അതിരുകളില്ലാത്ത ആഘോഷം; 16 രാജ്യങ്ങളിലെ മലയാളികളുടെ ഈദ് വർത്തമാനങ്ങൾ
text_fieldsഅമേരിക്കയിലെ പെരുന്നാളുകൾ മുഴുദിന ആഘോഷ പരിപാടിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന ഇൗദ് ഫെയറാണ് മുഖ്യ ആകർഷണം. കളിയും ചിരിയും വരയും മൈലാഞ്ചിയിടലും മത്സരങ്ങളുമായി ഒത്തുചേരൽ. വലിയ പള്ളികളിലാണ് പൊതുവെ പെരുന്നാൾ നമസ്കാരം നടക്കുക. നമസ്കാരത്തിനുശേഷം ആരംഭിക്കുന്ന ഇൗദ് ഫെയർ പരസ്പരം പരിചയപ്പെടാനുള്ള വേദികൂടിയാണ്. വിവിധ വേഷക്കാരും ഭാഷക്കാരും സംഗമിക്കുന്ന സ്ഥലം കൂടിയാണിത്. പെരുന്നാൾ ദിവസം എല്ലാവർക്കും പള്ളിയിൽതെന്ന ഭക്ഷണമൊരുക്കുന്നത് മറ്റൊരു വ്യത്യസ്തമായ കാഴ്ചയാണ്.
നോമ്പു കാലത്ത് ഒപ്പം ജോലിചെയ്യുന്ന സഹോദര മതസ്ഥർ വളരെ ആദരവോെടയാണ് അതിനെ കാണുക. വെള്ളിയാഴ്ചകളിലും മറ്റും സഹോദര മതസമൂഹങ്ങൾ പള്ളിയിലെത്തുന്നതും ഇസ്ലാമിനെക്കുറിച്ചു പഠിക്കുന്നതും ചോദിച്ചറിയുന്നതും അമേരിക്കയിലെ ഹൃദ്യമായ കാഴ്ചയാണ്. റമദാൻ ഇതിന് ശക്തിപകരുന്ന ഒന്നാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്ത സംസ്കാരങ്ങളുള്ള മുസ്ലിംകളുടെ സംഗമ സ്ഥലംകൂടിയാണ് അമേരിക്കയിലെ പള്ളികൾ. പള്ളികളിൽ കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യമുണ്ട്. കുട്ടികൾക്കുള്ള പാർക്കും ഫുട്ബാൾ, ബാസ്കറ്റ്ബാൾ,കരാേട്ട പരിശീലന സൗകര്യവും വ്യാപകമായി കാണാം.പള്ളികളുമായുള്ള ബന്ധം ശക്തിെപ്പടുത്താൻ ഇെതാക്കെ കാരണമാകുന്നുണ്ട്.
* * * * * *
ചൈനയിലെ സീജിയാംഗ് പ്രവിശ്യയിലെ ഹാംഗ്ചൊവിനടുത്തുള്ള ഷാവോസിൻലാണ് താമസം. ഇന്ത്യക്കാരും ബംഗ്ലാദേശികളും അറബികളും പാകിസ്താനികളും ശ്രീലങ്കക്കാരും മലേഷ്യക്കാരും ഇന്തോനേഷ്യക്കാരുമടക്കമുള്ള വിവിധ രാജ്യക്കാരായ മുസ്ലിംകളാണ് ഇവിടെയുള്ളത്. ചൈനീസ്, അറബിക്, ഉർദു, പഷ്തു തുടങ്ങി വിവിധ ഭാഷകളിൽ ഖുതുബ നിർവഹിക്കുന്ന നാലു പള്ളികളാണ് ഇവിടെ പ്രധാനമായും ഉള്ളത്. പള്ളികളിലെ നോമ്പുതുറയിലും തറാവീഹിനും രാത്രിനമസ്കാരത്തിനും ധാരാളം പേർ പെങ്കടുക്കും.കോവിഡ് കാരണം പെരുന്നാൾ നമസ്കാരമടക്കം വീടുകളിൽ നടത്താനാണ് സർക്കാർ നിർദേശം.
