തുർക്കിയെ മാറ്റുന്ന തെരഞ്ഞെടുപ്പ്
text_fieldsഒരു അന്തർഭൂഖണ്ഡ രാജ്യമായ തുർക്കിയുടെ തെരഞ്ഞെടുപ്പ് ഗോദയിലാണ് ലോകരാഷ്ട്രങ്ങളുടെ കണ്ണ്. യൂറോപ്പിെൻറ കിഴക്കും ഏഷ്യയുടെ പടിഞ്ഞാറും കൂട്ടിയിണക്കുന്ന ഭൂപ്രകൃതിയാൽ ഏറെ തന്ത്രപ്രധാനമായ ഈ രാജ്യം ലോകരാഷ്ട്രീയത്തിൽ എന്നും പുതിയ സമവാക്യങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അവിടെയാണ് കഴിഞ്ഞ പതിനാറു വർഷമായി റജബ് ത്വയ്യിബ് ഉർദുഗാൻ പുതിയ പരീക്ഷണത്തിനൊരുങ്ങിയിരിക്കുന്നത്. ഭീകരമായ അടിച്ചമർത്തലുകൾക്കും ജനാധിപത്യ ധ്വംസനത്തിനുമിരയായ തുർക്കിയെ ഇസ്ലാം ഉൾച്ചേർന്ന ഒരു മതേതര ജനാധിപത്യരാഷ്ട്രമായി പരിവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. തുർക്കിയുടെ സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടവും സാമൂഹിക പരിഷ്കരണങ്ങളും യൂറോപ്പിനെയും അമേരിക്കയെയും അലോസരപ്പെടുത്തുന്നുണ്ട്. ലോകരാഷ്ട്രങ്ങളെ കോർപറേറ്റ് ശക്തികൾ നിയന്ത്രിക്കുമ്പോൾ, നവ ലിബറൽ കോർപറേറ്റ് ശക്തികളെ രാഷ്ട്രീയമായ ഇച്ഛാശക്തികൊണ്ട് നിയന്ത്രിക്കാനാവുമെന്നും ഇടതു വലതു പക്ഷപാതിത്വമില്ലാതെതന്നെ, ജനസൗഹൃദമായൊരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാൻ സാധ്യമാകുമെന്നും ലോകസമക്ഷം തെളിയിച്ചുകൊണ്ടിരിക്കുന്ന ഉർദുഗാനിലേക്കു തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ. 2017ലെ അഭിപ്രായവോട്ടെടുപ്പിൽ 51.3 ശതമാനം വോട്ട് നേടി പ്രസിഡൻഷ്യൽ സമ്പ്രദായം സ്വീകരിക്കാൻ തീരുമാനിച്ചതിനാൽ ഈ തെരഞ്ഞെടുപ്പ് തുർക്കിയുടെ ഭാവി ഭാഗധേയ നിർണയത്തിൽ ശ്രദ്ധേയമാണ്. ഉർദുഗാെൻറ കരങ്ങൾ കൂടുതൽ ശക്തമാകുന്നതോടെ തുർക്കിയുടെ അന്താരാഷ്ട്രതലത്തിലുള്ള ശക്തിയും സ്വാധീനവും വർധിക്കുമെന്നത് അമേരിക്കയുടെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും കണ്ണുകടിക്കു കാരണമാണെന്നതു കൊണ്ടുതന്നെ പ്രതിപക്ഷ കക്ഷികളെന്നപോലെ വിദേശശക്തികളും ഉർദുഗാനെ പരാജയപ്പെടുത്താനാണ് ചരടുവലിക്കുന്നത്. എന്നാൽ, അഭിപ്രായ വോട്ടെടുപ്പിലുണ്ടായ വിജയം തന്നെയാവണം 2019 നവംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് ഈ ജൂൺ 24ന് മുൻകൂട്ടി നടത്താൻ ഉർദുഗാനെ േപ്രരിപ്പിക്കുന്നത്.
