സവര്‍ണ സംവരണത്തിെൻറ മറവിലെ സീറ്റുകൊള്ള
text_fieldsസാമ്പത്തിക സംവരണം എന്ന പേരില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണ ജാതി സംവരണം നടപ്പാക്കിയിട്ട് ഒരു കൊല്ലം പിന്നിടുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യമാകെ നടപ്പാക്കും മുന്‍പ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ സവര്‍ണ സംവരണത്തിന് തുടക്കമിട്ടിരുന്നു. സംവരേണതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ നടപ്പാക്കിയ സംവരണം ഫലത്തില്‍ മുന്നാക്ക വഭാഗങ്ങള്‍ക്കുള്ള 'ജാതി സംവരണ'മായി മാറി. സാന്പത്തികമായി പിന്നാക്കമായവര്‍ എന്ന പരിഗണനയില്‍ സംവരണം ലഭിക്കാന്‍ അര്‍ഹരായവരുടെ മാനദണ്ഡം നിശ്ചയിച്ചപ്പോള്‍ തന്നെ കേരളത്തിലെ മുന്നാക്കസംവരണം സന്പന്നര്ക്കുവേണ്ടിയുള്ളതായി മാറിക്കഴിഞ്ഞിരുന്നു.
വരുമാനപരിധി നാലുലക്ഷത്തില്‍ പരിമിതപ്പെടുത്തിയെങ്കിലും കോടികളുടെ മറ്റ് ആസ്തിയുള്ളവരും- പ്രത്യേകിച്ച് ഭൂമി-സാന്പത്തികമായി പിന്നാക്കമെന്ന വിഭാഗത്തില്‍ ഉൾപ്പെടുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ നിശ്ചയിച്ചത്. കൊച്ചി നഗരത്തില്‍ 50 സെൻറ് സ്ഥലമുള്ള മുന്നാക്ക ജാതിയിൽപെട്ടയാളെ ദരിദ്രനായാണ് കണക്കാക്കുക. പഞ്ചായത്തിലും നഗരസഭ പ്രദേശത്തും കോര്പറേഷന് പരിധിയിലും ഭൂമിയുണ്ടെങ്കില്‍ എല്ലാം ചേര്‍ത്ത് രണ്ടര ഏക്കര്‍ കവിയാതിരുന്നാലും പാവപ്പെട്ടവന് തന്നെ! ജസ്റ്റിസ് ശശിധരന്‍നായര്‍ കമീഷന് റിപ്പോര്‍ട്ടാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആധാരമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പിന്നാക്ക മാനദണ്ഡങ്ങള്‍ കേരളത്തില്‍ ബാധകമാക്കരുതെന്നും അങ്ങനെവന്നാല്‍ സാന്പത്തിക സംവരണത്തിന് കേരളത്തില്‍ അര്‍ഹരായവര്‍ വളരെ പരിമിതരാകുമെന്നും തുറന്നുപറഞ്ഞാണ് കോടികളുടെ സ്വത്തുള്ളവരെപ്പോലും സംവരണപരിധിയിൽ എത്തിച്ചത്. എന്നിട്ടും കേരളത്തില്‍ മതിയായ അപേക്ഷകര്പോലുമില്ലെന്ന് പ്ലസ് വണ്‍ പ്രവേശനാനുഭവം തെളിയിക്കുന്നു.
വ്യവസ്ഥകൾ ഉദാരമാക്കിയിട്ടും സീറ്റിലേക്ക് ആളില്ല
വ്യവസ്ഥകള്‍ അത്യന്തം ഉദാരമാക്കിയ ശശിധരന്‍നായരുടെ പ്രതീക്ഷകളെപ്പോലും അസ്ഥാനത്താക്കിയാണ് ഇത്തവണത്തെ പ്ലസ്വൺ പ്രവേശനം. മുന്നാക്ക വിഭാഗത്തിന് നീക്കിെവച്ചത് 16,711 സീറ്റ്. എന്നാല്‍, പ്രധാന അലോട്ട്മെൻറുകള്‍ കഴിഞ്ഞപ്പോള്‍ പ്രവേശനത്തിന് ആകെയുണ്ടായത് 6025 കുട്ടികള്‍ മാത്രം-അനുവദിക്കപ്പെട്ടതിെൻറ വെറും 36 ശതമാനം. അര്‍ഹരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സ്വാശ്രയ സ്കൂളില്‍പോലും സീറ്റ് കിട്ടാതെ അലയുന്ന കേരളത്തിലാണ് മുന്നാക്ക സംവരണ സീറ്റുകളില്‍ ആളില്ലാതായത്.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഗവ.സ്കൂളില്‍നിന്നുള്ള ഒരു സാന്പിളെടുക്കാം. അവിടെ പ്രവേശനം നേടിയ അവസാന പട്ടികജാതി വിദ്യാര്‍ഥിയുടെ റാങ്ക് - 1638. മുസ്ലിം വിദ്യാര്‍ഥിയുടെ റാങ്ക് -733. ഈഴവ -758. പിന്നാക്ക ഹിന്ദു - 954. എന്നാല്‍ മുന്നാക്ക വിഭാഗത്തിലെ അവസാന റാങ്ക് - 2175! രാജ്യത്തെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക ജാതിയില്‍പെട്ടവരുടെ അവസരം 1638ാം റാങ്കുകാരനില്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ മുന്നാക്കക്കാരില്‍ 2175ാമനും പ്രവേശനം കിട്ടി! തീര്‍ന്നില്ല, ജില്ലയില്‍ മുന്നാക്കക്കാര്‍ക്ക് നീക്കി െവച്ച 484 സീറ്റിലേക്ക് അപേക്ഷകരേ ഉണ്ടായുമില്ല!!
