നാം അടക്കമുള്ള തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് പോകുന്നത്. അതില്‍ ഒരു മാറ്റവും ഇപ്പോള്‍ വരാന്‍ പോകുന്നില്ല. നാടന്‍ കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുക, അങ്ങനെ അവരെ രക്ഷിച്ചുനിര്‍ത്തുക എന്ന ഉദ്ദേശ്യം മാത്രമേ ഈ പരിഷ്കാരത്തിനുള്ളൂ.
ഇതുവഴി ലഭിക്കേണ്ട ഭീമമായ വരുമാനം വേണ്ടെന്നുെവച്ചത് വലിയൊരു സാമ്പത്തികഭാരമാണ് സര്‍ക്കാറിെൻറ ചുമലില്‍ കെട്ടിെവക്കുക. ക്ഷേമപദ്ധതികള്‍ക്കുള്ള പണമാണ് ഇങ്ങനെ അവര്‍ക്കുവേണ്ടി ധൂർത്തടിക്കുന്നത്.
സാമ്പത്തികമാന്ദ്യത്തിലേക്കുള്ള ചെങ്കുത്തായ വഴിയിലൂടെ സമ്പദ്വ്യവസ്ഥ അതിവേഗം നിപതിക്കുകയാണ്. ഇതിനു കാരണമായ തങ്ങളുടെ തെറ്റായ സാമ്പത്തികനയങ്ങളെ തള്ളിപ്പറയാനോ തിരുത്താനോ കരുതല്‍ നടപടികള്‍ എടുക്കാനോ തയാറാവാതെ എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് കേന്ദ്രഭരണകൂടം കരുതുന്നത് എന്ന് മനസ്സിലാവുന്നില്ല. ഹിന്ദുത്വ അജണ്ടയും ഫാഷിസ്റ്റ്രാഷ്ട്രസ്ഥാപനവും മുന്‍നിര്‍ത്തി നടത്തുന്ന അഭ്യാസങ്ങളൊന്നും സമ്പദ്വ്യവസ്ഥയെ രക്ഷിക്കില്ല. അതിനു വ്യക്തമായ സാമ്പത്തിക പരിജ്ഞാനവും സൂക്ഷ്മമായ സാമ്പത്തിക പരിപ്രേക്ഷ്യവും ആവശ്യമാണ്. നാലഞ്ച് വ്യവസായ മാഫിയകളുമായുള്ള ചങ്ങാത്തം മാത്രം അടിസ്ഥാനമാക്കി അവര്‍ക്കുവേണ്ടി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തുന്ന സാമ്പത്തിക ഗൂഢാലോചനകള്‍ രാഷ്ട്ര സുസ്ഥിരതയുടെ അസ്തിവാരം ഇളക്കിയിരിക്കുകയാണ്.
2008-2009 കാലത്തുണ്ടായ സാമ്പത്തികമാന്ദ്യം വലിയ തോതില്‍ ബാധിക്കാതിരുന്ന പ്രദേശമാണ് ഇന്ത്യ. അതിനുള്ള പ്രധാന കാരണം മന്മോഹൻ സിങ്ങിെൻറ ഫലപ്രദമായ ഇടപെടലുകളായിരുന്നുവെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡൻറ്ഒബാമതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ ആഗോള സാമ്പത്തികമാന്ദ്യത്തിെൻറ 12 മാസവും ഇന്ത്യയില്‍ ആറു ശതമാനം വളര്‍ച്ചനിരക്ക് ഉണ്ടായിരുന്നു. മോദി കാലത്തെന്നപോലെ നോട്ട് റദ്ദാക്കലും ജി.എസ്.ടിയും മറ്റു നിരവധി തെറ്റായ ഇടപെടലുകളും അന്ന് ഗ്രാമീണ-കാര്‍ഷിക സമ്പദ്വ്യവസ്ഥയെ അവതാളത്തിലാക്കിയിരുന്നില്ല. ആഗോളീകരണത്തിെൻറ ദോഷഫലങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അമിതമായ സാമ്പത്തിക ദുഃസ്ഥിതി എല്ലാ മേഖലകളെയും ഒരുപോലെ ഗ്രസിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ആഗോളതലത്തില്‍ മറ്റൊരു സാമ്പത്തിക പ്രതിസന്ധി കടന്നുവരുകയാണ്. കൂടുതല്‍ കൂടുതല്‍ ധനശാസ്ത്രവിദഗ്ധര് 2020-21 കാലത്തോടെ അത്തരമൊരു അവസ്ഥ സംജാതമാകുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ്. എന്നാല്‍, ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ലോകസാമ്പത്തിക തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഒരു കവചവും അവശേഷിക്കുന്നില്ല. അതിെൻറ നീരാളിപ്പിടിത്തത്തില്‍ അമര്ന്നുപോവുക എന്നതല്ലാതെ മറ്റു പോംവഴികള്‍ അടഞ്ഞുപോയിരിക്കുന്നു.
ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം സംഭവിക്കുന്നതിെൻറയും ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നതിെൻറയും കാരണങ്ങള്‍ ഒന്നല്ല. ഇന്ത്യയില്‍ പണപ്പെരുപ്പവും മാന്ദ്യവും ഒരുമിച്ചു സംഭവിക്കുകയാണ്. പക്ഷേ, ലോക സാമ്പത്തികക്കുഴപ്പം കൂടുതല്‍ ദൃഢീകൃതമാകുന്നതോടെ അതിെൻറ ആഘാതങ്ങള്‍ പതിന്മടങ്ങ് ശക്തിയില്‍ ഇന്ത്യയില്‍ ആഞ്ഞടിക്കാനുള്ള സാധ്യതയാണ് കാണാന്‍ കഴിയുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്ത്യ ഇപ്പോള്‍ ആഗോള സാമ്പത്തികക്കുഴപ്പത്തെ ചെറുത്തുനില്ക്കുന്ന സമ്പദ്വ്യവസ്ഥയല്ല; മറിച്ച്, അതിന് ആക്കംകൂട്ടുന്ന ഒരു പ്രധാന കണ്ണിയാണ്.
ഇനി ഒരിക്കല്‍ക്കൂടി സാമ്പത്തിക നിരക്ഷരതയുടെ, ക്രോണി മുതലാളിത്തത്തിെൻറ, ദേശീയ ഫാഷിസ്റ്റ് സാംസ്കാരിക ദേശീയതയുടെ, നിര്‍ലജ്ജമായ കോർപറേറ്റ് പ്രീണനത്തിെൻറ ശക്തികള്‍ എന്ന നിലക്കുമാത്രം പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍ കയറ്റേണ്ടതുണ്ടോ എന്ന് നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.