പെരുന്നാൾദിനങ്ങളിൽ മലയാളികൾ പാർക്കിലും മറ്റും ഒത്തുേചർന്നാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. ഇത്തവണ വീട്ടിെലാരുക്കുന്ന പെരുന്നാൾവിഭവങ്ങൾ പാർസലായി മറ്റു സുഹൃത്തുക്കൾക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ്.
* * * * * *
ഇപ്രാവശ്യം ഈദ്ഗാഹ് നടക്കില്ല. നിയന്ത്രണങ്ങളോടുകൂടി പള്ളിയിൽവെച്ചായിരിക്കും പെരുന്നാൾ നമസ്കാരം. കുട്ടികളെ കൊണ്ടുവരരുതെന്ന് പ്രത്യേക നിർദേശമുണ്ട്. കോവിഡ് വ്യാപനം കുറയുകയും ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചതുകൊണ്ടും നേരേത്ത പള്ളികൾ സുരക്ഷാനിർദേശങ്ങൾ പാലിച്ചുകൊണ്ട് തുറന്നിരുന്നു. ചില പള്ളികളിൽ തറാവീഹും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായി ജുമുഅകളും നടന്നിരുന്നു.
* * * * * *
ഹറമിെൻറ മുറ്റങ്ങളിൽ തങ്ങളുടെ വയർ നിറക്കാറുള്ള സ്നേഹമുള്ള മനുഷ്യരെ കാത്തിരിക്കുന്ന പ്രാവുകൾ സങ്കടപ്പെടുന്നുണ്ടാകും, പൂണ്യഭൂമിയിലെ ശൂന്യമായ കാഴ്ചകൾ കണ്ട്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഉംറേപാലും നിർത്തിവെച്ചിട്ട്. ലോകത്തെ ഏതൊരു വിശ്വാസിയും കൊതിക്കുന്നതാണ് പുണ്യഭൂമിയിൽ ഒന്ന് പെരുന്നാൾ കൂടണമെന്നത്. റമദാ െൻറ അവസാന ദിനം ഖുർആൻ ഓതി തീരുന്ന ദിവസം മക്ക വിശ്വാസികളെക്കൊണ്ട് വീർപ്പുമുട്ടും.
പിറ കാണുന്നതോടെ മക്കയിലെ ഓരോ കൈവഴികളും മസ്ജിദുൽ ഹറാമിനെ ലക്ഷ്യമാക്കി ഒഴുകും, എല്ലാവരിലും തക്ബീർ മന്ത്രധ്വനി മാത്രം. സ്നേഹവും സന്തോഷവും കൈമാറി കഅ്ബക്ക് ചാരേ അവർ പെരുന്നാൾ ആഘോഷമാക്കും, ഓരോ വീട്ടിൽനിന്നും പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന് ഹറംമുറ്റത്ത് വിതരണം ചെയ്യും. ഇതെല്ലാം മക്കയിലെ പെരുന്നാൾ ആഘോഷങ്ങളുടെ നനവുള്ള ഓർമകളാണ്.
പെരുന്നാൾ ദിവസവും കർശന നിയന്ത്രണങ്ങളാണ് മക്ക അടക്കമുള്ള പട്ടണങ്ങളിൽ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ളത് .സംസം നനവുള്ള പെരുന്നാൾ പുഞ്ചിരിയും ആഘോഷങ്ങളും ഇത്തവണ മക്കയിൽ ഉണ്ടാവില്ലെന്ന് ഉറപ്പ്.
