ന്യൂനപക്ഷ സ്കോളർഷിപ്: സംസ്ഥാനത്ത് നടക്കുന്നതെന്ത്?
text_fieldsസാമ്പത്തികവും സാമൂഹികവുമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തി സാമൂഹികനീതി സാധ്യമാക്കാനാണ് ആ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ് പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്. വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന പ്രധാന കാര്യമാണിത്.
നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കുകയും തികഞ്ഞ വിവേചന ചിന്തയോടെ അട്ടിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് പരമാർഥമാണ്. കേന്ദ്രം സമയബന്ധിതമായി തുക നൽകാത്തതിനാൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യാനാവുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. എന്നാൽ, സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയും ഫണ്ട് വകമാറ്റലുമെല്ലാം സ്കോളർഷിപ് മുടക്കത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് സി.എ.ജി അന്വേഷണ റിപ്പോർട്ട്.
ഫണ്ട് വകമാറ്റൽ
ന്യൂനപക്ഷ വിദ്യാർഥികൾക്കായി കേന്ദ്രാവിഷ്കൃത പ്രീ, പോസ്റ്റ് മെട്രിക് സ്കോളർഷിപ് പദ്ധതികൾ സംസ്ഥാന സർക്കാർ മുഖേനയാണ് നടപ്പാക്കുന്നത്. വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുകയും, അർഹത പരിശോധിക്കുകയും, സൂക്ഷ്മപരിശോധന നടത്തുകയും, അർഹരായ ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നത് സംസ്ഥാന സർക്കാറിന്റെ ചുമതലയാണ്.
അർഹരായ ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി സ്കോളർഷിപ് വിതരണം ഉറപ്പാക്കുന്നതിന് പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സി.എ.ജി സൂക്ഷ്മപരിശോധന നടത്തിയത്. 2014 -15 വർഷം ലഭിച്ച ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് ഫണ്ടിന്റെ വിനിയോഗ സാക്ഷ്യപത്രം പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയില്ല. പദ്ധതിയിൽ ചെലവഴിക്കാത്ത സ്കോളർഷിപ് ഫണ്ട് കാർ, ഐപാഡുകൾ എന്നിവ വാങ്ങുന്നതിനുൾപ്പെടെ വക മാറ്റി ചെലവഴിച്ചുവെന്നാണ് പരിശോധനയിലെ പ്രധാന കണ്ടെത്തൽ.
വിദ്യാർഥിക്ക് പട്ടിണി, ഉദ്യോഗസ്ഥർക്ക് പത്രാസ്
ന്യൂനപക്ഷങ്ങൾക്കായുള്ള കേന്ദ്രാവിഷ്കൃത പ്രീ മെട്രിക് പദ്ധതി സംസ്ഥാനതലത്തിൽ നടപ്പാക്കുന്നതിനുള്ള ഉത്തവാദിത്തം പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും (ഡി.ജി.ഇ) പോസ്റ്റ് മെട്രിക് സ്കീമിന്റെ ചുമതല കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും (ഡി.സി.ഇ) ആണ്. പ്രീ മെട്രിക് സ്കീമിൽ ഡി.ജി.ഇ, സംസ്ഥാന നോഡൽ ഓഫിസർ എന്നിവർക്കായിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് പരിശോധയിൽ കണ്ടത്.
വിദ്യാർഥികൾക്ക് നൽകാൻ കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിൽനിന്ന് 40.28 ലക്ഷം ഉപയോഗിച്ചാണ് ഡി.ജി.ഇയുടെ കാര്യാലയത്തിന്റെ ഔദ്യോഗിക ഉപയോഗത്തിനായി രണ്ട് പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയത്. ഇതിന് സംസ്ഥാന സർക്കാർ ഭരണാനുമതി (2019 ആഗസ്റ്റ്) നൽകി. 2019 സെപ്റ്റംബറിൽ വാഹനങ്ങൾ വാങ്ങി. 2019 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ ഈ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇൻഷുറൻസ്, അനുബന്ധ വസ്തുക്കൾ എന്നിവക്കായി 10.58 ലക്ഷം ചെലവഴിച്ചു. 2017 -18 മുതൽ 2021 -22 വരെയുള്ള കാലയളവിൽ ഡി.ജി.ഇയുടെ ഓഫിസിന്റെയും കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉപയോഗത്തിനായി മൂന്ന് വാഹനങ്ങളുടെ വാടകക്ക് ഈടാക്കിയ 40.14 ലക്ഷത്തിന് പുറമെയാണിത്.
നാഷനൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ് പരീക്ഷ നടത്തുന്നതിനും എ.സി, ഐപാഡുകൾ, ടെലിവിഷൻ, മൊബൈൽ ഫോണുകൾ എന്നിവ വാങ്ങുന്നതിനുമായി 10.98 ലക്ഷത്തിന്റെ ഫണ്ടും വകമാറ്റി ചെലവഴിച്ചു. സ്കോളർഷിപ് ഫണ്ടിൽനിന്ന് ഒരു ശതമാനം തുക ഭരണപരവും അനുബന്ധവുമായ ചെലവുകൾക്ക് വിനിയോഗിക്കാമെന്ന വ്യവസ്ഥ അനുസരിച്ചാണ് കാറുകൾ വാങ്ങിയതും മറ്റു ചെലവുകൾ നടത്തിയതുമെന്നാണ് സംസ്ഥാന നോഡൽ ഓഫിസർ 2023 ജനുവരിയിൽ നൽകിയ മറുപടി.
എന്നാൽ, ഇതിനു വിരുദ്ധമായി സ്കോളർഷിപ് വിതരണം പൂർത്തിയാക്കാൻ ആവശ്യമായ തുക ഭരണച്ചെലവിന് ഉപയോഗിച്ചിട്ടില്ലെന്നും തുക സ്കോളർഷിപ് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു സർക്കാറിന്റെ മറുപടി. സംസ്ഥാനത്ത് നടപ്പാക്കുന്ന സ്കോളർഷിപ് പദ്ധതികളുടെ നിരീക്ഷണത്തിനായാണ് സർക്കാർ അനുമതിയോടെ കാറുകൾ വാങ്ങിയതെന്നാണ് പുതിയ വാദം.
പ്രീ മെട്രിക് പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരം, ഭരണപരമായ ചെലവുകൾക്കുള്ള ഫണ്ട്, പ്രത്യേകമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറും ഉൾപ്പെടെയുള്ള ഓഫിസ് ഉപകരണങ്ങൾ, അപേക്ഷ ഫോമുകളുടെ പ്രിന്റിങ്, പരസ്യം, യോഗ്യതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കൽ മുതലായവയുടെ ചെലവുകൾക്കായി ഉപയോഗിക്കുന്നതിന് വ്യവസ്ഥയുണ്ട്. 2014 -15ൽ ഭരണച്ചെലവുകൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച 84.54 ലക്ഷം ഇതിനകം വിനിയോഗിച്ചിട്ടുണ്ടെന്നും അനുബന്ധ പലിശയും തുടർന്നും മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് കേന്ദ്രസർക്കാറിൽനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഓഡിറ്റ് ചെയ്ത ചെലവ് പത്രിക സഹിതമുള്ള വിനിയോഗ സാക്ഷ്യപത്രം കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുമില്ല. ഇത് സംസ്ഥാന സർക്കാറിന്റെ ഗുരുതര വീഴ്ചയും കേന്ദ്ര മാർഗനിർദേശങ്ങളുടെ ലംഘനവുമാണ്.
