'അങ്ങനെയെങ്കിൽ ധനമന്ത്രിയുടെ ആവശ്യമില്ല' -ഡോ. ജോസ് സെബാസ്റ്റ്യൻ
text_fields
കേരളം ഒരു ധനമന്ത്രിക്ക് മുന്നിൽ വട്ടം കറങ്ങുകയാണോ? എന്താണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി? വായ്പകളെ അമിതമായി ആശ്രയിക്കുന്ന സംസ്ഥാനത്തിന് മുന്നിൽ എന്തെങ്കിലും ബദൽമാർഗങ്ങളുണ്ടോ? കിഫ്ബിയെയും വികസനത്തെപ്പറ്റിയുമുള്ള സംസ്ഥാന സർക്കാറിെൻറയും തോമസ് െഎസക്കിന്റെയും വാദങ്ങളിലെ വാസ്തവികത എത്രയാണ്? സാമ്പത്തിക വിദഗ്ധനായ ഡോ. ജോസ് സെബാസ്റ്റ്യൻ സംസാരിക്കുന്നു.
ഇടതു ജനാധിപത്യ മുന്നണിയുടെ കേരള 'വികസന അജണ്ട'യാണ് ബജറ്റിലൂടെ അവതരിപ്പിച്ചത്. ദരിദ്രരുടെ ക്ഷേമവും കേരളത്തിെൻറ സമഗ്ര വികസനവുമാണ് മുന്നണിയുടെ ലക്ഷ്യമെന്ന് ആവർത്തിച്ചു പറയുന്നു. എന്നാൽ, കേരളത്തിെൻറ സുസ്ഥിരമായ വികസനത്തിന് ഐസക് അവതരിപ്പിച്ച ബജറ്റുകൾ വഹിച്ച പങ്കെന്തായിരുന്നുവെന്ന ചോദ്യത്തിൽനിന്ന് ബുദ്ധിജീവികളിൽ പലരും തന്ത്രപരമായി ഒഴിഞ്ഞുമാറും.
നിയമസഭയിലാകട്ടെ ധനമന്ത്രിയുടെ ശബ്ദത്തിന് എതിർശബ്ദങ്ങൾ വളരെ ദുർബലമാണ്. സാമ്പത്തിക ശാസ്ത്രത്തിലെ സാങ്കേതിക പദാവലികൾകൊണ്ട് ധനമന്ത്രി അമ്മാനമാടുമ്പോൾ അർഥമറിയാതെ പ്രതിപക്ഷം നിശ്ശബ്ദമാകുന്നു. വി.ഡി. സതീശൻ ചില താർക്കിക യുക്തികൾ അവതരിപ്പിക്കുമെങ്കിലും ഐസക് 'പാണ്ഡിത്യം'കൊണ്ട് അതെല്ലാം നിഷ്പ്രഭം ആക്കുന്നു. ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ അന്വേഷണപരിധിക്കും അപ്പുറത്ത് നിൽക്കുന്ന ഒരു സോഷ്യലിസ്റ്റ് പാതയാണോ െഎസക് കേരളത്തിന് വിഭാവന ചെയ്യുന്നത്?
എന്താണ് കേരളത്തിെൻറ ധനസ്ഥിതി? വായ്പകളിൽ അമർന്ന സംസ്ഥാനത്തിന് മുന്നിൽ എന്തു പാതയാണ് മുന്നിലുള്ളത്? സാമ്പത്തിക വിദഗ്ധനായ ഡോ. ജോസ് സെബാസ്റ്റ്യനുമായി നടത്തിയ സംഭാഷണത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
ധനമന്ത്രി തോമസ് ഐസക്കിനെ നിരന്തരം വിമർശിക്കുന്ന സാമ്പത്തിക പണ്ഡിതൻ ആണല്ലോ താങ്കൾ. അതിന് പ്രത്യേക കാരണം ഉണ്ടോ?
അതെ, ധനകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളെയാണ് വിമർശിക്കുന്നത്. തോമസ് എന്ന വ്യക്തിയെ വിമർശിച്ചിട്ടില്ല. വ്യക്തിയെന്ന നിലയിൽ എനിക്ക് ഉപകാരങ്ങൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. സത്യത്തിൽ അദ്ദേഹത്തോട് കടപ്പാടാണുള്ളത്. കേരളത്തിലെ ധനകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തെ വിമർശിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. എൻെറ വിമർശനങ്ങൾ ഈ സമൂഹത്തിനു വേണ്ടി നടത്തുന്ന പ്രവർത്തനമാണ്. നാടിെൻറ സമ്പദ്ഘടനയുടെ നട്ടെല്ല് തകരുമ്പോൾ അത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ സമ്പദ്ഘടനയെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരാൾ എന്ന നിലയിൽ ഉത്തരവാദിത്തവുമാണ്. സമ്പദ് ഘടനയോടും വികസനത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടാണ് പ്രധാന പ്രശ്നം. കേരളം നേരിടുന്ന പ്രതിസന്ധിക്ക് എൻെറ അന്വേഷണത്തിൽ തെളിയുന്ന കാര്യങ്ങളാണ് പറയുന്നത്.
ധനമന്ത്രി തോമസ് ഐസക്കിൻെറ ബജറ്റ് പരിശോധിക്കേണ്ടത് 2006 മുതലാണ്. മണ്ണും മനുഷ്യനും എന്ന പുസ്തകമെഴുതിയ അദ്ദേഹത്തിെൻറ കേരള വികസനത്തോടുള്ള കാഴ്ചപ്പാട് ബജറ്റിൻെറ രൂപത്തിൽ അവിടെ മുതലാണ് തുടങ്ങുന്നത്. 2006ൽ ഐസക് സ്വീകരിച്ച സമീപനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. അതിനൊരു വളർച്ചയാണ് ഇന്നത്തെ 2021ലെ ബജറ്റ് എന്നു പറയാം.
ആ നിലയിൽ അദ്ദേഹം കേരളത്തിൽ 12 ബജറ്റുകൾ അവതരിപ്പിച്ചു. അദ്ദേഹത്തിെൻറ പരീക്ഷണങ്ങൾ പരാജയമായിരുന്നുവെന്ന് പറയുന്നതിൽ അർഥമുണ്ടോ? രണ്ടു പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവുകയല്ലേ അദ്ദേഹം ചെയ്തത്?
പൊതു ധനകാര്യത്തെക്കുറിച്ച് ജനങ്ങളുടെ ഇടയിലുള്ള തെറ്റായ ധാരണയിൽനിന്ന് അല്ലെങ്കിൽ ധാരണ പിശകിൽനിന്ന് ഉടലെടുക്കുന്നതാണ് ഈ അഭിപ്രായം. സത്യത്തിൽ ധനകാര്യത്തെക്കുറിച്ച് ശരിയായ ധാരണ വളർത്തിയെടുക്കുക എന്നതുകൂടി ഒരു ധനമന്ത്രിയുടെ കർത്തവ്യമാണ്. ആ അർഥത്തിൽ ഇതും ധനമന്ത്രിയുടെ പരാജയത്തിെൻറ ഭാഗമാണ്. തോമസ് ഐസക് സാധാരണ ഒരു ധനമന്ത്രി അല്ല. അദ്ദേഹം പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. അതിലുപരി ഇടതുബുദ്ധിജീവിയാണ്. അദ്ദേഹം വിചാരിച്ചിരുന്നുവെങ്കിൽ കേരളത്തിെൻറ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അദ്ദേഹത്തിെൻറ ബോധ്യങ്ങൾ പാർട്ടിയെയും കേരളസമൂഹത്തെയും ബോധ്യപ്പെടുത്താൻ തക്കവിധത്തിൽ വ്യക്തിപ്രഭാവമുള്ള ആളാണ്. പ്രത്യേകിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളിലും കേരളത്തിലെ മധ്യവർഗത്തിലും ബുദ്ധിജീവികളിലും ശക്തമായ സ്വാധീനം അദ്ദേഹത്തിനുണ്ട്. എന്നിട്ടും പൊതു വിഭവ സമാഹരണത്തിൽ പരാജയപ്പെട്ടു. സമാഹരിക്കുന്ന പൊതുവിഭവങ്ങളുടെ ഭാരം പാവപ്പെട്ടവരുടെ പുറത്താണ് പതിക്കുന്നത്. ഇക്കാര്യങ്ങൾ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ ബോധ്യമുള്ളതാണ്. എന്നാൽ യാഥാർഥ്യത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
ഇത്തരം വിലയിരുത്തലിനു ശാസ്ത്രീയമായ തെളിവുകൾ നിരത്താൻ കഴിയുമോ?