ആളൊഴിഞ്ഞ സംവരണ േക്വാട്ടക്ക് കാരണം സവര്‍ണ സംവരണത്തിെൻറ മറവില്‍ നടന്ന സാമൂഹിക വിരുദ്ധമായ സീറ്റ് കൊള്ള കൂടിയാണ്. ഭരണഘടന ഭേദഗതിയിലൂടെ നടപ്പാക്കിയ നിയമപ്രകാരം പരമാവധി 10 ശതമാനമാണ് മുന്നാക്ക സംവരണത്തിെൻറ തോത്. എന്നാല്‍, കേരളത്തില്‍ നടപ്പാക്കിയ പല മേഖലകളിലും ഈ നിയമ വ്യവസ്ഥപോലും അട്ടിമറിക്കപ്പെട്ടു. ഹയര്‍സെക്കൻഡറി ഒരു ഉദാഹരണമാണ്. ആകെ 1,62,815 സര്‍ക്കാര്‍ സീറ്റുള്ള കേരളത്തില്‍ ഇത്തവണ ആദ്യ അലോട്ട്മെൻറില്‍ 16,711 സീറ്റാണ് മുന്നാക്കക്കാര്‍ക്ക് നീക്കിെവച്ചത്.
അര്‍ഹമായ 10 ശതമാനത്തിനേക്കാള്‍ 430 സീറ്റ് കൂടുതല്‍. അഥവാ 11 ശതമാനം. ഈഴവ (ലഭിച്ചത് 13,002 സീറ്റ്, മുസ്ലിം (ലഭിച്ചത് 11,313 സീറ്റ്) തുടങ്ങിയ പിന്നാക്ക സമുദായങ്ങള്‍ക്കൊന്നും ഇങ്ങനെ അധിക സീറ്റ് ലഭിച്ചിട്ടില്ല. മുന്നാക്കവിഭാഗത്തിന് അധിക സീറ്റ് കൊടുത്തതിന് ഒരു നിയമവും വ്യവസ്ഥയും ചട്ടവും സാങ്കേതികമായിപ്പോലും പറയാനുമില്ല. സാന്പത്തിക സംവരണം നടപ്പാക്കാന്‍ അധികസീറ്റ് അനുവദിക്കുമെന്ന വാഗ്ദാനവും ഹയര്‍സെക്കൻഡറിയില്‍ നടപ്പായില്ല. ഇങ്ങനെ സീറ്റ് കവര്‍ന്ന് സ്വന്തക്കാര്‍ക്കായി മാറ്റിെവച്ചിട്ടും പഠിക്കാന്‍ കുട്ടികളെത്തിയില്ല. 10,686 സീറ്റാണ് അവസാനം ജനറല്‍ വിഭാഗത്തിലേക്ക് മാറ്റേണ്ടിവന്നത്.
