ഇൗദ് നന്മയുടെ പരിമളം പരത്തെട്ട
text_fieldsനിരാശയിലകപ്പെടുന്ന മനുഷ്യനെ ആശ്വസിപ്പിക്കുകയാണ് പെരുന്നാളുകളുടെ മുഖ്യധർമം. ഭൂമിയിൽ സമാധാനം നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഉറ്റവരുടെ വേർപാട്, തൊഴിൽ നഷ്ടം, പരാജയങ്ങൾ തുടങ്ങി പ്രകൃതി ദുരന്തങ്ങൾ വരെ മനുഷ്യനെ വേട്ടയാടുകയാണ്. സന്തോഷത്തിെൻറ വാക്കുകളും സന്തോഷമുണ്ടാക്കുന്ന പ്രവർത്തനങ്ങളും താങ്ങും തണലുമായി കടന്നുവരുന്നതോടെ ദുഃഖിതൻ എഴുന്നേറ്റുനിൽക്കുന്നു. എന്നെ രക്ഷിക്കാൻ, സഹായിക്കാൻ ആളുണ്ട് എന്ന വികാരം ജീവിതത്തെ വീണ്ടും ചൈതന്യവത്താക്കുന്നു. മനുഷ്യെൻറ ഉള്ളും പുറവും ചൂഴ്ന്നു നിൽക്കുന്ന ഇസ്ലാമികദർശനം അവെൻറ എല്ലാ സാഹചര്യങ്ങളെയും അനാവരണം ചെയ്തിട്ടുണ്ട്. ദുഃഖവും പ്രയാസവും ജീവിതത്തിെൻറ അനിവാര്യഘടകങ്ങളാണ്. അത് മറച്ചുപിടിക്കാനും മറന്നുകളയാനും കഴിയണമെങ്കിൽ സന്തോഷത്തിെൻറ വിളിയും കളിയും നടക്കണം. പെരുന്നാൾ, പുതുവസ്ത്രവുമായി, വിഭവ സമൃദ്ധമായ ആഹാരവുമായി എത്തുന്നു. പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുതെന്ന സങ്കൽപം യാഥാർഥ്യമാകുന്നു.
ആഘോഷങ്ങൾ നിരവധിയുണ്ട്. അതെല്ലാം ചില നന്മകൾക്കു വേണ്ടി വന്നതും നിലനിൽക്കുന്നതുമാണ്. പക്ഷേ, വ്യക്തമായ കാഴ്ചപ്പാടുകളും ദർശനങ്ങളും പാലിക്കുന്നില്ലെങ്കിൽ ആഘോഷങ്ങൾ അച്ചടക്കലംഘനമോ, ഉപദ്രവമോ ആയി മാറുന്നു. ഇസ്ലാമിെൻറ നിലപാടുകൾ വ്യക്തവും സരളവും ആകുന്നു. പ്രാർഥിക്കുകയും ആരാധനകൾ അനുഷ്ഠിക്കുകയും ചെയ്യുേമ്പാൾതന്നെ സാമൂഹികജീവിതത്തിൽനിന്ന് സ്നേഹ ബഹുമാനങ്ങൾ കണ്ടെത്തണം. ഒാരോ വ്യക്തിയും പെരുന്നാൾ കൊണ്ട് സന്തോഷിക്കണം. സന്തോഷിക്കാനെന്തുണ്ട്? ദുഃഖത്തിെൻറ വെള്ളപ്പൊക്കത്തിൽ നീന്തിത്തളരുേമ്പാഴും ജീവനുള്ള ഒരു ശരീരവും പ്രവർത്തിക്കുന്ന ഒരു ഹൃദയവും വിജയിക്കുമെന്ന് കരുതാൻ കെൽപുള്ള ഒരു മനസ്സും ഇൗ ജ്വാലകളെ പ്രശോഭിതമാക്കുന്ന ഒരു ദർശനവും നമ്മുടെ കൂടെയില്ലേ? മതവിശ്വാസവും മതേതര നിലപാടും ഉയർത്തിപ്പിടിക്കുന്ന മുസ്ലിമിന് ഇസ്ലാം നൽകിയ ചൈതന്യം വളരെ വലുതാണ്. ആഘോഷിക്കാൻ ഒരു തുരുമ്പുമില്ലെന്ന വിചാരം മൗഢ്യമാണ്. സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സാധിക്കുമെങ്കിൽ അവിടെ ആഘോഷമുണ്ട്.