1989ൽ വിൽപന നികുതിയുടെ പ്രകടനത്തെക്കുറിച്ച് ഞാൻ നടത്തിയ പഠനം ഡോ. തോമസ് ഐസക് നിയമസഭയിൽ അടക്കം പലയിടത്തും ഉദ്ധരിച്ചിരുന്നു. അദ്ദേഹം മന്ത്രിയായപ്പോൾ സത്യത്തിൽ സന്തോഷിച്ചിരുന്നു. പൊതുവിഭവ സമാഹരണത്തിനുള്ള സാധ്യതകളെക്കുറിച്ചും ആവശ്യത്തെക്കുറിച്ചും അദ്ദേഹം സമൂഹത്തിൽ സംവാദങ്ങൾ അഴിച്ചുവിടും എന്നായിരുന്നു പ്രതീക്ഷ. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാൽ, ഒന്നുമുണ്ടായില്ല.
പലരും ചൂണ്ടിക്കാണിക്കുന്നത് ആളോഹരി നികുതി ഭാരത്തിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്നാണല്ലോ. ഇത് സൂചിപ്പിക്കുന്നത് പരമാവധി നികുതി പിരിക്കുന്നു എന്നല്ലേ?
അത് തെറ്റായ വ്യാഖ്യാനമാണ്. ആളോഹരി നികുതിഭാരത്തെ ആളോഹരി നികുതി നൽകൽ ശേഷിയും ആളോഹരി പൊതുചെലവുമായി ബന്ധപ്പെടുത്തി കാണണം. ആളോഹരി പൊതുചെലവുകളിലും കേരളം ഒന്നാമതാണ്. ചെലവ് നികത്താൻ ആവശ്യമായ വരവ് കണ്ടെത്തുകയാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. 1983^ 84 കാലം മുതൽ കേരളം തുടർച്ചയായി റവന്യൂകമ്മിയിലാണ്. അത് ഓരോ വർഷവും കൂടിവരുകയാണ്. പൊതു വിഭവസമാഹരണത്തിന് സാധ്യത ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിച്ചതെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ, സ്ഥിതി അതല്ല 1972 ^73ൽ ആളോഹരി ഉപഭോഗത്തിൽ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ കേരളത്തിന് എട്ടാം സ്ഥാനമായിരുന്നു. എഴുപതുകളുടെ മധ്യം മുതൽ തുടങ്ങിയ ഗൾഫ് കുടിയേറ്റം കേരളത്തെയും മാറ്റിമറിച്ചു. 1983 ആയപ്പോഴേക്കും കേരളം മൂന്നാംസ്ഥാനത്തേക്ക്, 1999^ 2000 മുതൽ ഒന്നാംസ്ഥാനത്തേക്ക് കേരളം കുതിച്ചു എന്നുമാത്രമല്ല ഒന്നാംസ്ഥാനം നിലനിർത്തി വരുകയാണ്.
ശ്രദ്ധിക്കേണ്ട കാര്യം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ ഭക്ഷ്യേതര സാധനങ്ങളുടെ, പ്രത്യേകിച്ച് ആഡംബര സാധനങ്ങളുടെ ഉപഭോഗം വളരെ കൂടുതലാണ്. ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് ഇവയുടെ മേലുള്ള നികുതിനിരക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ നികുതി നൽകാനുള്ള ശേഷിയിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. പക്ഷേ, പൊതുവിഭവ സമാഹരണത്തിൽ കേരളം തുടർച്ചയായി പരാജയപ്പെടുകയായിരുന്നു. കേരള സംസ്ഥാനം രൂപവത്കരണം തൊട്ടുള്ള 10 വർഷം അതായത് 1957- 58 മുതൽ 66- 67 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാനങ്ങൾ മൊത്തം സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിന് 4.45 ശതമാനം ഓഹരിയുണ്ടായിരുന്നു. കേരളം അങ്ങേയറ്റം ദരിദ്രമായ കാലഘട്ടമാണ് ഇതെന്നോർക്കണം. ഏറ്റവും പുതിയ കണക്കുകൾ 2018^19 കാലത്തേതാണ്. കേരളത്തിെൻറ ഓഹരി 4.38 ശതമാനം ആയി കുറഞ്ഞിരിക്കുന്നു.
ശ്രദ്ധേയമായ കാര്യം നമ്മുടെ വരുമാന ഘടന പെട്രോൾ, മദ്യം, ഭാഗ്യക്കുറി, മോട്ടോർ വാഹനങ്ങൾ എന്നീ നാല് ഇനങ്ങളിലേക്ക് ചുരുങ്ങി എന്നതാണ്. ഇന്ന് ഈ നാല് ഇനങ്ങൾ തനത് വരുമാനത്തിൻെറ 60 ശതമാനത്തിലേറെ സംഭാവന ചെയ്യുന്നു. 1980^ 81ൽ ഈ നാലു ഇനങ്ങളുടെ സംഭാവന 27.93 ശതമാനം മാത്രമായിരുന്നു. മറ്റ് മേഖലകളിൽനിന്നൊന്നും പൊതു വിഭവസമാഹരണം കാര്യമായി നടക്കുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്. കേരളംപോലെ സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും ഉയർന്നു നിൽക്കുന്ന സംസ്ഥാനത്ത് ഇത് സംഭവിക്കാൻ പാടില്ലാത്തതല്ലേ?
ശരിയാണ്. സംഭവിച്ചുകൂടാത്തതാണ്. രാഷ്ട്രീയ പ്രബുദ്ധത തന്നെയാണ് കേരളത്തിന് വിനയാകുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി കേരളം കൊണ്ടുനടക്കുന്നത് മുന്നണി രാഷ്ട്രീയമാണ്. ജനപ്രിയ പദ്ധതികൾ നടപ്പാക്കാനായി അന്യോന്യം മത്സരിക്കുകയായിരുന്നു മുന്നണികൾ. ഇവിടെ ജനപ്രിയം എന്നുെവച്ചാൽ നികുതിയിളവുകളും സൗജന്യങ്ങളും കൊടുത്തു ജനങ്ങളെ സന്തോഷിപ്പിച്ചു നിർത്തലാണ്. ഇതാണ് പ്രധാനമായും സർക്കാർ കൈകാര്യം ചെയ്തത്. പെട്രോൾ, മദ്യം, ഭാഗ്യക്കുറി എന്നീ ഇനങ്ങളിലേക്ക് വരുമാനം ചുരുങ്ങാനുള്ള കാരണം സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ തെറ്റായ ചില കണ്ടെത്തലുകളും സഹായിച്ചു.
ഇതൊക്കെ വർഷങ്ങളായി നടന്നുവരുന്ന കാര്യങ്ങൾ അല്ലേ? ഇവയൊക്കെ ഒരു സുപ്രഭാതത്തിൽ തിരുത്താൻ തോമസ് ഐസക് എന്ന ധനമന്ത്രിക്ക് കഴിയുമോ?
ശരിയാണ്. ഡോ. ഐസക്കിന് പെട്ടെന്ന് മാറ്റിയെടുക്കാവുന്ന കാര്യങ്ങളല്ല ഇതൊന്നും. പക്ഷേ, അദ്ദേഹത്തിന് ഒന്ന് ചെയ്യാമായിരുന്നു. പൊതുവിഭവ സമാഹരണത്തിൽ കേരളം പിന്നോട്ട് പോയിരിക്കുകയാണ്. സത്യം ജനങ്ങളോട് തുറന്നു പറയാമായിരുന്നു. നിയമസഭയിൽ പൊതുവേദികളിലും മാധ്യമങ്ങളിലും ഇക്കാര്യം വിളിച്ചുപറഞ്ഞു സംവാദങ്ങൾ ഉയർത്തി പൊതുജന അഭിപ്രായം സ്വരൂപിക്കാമായിരുന്നു. അദ്ദേഹം ചെയ്തത് മറ്റൊന്നാണ്. അദ്ദേഹത്തിൻെറ ആദ്യ ബജറ്റിൽ കേന്ദ്രം കൊണ്ടുവന്ന ധന ഉത്തരവാദിത്ത നിയമത്തെ എതിർത്തു. അതുപ്രകാരം ചെലവു ചുരുക്കിയും വരുമാനം വർധിപ്പിച്ചും റവന്യൂ കമ്മി കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങളെ പരിഹസിച്ച് അദ്ദേഹം ലേഖനങ്ങൾ എഴുതി. വരുമാനം വർധിപ്പിക്കാനുള്ള സാധ്യതകൾ സംസ്ഥാനത്തുണ്ടെന്ന സത്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് പകരം കടമെടുപ്പാണ് പരിഹാരം എന്ന നിലപാട് കൈക്കൊണ്ടു. 2006^07ലെ ബജറ്റ് പ്രസംഗത്തിൽ നിന്നും ഇക്കാര്യം ഉദ്ധരിക്കാം. നിത്യനിദാന ചെലവിന് വായ്പ എടുക്കുന്നത് കുത്തുപാള എടുപ്പിക്കും എന്ന വാദം ശരി. വികസന ചെലവുകൾക്ക്, അതും മൂലധനച്ചെലവിന് സംസ്ഥാനം വായ്പയെടുക്കുന്നത് ഏതടിസ്ഥാനത്തിലാണ് എതിർക്കപ്പെടേണ്ടതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് സംസ്ഥാനത്തിൻെറ വികസനത്തിന് ആവശ്യമായിട്ടുള്ള പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് കൂടുതൽ വായ്പയെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. (ബജറ്റ് പ്രസംഗം 2006- 2007 പേജ് 17.)