* * * * * *
ഫിൻലൻഡിലെ ഒരു വ്യാഴവട്ടക്കാലത്തെ ജീവിതത്തിനിടയിൽ ഒാേരാ നേട്ടങ്ങളും കൈവരുേമ്പാൾ പ്രിയപ്പെട്ട ഉമ്മയുെട എനിക്കുവേണ്ടിയുള്ള പ്രാർഥനകളാണ് മനസ്സിൽ നിറയുക. ഫിൻലൻഡിലെ മത-സാമൂഹിക രംഗത്ത് ഇടപെടാനും പ്രവർത്തിക്കാനും കഴിഞ്ഞത് ഇൗ നാടിെൻറ പ്രവാസികളോടുള്ള തുറന്ന സമീപനം മൂലമാണ്. മതസ്വാതന്ത്ര്യം മുറുകെപിടിക്കുന്ന ഫിൻലൻഡ് ഒരിക്കലും വർഗത്തിെൻറയോ വംശത്തിെൻറയോ പേരിൽ ചിന്തിക്കാറേയില്ല. ഇഷ്ടമുള്ളവന് ഏതു സംസ്കാരവും വേഷവും സ്വീകരിക്കാൻ ഇൗ നാട്ടിൽ തടസ്സവുമില്ല. സർക്കാർ സ്കൂളിൽ മതപഠനത്തിന് സമയമനുവദിക്കുന്ന ഉദാത്ത സമീപനമാണ് ഇവിടത്തെ മുഖമുദ്ര.
രാത്രി കുറഞ്ഞതും പകൽ കൂടിയതുമാണ് ഫിൻലൻഡിലെ ഇപ്പോഴത്തെ നോമ്പുകാലം. നോമ്പുതുറക്കും അത്താഴത്തിനുമെല്ലാം പള്ളിയിൽ സൗകര്യമൊരുക്കും. ഇക്കുറി കോവിഡ് എല്ലാ കൂടിച്ചേരലുകളെയും ഇല്ലാതാക്കിയത് ഏറെ സങ്കടെപ്പടുത്തിയത് കുട്ടികളെയാണ്. അവർക്ക് നോമ്പും പെരുന്നാളും കാത്തിരിപ്പിെൻറ കാലമായിരുന്നു. ഫിത്ർ സകാത് വാങ്ങാൻ ആളില്ലാത്തതിനാൽ അത് ശേഖരിച്ച് മറ്റു രാജ്യക്കാർക്ക് എത്തിക്കും. വീടില്ലാത്ത ഒരാളും ഫിൻലൻഡിലില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.
* * * * * *
ജോലിഭാരങ്ങളെല്ലാം വിട്ട് എല്ലാവരും ഒത്തുചേരുക പെരുന്നാളിലാണ്. മലയാളികളായ ഞങ്ങൾ േനരത്തെ യാത്രകൾ പ്ലാൻ ചെയ്യും. അഞ്ചും പത്തും മണിക്കൂർ യാത്രചെയ്ത് ആരുടെയെങ്കിലും വീട്ടിൽ കൂടും. ഇക്കുറിയും യാത്ര പ്ലാൻ ചെയ്തിരുന്നു. കോവിഡിെൻറ വരവും ലോക്ഡൗണും അതിനു തടയിട്ടു.
പ്രകൃതിസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ഘാനയിലെ ഏതെങ്കിലും ഗ്രാമപ്രദേശങ്ങളിലാണ് ഞങ്ങൾ സാധാരണ അവസാനത്തെ നോമ്പും പെരുന്നാളും കൂടാറുള്ളത്. ഇല്ലായ്മയുടെ സങ്കടങ്ങൾ മനസ്സിൽ ഒതുക്കി ചിരിക്കുന്ന നിഷ്കളങ്കരായ അവരോടൊപ്പമുള്ള നോമ്പു തുറ പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണ്. മലയാളികളുടെ രുചികരമായ ഭക്ഷണത്തെ വർണിക്കാൻ അവർക്ക് ഭാഷേപാലും തടസ്സമല്ല. പെരുന്നാൾ ഉറപ്പിച്ചേശഷം ഫിത്ർ സകാത് നൽകാൻ കടന്നുചെല്ലുന്ന വീടുകളിലെ സ്വീകരണവും അവസ്ഥയും പലപ്പോഴും കണ്ണു നിറച്ചിട്ടുണ്ട്. തക്ബീർ ചൊല്ലിക്കൊണ്ടിരിക്കുന്ന മൈതാനിയിലേക്ക് പെരുന്നാൾ നമസ്കാരത്തിന് അറബന പോലത്തെ വാദ്യോപകരണ അകമ്പടിയോടെ ഇമാമിനെ ആനയിച്ച് കൊണ്ടുവരുന്ന കാഴ്ച അത് വേറൊരിടത്തും കാണില്ല. അത്ര മനോഹരമായ ചടങ്ങാണ് അത്.