ആഘോഷം, മനസ്സിൽനിന്ന് മനസ്സിലേക്ക്, സ്വന്തത്തിൽനിന്ന് കുടുംബത്തിലേക്ക്, സ്വന്തം സമുദായത്തിൽനിന്ന് മറ്റു സമുദായങ്ങളിലേക്ക് അതിർത്തികളില്ലാത്ത വിശാലമായ ബ്രഹ്മത്തിലേക്ക് പകരണം, പടരണം, വിശാലമാക്കണം. എെൻറ കണ്ണുകൾക്ക് കാഴ്ചയുണ്ട്. കാതുകൾ കേൾക്കുന്നുണ്ട്. കൈകൾ പ്രവർത്തന സജ്ജമാണ്. അങ്ങനെ അവയവങ്ങൾ എല്ലാം പ്രവർത്തന ക്ഷമമാണ്. സ്നേഹത്തിെൻറയും ബഹുമാനത്തിെൻറയും നല്ല വാക്കുകളും സേവനങ്ങളും മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന വിധത്തിൽ ഞാൻ അനുഗൃഹീതനാണ്. അതുകൊണ്ട് മറ്റുള്ളവരിലേക്ക് കടന്നു ചെന്ന്, ഒരു നിമിഷം അവരെ ആശ്വസിപ്പിക്കാൻ, ദുഃഖിതർക്ക് ആശ്വാസം പകരാൻ കഴിയില്ലേ... ഇൗ ചിന്തയാണ് ആഘോഷങ്ങളുടെ രഹസ്യം.
ഇബ്രാഹീം നബി 4000 വർഷം മുമ്പ്, മക്കയിൽ ദുഃഖങ്ങൾക്കിടയിലും ആത്മഹർഷത്തോടെ ദൈവികസഹായത്തിലും തൃപ്തിയിലും വിശ്വസിച്ച് മുന്നോട്ടു നടന്നു. കഅ്ബാലയം പുനർ നിർമാണം നടത്തി. സ്വന്തം കുടുംബത്തിന് മക്കയിൽ താമസ സൗകര്യം ഉണ്ടാക്കി. നാട്ടിലേക്ക് തിരിച്ചുപോകുേമ്പാൾ സ്വപത്നിയെ, കുഞ്ഞിനെ കഅ്ബാലയത്തിെൻറ ചാരത്ത്, അല്ലാഹുവിനെ ഏൽപിച്ചു. സത്യത്തിെൻറയും ന്യായത്തിെൻറയും ത്യാഗത്തിെൻറയും പാതയിൽ ജീവിതം ചാലിച്ചെടുത്ത ആ ത്യാഗിയുടെ ജീവിതമാണ് നാം ഹജ്ജ് വേളയിൽ ഉയർത്തിപ്പിടിക്കുന്നത്.
ആഘോഷങ്ങൾ പണം വാരിയെറിയലല്ല. ധൂർത്തിനും അനാവശ്യങ്ങൾക്കും പെരുന്നാളിെൻറ നാലയലത്തു പോലും സ്ഥാനമില്ല. മറിച്ച്, സ്നേഹവും ബഹുമാനവും നൽകി പാവപ്പെട്ടവരെ പരിഗണിക്കുന്നു. ദരിദ്രർക്ക് ഭക്ഷണവും വസ്ത്രവും മറ്റു സഹായങ്ങളും നൽകുന്നതിന് ഇസ്ലാം മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സ്വന്തം ശരീരത്തിെൻറ സ്വാർഥതയെ മൃഗബലിയിലൂടെ അറുക്കുകയാണ്. അതോടൊപ്പം പ്രസ്തുത മൃഗത്തിെൻറ മാംസം പാവങ്ങൾക്ക് എത്തിക്കുകയും ചെയ്യുന്നു. ശരീരവും മനസ്സും ശുദ്ധീകരിക്കാൻ, സുഹൃത്തുക്കളെയും ദരിദ്രരെയും സന്തോഷിപ്പിക്കാൻ ഇൗദ് സന്ദർഭമൊരുക്കുന്നു.