യൂറോപ്പിെൻറ കിഴക്ക് ഭരണസ്ഥിരത കൈമോശം വന്നു അസ്വസ്ഥമായിക്കിടന്ന തുർക്കിയെ ഉയിർത്തെഴുനേൽപിച്ച് ഒരു വലിയ സൈനിക, സാമ്പത്തികശക്തിയായി പരിവർത്തിപ്പിച്ചത് ഉർദുഗാനാണ്. എന്നാൽ, 2016 ജൂലൈ മാസത്തിൽ നടന്ന വിഫലമായ പട്ടാള അട്ടിമറി ശ്രമവും അയൽപക്കമായ സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും തുർക്കിയുടെ ആഭ്യന്തര രംഗത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിൽനിന്നു രാജ്യത്തെ മുക്തമാക്കി സാമ്പത്തികമായും സൈനികമായും തുർക്കിയെ ലോകത്തിനു മുന്നിൽ ശക്തമായൊരു സാന്നിധ്യമാക്കി മാറ്റുമെന്നാണ് ഉർദുഗാെൻറ അവകാശവാദം. അതിനുവേണ്ടിയാണ് പ്രസിഡൻഷ്യൽ ഭരണരീതി സ്വീകരിച്ചു മുന്നോട്ടുപോകാനുള്ള നിർദേശം അദ്ദേഹം മുന്നോട്ട് വെക്കുന്നത്. എന്നാൽ, പ്രതിപക്ഷപാർട്ടികൾ ഐകകണ്ഠ്യേന ഒരു സ്ഥാനാർഥിയെ നിർത്തി ഉർദുഗാനെ പരാജയപ്പെടുത്താനുള്ള ശ്രമം നടത്തി നോക്കി. മുൻ പ്രസിഡൻറും ഒരു കാലത്ത് ഉർദുഗാെൻറ വിശ്വസ്തനുമായിരുന്ന അബ്ദുല്ല ഗുലിനെ പൊതുസമ്മതനായി മത്സരിപ്പിക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ, അദ്ദേഹം സന്നദ്ധനായില്ല. ഇപ്പോൾ എടുത്തു പറയാനുള്ള എതിർ സ്ഥാനാർഥി റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി) യുടെ നേതാവ് മുഹർറം ഇൻസിയാണ്. 550 അംഗങ്ങളുള്ള തുർക്കിയുടെ പാർലമെൻറിൽ ഇപ്പോഴവർക്ക് 116 അംഗങ്ങളുണ്ട്. എന്നാൽ, സി.എച്ച്.പിയുടെ സ്വാധീനം നഗരങ്ങളിലെ ഇടത്തരക്കാരിൽ പരിമിതമാണ്. അങ്കാറ, ഇസ്തംബൂൾ എന്നിവിടങ്ങളിൽ പരിമിതമാണിത്. മാത്രമല്ല, മതവിശ്വാസികളായ സാമാന്യജനത്തിന് മുഹർറം ഇൻസി സ്വീകാര്യനുമല്ല. എങ്കിലും, വോട്ടർമാരെ സ്വാധീനിക്കാനുള്ള എല്ലാ അടവുകളും അവർ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് ഇടതുപക്ഷ സ്ഥാനാർഥികളെ കഴിവതും മാറ്റിനിർത്താൻ ജനങ്ങളെ േപ്രരിപ്പിച്ചതെന്നറിയുന്നു.