* * * * * *
കെനിയയിൽ ധാരാളം മലയാളി കുടുംബങ്ങളുണ്ട്. ഷാജഹാൻ ഇക്കയുടെ ‘സ്വാദ്’ റസ്റ്റാറൻറ് ഇവിടെ പ്രസിദ്ധമാണ്. കേരള അസോസിയേഷൻ ഓഫ് കെനിയ, KAKഎന്ന ചുരുക്കപ്പേരിൽ അറിയുന്ന മലയാളി കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. കഴിഞ്ഞ വർഷത്തിലെ റമദാനിലും KAKയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിച്ചിരുന്നു. കോവിഡ് ഭീതിയിലാണ് ഈ വർഷത്തെ പെരുന്നാൾ . അടഞ്ഞുകിടക്കുന്ന പള്ളിയിലെ നിശ്ശബ്ദത ഒരു കനലായി എരിയുന്നു.
* * * * * *
മെൽബണിൽ ആസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (ആമിയ) നേതൃത്വത്തിൽ എല്ലാ വർഷവും ഇഫ്താറും പെരുന്നാൾ സംഗമവും നടത്താറുണ്ട്. നൂറിലധികം മലയാളികൾ പങ്കുചേരും. കുഞ്ഞുക്കൾക്കുള്ള മത്സരങ്ങളും സമ്മാനങ്ങളും കളിചിരികളും ഭക്ഷണമൊരുക്കിയും നിറപ്പകിട്ടാർന്ന പെരുന്നാൾ ആഘോഷമായിരിക്കും ഇത്. ഇത്തവണ ഇതൊന്നും നടക്കില്ലെങ്കിലും ഒാൺലൈൻ സംവിധാനങ്ങളിലൂടെ പരസ്പരബന്ധം ദൃഢമായിരിക്കയാണ്.
* * * * * *
* * * * * *
മലേഷ്യയിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഒരു പ്രത്യേകതരം വർണവും രൂപവുമാണ്. ‘സലാമത്ത് ഹരി റായ ഐദുൽ ഫിത്രി’ എന്ന പ്രയോഗംതന്നെ പെരുന്നാൾ വരവറിയിക്കുന്ന മന്ത്രോച്ചാരണവും ആശംസാവാചകവുമാണ്. ഈദ് മുബാറകിെൻറ മലേഷ്യൻ പ്രയോഗം.
ഓപൺ ഹൗസുകൾ എന്ന സദ്യവട്ടങ്ങളാണ് സവിശേഷമായ ചടങ്ങുകളിൽ പ്രധാനം. പ്രധാനമന്ത്രിയുടെ വസതിയിൽ തുടങ്ങി സമൂഹത്തിെൻറ അങ്ങേതലംവരെ എത്തപ്പെടും ചെറുതും വലുതുമായ ഈ ഒത്തുചേരലുകൾ. ഓപൺ ഹൗസ് വിരുന്നിെൻറ സവിശേഷതയും സാമൂഹികതയും വിളിച്ചോതുന്നത് എല്ലാ മതവിഭാഗങ്ങളുടെയും നിറസാന്നിധ്യവും സന്തോഷവും തന്നെയാണ്.
ഏതാണ്ടെല്ലാ വീട്ടുമുറ്റങ്ങളിലും സജ്ജീകരിച്ച് അലങ്കരിച്ച വിവിധയിനം ഭക്ഷണപദാർഥങ്ങൾ തയാറാക്കി വെക്കുന്ന ഈ പെരുന്നാൾ സദ്യവട്ടങ്ങളിൽ ആർക്കുവേണമെങ്കിലും കയറിച്ചെല്ലാം. അതിപ്രമുഖരും സമ്പന്നരും ഒരു മാസത്തോളം ഈ വിരുന്നുകൂടാരം തുറന്നുവെക്കും.
പൈതൃകത്തിെൻറ നേർവർണങ്ങളാണ് പെരുന്നാളുകളിലും മറ്റു വിശേഷദിവസങ്ങളിലും മലേഷ്യക്കാരുടെ വേഷവിധാനങ്ങളുടെ സവിശേഷതകൾ.