ഇസ്ലാമിെൻറ ഇൗദും ആഘോഷവും കേവലം ആചാരപരമല്ല. ഒരു മതമെന്ന വീക്ഷണത്തിൽ ചിലതൊക്കെ ആചാര സ്വഭാവമുള്ളതാണ്. എന്നാൽ, മനുഷ്യഗന്ധിയായ ഒേട്ടറെ തത്ത്വങ്ങളും ഉപയോഗങ്ങളും കൊണ്ട് എല്ലാ കർമങ്ങളും ന്യായീകരിക്കാൻ സാധിക്കുന്നു. മതത്തിെൻറ സത്തയെ തിരിച്ചറിയാൻ ഒാരോ ആരാധനയിലും ജാലകങ്ങൾ ഉണ്ട്. സന്തോഷിക്കാനും സന്തോഷിപ്പിക്കാനും കഴിയാത്തവർക്ക് പെരുന്നാൾ കൊണ്ട് കാര്യമില്ല. നമ്മുടെ ആഘോഷങ്ങൾ ആത്മാർഥമാകാൻ ഇത്തവണ, ദുരന്ത നിധികളിലേക്കുള്ള സഹായങ്ങൾ കൊണ്ട് ധന്യമാക്കണം.
നമ്മുടെ സഹോദരന്മാർ പരിശുദ്ധ ഹജ്ജിനു വേണ്ടി മക്കയിൽ സമ്മേളിച്ചിരിക്കുകയാണ്. ഇൗദാഘോഷങ്ങളും പെരുന്നാളും ഹജ്ജും പരസ്പരം ബന്ധിച്ചുകിടക്കുന്നു. ലോകം മുഴുക്കെയുള്ള മുസ്ലിംകളുടെ പ്രതിനിധികൾ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ നടന്ന അറഫ ഭൂമിയിൽ സംഗമിക്കുന്നത് പാവപ്പെട്ടവരുടെയും ദുർബലരുടെയും മോചനത്തിന് ആക്കംകൂട്ടാൻ വേണ്ടിയാണ്. ആരാധനയും നവോത്ഥാനവും മോചനവും സമർപ്പണവുമെല്ലാം ഒത്തുചേർന്ന ബലിപെരുന്നാൾ വീണ്ടും വിശ്വാസിയെ സജീവമാക്കുന്നു. ലോകത്ത് എല്ലാ മനുഷ്യർക്കും ശാന്തി പകർന്നുകൊണ്ട്.
(കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാനാണ് ലേഖകൻ)
ഉദാരത പരന്നൊഴുകട്ടെ
ശൈഖ് മുഹമ്മദ് കാരകുന്ന്
വലിയ പ്രകൃതി ദുരന്തങ്ങൾ നമുക്ക് വായിച്ചും കേട്ടുമുള്ള അനുഭവമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കേരളീയ ചരിത്രത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത വൻദുരന്തമാണ് നമ്മെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി വിശപ്പുകൊണ്ട് വലയുന്നവർ കേരളത്തിൽ വളരെ വിരളമായിരുന്നു. മരിച്ച കുഞ്ഞിെൻറ മൃതശരീരം കാണിച്ച് സഹായം തേടി വിശപ്പകറ്റിയ ബംഗാളി മാതാപിതാക്കളെക്കുറിച്ച് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തിെൻറ പാരമ്യതയിലായിരുന്ന കൊച്ചു കുട്ടി അച്ഛെൻറ ബലിച്ചോറ് തിന്ന ആശ്വാസത്തിൽ അമ്മയുടെ മടിയിലിരുന്ന് ‘അമ്മ എപ്പോഴാണ് മരിക്കുക’യെന്ന് ചോദിച്ച കഥയും കേട്ടു. വിശപ്പിനെ അതിജയിക്കാനുള്ള വ്യഗ്രതയാണ് കുരുവിയെ വേടെൻറ വലയിൽ വീഴ്ത്തുന്നതെന്ന് ഗുലിസ്ഥാൻ കഥകളിലുണ്ട്. നമ്മുടെ സംസ്ഥാനം ഒരിക്കൽകൂടി ഇത്തരമൊരു വിശപ്പിെൻറ പിടിയിൽ അമർന്നുകൂടാ.