വായ്പയെടുക്കുന്നതിൽ എന്താണ് തെറ്റ്? വായ്പയെടുക്കുന്നത് പശ്ചാത്തല സൗകര്യങ്ങൾക്കാണ് എന്നല്ലേ അദ്ദേഹം പറഞ്ഞത്?
അവിടെയാണ് പ്രശ്നം. കഴിഞ്ഞ 20 വർഷത്തിനിടെ എടുത്ത കടം എന്തിനാണ് വിനിയോഗിച്ചത് എന്ന് ധനമന്ത്രി പരിശോധിച്ചു. 67 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ റവന്യൂ ചെലവുകൾക്കാണ് വിനിയോഗിച്ചത്. കടമെടുപ്പിലെ നിയന്ത്രണങ്ങൾ മറികടക്കാൻ ആണല്ലോ ആരംഭിച്ചത്.
കടമെടുത്ത് റവന്യൂ ചെലവുകൾ നടത്തുന്ന പതിവ് വളരെ മുമ്പുതന്നെ തുടങ്ങിയതല്ലേ? അതിന് എൽ.ഡി.എഫ് സർക്കാറിനെയും ധനമന്ത്രിയെയും മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണോ?
2001ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് ഭരണകാലത്താണ് കേരളം ഉത്തരവാദിത്ത നിയമം പാസാക്കിയത്. നിയമത്തിൽ പറഞ്ഞതുപോലെ റവന്യൂകമ്മി കുറച്ചുകൊണ്ടുവരാനുള്ള ചില നടപടികൾ യു.ഡി.എഫ് സർക്കാർ കൊണ്ടുവരുകയും ചെയ്തു. ഉദാഹരണമായി പങ്കാളിത്തപെൻഷൻ നടപ്പാക്കി. പക്ഷേ, 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ നടപടി റദ്ദാക്കി. പിന്നീട് 2011ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാറാണ് പങ്കാളിത്ത പെൻഷൻ പുനഃസ്ഥാപിച്ചത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ വീണ്ടും പങ്കാളിത്ത പെൻഷൻ റദ്ദുചെയ്യുമെന്ന നിലപാടിലാണല്ലോ.
ഐസക്കിൻെറ ആദ്യ ഊഴം വലിയ വിജയമായിരുന്നുവെന്ന അഭിപ്രായം ഉണ്ടല്ലോ. പൊതുവിഭവ സമാഹരണത്തിൽ അദ്ദേഹത്തിേൻറത് നേട്ടമുണ്ടാക്കി എന്നാണല്ലോ കണക്കുകൾ കാണിക്കുന്നത്?
ശരിയാണ്. പൊതുവിഭവ സമാഹരണത്തിൽ മുമ്പുള്ള യു.ഡി.എഫ് സർക്കാറിനെ അപേക്ഷിച്ച് ഡോ. െഎസക്കിെൻറ ആദ്യത്തെ പ്രകടനം കൊള്ളാമായിരുന്നു. അതിനൊരു പ്രധാന കാരണം മൂല്യവർധിത നികുതി ആയിരുന്നു; അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോഴാണ് വാറ്റ് നടപ്പാക്കിയത്. വാറ്റ് നടപ്പാക്കിയ ആദ്യ വർഷങ്ങളിൽ നികുതിവരുമാനത്തിൽ കാര്യമായ വർധന ഉണ്ടായി. അത് അദ്ദേഹത്തിെൻറ കഴിവുകൊണ്ടാണ് എന്ന് കേരളത്തിലെ ബുദ്ധിജീവി വർഗവും സാമ്പത്തിക വിദഗ്ധരും പറഞ്ഞു. എന്നാൽ, പുതിയ ഒരു നികുതിസമ്പ്രദായം നിലവിൽ വരുമ്പോൾ നികുതി വെട്ടിക്കാനുള്ള പഴുതുകൾ കണ്ടെത്തി പ്രയോജനപ്പെടുത്താൻ നികുതിദായകർ കുറേ സമയമെടുക്കും. നികുതി അടച്ച് അവർ പതുങ്ങിയിരുന്നു. അതാണ് ആദ്യവർഷങ്ങളിൽ നികുതി വരുമാനം വർധിച്ചത്. സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയതോടെ ശങ്കരൻ പിന്നെയും തെങ്ങിലായി. തുടർന്നുള്ള വർഷങ്ങളിൽ നികുതി വളർച്ചനിരക്ക് താഴെ പോയി. വാറ്റ് ഒഴിച്ച് ബാക്കി മേഖലകളിലൊന്നും അധിക വിഭവസമാഹരണത്തിന് ശ്രമിച്ചില്ല എന്നതാണ് സത്യം.
വാറ്റും വിൽപന നികുതിയും അല്ലാതെ സംസ്ഥാനത്തിന് വേറെ ഏതാണ് കാര്യമായ സ്രോതസ്സ്? വിഭവസമാഹരണത്തിന് സംസ്ഥാനങ്ങൾക്ക് പരിമിതമായ അധികാരങ്ങളല്ലേയുള്ളൂ?
കേന്ദ്രസർക്കാറിനെ അപേക്ഷിച്ച് സംസ്ഥാനങ്ങൾക്ക് അധികാരം കുറവും ചെലവ് ചെയ്യേണ്ട ഉത്തരവാദിത്തം കൂടുതലുമാണ്. ഈ അസന്തുലിതത്വം പരിഹരിക്കാനാണ് ഒാരോ അഞ്ചു വർഷം കൂടുന്തോറും നിയമിക്കപ്പെടുന്ന ധനകാര്യ കമീഷനുകൾ വഴി കേന്ദ്ര നികുതികളുടെ ഓഹരിയായും ഗ്രാൻറ് ആയും സംസ്ഥാനങ്ങൾക്ക് പൊതുവിഭവങ്ങൾ ലഭ്യമാക്കുന്നത്. പിന്നെ സംസ്ഥാനങ്ങൾക്ക് അധികാരമില്ല എന്നതിൽ കുറച്ചേ ശരിയുള്ളൂ. കൂടുതലും രാഷ്ട്രീയമാണ്. ഓരോ സംസ്ഥാനത്തെയും സമ്പദ് വ്യവസ്ഥയുടെ പ്രത്യേകത അനുസരിച്ച് നികുതി നികുതിയിതര സ്രോതസ്സുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതുണ്ട്. കേരളത്തിലെ മേൽക്കൈ ഉപഭോഗമാണ്. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ ആളോഹരി ഗാർഹിക ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം. പക്ഷേ, കേരളത്തിെൻറ ഉപഭോഗമേഖലയിൽ ഇത്രമാത്രം നികുതിവെട്ടിപ്പ് നടത്തുന്ന ഇന്ന് മറ്റൊരു സംസ്ഥാനം ഇല്ല. വർഷങ്ങളായി നടന്നുവരുന്ന ഈ നികുതിവെട്ടിപ്പ് വേണമെങ്കിൽ ജനങ്ങളുടെ വ്യാപകമായ പ്രചാരണം നടത്തേണ്ടതുണ്ട്. സന്നദ്ധമായ നികുതി നൽകൽ സംസ്കാരം വളർത്തിയെടുത്തു കൊണ്ടുവരാൻ ഐസക്കിന് മഹത്തായ ഒരു അവസരം ലഭിച്ചതാണ്. അദ്ദേഹം അത് കളഞ്ഞുകുളിച്ചു.