ക്വാലാലംപുർ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് മുസ്ലിം ലോകത്തിെൻറ വൈവിധ്യങ്ങളത്രയും ഉൾച്ചേർന്നിരിക്കും. നൂറ്റിഇരുപതിലധികം ലോകരാഷ്ട്രങ്ങളിൽനിന്നുള്ള അര ലക്ഷത്തോളം പഠിതാക്കളാണ് ഏക്കറുകളോളം വിശാലമായി പരന്നുകിടക്കുന്ന യൂനിവേഴ്സിറ്റി കാമ്പസിലുള്ളത്.
* * * * * *
വടക്കൻ യൂറോപ്പിലെ സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡനിൽ വന്നതിനുശേഷമുള്ള രണ്ടാമത്തെ റമദാനാണിത്. ഇവിടത്തെ മുസ്ലിംകളേറെയും വിവിധയിടങ്ങളിൽനിന്ന് കുടിയേറിയ സമൂഹമായതിനാൽ വൈവിധ്യങ്ങളായ നോമ്പ്^പെരുന്നാൾ അനുഭവങ്ങളാണ് ഇവിടത്തേത്. ഓരോരുത്തരും അതത് നാടുകളിലെ റമദാൻ വിഭവങ്ങളാണ് ഒരുക്കാറ്. ഈദ്ഗാഹുകൾ സാർവത്രികമല്ലെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഒരുക്കാറുണ്ട്. വിവിധ രാജ്യക്കാരായ മുസ്ലിം സമൂഹം സംഘടിപ്പിക്കുന്ന ഇൗദ് ഗാഹുകളിൽ അവരുടെ ഭാഷയിൽ ഖുതുബ നടത്തും. വേനൽക്കാലങ്ങളിലെ ദൈർഘ്യമേറിയ പകലുള്ള നോമ്പുകാലംകൂടിയാണിത്. 18 മണിക്കൂറിന് മുകളിലാണ് ഇക്കുറി നോമ്പ് സമയം.
കോവിഡ് കാലത്തെ റമദാൻ ഇവിടെയുള്ള വിശ്വാസി സമൂഹവും ആശങ്കയോടുകൂടിയാണ് വരവേറ്റത്. കോവിഡിനോടുള്ള പോരാട്ടത്തിൽ സ്വീഡൻ തികച്ചും വ്യത്യസ്തമായ നിലപാടെടുത്ത രാജ്യമാണ്. രാജ്യത്ത് ലോക്ഡൗൺ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്കൂളുകളും ഓഫിസുകളും പൊതുഗതാഗതവും സൂപ്പർമാർക്കറ്റുകളുമെല്ലാം സാധാരണപോലെ പ്രവർത്തിക്കുന്നു. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്കു മാത്രമാണ് സ്വീഡനിൽ ഇപ്പോൾ വിലക്കുള്ളത് അതുകൊണ്ടുതന്നെ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടഞ്ഞുതന്നെയാണ് കിടക്കുന്നത്. വിശ്വാസികൾ വീടുകളിൽതന്നെയാണ് പെരുന്നാൾ നമസ്കാരം നടത്തുക.
* * * * * *
നെതർലൻഡ്സിൽ കഴിഞ്ഞ റമദാന് തൊട്ടുമുമ്പാണ് എത്തിയത്. ദൂരെയുള്ള സുഹൃത്തിൽനിന്നാണ് റമദാൻ തുടങ്ങിയ വിവരമറിഞ്ഞ് നോമ്പാരംഭിച്ചത്. ഞാൻ താമസിക്കുന്നതിന് അടുത്തുള്ള പള്ളി തുർക്കി വംശജരുടേതായിരുന്നു. അവർക്ക് നോമ്പു തുടങ്ങിയത് ഒരുദിവസം പിന്നിട്ടാണ്. അതുകാരണം പെരുന്നാളാഘോഷിക്കുന്ന ദിവസെത്ത ചൊല്ലി ഞാനാകെ ആശയക്കുഴപ്പത്തിലായി. ആ െപരുന്നാളിന് ലീവില്ലാത്തതിനാൽ ഒാഫിസിലും വീട്ടിലുമായാണ് നെതർലൻഡ്സിലെ എെൻറ ആദ്യ ചെറിയ പെരുന്നാൾ ആഘോഷിച്ചത്.