അതേപോലെ, കുർദുകളുടെ പ്രശ്നം പാർലമെൻറിൽ തീരുമാനിക്കാവുന്നതേയുള്ളൂ എന്നവർ വാദിക്കുന്നതും ഈ ലക്ഷ്യം വെച്ചാണെന്നു മനസ്സിലാകുന്നു. പക്ഷേ, ഇതൊന്നും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളല്ല. സാമ്പത്തികഭദ്രതയുള്ള രാഷ്ട്രത്തെക്കുറിച്ച സങ്കൽപമാണവരെ നയിക്കുന്നത്. തുർക്കി പഴയകാല പ്രതാപം വീണ്ടെടുത്തു കാണണമെന്നും അവർ ആഗ്രഹിക്കുന്നു. ഉർദുഗാനെ സ്വന്തം പാർട്ടിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിക്കു പുറമെ നാഷനലിസ്റ്റ് മൂവ്മെൻറ് പാർട്ടി (എം.എച്ച്.പി)യും പിന്തുണക്കുന്നുണ്ട്. ഇവർക്കു പത്തു ശതമാനം ജനപ്രീതിയുണ്ടെന്നാണ് അറിയുന്നത്. ഇതൊക്കെയാണ് ഉർദുഗാൻ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷ നൽകുന്നത്. തുർക്കിയിലെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നതു വിശേഷിച്ചും രണ്ടു കാരണങ്ങൾ കൊണ്ടാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ഒന്ന്, അത് പരാജയപ്പെടുത്തപ്പെട്ട പട്ടാള അട്ടിമറിക്കു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇതെന്നതുതന്നെ. രണ്ടാമത്തെ കാര്യം, പ്രസിഡൻഷ്യൽ സിസ്റ്റം അംഗീകരിക്കാൻ തെരഞ്ഞെടുപ്പിലൂടെ സമ്മതിദായകർ അംഗീകാരം നൽകുന്നു എന്നതു തന്നെ. ജൂൺ മൂന്നിന് നടത്തിയ ഒരു ടെലിവിഷൻ അഭിമുഖ്യത്തിൽ ഉർദുഗാൻ ജസ്റ്റിസ് ആൻഡ് െഡവലപ്മെൻറ് പാർട്ടിയുടെ പ്രകടനപത്രിക വിശദീകരിക്കുകയുണ്ടായി. തുർക്കിയുടെ ആഭ്യന്തരവിദേശകാര്യ രംഗങ്ങളിൽ സമൂലമായ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള, ശക്തവും സന്തുലിതവുമായ ഒരു പുതിയ പരീക്ഷണത്തിെൻറ വ്യക്തതയുള്ളൊരു കാഴ്ചപ്പാടായിരുന്നു അത്. പുതിയ മന്ത്രിസഭയുടെ രൂപഭാവങ്ങളും സാമ്പത്തികനയങ്ങളും അന്താരാഷ്ട്ര രംഗത്ത് തുർക്കി സ്വീകരിക്കാൻ പോകുന്ന സന്തുലിതസമീപനങ്ങളും അദ്ദേഹം വിശദീകരിച്ചു. സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്കരണത്തിെൻറ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള വിമാനത്താവളങ്ങൾ, അതിവേഗ റെയിൽപാതകൾ, റോഡുകൾ എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചപ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നിവക്കും ഉൗന്നൽ നൽകിയത് ശ്രദ്ധേയമായി. പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നത് രാജ്യത്തിെൻറ സമാധാനത്തിനുള്ള മാർഗമാണെന്നും അതിനായി ആണവ കേന്ദ്രങ്ങളും ആയുധനിർമാണവും ആവശ്യമാണെന്നതും വ്യക്തമാക്കപ്പെട്ടു.
ചുരുക്കത്തിൽ, തുർക്കിയെ കൂടുതൽ പുരോഗതിയിലേക്കു നയിക്കാൻ താൻ വിജയിക്കണമെന്നാണ് ഉർദുഗാെൻറ ആഹ്വാനം. അന്താരാഷ്ട്രരംഗങ്ങളിൽ അമേരിക്കയുമായി നല്ല ബന്ധം നിലനിർത്താനും അതേസമയം തന്നെ റഷ്യയുമായും യൂറോപ്യൻ രാഷ്ട്രങ്ങളുമായും നല്ല ബന്ധം നിലനിർത്തി സമാധാനം സാധ്യമാക്കാനുമുള്ള ശ്രമം നടത്തുമെന്നും പ്രഖ്യാപിച്ചു. ആഗ്രഹങ്ങൾ എത്രമാത്രം സാക്ഷാത്കരിക്കപ്പെടുമെന്നത് കണ്ടുതന്നെ അറിയേണ്ടതുണ്ട്. ഏതായാലും ഉർദുഗാെൻറ വിജയം തുർക്കിയുടെ ചരിത്രത്തിൽ ഒരു നൂതന അധ്യായം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.