കേരളത്തിെൻറ കാര്യത്തിൽ കെട്ടിടനികുതി കാര്യമായി വർധിപ്പിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായ കെട്ടിടനികുതിക്ക് വലിയ സാധ്യത കേരളത്തിലുണ്ട്. കെട്ടിടനികുതി ചുമത്താനുള്ള അധികാരം സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൊടുത്തിട്ടുണ്ട്. ഒാരോ അഞ്ചു വർഷം കൂടുന്തോറും കെട്ടിടനികുതി പുതുക്കണമെന്നാണ് 1995ലെ പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമങ്ങൾ അനുശാസിക്കുന്നത്. 2013ലെ നിരക്കുകൾ വർധിപ്പിച്ചത് 20 വർഷത്തിനു ശേഷമാണ്. ഈ നിരക്കുകൾ വർധിപ്പിച്ച് ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാറാണ്. അതിൽ വലിയ വീഴ്ച വന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ച് പഠനങ്ങളും നടന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടനികുതിയുടെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ പല പരിമിതികളുണ്ട്. ഇവിടെ വേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നഷ്ടം പരിഹരിച്ചു കൊടുക്കാമെന്ന കരാറിന്മേൽ കെട്ടിടനികുതി ചുമത്താൻ ഉള്ള അധികാരം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ്. സംസ്ഥാനത്താകെ ഒരേ നിരക്ക് ഘടനയിലൂടെ നികുതി ഏർപ്പെടുത്തിയാൽ 15,000 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കാം എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മറ്റൊരു സുപ്രധാന സ്രോതസ്സ് ഇലക്ട്രിസിറ്റി തീരുവയാണ്. വൈദ്യുതി ഉപഭോഗത്തിനു മേൽ കേന്ദ്ര നിയമപ്രകാരം ചുമത്തുന്ന ഇലക്ട്രിസിറ്റിയുടെ വരുമാനം സംസ്ഥാന സർക്കാറുകൾക്കാണ്. ഇലക്ട്രിസിറ്റി തീരുവയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. കേരളം കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഒരു വരുമാന സ്രോതസ്സാണിത്. കേരളം കടുത്ത ഊർജ പ്രതിസന്ധി നേരിടാൻ പോവുകയാണ്. മദ്യ ഉപഭോഗം കുറയ്ക്കാൻ വേണ്ടി ഉയർന്ന നികുതി ചുമത്തിയതുപോലെ ഉയർന്ന ഇലക്ട്രിസിറ്റി തീരുവ ചുമത്തി വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും സംസ്ഥാനത്തിൻെറ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്യണം.
കെട്ടിടനികുതിയും ഇലക്ട്രിസിറ്റി തീരുവയും ഒക്കെ വർധിപ്പിക്കുന്നത് വലിയ എതിർപ്പ് ക്ഷണിച്ചുവരുത്തില്ലേ?
തീർച്ചയായും. കാരണം ഇതെല്ലാം നമ്മുടെ മധ്യവർഗത്തിൻെറയും സമ്പന്നരുടെയും മേൽഭാരം കൂട്ടും. പാവപ്പെട്ടവരെ ഇതിൽനിന്നും നിഷ്പ്രയാസം ഒഴിവാക്കാം. ഇത്തരം എതിർപ്പുകളുടെ പൊള്ളത്തരം സമർഥമായി മറികടക്കാൻ ധനശാസ്ത്രജ്ഞനായ ഡോ. ഐസക്കിന് കഴിയുമായിരുന്നു. അദ്ദേഹം ധനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ആദ്യവർഷം തന്നെ പടിപടിയായി നിരക്കുകൾ വർധിപ്പിച്ചിരുന്നെങ്കിൽ എതിർപ്പുകൾ ഇല്ലാതായി പതിയെ കെട്ടടങ്ങി ധനകാര്യ സുസ്ഥിരതയിലേക്ക് നയിക്കുമായിരുന്നു.
അങ്ങനെ കരുതാനാവുമോ? അതൊന്നും ചെയ്യാതെ ഇരുന്നിട്ടും 2011 തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെടുകയാണുണ്ടായത്?
അതെ. അത് സൂചിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വിജയത്തെ ലക്ഷ്യമാക്കി പൊതുനയങ്ങളിൽ വെള്ളം ചേർക്കുന്നതിൽ അർഥമില്ല. ഹ്രസ്വകാല താൽപര്യങ്ങൾക്ക് പകരം ദീർഘകാല താൽപര്യം നോക്കുകയും അത് സംരക്ഷിക്കുകയാണ് ക്രാന്തദർശിയായ ധനമന്ത്രി ചെയ്യേണ്ടിയിരുന്നത്. ഡോ. ഐസക് ഈ അവസരം പ്രയോജനപ്പെടുത്തിയില്ല.
2011ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാറും മേൽപറഞ്ഞ ഒരു നടപടിയും തുടർന്നില്ലല്ലോ? അത് എന്തുകൊണ്ടാണ്?
അത് സ്വാഭാവികമാണല്ലോ. ജനങ്ങളെ സന്തോഷിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാനാണ് ഇരുമുന്നണികളുടെയും ശ്രമം. എൽ.ഡി.എഫ് ചെയ്യാത്തത് ചെയ്താൽ പരാജയം ഉറപ്പല്ലേ. ഐസക് കടമെടുപ്പിന് പകരം പൊതുവിഭവ സമാഹരണത്തിന് ഒരു തുടക്കം കുറിച്ചിരുന്നുവെങ്കിൽ അതിെൻറ തുടർച്ചയായി യു.ഡി.എഫിന് മുന്നോട്ടു പോകാമായിരുന്നു. അതിനുപകരം ഭാഗ്യക്കുറി തന്നെ ആശ്രയിച്ച് പാവങ്ങളെ പിരിഞ്ഞുപോകുന്ന പരിപാടി വളരെ സമർഥമായി ധനമന്ത്രി കെ.എം. മാണി നടപ്പാക്കി. കാരുണ്യ പോലുള്ള ഭാഗ്യക്കുറികൾ ആരംഭിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കാൻ അവസരമൊരുക്കി. 2011ൽ എൽ.ഡി.എഫ് ഭരണത്തിൽ നിന്ന് ഇറങ്ങിയ വർഷം ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം മൊത്തം തനതു വരുമാനത്തിൽ 2.42 ശതമാനമായിരുന്നു. 2016ൽ യു.ഡി.എഫ് ഇറങ്ങിയ വർഷം ആയപ്പോഴേക്കും അത് 13.23 ശതമാനമായി ഉയർന്നു.
ഡോ. ഐസക്കിൻെറ രണ്ടാമത്തെ ഊഴത്തിലെങ്കിലും മദ്യവും ഭാഗ്യക്കുറിയും ആശ്രയിച്ചുള്ള ഈ സ്ഥിതിവിശേഷം മാറും എന്ന് പലരും പ്രതീക്ഷിച്ചു. ഭാഗ്യക്കുറിയെന്നത് പാവങ്ങളുടെ മേലുള്ള നികുതി തന്നെയാണ്. നിർബന്ധിച്ച് പിരിക്കുന്നതിന് പകരം പാവങ്ങളിൽനിന്ന് പ്രലോഭിപ്പിച്ച് പിരിക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും അറിയാത്ത ആളല്ല ഐസക്ക്. ഭരണത്തിലേറിയ അന്നുമുതൽ സമ്മാനങ്ങൾ വർധിപ്പിച്ചും പുതിയ ഭാഗ്യക്കുറികൾ തുടങ്ങിയും വരുമാനം വർധിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 12 കോടിയുടെ ബംബർ സമ്മാനങ്ങൾ പാവങ്ങളെ എത്രമാത്രം പ്രലോഭിപ്പിക്കും എന്ന് നിശ്ചയമില്ല. പ്രളയം കഴിഞ്ഞുള്ള 2018^ 19ലെ കണക്കുകൾ കാണിക്കുന്നത് ഭാഗ്യക്കുറിയുടെ തനതു വരുമാനത്തിലെ ഓഹരി 13.23 ശതമാനത്തിൽനിന്ന് 14.75 ശതമാനം ആയി വർധിച്ചു എന്നാണ്. രണ്ടാമത്തെ പ്രളയവും കോവിഡ് അടച്ചിടലും ഒക്കെ കഴിഞ്ഞ ഈ കാലത്ത് ഭാഗ്യക്കുറിയുടെ വിൽപന സർവകാല റെക്കോഡ് ഭേദിച്ചു. ദിവസവിൽപന 100 കോടി കടന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഭാഗ്യക്കുറിയിലൂടെ സർക്കാർ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്നില്ലേ? ഒരുപാട് ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത് ഭാഗ്യക്കുറി വരുമാനത്തിലൂടെയല്ലേ? ആ മേഖലയിൽ സാധാരണക്കാരാണല്ലോ തൊഴിലെടുത്ത് ജീവിക്കുന്നത്. ഇതെല്ലാം യാഥാർഥ്യം അല്ലേ?