മാർച്ച് മുതൽ നെതർലൻഡ്സിലെ പള്ളികളും അടഞ്ഞുകിടപ്പാണ്. കോവിഡ് വ്യാപനം ഏറെയുള്ള ഇവിടെ ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയത് ഇപ്പോഴാണ്. പുലർച്ച 3.45 മുതൽ രാത്രി 9.30 വരെയാണ് ഇവിടെത്ത നോമ്പുസമയം. കോവിഡ് കാരണം പള്ളികളിൽ സംഭാവന സ്വീകരിക്കുന്നതിന് തടസ്സമുണ്ട്. ഇത് മറികടക്കുന്നത് വീടുകളിൽനിന്ന് പള്ളിയിലേക്ക് എത്തിക്കുന്ന മധുരപലഹാരങ്ങൾ പള്ളിയിൽനിന്ന് ആവശ്യക്കാർക്ക് വിൽപന നടത്തിയാണ്. ഇൗദ്ഗാഹുകൾ ചുരുക്കമാണ്.
* * * * * *
രാവിലെ മൂന്നോടെ തുടങ്ങി വൈകീട്ട് എട്ടരയോടെ അവസാനിക്കുന്ന ദീർഘമായ നോമ്പുദിനങ്ങളിൽ, ഏഴു വയസ്സുകാരി മർയം വല്ലപ്പോഴുമെടുക്കുന്ന നോമ്പുകൾ മക്കയുടെ സമയക്രമം അനുസരിച്ചായിരുന്നു. ഇത്തവണത്തെ നോമ്പിനും പെരുന്നാളിനും മറ്റൊരു സന്തോഷംകൂടിയുണ്ട്; പോളണ്ടിൽ പിറന്ന ഇളയ മകൾ ആസിയയാണത്. പോളണ്ടിൽ പരിചിതമായ പേര് കൂടിയാണ് ആസിയ. വൈകീട്ട് എട്ടോടെ തുടങ്ങുന്ന നോമ്പുതുറക്കുള്ള ഒരുക്കങ്ങളിൽ മൂന്നു വയസ്സുകാരൻ ഹൂദ് അടക്കം മുഴുവൻ കുടുംബവും സജീവമാണ് . പോളിഷ് സുഹൃത്തുക്കളായ സാന്ദ്രക്കും ഡൊറോത്തിക്കുമുള്ള പെരുന്നാൾ വിരുന്നിെൻറ ആതിഥേയത്വം കോവിഡ് കാരണം നഷ്ടപ്പെട്ടതിലുള്ള നിരാശകൂടിയുണ്ട് ഭാര്യ ദാനക്ക്.തലസ്ഥാന നഗരമായ വാഴ്സോയിൽനിന്ന് 100 കിലോമീറ്റർ ദൂരെയുള്ള പൗരാണിക നഗരമായ വൂജിലാണ് (Lodz) താമസം.
യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുസ്ലിം സാന്നിധ്യം വളരെ കുറവാണ് പോളണ്ടിൽ. യൂറോപ്പിൽ മുസ്ലിംവിരുദ്ധത ഏറെ വേരുപിടിച്ച സ്ഥലംകൂടിയാണ് പോളണ്ട്. പേക്ഷ, നഗരങ്ങളിൽ നമുക്ക് വിവിധ രാജ്യക്കാരായ മുസ്ലിംകളെ ധാരാളം കാണാം.
ധാരാളം യൂനിവേഴ്സിറ്റികളുള്ള നഗരമായതിനാൽ മലയാളികളുൾപ്പെടുന്ന ധാരാളം വിദ്യാർഥികൾ ഇവിടെ താമസിക്കുന്നുണ്ട്. യൂനിവേഴ്സിറ്റിയിലെ നോമ്പുതുറ വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളുടെ മാത്രമല്ല, വൈവിധ്യപൂർണമായ ഭക്ഷണവിഭവങ്ങളുടെയും കൂടിച്ചേരലിനുള്ള അവസരമാണ്.
