കിനാക്കൾ കോർത്തൊരു കൂട് തീർത്തു...
text_fieldsസാമ്പ്രദായിക ജീവിത രീതികളിൽ നിന്ന് വേറിട്ട് നടക്കുന്ന പെൺകുട്ടി. ചെറുപ്പം തൊട്ടേ നാട്ടിലെ മാമൂലുകളോട് മുഖം തിരിച്ച അവൾക്ക് സാമൂഹിക പ്രവർത്തനമായിരുന്നു ഇഷ്ടമേഖല. ഒരുതരി പൊന്നുപോലുമില്ല ദേഹത്ത്. ഭിന്നശേഷിക്കാർക്കും അശരണർക്കും കൈത്താങ്ങേകി കൂടെ നിന്നു. യാത്രകളോടും പുസ്തകങ്ങളോടുമായിരുന്നു പ്രണയമത്രയും. വിവാഹം കഴിച്ചയക്കാൻ പല മാതാപിതാക്കളും മക്കൾക്ക് 18 തികയുന്നതും നോക്കിയിരിക്കുമ്പോൾ ഉന്നതപഠനത്തിന് വേണ്ടി തിരഞ്ഞെടുത്തത് വിദേശ സർവകലാശാല. പേര് റാഫിയ ഷെറിൻ.
ഇൻറർ കൾച്ചറൽ ബിസിനസ് കമ്യൂണിക്കേഷൻസിൽ മാസ്റ്റേഴ്സ് ചെയ്യാനാണ് റാഫിയ യു.കെയിലെത്തിയത്. ജർമനിയിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഫവാസ് അഹമ്മദിനെ നേരത്തെ പരിചയമുണ്ടായിരുന്നു. രണ്ട് വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവരെങ്കിലും ഒരേ ആദർശക്കാർ. അവരവരുടെ സ്പേസിനെ ബഹുമാനിച്ചുകൊണ്ട് ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന ചിന്ത വന്നപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു. വീട്ടുകാരോട് പറഞ്ഞു. ഏറക്കുറെ ഒരേ ചിന്താഗതിക്കാരായിരുന്നു വീട്ടുകാരും. ഫവാസിെൻറ വീട്ടുകാർ റാഫിയയെയോ പെണ്ണിന്റെ ആൾക്കാർ ചെറുക്കനെയോ കാണുന്നതിന് മുമ്പേ കല്യാണം ഫിക്സ്ഡ്.
2020 ജൂലൈയിലോ ആഗസ്റ്റിലോ നാട്ടിൽ വന്ന് വിവാഹം നടത്തണമെന്നായിരുന്നു തീരുമാനം. മാർച്ചിൽ കോവിഡ് രൂക്ഷമായതോടെ പദ്ധതികൾ തെറ്റി. ഓൺലൈൻ നിക്കാഹിനെക്കുറിച്ച് ആലോചിച്ചു. വീട്ടുകാർക്ക് എതിരഭിപ്രായമില്ല. കല്യാണത്തിന്റെ പേരിലുള്ള ആർഭാടങ്ങളോടും കാട്ടിക്കൂട്ടലുകളോടും ഒട്ടും താൽപര്യമില്ലാത്തവർ. സെപ്റ്റംബർ ആറിനായിരുന്നു നിക്കാഹ്. ഇതിനായി മണവാട്ടി തലേന്ന് തന്നെ ജർമനിയിലെത്തി. രണ്ടാളും 2500 രൂപയിൽ കുറഞ്ഞ വിവാഹവസ്ത്രങ്ങളാണ് വാങ്ങിച്ചത്. അവിടെ അതിലും കുറഞ്ഞത് കിട്ടാനില്ലെന്ന് റാഫിയ. നിക്കാഹിന് സാക്ഷിയാവാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്ഷണക്കത്തിന് പകരം സൂം ലിങ്ക് അയച്ചുകൊടുത്തു. മുസ് ലിം വിവാഹത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ചെറുക്കനും പെണ്ണും അടുത്തടുത്തിരുന്ന് നിക്കാഹ്.
മലപ്പുറം ആമയൂരിലെ ബഷീറും ഹസീനയുമാണ് റാഫിയയുടെ മാതാപിതാക്കൾ. വാഴക്കാട് സ്വദേശി അബൂബക്കറിന്റെയും റംലയുടെയും മകൻ ഫവാസ്. നിക്കാഹ് ദിനത്തിൽ റാഫിയയുടെ വീട്ടിലേക്ക് ഫവാസിന്റെ വീട്ടുകാർ വന്നു. ജർമനിയിലെ അപ്പാർട്മെൻറിൽ റാഫിയയും ഫവാസും സുഹൃത്തും മാത്രം. പി.എം.എ ഗഫൂറാണ് നിക്കാഹിന് കാർമികത്വം വഹിച്ചത്. 'സാധുവായ ഒരു കുട്ടിക്ക് ഒരു വീട് നൽകുന്നത് മഹറായി നിശ്ചയിച്ച്...' എന്ന് നിക്കാഹിനിടെ പറയുമ്പോൾ റാഫിയയുടെ ഉപ്പ ബഷീറിന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിലിരുന്ന് ആ ചടങ്ങിന് സാക്ഷിയായവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. അൽപം മനക്കട്ടിയുണ്ടെന്ന് വിശ്വസിച്ചിരുന്ന റാഫിയയും കരഞ്ഞു.
പശ്ചിമബംഗാളിലെ മാൽഡയിലെ ആ പെൺകുട്ടി ആരെന്ന് റാഫിയക്കോ ഫവാസിനോ അറിയില്ല. ഫോട്ടോ പോലും കണ്ടിട്ടില്ല. സാമൂഹിക പ്രവർത്തകൻ യഹ് യാ ഖാൻ വഴിയാണ് കാര്യങ്ങൾ അന്വേഷിച്ചത്. തൊട്ടടുത്ത മാസം ആ കുട്ടിയുടെയും കല്യാണമാണെന്നറിഞ്ഞു. അവൾക്ക് മാതാവും നാല് സഹോദരങ്ങളുമാണുള്ളത്. ഒറ്റ മുറി വീട്ടിൽ താമസം. കല്യാണം കഴിക്കാൻ പോകുന്ന ആളും കൂടിയാകുമ്പോൾ ഏഴ് പേർ ഒറ്റമുറിയിൽ താമസിക്കേണ്ടി വരും. അങ്ങനെയാണ് അവർക്ക് വീട് െവച്ച് കൊടുക്കാമെന്ന തീരുമാനത്തിലെത്തിയത്. തെൻറ അവകാശമായ മഹറായി അത് തന്നെ മതിയെന്ന് റാഫിയക്ക് നിർബന്ധമായിരുന്നു. ഫവാസിന് നൂറു സമ്മതം. വീട് പണി ഏറക്കുറെ പൂർത്തിയായി. റാഫിയയും ഫവാസും ജീവിതത്തിൽ ഒരുമിച്ചതിനുള്ള വിവാഹമൂല്യമായി ഒരു കൂര ആ പെൺകുട്ടിക്കും കുടുംബത്തിനും തണലേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.