ഇത് വളരെ അപകടകരമായ കാഴ്ചപ്പാടാണ്. പൗരസമൂഹത്തിൽനിന്ന് നികുതി പിരിച്ച് പ്രവർത്തനം നടത്തേണ്ടത് സർക്കാറാണ്. സാധാരണ ജനങ്ങളെ ഭാഗ്യാന്വേഷികളാക്കി മാറ്റുന്നതുവഴി വൈരുധ്യാത്മക ഭൗതികവാദം പറയുന്നവരാണ് ഇത് ചെയ്യുന്നത്. ഇന്ത്യയിൽ ഭാഗ്യക്കുറിയിൽനിന്ന് സമാഹരിക്കുന്ന മൊത്തം വരുമാനത്തിൽ 85 ശതമാനവും കേരളത്തിൽനിന്നാണ്. ഭാഗ്യക്കുറി പാവങ്ങളോട് ചെയ്യുന്ന ദ്രോഹം പരിഗണിച്ച് ഒട്ടു മിക്ക സംസ്ഥാന സർക്കാറുകളും ഭാഗ്യക്കുറി നിരോധിച്ചിരിക്കുകയാണ്.
ഐസക് തൻെറ രണ്ടാമൂഴത്തിൽ അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചുവല്ലോ. അവയെക്കുറിച്ച് എന്താണ് അഭിപ്രായം?
നേരത്തേ സംഭവിച്ചതുപോലെ പൊതുവിഭവസമാഹരണത്തിൽ ദയനീയമായി പരാജയപ്പെട്ടു ഡോ. ഐസക് രണ്ടാമൂഴത്തിൽ. അതിനെ പ്രളയവും കോവിഡുംകൊണ്ട് മൂടിവെക്കാനാവില്ല. ഇത് 2006 മുതൽ അദ്ദേഹം തുടർന്ന് വന്ന നിലപാടുകളുടെ അനിവാര്യ പരിണതിയാണ്. 2016^ 17, 2017^ 18 വർഷങ്ങളിലെ ബജറ്റുകളിൽ വിഭവസമാഹരണത്തിന് കാര്യമായ ഒരു ശ്രമവും നടത്താത്തതിന് കാരണം ചരക്കുസേവന നികുതി നടപ്പാക്കുന്നതോടുകൂടി സംസ്ഥാന വരുമാനം 20-25 ശതമാനം വർധിക്കും എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതീക്ഷ. അങ്ങനെ പ്രതീക്ഷിച്ച അതിന് ഒരു ശാസ്ത്രീയ അടിത്തറയും ഉണ്ടായിരുന്നില്ല. ചരക്കുസേവന നികുതി 2017 ജൂലൈ മുതൽ നടപ്പിൽ വന്നു. വരുമാനവർധന 10 ശതമാനത്തിന് അടുത്ത് മാത്രം ആയിരുന്നു. 2018 ^19ലെ ബജറ്റിൽ അദ്ദേഹം തോൽവി സമ്മതിച്ചു. 2018ലെയും 20 19ലെയും പ്രളയങ്ങളും കൊറോണയും കൂടി വന്നതോടെ വിഭവസമാഹരണത്തിന് ശ്രമിക്കാൻ പറ്റില്ലെന്ന അവസ്ഥയായി.
പ്രകൃതിദുരന്തങ്ങൾ ഉണ്ടായതിനെ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റുമോ? രണ്ട് പ്രളയങ്ങൾകൂടി കേരള സമ്പദ്വ്യവസ്ഥക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്?
ഇത് ഭാഗികമായേ ശരിയാവുന്നുള്ളൂ. ഞാൻ നേരത്തേ പറഞ്ഞല്ലോ, സംസ്ഥാനത്തിൻെറ വരുമാന സ്രോതസ്സുകൾ വിൽപന നികുതി, മൂല്യവർധിത നികുതി എന്നിവയെ അമിതമായി ആശ്രയിക്കുന്നതായി മാറി. 2006 മുതൽ പ്രത്യേകിച്ച് കെട്ടിടനികുതി, ഇലക്ട്രിസിറ്റി തീരുവ തുടങ്ങിയവയിൽനിന്ന് സമാഹരിക്കുന്ന ഒരു തന്ത്രം പിന്തുടർന്നുവെങ്കിൽ കേരളം ഇന്നത്തെ വിഷമവൃത്തത്തിൽ അകപ്പെടില്ലായിരുന്നു. ആശയപരമായ പക്ഷപാതങ്ങൾ സാമ്പത്തികശാസ്ത്ര യുക്തികളെ കീഴ്പ്പെടുത്തി എന്നതാണ് ഐസക് പരാജയം. ധന ഉത്തരവാദിത്തനിയമം പോലുള്ള നിയമങ്ങൾ നവലിബറലിസത്തിൻെറ ഭാഗമാണെന്ന ഇടതുപക്ഷ വരട്ടുവാദം മാറ്റിവെച്ച് പ്രായോഗിക സാമ്പത്തിക ശാസ്ത്ര തത്ത്വങ്ങൾ പിന്തുടർന്നുവെങ്കിൽ ഈ അബദ്ധം അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു.
പ്രളയങ്ങൾ വ്യാപാരമേഖലയെ ബാധിച്ചു എന്നത് ശരിതന്നെ. പക്ഷേ ശമ്പളം, പെൻഷൻ അടക്കമുള്ള ചെലവുകൾ ഒന്നും കുറഞ്ഞില്ലല്ലോ. മധ്യവർഗത്തിനും സമ്പന്നർക്കും പ്രളയംമൂലം കാര്യമായ എന്തെങ്കിലും നഷ്ടമുണ്ടായോ? പക്ഷേ, അവരിൽനിന്നും പൊതുവിഭവങ്ങൾ സമാഹരിക്കുന്ന രീതിയിൽ വരുമാനഘടനയിൽ നേരത്തേ തന്നെ മാറ്റം വരുത്തി തുടങ്ങിയിരുന്നെങ്കിൽ പ്രളയത്തെയും കോവിഡിനെയും കടം എടുക്കാതെ നിഷ്പ്രയാസം മറികടക്കാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടുകയില്ല . 2006ൽ കഴിയാത്തത് 2018ൽ ചെയ്യാൻ ആരംഭിച്ചാൽ എതിർപ്പുകൾ വരും. 2021ലെ തെരഞ്ഞെടുപ്പ് വിജയമാണ് എൽ.ഡി.എഫിൻെറ ലക്ഷ്യമെങ്കിൽ എതിർപ്പുകൾ ഒഴിവാക്കുകയാണല്ലോ ബുദ്ധി. അതാണ് സംഭവിച്ചത്.
വാഗ്ദാനങ്ങൾ നടപ്പാക്കിയ സർക്കാർ എന്നാണല്ലോ പ്രചാരണം?
ബജറ്റിൽ പ്രഖ്യാപിച്ചതും യഥാർഥത്തിൽ നടപ്പാക്കിയതും തമ്മിലാണ് താരതമ്യപ്പെടുത്തേണ്ടത്. അഞ്ച് ബജറ്റുകൾ എടുത്തു നോക്കിയാൽ ഇക്കാര്യം വ്യക്തമാണ്. എത്രയെത്ര പ്രഖ്യാപനങ്ങൾ വെറും ആവർത്തനങ്ങൾ മാത്രമായിരുന്നു. കമ്പ്യൂട്ടറും വിവരസാങ്കേതിക വിദ്യയും വ്യാപകമായ ഈ കാലത്ത് ഐസക്കിന് ബജറ്റ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പഴയ ബജറ്റിൽനിന്ന് കട്ട് ആൻഡ് പേസ്റ്റ് െവച്ചാൽ മതിയല്ലോ.
അതിന് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയുമോ?