* * * * * *
കേട്ടറിവുകളല്ല, അനുഭവങ്ങളാണ് ഒരു നാടിനെ അടുത്തറിയാൻ സഹായകരമാകുന്നത്. 13 വർഷമായി സുഡാനിൽ ജീവിക്കുന്ന ഞങ്ങൾക്ക് ഇൗ നാട് സമ്മാനിച്ചത് ഒേട്ടറെ നല്ല അനുഭവങ്ങളാണ്. നോമ്പുകാലത്ത് ചെറിയവനോ വലിയവനോ എന്ന വ്യത്യാസമില്ലാതെ ഓരോ വീടുകളിൽനിന്നും പലഹാരങ്ങൾ കൊണ്ടുവന്ന് ഒരു തളികയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന മനോഹരമായ കാഴ്ച അതിലൊന്നാണ്.
സുഡാനിൽ ലോക്ഡൗൺ തുടങ്ങിയിട്ട് രണ്ടുമാസമായി. എല്ലാ ആരാധനാലയങ്ങളും അടച്ചത് കാരണം വിശ്വാസികളെല്ലാം റമദാനിൽ വീടുകളിൽ കുടുംബത്തോടൊപ്പമാണ് നമസ്കാരവും പ്ര ാർഥനയും നിർവഹിച്ചത്. പെരുന്നാൾദിനത്തിൽ ഖ൪ത്തൂം നഗരത്തിലെ തെരുവുകൾ പൊതുവെ വിജനമായിരിക്കും. നഗരത്തിൽ ജോലിചെയ്യുന്നവരെല്ലാം അവരവരുടെ ഗ്രാമങ്ങളിലേക്ക് പെരുന്നാളാഘോഷിക്കാൻ പോകുന്നതാണ് തിരക്ക് കുറയാൻ കാരണം. കുടുംബ സന്ദ൪ശനങ്ങൾക്കാണ് സുഡാനികളുടെ പെരുന്നാളാഘോഷത്തിലെ മുഖ്യ മുൻഗണന. മലയാളികളടക്കമുള്ള പ്രവാസികളുടെ പെരുന്നാളാഘോഷത്തിന് ഇവിടെ വലിയ പാ൪ക്കുകളിലൊന്നായ ഗ്രീൻയാർഡാണ് സംഗമ സ്ഥലമാകാറ്.
* * * * * *
ഹരി രായ ഈദുൽ ഫിത്റി എന്നാണ് മലയ ഭാഷയിൽ ചെറിയ പെരുന്നാളിന് ഇവിടത്തുകാർ പറയാറ്. ഗോളശാസ്ത്ര പ്രകാരം മുൻകൂട്ടിത്തന്നെ പെരുന്നാൾ ദിവസം നിശ്ചയിക്കാറാണ്. ഈ വർഷത്തെ പെരുന്നാൾ മേയ് 24ന് നേരത്തേതന്നെ തീരുമാനിച്ചതായിരുന്നു. പേക്ഷ, ഇത്തവണത്തെ പെരുന്നാൾ ‘കാൻസൽ’ ചെയ്ത പ്രതീതിയാണ് സിംഗപ്പൂരിലെ മുസ്ലിംകൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. കോവിഡ് കാരണം പെരുന്നാളിന് ബന്ധുക്കളെ അവരുടെ വീടുകളിൽ പോയി സന്ദർശിച്ച് സമ്മാനങ്ങളും പലഹാരങ്ങളും പരസ്പരം കൈമാറാൻ പാടില്ല എന്ന് ഇവിടത്തെ ഉന്നത ഇസ്ലാമിക ബോഡിയായ ‘മുയിസ്’ ഉത്തരവിറക്കിയതാണ് ഇതിനു കാരണം.