വിതരണത്തിലെ അലംഭാവം
2014 -15 വർഷത്തിൽ 8,45,465 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ഭരണ ചെലവ് ഉൾപ്പെടെ 85.39 കോടി രൂപ ന്യൂനപക്ഷ സ്കോളർഷിപ് പദ്ധതി പ്രകാരം കേരളത്തിന് അനുവദിക്കപ്പെട്ടിരുന്നു. 2014 -15ൽ 3.52 ലക്ഷം കുട്ടികൾക്കുള്ള സ്കോളർഷിപ് ആയി 35.24 കോടി രൂപ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ മോഡലിലേക്ക് മാറ്റിയപ്പോൾ അപേക്ഷകൾ സമർപ്പിച്ച അക്കൗണ്ടിലെ വിശദാംശങ്ങളിലെ പൊരുത്തക്കേടുകൾ കാരണം വിതരണം ചെയ്യാൻ കഴിഞ്ഞില്ല. 2016 ജൂണോടെ 2.65 ലക്ഷം വിദ്യാർഥികൾക്കും 2022 മാർച്ചിൽ 55,590 വിദ്യാർഥികൾക്കും സ്കോളർഷിപ് വിതരണം ചെയ്തു.
2023 മാർച്ചിലെ കണക്ക് അനുസരിച്ച് 31,908 ഗുണഭോക്താക്കൾക്ക് സ്കോളർഷിപ് നൽകാനുണ്ട്. പ്രീ മെട്രിക് സ്കോളർഷിപ് പദ്ധതി നടപ്പാക്കുന്നതിന് 2019 മാർച്ച് 31 വരെ നൽകിയ ഫണ്ടിൽ ചെലവഴിക്കാത്ത തുക തിരിച്ചടക്കാൻ കേന്ദ്രസർക്കാർ 2020 ഡിസംബറിലും 2022 ജനുവരിയിലും നിർദേശിച്ചു. എന്നാൽ, പദ്ധതിക്കായി 2014 -15ൽ അനുവദിച്ച ഫണ്ടിൽ ചെലവഴിക്കാത്ത തുക പലിശ സഹിതം ബാങ്ക് അക്കൗണ്ടിൽ നിലനിർത്തി. പ്രീമെട്രിക് പദ്ധതിയുടെ ബാക്കി തുക ക്രമരഹിതമായി കൈകാര്യം ചെയ്തെന്നാണ് കണ്ടെത്തൽ. 2023 മേയ് 16ന് 8954 വിദ്യാർഥികൾക്കുകൂടി സ്കോളർഷിപ് അനുവദിച്ചു. ബാക്കി തുക കേന്ദ്രസർക്കാറിന് തിരികെ നൽകാൻ നടപടി ആരംഭിച്ചു എന്നാണ് സർക്കാർ 2023 ജൂണിൽ നിൽകിയ മറുപടി.
അക്കൗണ്ടുമായി പൊരുത്തപ്പെടാത്തത്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ എസ്.ബി അക്കൗണ്ടിൽ 2022 മാർച്ച് 31ന് 8.78 കോടി രൂപയുടെ ക്ലോസിങ് ബാലൻസ് ഉണ്ടായിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിക്കലുകൾ രേഖപ്പെടുത്തുന്നതിന് ഡി.ജി.ഇ ഒരു ചെക്ക് ഇഷ്യൂ രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ, ലഭിച്ച നിക്ഷേപങ്ങളുടെ രസീത്, ക്രെഡിറ്റ് ചെയ്ത പലിശ, തിരിച്ചടവ്, മടങ്ങിയ സ്കോളർഷിപ് തുക എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
ബാങ്ക് ഇടപാടുകൾക്കുള്ള വകുപ്പുതല അക്കൗണ്ട് സൂക്ഷിക്കാത്തതിനാൽ ബാങ്ക് അക്കൗണ്ടുമായി ഒത്തുനോക്കലും സാധ്യമായില്ല. വകുപ്പുതല അക്കൗണ്ടിന്റെയും ബാങ്ക് റീകൺസീലിയേഷൻ സ്റ്റേറ്റ്മെന്റിന്റെയും അഭാവത്തിൽ, ബാക്കി തുകയുടെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞില്ല. രേഖപ്പെടുത്താത്ത ക്രെഡിറ്റുകൾ /വ്യാജമായ പിൻവലിക്കലുകൾ എന്നിവ കണ്ടെത്താനുമാവില്ല. സുതാര്യമല്ല ഫണ്ട് ചെലവഴിക്കുന്നതിന്റെ കണക്കുപുസ്തകമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.