2021^ 22ലെ ബജറ്റ് പ്രഖ്യാപിച്ച വിഴിഞ്ഞം^ നാവായിക്കുളം ആറുവരിപ്പാത നിർമാണം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. കുട്ടനാട്ടിലെ താറാവ് ഹാച്ചറി, സിയാൽ മോഡൽ റബർ കമ്പനി, വ്യവസായ ഇടനാഴികൾക്ക് 50,000 കോടിയുടെ പദ്ധതി, കല്യാട്ട് രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം, വയനാട് കാർബൺ ന്യൂട്രൽ കോഫി പാർക്ക് എന്നിവ ഇതിന് ഉദാഹരണമാണ്. നമ്മുടെ നാട്ടിൽ പ്രോജക്ട് എന്നത് മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ളത് മാത്രമാണ്. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായി എന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ധനശാസ്ത്രത്തിൽ ധനമിഥ്യ (fiscal illution) എന്നൊരു പ്രതിഭാസത്തെ കുറിച്ച് പറയുന്നുണ്ട്. നികുതി കൊടുക്കുന്ന ജനം, തങ്ങൾ കൊടുത്ത നികുതികൊണ്ട് പ്രവർത്തിക്കുന്നതാണ് സർക്കാർ എന്ന ബോധ്യമുള്ള ജനം, എങ്ങനെ വിനിയോഗിച്ചു എന്ന കാര്യത്തിൽ ജാഗരൂകരായിരിക്കും. വികസിത രാജ്യങ്ങളിലൊക്കെ പ്രത്യക്ഷ നികുതിയിലൂടെയാണ് മുഖ്യമായ വിഭവസമാഹരണം. ചരക്ക് സേവന നികുതിപോലെയുള്ള പരോക്ഷനികുതികളുടെ കാര്യത്തിലും ഒാരോ സാധനം അല്ലെങ്കിൽ സേവനം വാങ്ങുമ്പോഴും എത്ര നികുതി കൊടുത്തുവെന്ന് നികുതിദായകരായ പൗരജനങ്ങൾക്ക് അറിയാം. നേരെമറിച്ച് പരോക്ഷനികുതിയിലൂടെ 75 ശതമാനം വരുമാനം കണ്ടെത്തുന്ന കേരളംപോലുള്ള സംസ്ഥാനത്ത് സ്വന്തം പോക്കറ്റിൽനിന്ന് പോകുന്നതായി വളരെ വിരളമായേ തോന്നുകയുള്ളൂ. സർക്കാർ നടപ്പാക്കുന്ന കിഫ്ബി പദ്ധതികളുടെ കാര്യത്തിൽ തങ്ങൾ എന്തിന് വേവലാതിപ്പെടണം എന്നാണ് സാധാരണ ജനങ്ങളുടെ മനോഭാവം. പാലാരിവട്ടം പാലംപോലെ വളരെ പ്രകടമായ അഴിമതികൾ മാത്രമേ കേരളത്തിൽ പുറത്തുവരുന്നുള്ളൂ.
കിഫ്ബി വഴി കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാൻ കഴിയുമോ?
പൊതുവിഭവ സമാഹരണത്തിൽ പരാജയം വിളിച്ചുവരുത്തിയതുകൊണ്ടാണ് കിഫ്ബി ആവശ്യമായി വരുന്നത്. കിഫ്ബി അനിവാര്യമായിരുന്നുവെന്ന് ആര് പറഞ്ഞു. കിഫ്ബിയിലൂടെ ഇവിടെ കുറെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അത് ശരി തന്നെ. അത് ഭാവിയിൽ സംസ്ഥാനത്തെയും വരുമാനം വർധിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം സ്കൂളുകൾ, റോഡുകൾ, സ്റ്റേഡിയം തുടങ്ങി സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിലാണ് കിഫ്ബി മുതൽമുടക്കിയിരിക്കുന്നത്. ഇവമൂലം വ്യവസായ മുതൽമുടക്ക് വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം, വ്യവസായ മുതൽമുടക്ക് എന്നത് ഭൗതികമായ അടിസ്ഥാന സൗകര്യം മാത്രം ആശ്രയിച്ചിരിക്കുന്നതാണ്. അത് മാനസികവുംകൂടിയാണ്. മുതൽമുടക്കുന്നവർക്ക് ആത്മവിശ്വാസം തോന്നണം. ആത്മവിശ്വാസം തോന്നുന്ന അന്തരീക്ഷമുള്ള സ്ഥലത്തേക്കാണ് മുതൽമുടക്ക് ഒഴുക്കുക. നിക്ഷേപ സൗഹൃദ സൂചികയിൽ കേരളം 21ൽനിന്നും 28ലേക്ക് താഴുകയാണ് ഉണ്ടായത്. അടിസ്ഥാന സൗകര്യമൊരുക്കിയാൽ വ്യവസായങ്ങൾ കടന്നുവരണമെന്നില്ല.
പറഞ്ഞുവരുന്നത് കിഫ്ബി ഒരു പരാജയം ആണെന്നാണോ?
അങ്ങനെയാണെന്നല്ല. ഒന്നാമത് കിഫ്ബിയുടെ ആവശ്യം കേരളത്തിന് ഇല്ലായിരുന്നു. രണ്ടാമത്തെ കാര്യം കിഫ്ബിയുടെ തിരിച്ചടവിനായി ആശ്രയിക്കുന്നത് പെട്രോൾ സെസും മോട്ടോർ വാഹന നികുതിയുമാണ്. നികുതി വരുമാനം കൃത്യമായി വർധിക്കുന്നില്ലെങ്കിൽ ഈ രണ്ട് നികുതികൾ കിഫ്ബിക്ക് വേണ്ടി മാറ്റിവെക്കുന്നില്ലെങ്കിൽ സംസ്ഥാനത്തിൻെറ ധനകാര്യം കൂടുതൽ സമ്മർദത്തിന് അടിമപ്പെടും.
വരുമാനം മെച്ചപ്പെടുമെന്ന ശുഭാപ്തിവിശ്വാസമാണല്ലോ ധനമന്ത്രിക്കുള്ളത്?
ധനമന്ത്രി എപ്പോഴും ശുഭാപ്തിവിശ്വാസി ആണല്ലോ. പക്ഷേ അദ്ദേഹത്തിെൻറ ശുഭാപ്തി വിശ്വാസത്തിന് സാമ്പത്തിക ശാസ്ത്രത്തിെൻറ അടിസ്ഥാനമില്ല. ചരക്കുസേവന നികുതിയെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ അമിത പ്രതീക്ഷ തന്നെ ഉദാഹരണം. കാരണം മറ്റൊന്നുമല്ല. കേരളത്തിൽ പൊതുവിഭവ സമാഹരണത്തിന് അനുകൂലമായ ഒരു പൊതുബോധം രൂപപ്പെട്ടിട്ടില്ല. അവിടെയാണ് ഐസക് പരാജയപ്പെടുന്നത്. സർക്കാർ എന്നത് ജനങ്ങളുടെ സംഭാവനകൊണ്ട് പ്രവർത്തിക്കുന്ന ഒരു സംവിധാനമാണെന്നും എല്ലാവരും പൊതുഖജനാവിലേക്ക് സംഭാവന ചെയ്യണമെന്നുമുള്ള പൊതുബോധം വർഷങ്ങൾകൊണ്ട് ഒരു സമൂഹം ആർജിക്കുന്നതാണ്. അതിനുപകരം എല്ലാം സൗജന്യമാണെന്നും എല്ലാകാലത്തും അത് അനുസ്യൂതം പ്രവഹിച്ചുകൊള്ളുമെന്നുമുള്ള തെറ്റിദ്ധാരണ സമൂഹത്തിൽ പ്രബലെപ്പട്ടാൽ പിന്നെ അത് മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഭക്ഷ്യധാന്യ കിറ്റ് വിതരണമാണ്. അത് എല്ലാവർക്കും ലഭിക്കുന്നുണ്ട്. സമൂഹത്തെ ഉൽപാദനമേഖലയിൽനിന്ന് അകറ്റി കിറ്റുകൾ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ്. സൗജന്യ കിറ്റുകൾക്കായി കൈനീട്ടി നിൽക്കുന്ന ഒരു സമൂഹം ആയിരിക്കും ഭാവിയിൽ രൂപംകൊള്ളുക.
സംസ്ഥാനത്തെ കടത്തെക്കുറിച്ചുള്ള വേവലാതി വേണ്ടെന്നും ആരു ഭരിച്ചാലും കടം ഇരട്ടിയാകുമെന്നുമുള്ള ധനമന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച് എന്തു പറയുന്നു?
അങ്ങേയറ്റം അപകടകരമായ നിലപാടാണിത്. ധനമന്ത്രിക്ക് ഒന്നും ചെയ്യാനാവില്ല എന്നല്ലേ ഇതുകൊണ്ട് അർഥമാക്കുന്നത്. കാര്യക്ഷമമായ ധനകാര്യ മാനേജ്മെൻറ് പരാജയപ്പെട്ട ഒരു ധനമന്ത്രിക്ക് മാത്രമേ ഇത്ര ലാഘവബുദ്ധിയോടെ സംസാരിക്കാനാകൂ. കേരളത്തിെൻറ കടം അഞ്ചുവർഷംകൊണ്ട് ഇരട്ടിയായി. അത് അദ്ദേഹത്തിെൻറ വിജയമല്ല, പരാജയമാണ്. കടം തിരിച്ചടയ്ക്കാനുള്ള കേരളത്തിെൻറ ക്ഷമതയെക്കുറിച്ച് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലാത്ത ശുഭാപ്തിവിശ്വാസം ആണല്ലോ അദ്ദേഹം പുലർത്തുന്നത്.
കടം സംസ്ഥാന വരുമാനത്തിൻെറ ഒരു ശതമാനം എന്ന നിലയിൽ താരതമ്യം ചെയ്താൽ കേരളത്തിന് മുകളിൽ 12 സംസ്ഥാനങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ കേരളത്തിെൻറ അപകടത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും ചില സാമ്പത്തിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ടല്ലോ?