പെരുന്നാൾ ദിവസം മുതൽ 10 ദിവസത്തോളം ബന്ധുവീടുകൾ സന്ദർശിക്കുക ഒഴിച്ചുകൂടാനാവാത്ത ആഘോഷത്തിെൻറ ഭാഗമാണിവിടെ. പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാംതന്നെ മലായി പാരമ്പര്യവസ്ത്രങ്ങൾ ധരിച്ച് കൂട്ടത്തോടെ നീങ്ങുന്ന ഈ പാരമ്പര്യത്തെ ‘ ജലാൻ രായ’ എന്നാണ് വിളിക്കാറ്. ഇത്തരം സന്ദർശനങ്ങളിൽ പലഹാരങ്ങൾ കൈമാറുന്നതോടൊപ്പംതന്നെ കുട്ടികൾക്ക് മുതിർന്നവർ ചെറിയ തുകകളും സമ്മാനമായി നൽകാറുണ്ട്. പെരുന്നാൾ പൈസക്ക്’ ഇവിടെ പറയുന്ന പേരാണ് ‘അംബാവോ’. ബന്ധുവീടുകളിൽ സന്ദർശിക്കുന്നതുപോലെത്തന്നെ മരിച്ചവരുടെ ഖബറിടങ്ങൾ സന്ദർശിക്കുന്നതും പെരുന്നാൾ ദിവസങ്ങളിലെ പ്രത്യേകതയാണ്. വീടുകളിൽനിന്നുള്ള നമസ്കാരവും വെർച്വൽ മീഡിയ വഴിയുള്ള സ്നേഹപ്രകടനങ്ങളും ഡിജിറ്റൽ വഴിയുള്ള ‘അംബാവോ’ കൈമാറ്റങ്ങളും ഒക്കെയായി പെരുന്നാളിെൻറ ആത്മാവും ആവേശവും ചോർന്നുപോകാതെ ഇത്തവണ പുത്തൻ പെരുന്നാൾ അനുഭവങ്ങളാണ് ഉണ്ടാവുക. മലബാർ മുസ്ലിം ജമാഅത്തിെൻറ കീഴിലുള്ള മലബാർ മസ്ജിദ് മലയാളികൾ മുൻകൈയെടുത്തു നിർമിച്ചതാണ്.
* * * * * *
ബഴ്റാം ഷകറിനു(പെരുന്നാൾ മിഠായി )വേണ്ടി കാത്തിരിക്കുന്ന കുഞ്ഞോമനകളുടെ കളിചിരികളും പുഞ്ചിരികളും ഇക്കുറി തുർക്കിയിലെ പെരുന്നാൾ ദിനത്തിനു അന്യമായിരിക്കും. മധുരങ്ങൾ വിതരണം ചെയ്യുകയും, പൂവുകൾ കൈമാറുകയും, ആളുകളെക്കൊണ്ട് നിറഞ്ഞ തെരുവുകളും പരസ്പര ആലിംഗനവുമില്ലാത്ത ആഘോഷ ദിനം. പെരുന്നാളിനുമുന്പ് വീടുകൾ വൃത്തിയാക്കിയും ലൈറ്റുകൾകൊണ്ട് അലങ്കരിച്ചും പ്രത്യേക കേക്കുകൾ ഉണ്ടാക്കിയും സ്ത്രീകളും കുട്ടികളുടെയും സന്തോഷ കാഴ്ചയും അന്യമാകും. പെരുന്നാൾ ദിനത്തിൽ പ്രായമുള്ള ആളുകളുടെ കൈകളിൽ മുത്തം നൽകുന്നതും തുർക്കിയിൽ പതിവാണ്.
കോവിഡ് കർഫ്യൂ കാരണം ഇസ്തംബൂൾ നഗരവും ബോസ്ഫറസ് കടൽതീരവും തിരക്കുകളില്ലാതെ ശാന്തമായിരിക്കും. ഉമ്മാെൻറ ബിരിയാണിയുടെ സ്വാദും നാട്ടിലെ സന്തോഷങ്ങളും ഇല്ലാത്ത ഒരു പെരുന്നാൾകൂടി കഴിച്ചുകൂട്ടാൻ ഞങ്ങളും ഒരുങ്ങുകയാണ്. കഴിഞ്ഞ പെരുന്നാളിന് സുഹൃത്തിെൻറ വീട്ടിലെ തുർക്കിഷ് കെബാബിെൻറ സ്വാദും ഈ പെരുന്നാളിനില്ല.
* * * * * *
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.