എം.ബി.ബി.എസ് സീറ്റിൽ നിയമവും മറികടന്ന ശതമാനം
സംസ്ഥാനത്ത് ഏറ്റവും ആവശ്യക്കാരുള്ള, പ്രവേശനത്തില്‍ കടുത്ത മത്സരം നടക്കുന്ന എം.ബി.ബി.എസ് സീറ്റില്‍ 12.35 ശതമാനം മുന്നാക്ക സംവരണമാണ് നടപ്പാക്കിയത്. സംവരണം ഏർപ്പെടുത്തിയ ഭരണഘടനാഭേദഗതിയില്‍ തന്നെ പരമാവധി 10 ശതമാനം വരെ നല്‍കാമെന്നാണ് വ്യവസ്ഥ. പക്ഷേ, 'പുരോഗമന നവോത്ഥാന കേരള'ത്തില്‍ എം.ബി.ബി.എസിന് അത് 12.35 ശതമാനമായി മാറി. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷ പ്രോസ്പെക്ടസില്‍ 130 സീറ്റ് സവര്‍ണസംവരണത്തിന് മാറ്റിെവച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏത് സീറ്റിെൻറ 10 ശതമാനമാണ് ഈ 130 എന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ല. 1400 സീറ്റാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആകെ സീറ്റ്. ഇതില്‍നിന്ന് വിവിധ കേന്ദ്ര േക്വാട്ടകള് കഴിച്ചാല്‍ ബാക്കി 1052 സീറ്റ്. ഇതിെൻറ ഒമ്പതു ശതമാനമാണ് ഈഴവര്‍ക്ക് ലഭിക്കുന്നത്-94 സീറ്റ്. എട്ടു ശതമാനം മുസ്ലിംകള്ക്ക് - 84 സീറ്റ്. ലത്തീന്‍ അടക്കമുള്ള മറ്റു പിന്നാക്കക്കാര്‍ക്ക് ഇതേ തോതിലാണ് സംവരണം അനുവദിച്ചിരിക്കുന്നത്. സാന്പത്തികസംവരണത്തിന് ഇതനുസരിച്ച് മാറ്റിെവക്കേണ്ടത് 105 സീറ്റാണ്. പകരം നല്‍കിയത് 130 സീറ്റ്. അഥവാ 25 സീറ്റ് അധികം. 12 ശതമാനത്തില്‍ കൂടുതല്‍. മുന്നാക്ക സംവരണം നടപ്പാക്കുന്നതിെൻറ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 155 സീറ്റ് കേരളത്തിന് അനുവദിച്ചിരുന്നു. ഇതില്‍നിന്ന് ഓള് ഇന്ത്യ േക്വാട്ട കഴിച്ച് ബാക്കിയെല്ലാം മുന്നാക്കക്കാര്‍ക്കായി പതിച്ചുകൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
രാജ്യത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത മുട്ടുന്യായമാണ് ഇതിനായി പറയുന്നത്. അധികം കിട്ടിയ സീറ്റുകള്‍ കേരളത്തില്‍ സീറ്റ് കുറവുള്ള മെഡിക്കല്‍ കോളജുകള്‍ക്ക് വീതിച്ചുനല്കി. ഇതില്‍ 42 സീറ്റ് ലഭിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിനാണ്. ആ 42 സീറ്റും മുന്നാക്കക്കാര്‍ക്ക് തന്നെ നല്‍കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കൊണ്ടുവന്നു! ഇതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജിലെ ആകെയുള്ള 250 സീറ്റില്‍ 42 സീറ്റും മുന്നാക്ക സമുദായത്തിന് മാത്രമായി മാറി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലാണ് കൂടുതല്‍ സീറ്റ് മാറ്റി െവച്ചത്- 21 വീതം. സംവരണ സീറ്റ് എല്ലാ കോളജുകളിലും തുല്യമായി വിതരണം ചെയ്യണമെന്ന സാമൂഹിക നീതിയുടെ ഏറ്റവും പ്രാഥമിക തത്ത്വം പോലും ബലികഴിച്ചാണ് ഇടതുസര്‍ക്കാറിെൻറ ഈ സവര്‍ണ സേവ. മികച്ച കോളജുകളിലെ ജനറല്‍ വിഭാഗത്തില്‍ പ്രവേശനം ലഭിക്കേണ്ട പിന്നാക്ക വിദ്യാര്‍ഥികളുടെ അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്.
മെഡിക്കൽ പി.ജിയിലെ സീറ്റുകൊള്ള
മെഡിക്കല്‍ പി.ജി സീറ്റില്‍ സമാനതകളില്ലാത്ത സീറ്റ് കൊള്ളയാണ് നടന്നത്. രാജ്യത്ത് ഏറ്റവും വിലപിടിപ്പുള്ള പി.ജി സീറ്റില്‍ അന്യായമായ സംവരണത്തോതാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ആകെ അനുവദിച്ചത് ഒമ്പതു ശതമാനം സംവരണമാണ്. ഈഴവര്‍ക്ക് മൂന്ന്, മുസ്ലിംകള്ക്ക് രണ്ട് എന്നിങ്ങനെ അത് വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവിടെ മുന്നാക്കക്കാർക്ക്10 ശതമാനം തികച്ച് ലഭിക്കും.