ഡോ. ഐസക്കിൻെറ നിലപാടിനെ പിന്തുണക്കാൻ ബാധ്യതയുള്ള ഇടത് ചിന്തകരാണ് അവർ. അവരുടെ വാദത്തിൻെറ യുക്തി തെറ്റാണ്. സംസ്ഥാനത്തിൻെറ ഇന്നത്തെ വരുമാനമല്ല നോക്കേണ്ടത്, ഭാവി വരുമാനമാണ് അല്ലെങ്കിൽ വരുമാനം വളർച്ചയാണ്. ശക്തമായ വ്യവസായ അടിത്തറയുള്ള ഗുജറാത്ത് പോലെയുള്ള ഒരു സംസ്ഥാനത്തിൻെറ വരുമാനംപോലെയല്ല കേരളത്തിേൻറത്. പുറം വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. ഗൾഫിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നുമുള്ള വരുമാനം കോവിഡ് വന്നതോടെ കുറഞ്ഞു. നമ്മുടെ പ്രശ്നം വളരെ വേഗം വൃദ്ധരായികൊണ്ടിരിക്കുന്ന ഒരു ജനസമൂഹമാണ് ഇവിടെയുള്ളത് എന്നതാണ്. 2025ഓടെ ജനസംഖ്യയിൽ വൃദ്ധജനങ്ങൾ 20 ശതമാനമാവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനർഥം ജനസംഖ്യ ലാഭവിഹിതം നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ്. അപ്പോൾ എവിടെനിന്നാണ് നമുക്ക് വളർച്ച ലഭിക്കുക. ആളോഹരി കടത്തിൽ നമ്മൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാമതാണ്. ആളോഹരി കടം വീട്ടാനുള്ള ക്ഷമതയിൽ ഇപ്പോൾ ആറാമതും ആണ്. വളർച്ച ഉണ്ടാകുന്നില്ലെങ്കിൽ അത് ഒരുപക്ഷേ പത്താം സ്ഥാനത്തേക്ക് എത്താം.
ഐസക് നിയമസഭയിൽ ഒരു വ്യക്തിപ്രഭാവം സൃഷ്ടിച്ചിട്ടുണ്ട്. അക്കാദമിക സമൂഹം ഇതിനെയൊന്നും വിമർശനാത്മകമായി വിലയിരുത്തുന്നില്ല. വലതുപക്ഷക്കാരായ സാമ്പത്തിക പണ്ഡിതന്മാർ വളരെ കുറവാണ്. ഇടതുപക്ഷക്കാർ നിശ്ശബ്ദമാണ്. വിമർശനം ഉന്നയിക്കുന്നവരെ പിന്നീട് ഇടതുപക്ഷത്ത് നിർത്തില്ല. അതിനാൽ നിയമമന്ത്രിക്കെതിരെ ശബ്ദം ഒരിടത്തുനിന്നും ഉണ്ടാകില്ല. ശാസ്ത്ര സാഹിത്യ പരിഷത്താണ് കേരളത്തിലെ പരിസ്ഥിതിവാദികൾ. ഐസക്കിെൻറ പരിസ്ഥിതിവിരുദ്ധ നിലപാടുകൾക്കെതിരെ അവർ ശബ്ദിക്കില്ല.
ക്രൈസ്തവർ, കേരളത്തിൻെറ പൊതുവിഭവവും അധികാരവും മുസ്ലിംകൾ തട്ടിയെടുക്കുന്നതായി ആക്ഷേപം ഉയർത്തുന്നുണ്ടല്ലോ?
സാമുദായികമായി നോക്കിയാൽ ക്രൈസ്തവർക്കാണ് ബജറ്റുകളിൽ ഏറെ നേട്ടം കിട്ടുന്നത്. ഉലഹന്നൻ മാപ്പിളയുടെ ആത്മകഥയിൽ ക്രൈസ്തവ സഭകൾക്ക് എൻ.എസ്.എസുമായുള്ള ബന്ധം തുറന്നു പറയുന്നുണ്ട്. സംസ്ഥാനത്ത് പൊതുവിഭവങ്ങൾ ഏറെയും പങ്കുവെക്കുന്നത് ഈ രണ്ട് സവർണ (ഹിന്ദു സവർണ^ ക്രൈസ്തവ സവർണ) സമൂഹങ്ങളാണ്. സമീപകാലത്തുണ്ടായ ക്രൈസ്തവ -മുസ്ലിം സംവാദത്തിൽ ക്രൈസ്തവർ പറയുന്നത് ശരിയല്ല. കേരളത്തിലെ പൊതുവിഭവത്തിൽ ശമ്പളവും പെൻഷനും കൂടി ഏതാണ്ട് 32- 33 ശതമാനം ക്രൈസ്തവർക്കാണ് ലഭിക്കുന്നത്. മുസ്ലിംകൾക്ക് ലഭിക്കുന്നത് വെറും 10 ശതമാനമാണ്.
സർക്കാർ മദ്റസ അധ്യാപകർക്ക് കൊടുക്കുന്നു എന്നാണ് ക്രൈസ്തവർ ഉയർത്തുന്ന ആക്ഷേപം. അതിൽ വലിയ അടിസ്ഥാനമൊന്നുമില്ല. ഇക്കാര്യം കണക്കുകൾ ചൂണ്ടിക്കാണിച്ച് എഴുതാൻ മുസ്ലിം വിഭാഗത്തിലുള്ള പണ്ഡിതന്മാർക്ക് കഴിയുന്നില്ല. സംസ്ഥാനത്തെ എയ്ഡഡ് കോളജുകളുടെ എണ്ണം പരിശോധിക്കണം. എയ്ഡഡ് സ്കൂളുകളും കോളജുകളും ഏറ്റവുമധികമുള്ളത് ക്രൈസ്തവ സമൂഹത്തിനാണ്. പൊതുവിഭവം അവരിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. അത് തിരുത്തേണ്ടതാണ്. എയ്ഡഡ് കോളജുകളെ സഹായിക്കാനാണ് 1000 പുതിയ പോസ്റ്റുകൾ ബജറ്റിൽ പ്രഖ്യാപിച്ചത്. വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകൾ എന്ന് പറയുകയും വ്യവസ്ഥയെ അതേപടി നിലനിർത്തുന്നതിന് ശ്രമിക്കുകയുമാണ് ഐസക് ചെയ്യുന്നത്. ഉദ്യോഗസ്ഥ മേധാവിത്വത്തിന് കേരളത്തിൽ ഉലച്ചിൽ ഒന്നും സംഭവിക്കുന്നില്ല. അഴിമതിക്കും കാര്യമായ കുറവുണ്ടാകുന്നില്ല.
കേരളത്തിൻെറ അടിസ്ഥാന മേഖലകളിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണോ പറയുന്നത്?
സർക്കാർ ജോലി ആശ്രയിക്കാതെ കാർഷിക മേഖലയിൽ നിൽക്കുന്ന ജനങ്ങൾക്ക് സർക്കാറിെൻറ ശക്തമായ പിന്തുണ ആവശ്യമുണ്ട്. ഇടതു സർക്കാറിെൻറയും പൊതുസമീപനം ജനങ്ങൾ സർക്കാറിെൻറ ആശ്രിതരായി കഴിയണമെന്നാണ്. അത് അവരുടെ രാഷ്ട്രീയ^സാംസ്കാരികമായ കാഴ്ചപ്പാടാണ്. കേരളം പച്ചക്കറിക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ കുറഞ്ഞിട്ടുണ്ട്. കാരണം മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുതിയ അവബോധമാണ്. വില കൊടുത്ത് വിഷം വാങ്ങി കഴിക്കണമോ എന്ന ചോദ്യം മാധ്യമങ്ങൾ ഉയർത്തിയിരുന്നു. അത് പൗരസമൂഹം കുറെയൊക്കെ കേട്ടു. തമിഴ്നാട്ടിൽനിന്നെത്തുന്ന പച്ചക്കറിയിൽ വിഷാംശമുണ്ട്. അവർ കീടനാശിനി അമിതമായി ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണം മലയാളികളെ സ്വന്തമായി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ സമൂഹം കാര്യങ്ങൾ മനസ്സിലാക്കി സ്വന്തം ആവശ്യത്തിന് പച്ചക്കറി കൃഷി ചെയ്തുതുടങ്ങി. വ്യക്തികൾ മുൻകൈയെടുത്ത് നടക്കുന്ന അത്തരം ചില പദ്ധതികൾ സർക്കാറിേൻറതായി മാറ്റാനും ശ്രമിക്കുന്നുണ്ട്.