വിശ്വാസികൾക്ക് ദൈവവുമായി അടുക്കാൻ ഏറ്റവും പറ്റിയ സന്ദർഭമാണിത്. വിശക്കുന്നവന് ആഹാരം നൽകുന്നത് ദൈവത്തിന് ദാനം ചെയ്യുന്നതു പോലെയാണെന്നാണ് മുഹമ്മദ് നബി പഠിപ്പിക്കുന്നത്. ദാഹിക്കുന്നവന് കുടിക്കാൻ കൊടുക്കുന്നതും രോഗിയെ സന്ദർശിക്കുന്നതും ആശ്വാസമേകുന്നതുമൊക്കെ ദൈവത്തിനു അവ നൽകുന്നതു പോലെയാണെന്നും പ്രവാചകൻ പറയുന്നുണ്ട്. പ്രവാചകൻ മദീനയിലെത്തി അഞ്ചു വർഷം പിന്നിട്ടപ്പോഴാണ് മക്കയിൽ കടുത്ത പട്ടിണി ബാധിച്ചത്. അപ്പോൾ മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകെൻറ കഠിന ശത്രുക്കളായിരുന്നു. എന്നിട്ടും മക്കയെ വരൾച്ചയും ദാരിദ്ര്യവും ബാധിച്ചപ്പോൾ പ്രവാചകൻ മദീനയിലെ പ്രസംഗപീഠത്തിൽ കയറിനിന്ന് അവിടത്തെ വിശ്വാസികളോട് വീടുകളിലെ ധാന്യമൊക്കെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവയൊക്കെ ശേഖരിച്ച് മക്കയിലേക്ക് കൊടുത്തയച്ചു. അതിനാൽ എവിടെ മനുഷ്യൻ വിശക്കുകയും ദാഹിക്കുകയും നഗ്നനാവുകയും രോഗിയാവുകയും ചെയ്യുന്നുവോ അവിടെയൊക്കെ വിശ്വാസിയുടെ ഹൃദയസാന്നിധ്യമുണ്ടാകും.അവെൻറ മനസ്സ് വേദനിക്കും. പ്രശ്നപരിഹാരത്തിന് പരമാവധി ശ്രമിക്കും. ഇപ്പോൾ ദുരന്തം ബാധിച്ചിരിക്കുന്നത് നമ്മുടെ സംസ്ഥാനത്തെയാണ്, അഥവാ നമ്മെത്തന്നെയാണ്. അതിനാൽ, എല്ലാം മറന്ന് പ്രയാസപ്പെടുന്നവരുടെ രക്ഷക്കെത്തേണ്ടത് വിശ്വാസികളുടെ മതപരമായ ബാധ്യത കൂടിയാണ്.
സർക്കാറിെൻറ ഒരു കണക്കിലും പെടാത്ത, പേരും കുറിയുമില്ലാത്ത, പുറംപോക്കിൽ താമസിക്കുന്ന ആയിരക്കണക്കിനാളുകളിൽ പലരുടെയും കൂരകൾ ഒലിച്ചുപോയിരിക്കുന്നു. അവർക്ക് രേഖകളോ വിലാസം പോലുമോ ഉണ്ടാവില്ല. അവരുടെ കാര്യത്തിൽ സന്നദ്ധ സംഘടനകളുടെ ശ്രദ്ധ പ്രത്യേകം പതിയേണ്ടതുണ്ട്. സാമ്പത്തിക സഹായം പോലെത്തന്നെ പ്രധാനമാണ് കായികസേവനം. ചിലപ്പോൾ അതിനെക്കാൾ പ്രധാനവും.
ഓണവും ബലി പെരുന്നാളും ഒരുമിച്ചു വന്നിരിക്കുകയാണല്ലോ. മതപരമായ അനുഷ്ഠാനങ്ങളും കർമങ്ങളും മാത്രം നിർവഹിച്ച് ആഘോഷങ്ങൾ മാറ്റിവെച്ച് വെള്ളപ്പൊക്കത്തിൽപെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുന്നോട്ടു വരേണ്ട സന്ദർഭമാണിത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും പുണ്യകരവും അതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ നാടിനെ നമുക്കൊന്നായി പുനർ നിർമിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.