സീറ്റെണ്ണം ഇങ്ങനെ: ഈഴവ - 13 സീറ്റ്. മുസ്ലിം - 9 സീറ്റ്. മുന്നാക്ക വിഭാഗം - 30 സീറ്റ്. മറ്റു സംവരണ സീറ്റുകള്‍ എല്ലാം ഒഴിവാക്കി സംവരണം ഇല്ലാത്ത 297 സീറ്റിെൻറ 10 ശതമാനം ആയാണ് ഇവിടെ 30 സീറ്റ് കണക്കാക്കിയത്. പിന്നാക്കക്കാരെ ബാധിക്കാതെ ജനറല്‍ േക്വാട്ടയില്നിന്നാകും മുന്നാക്കസംവരണത്തിന് സീറ്റ് കണ്ടെത്തുക എന്ന സര്‍ക്കാര്‍ വാഗ്ദാനം ആകെ നടപ്പായത് ഇവിടെ മാത്രം. പക്ഷേ, പിന്നാക്കവിഭാഗങ്ങള്ക്കുപോലും േക്വാട്ട കുറച്ചുെവച്ച മേഖലയിലാണ് സവര്‍ണ സംവരണം സന്പൂര്‍ണമായി നടപ്പാക്കിയത്.
പ്ലസ് ടു, എം.ബി.ബി.എസ്, മെഡിക്കല്‍ പി.ജി മേഖലകളില്‍ സവര്‍ണ സംവരണം നടപ്പാക്കിയത് മൂന്നു തരത്തിലാണ്. സംവരണം നടപ്പാക്കുന്നതിെൻറ ഭാഗമായി എം.ബി.ബി.എസില്‍ ലഭിച്ച അധികസീറ്റ് മുഴുവന്‍ മുന്നാക്കക്കാരുടേതാക്കി മാറ്റുകയാണ് മെഡിക്കല്‍ കോളജില്‍ ചെയ്തത്. ഹയര്‍ സെക്കൻഡറിയിലാകട്ടെ, നിലവിലുള്ള സീറ്റിൽനിന്നുതന്നെ സംവരണത്തിന് മാറ്റിെവച്ചു. എം.ബി.ബി.എസിലും പ്ലസ്വണിലും ഭരണഘടനാവ്യവസ്ഥ പോലും അട്ടിമറിച്ച് സംവരണത്തോത് ഉയര്‍ത്തി.
മെഡിക്കല്‍ പി.ജിയില്‍, ജനറല്‍ േക്വാട്ടയുടെ 30 ശതമാനം എന്ന പ്രഖ്യാപിതനയം നടപ്പാക്കി. എന്നാല്‍, ഈ തത്ത്വം എം.ബി.ബി.എസിലും പ്ലസ് വണിലും അട്ടിമറിച്ചു. എന്നാല്‍, അവിടെ ഈഴവരുടെ സംവരണ േക്വാട്ടയുടെ മൂന്നിരട്ടിയിലേറെ ശതമാനമാണ് മുന്നാക്കക്കാര്‍ക്ക് മാറ്റിെവച്ചത്. മുസ്ലിംകളെക്കാള് അഞ്ച് ഇരട്ടിയും.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കസംവരണത്തിന് ഏകീകൃത നയവും രീതിയുമില്ല. അത് ഏകീകരിച്ച് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യേണ്ടത് മുന്നാക്കസംവരണം നടപ്പായതോടെ അത്യന്താപേക്ഷിതമായിരിക്കുന്നു. നന്നേ ചുരുങ്ങിയത് പി.എസ്.സിയിലെ സംവരണത്തോതെങ്കിലും വിദ്യാഭ്യാസമേഖലയില്‍ ഏകീകൃതമായി നടപ്പാക്കണം.
മെഡിക്കല്‍ പി.ജിയിലെ പിന്നാക്കസംവരണം അര്‍ഹമായ തോതില്‍ ലഭിക്കുന്നില്ല എന്ന പരാതി പതിറ്റാണ്ടുകളായി കേരളത്തിലെ പിന്നാക്കവിഭാഗക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനോട് എല്ലാതരത്തിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍സംവിധാനവും മുന്നാക്ക വിഭാഗത്തിന് ഞൊടിയിടയില്‍ സന്പൂര്‍ണ സംവരണം അനുവദിച്ചതില്‍നിന്നുതന്നെ ഭരണസംവിധാനത്തിെൻറ ജാതിമനോഭാവം വ്യക്തമാകുന്നുണ്ട്.
ഈ ഉദ്യോഗസ്ഥരുടെ തോളിലിരുന്ന് സവര്‍ണസംവരണം നടപ്പാക്കിയ ശേഷം, ഇതുപോലെ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ആർ.എസ്.എസിനെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണെൻറ രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോള്‍ കേരളഭരണം നിയന്ത്രിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുത്താല്‍ കോടിയേരി-പിണറായി മുന്നണിക്കുമുന്നില് മോഹന്‍ ഭാഗവത്-മോദി സഖ്യം നിര്‍ദയം തോറ്റമ്പുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.