റബറിൻെറ കാര്യത്തിൽ ഏരിയയും ഉൽപാദനവും കുറഞ്ഞു. നാളികേരത്തിെൻറ കാര്യത്തിൽ നീര ഉൽപാദനത്തിലാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചത്. ഈ സർക്കാർ വന്നതോടെ അതെല്ലാം നിലച്ച അവസ്ഥയിലാണ്. നീര ഒരു സാംസ്കാരിക പാനീയമായും മാറാൻ സാധ്യത ഉണ്ടായിരുന്നു. അതിനു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. മൂല്യവർധിത ഉൽപന്നങ്ങൾ വാഗ്ദാനം മാത്രമായി. റൈസ് പാർക്ക് അടക്കം തുടങ്ങുമെന്ന വാഗ്ദാനവും പറച്ചിലിൽ ഒതുങ്ങി. വിളകളുടെ സംസ്കരണത്തിന് ഒന്നും ചെയ്തില്ല. കർഷകർ പഴയ അവസ്ഥയിലാണ്. കർഷകർ നേരിടുന്നത് വ്യാപകമായ മാർക്കറ്റിങ് പ്രശ്നമാണ്. ചക്കയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാകുമെന്ന് വാഗ്ദാനം നൽകി, ഒന്നും ഉണ്ടായില്ല.
നിർമാണമേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്തിയില്ലേ?
നമ്മുടെ നിർമാണ സംസ്കാരത്തിൽ അടിമുടി മാറ്റം വരുത്തണം. പഴയ കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുന്ന രീതി മാറ്റണം. സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ധാരാളം കെട്ടിടങ്ങൾ വാടകക്ക് കിട്ടുമ്പോഴും സ്വന്തമായി കെട്ടിടം നിർമിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെട്ടിടം പണിയിൽ സർക്കാർ ഒന്നാമതാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ഇതുവഴി വലിയ തുക എത്തുന്നുണ്ട്. പ്രകൃതിസംരക്ഷണ വാദികൾ ആദ്യം ആവശ്യപ്പെടേണ്ടത് സർക്കാറിെൻറ ഈ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാണ്. കെട്ടിടങ്ങൾ വാടകക്ക് ലഭിക്കാൻ ഉണ്ടെങ്കിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കേണ്ടതില്ല. കോടിക്കണക്കിന് മുതൽമുടക്ക് നടത്തേണ്ടതില്ല. കിഫ്ബി പദ്ധതികൾ ഏറെയും നിർമാണമാണ്. മുതലാളിത്ത രാജ്യങ്ങളിൽ ജനങ്ങളും സർക്കാർ ഓഫിസുകളും ഒക്കെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അവർക്കതിൽ നാണക്കേടില്ല. ജീവിതം മുഴുവൻ വാടകക്കെട്ടിടത്തിൽ ജീവിക്കുന്നവരുണ്ട്. സ്വന്തം കെട്ടിടം എന്നത് കേരളത്തിലെ ഒരു രാഷ്ട്രീയ സംസ്കാരം ആയി മാറിയിട്ടുണ്ട്. അടിസ്ഥാന സൗകര്യമില്ലാത്ത സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാം. എന്നാൽ പഴയ നല്ല കെട്ടിടങ്ങൾ ഇടിച്ചുപൊളിച്ച് പുതിയ കെട്ടിടം നിർമിക്കേണ്ടതില്ല. പഴയത് ഉറപ്പുള്ള കെട്ടിടം ആണെങ്കിൽ അതിെൻറ അറ്റകുറ്റപ്പണി നടത്തിയാൽ മതിയാകും. നിർമാണലോബിക്ക് അതിൽ താൽപര്യമില്ല.
ധനമന്ത്രി ഇടതുപക്ഷ ബദൽ നടപ്പാക്കാനല്ലേ ശ്രമിക്കുന്നത്?
ജനങ്ങൾക്കെല്ലാം കിറ്റ് കൊടുക്കുന്നതിനു പകരം തൊഴിൽ കൊടുക്കാനുള്ള വ്യവസായങ്ങൾ ഉണ്ടാകണം. ജനങ്ങൾക്ക് കിറ്റ് കൊടുക്കുന്നതിനു പകരം ഉൽപാദന മേഖല സജീവമാക്കിയിരുന്നുവെങ്കിൽ ജനങ്ങൾ ഉപജീവനമാർഗം കണ്ടെത്തിയേനെ. സ്വന്തം കാലിൽ നിൽക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്. അതിനുള്ള പിന്തുണയാണ് സർക്കാർ നൽകേണ്ടത്. ജനങ്ങൾ സർക്കാറിനെ ആശ്രയിച്ച് ജീവിച്ചാൽ മതി എന്നാണ് ഇടതുപക്ഷ നിലപാട്. സൗജന്യം കിട്ടുന്ന സമൂഹം, ഉൽപാദനത്തിൽ ഏർപ്പെടാൻ അവസരം ലഭിച്ചില്ലെങ്കിൽ ജനങ്ങൾ ഉൽപാദനത്തിൽനിന്ന് അകന്നുപോകും. തമിഴ്നാട്ടിൽ വൻതോതിൽ സൗജന്യവിതരണം നടത്തിയപ്പോൾ ഇതാണ് സംഭവിച്ചത്. കാർഷിക മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഉത്തർപ്രദേശിൽനിന്നാണ് തമിഴ്നാട്ടിലേക്ക് ഇപ്പോൾ പണിയെടുക്കാൻ ആളുകൾ വരുന്നത്. ഉൽപാദനമേഖലയിൽനിന്ന് ജനങ്ങൾ പിൻവാങ്ങുക ആയിരിക്കും ഇതിൻെറ ഫലം.
ഐസക്കിൻെറ ബജറ്റിൽ ഇടതുപക്ഷ ബദൽ എന്ന ഒന്നില്ല. ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. വിദേശ സർവകലാശാലകളിലെ പ്രഫസർമാർ എഴുതിയ ലേഖനങ്ങൾ അതിനു തെളിവാണ്. ദരിദ്രരിൽനിന്നാണ് സർക്കാർ നികുതി പിരിക്കുന്നത്. സമ്പന്നർക്കും ഇടത്തരക്കാർക്കും നികുതിയിളവാണ് നൽകുന്നത്. മദ്യവും ഭാഗ്യക്കുറിയും വഴി ഏറ്റവും പാവങ്ങളായ സമൂഹം കൂടുതൽ പാപ്പരീകരണത്തിന് വിധേയമാകുന്നു. സർക്കാറിെൻറ നയം ഇവരുടെ പാപ്പരീകരണത്തെ ഇരട്ടിയാക്കുകയാണ്.
ജനങ്ങൾക്ക് പ്രതീക്ഷ കൊടുക്കുന്നതിനു പകരം ഭാഗ്യ അന്വേഷണത്തിന് ജനങ്ങളെ വിടുകയാണ് ധനമന്ത്രി ചെയ്യുന്നത്. ജനങ്ങൾക്ക് മുന്നിൽ ഒരു കൈയിൽ സൗജന്യ കിറ്റും മറുകൈയിൽ ഭാഗ്യക്കുറിയും മദ്യവുമായാണ് സർക്കാർ നിൽക്കുന്നത്. ജനങ്ങൾ ഭാഗ്യം തേടി പൊയ്ക്കൊണ്ടിരിക്കുന്നു. വളരെ ലാഘവത്തോടെ ജീവിതത്തെ കാണുന്ന ഒരു ജനത. ദീർഘകാല അടിസ്ഥാനത്തിൽ ഐസക് കേരളജനതയോട് ചെയ്തത് മഹാദ്രോഹമാണ്. ആരു ഭരിച്ചാലും കടം ഇരട്ടിയാവും എന്നാണ് ധനമന്ത്രി പറയുന്നത്. അങ്ങനെയായാൽ പിന്നെ ധനമന്ത്രിയുടെ ആവശ്യമില്ലല്ലോ. ആവർത്തിച്ച് ഇടതുപക്ഷ ബദൽ എന്ന ലേബൽ ഓടിക്കുമ്പോഴും ഇവിടെ ബദൽ ഒന്നും കാണാനില്ല. രാജ്യത്ത് സംസ്ഥാനങ്ങളിൽ ഏറ്റവും വേഗം അസമത്വം വർധിച്ചുകൊണ്ടിരിക്കുന്ന നാട് കേരളമാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഐസക്കിൻെറ ഇടതു ബദൽ അസമത്വം വർധിപ്പിക്കുകയാണോ? പാവങ്ങളിൽ നിന്ന് കൂടുതൽ നികുതി പിരിച്ച് ഭരണം നടത്തുമ്പോൾ അവർ കൂടുതൽ പാവപ്പെട്ടവർ ആയിത്തീരുന്നു. അതാണോ ഐസക്കിൻെറ സോഷ്യലിസ്റ്റ് ബദൽ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.