പെരുന്നാൾ മധുരപ്പെട്ടി
text_fieldsപെരുന്നാൾ ഓർമകൾ മനസ്സിൽ പൊങ്ങുമ്പോൾ ഒരു ക്ലാസ്സ് മുറിയും അതിനകത്തെ 110 ഓളം കുട്ടികളും അനുഭവിച്ച സന്തോഷമാണ് മനസ്സിൽ നിറയുന്നത്. വഴിയിലൂടെ നടന്നു നീങ്ങുമ്പോൾ പെട്ടെന്ന് പച്ചപ്പിൽ നിന്ന് ഒരു പൂവ് ഉയർന്ന് നമ്മെ മുഖം കാണിക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം പോലെ ആ പെരുന്നാൾ കാലത്തെ ഓർമ കൂടെക്കൂടെ എന്നെ സന്തോഷ നിർഭരനാക്കുന്നുമുണ്ട്. സാധാരണ പെരുന്നാളിന് കുറച്ച് ദിവസം മുമ്പ് എന്റെ വീട്ടിലേക്ക് കുറച്ച് സുഹൃത്തുക്കൾ വരാറുണ്ട്. അവരെല്ലാം നോമ്പെടുക്കുന്നവരുമാണ്. നോമ്പുമായി ബന്ധപ്പെട്ടതും പരിസ്ഥിതിയും എഴുത്തുമായി ബന്ധപ്പെട്ട ചർച്ചകളൊക്കെ കുറേ നേരമിരുന്ന് ഞങ്ങൾ നടത്തും.പോകാൻ ഒരുങ്ങുമ്പോൾ അവർ വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പെട്ടി എനിക്ക് സമ്മാനിക്കും. അതിൽ നിറയെ ഈത്തപ്പഴങ്ങളായിരുന്നു.
ഒരു വർഷം അവർ വിളിക്കുമ്പോൾ ഞാൻ കാഞ്ഞങ്ങാട് നെഹ്റു കോളജിലായിരുന്നു. ഒന്നു കാണണമെന്ന് അവർ പറഞ്ഞപ്പോൾ കോളജിലേക്ക് വരാൻ പറഞ്ഞു.ബി.എ, ബി.എസ്.സി.രണ്ടാം വർഷ ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് അവർ എത്തിയത്. ക്ലാസ്മുറിയുടെ വാതിൽക്കൽ നിന്നും ഈത്തപ്പഴത്തിന്റെ വലിയപെട്ടി എനിക്ക് സമ്മാനിച്ച് അൽപം സൗഹൃദ സംഭാഷണങ്ങൾ നടത്തി അവർ മടങ്ങി.ഞാൻ പെട്ടി മേശപ്പുറത്ത് വെച്ച് ക്ലാസ് തുടർന്നു. കുട്ടികളുടെ ശ്രദ്ധ ആ പെട്ടിയിലാണ് .ഈ കുട്ടികളുടെ മുന്നിൽ നിന്നും ഈത്തപ്പഴം വീട്ടിലേക്ക് കൊണ്ടുപോകാൻ എനിക്ക് മനസ്സ് വന്നില്ല.
ഏത് സ്ഥലത്ത് പരിപാടിക്ക് അതിഥിയായി ചെന്നാലും ചായകൊണ്ട് വന്നാൽ സദസ്സിന് കൊടുക്കുന്നുണ്ടെങ്കിൽ മാത്രമെ ഞാൻ കഴിക്കാറുള്ളൂ. മറ്റൊരാൾ കഴിക്കാതിരിക്കുമ്പോൾ എനിക്ക് എങ്ങനെ കഴിക്കാൻ സാധിക്കും. ക്ലാസ്മുറിയിലേക്ക് എത്തിയ പെരുന്നാൾ മധുരം പെട്ടി തുറന്ന് സ്നേഹത്തിന്റെ രൂപത്തിൽ ഓരോരുത്തർക്കും നൽകി. അവരുടെ മുഖത്തുണ്ടായ സന്തോഷമായിരുന്നു മറക്കാനാവാത്ത എന്റെ പെരുന്നാൾക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.