തെരഞ്ഞെടുപ്പ് കമീഷൻ എന്തിനാണ് മടിച്ചുനിൽക്കുന്നത്?
text_fieldsഭരണത്തിലുള്ള പാർട്ടി കേന്ദ്ര ഏജൻസികളെ തങ്ങൾക്കെതിരെ ഉപയോഗിക്കുന്നുവെന്ന് 2019ലെ പൊതുതെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതിനെതുടർന്ന് ഇടപെട്ട കമീഷൻ തെരഞ്ഞെടുപ്പ് കാലയളവിലെ എല്ലാ നിർവഹണ നടപടികളും തികച്ചും നിഷ്പക്ഷവും വിവേചനരഹിതവുമായിരിക്കണമെന്ന ശക്തമായ നിർദേശം പുറത്തിറക്കി.
ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ‘Ex CECs: IT, ED actions against opposition can disrupt level playing field in polls’ എന്ന തലക്കെട്ട് ഏറെ ചർച്ചയായിരുന്നു. പ്രതിപക്ഷത്തിനെതിരായ ഐ.ടി, ഇ.ഡി നടപടികൾ തെരഞ്ഞെടുപ്പിലെ സമതുലന സാഹചര്യത്തെ തകിടം മറിക്കാൻ സാധ്യതയുണ്ടെന്ന് ഞാനുൾപ്പെടെ നാല് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാർ (അതിൽ രണ്ടുപേർ പേര് വെളിപ്പെടുത്താത്തവർ) ആ പത്രത്തോട് പറഞ്ഞതായാണ് വാർത്ത.
ഇത്തരം നടപടികൾ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുന്നതായി കാണണമെന്ന് ആ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന, പേരുവെളിപ്പെടുത്താത്ത രണ്ട് മുൻ മേധാവികൾ പറയുന്നു. ആദായനികുതി നോട്ടീസുകളും മറ്റും നൽകാൻ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണമെന്നും അതിൽ ഒരാൾ ചൂണ്ടിക്കാട്ടുന്നു. സമതുലിതാവസ്ഥയെ ബാധിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് തീർച്ചയായും അത്തരത്തിൽ ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
പ്രചാരണം നടക്കുന്നതിനിടെ ടാക്സ് ഏജൻസികൾ പ്രധാന പ്രതിപക്ഷ പാർട്ടിക്ക് നോട്ടീസ് നൽകുകയും അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽനിന്ന് പണം കിഴിക്കുകയും ചെയ്യുന്നുവെങ്കിൽ, അതും സമമായ അവസ്ഥയെ അസ്വസ്ഥമാക്കുമെന്ന് ഒരു മുൻ കമീഷണർ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇതിന് കാത്തിരിക്കാൻ കഴിയാത്തത്ര ശക്തമായ കാരണങ്ങളെന്താണെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസി (സി.ബി.ഡി.ടി)നോട് കമീഷൻ തിരക്കണമെന്ന് പറഞ്ഞ അദ്ദേഹം വിഷയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിൽ കമീഷന് അതിലിടപെടാനാകില്ലെന്നും കൂട്ടിച്ചേർക്കുന്നു.
ഫണ്ട് ഉപയോഗിക്കാനുള്ള സൗകര്യം പോലും നഷ്ടപ്പെട്ട നിലയിൽ ഒരു രാഷ്ട്രീയപാർട്ടിക്ക് എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്നതാണ് മറ്റൊരു മുൻ മേധാവി ചോദിച്ചത്. ഇത് സമതുലനാവസ്ഥയെ ബാധിക്കില്ലേ? ഈ മത്സരത്തിലെ ഒരു അമ്പയർ എന്ന നിലയിൽ, കമീഷന് പൂർണമായും നിശ്ശബ്ദമായി തുടരാനാവില്ല. കൺസൾട്ടേഷൻ വഴിയോ കേന്ദ്ര ഏജൻസികളുമായുള്ള യോഗം വഴിയോ റെയ്ഡുകൾ, അക്കൗണ്ട് മരവിപ്പിക്കൽ, നികുതി ആവശ്യപ്പെടൽ തുടങ്ങിയ നടപടികൾ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റിവെക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിൽ കമീഷന് പങ്ക് വഹിക്കാനുണ്ട്.
സാധ്യമായ എല്ലാ കാര്യങ്ങൾക്കും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുകതന്നെ വേണമെന്ന തത്ത്വമാണ് കമീഷനിലിരിക്കെ ഞങ്ങൾ സദാ പിന്തുടർന്നിരുന്നത്. അങ്ങനെ കാത്തിരുന്നാൽ, അഥവാ ഇത്തരം നടപടികൾ മാറ്റിവെച്ചാൽ നികത്താനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാകുമോ എന്നതാണ് ചോദിക്കാനുള്ള ചോദ്യം. ഇപ്പോഴുള്ള രണ്ട് കേസുകളിൽ, (രണ്ട് മുഖ്യമന്ത്രിമാരുടെ അറസ്റ്റും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള ഐ.ടി നോട്ടീസുകളുടെ പെരുമഴയും) നടപടികൾ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റിവെച്ചാൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങളൊന്നും ഞാൻ കാണുന്നില്ല. നേരെമറിച്ച്, അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വ്യക്തിപരമായും സാമ്പത്തികമായും ഞെരുക്കുന്നതിലൂടെ, രണ്ട് പാർട്ടികൾക്കും പരിഹരിക്കാനാകാത്ത നഷ്ടമാണ് സംഭവിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷമായി പ്രവർത്തിക്കാൻ ഇ.ഡിയോട് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട സംഭവം മുമ്പുണ്ടായിട്ടുണ്ട്. ഭരണത്തിലുള്ള പാർട്ടി കേന്ദ്ര ഏജൻസികളെ തങ്ങൾക്കെതിരെ ഉപയോഗിക്കുന്നുവെന്ന് 2019ലെ പൊതുതെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതിനെതുടർന്ന് ഇടപെട്ട കമീഷൻ തെരഞ്ഞെടുപ്പ് കാലയളവിലെ എല്ലാ നിർവഹണ നടപടികളും തികച്ചും നിഷ്പക്ഷവും വിവേചനരഹിതവുമായിരിക്കണമെന്ന ശക്തമായ നിർദേശം പുറത്തിറക്കി.
പൊതുക്ഷേമത്തെ ബാധിക്കുന്ന കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ അങ്ങേയറ്റം ന്യായയുക്തമായാണ് പ്രവർത്തിച്ചിരുന്നത്. ഉദാഹരണത്തിന്, ഒരിക്കൽ ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പെട്രോൾ വിലയിൽ ദേശീയകുറവ് പ്രഖ്യാപിക്കാൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ആഗ്രഹിച്ചു. ഭരണപക്ഷം ഇതുകൊണ്ട് നേട്ടമുണ്ടാക്കുമെന്നും സമനിലയെ തകർക്കുമെന്നുമുള്ള പ്രതിപക്ഷത്തിലെ ഒരുവിഭാഗത്തിന്റെ പ്രതിഷേധം നിലനിൽക്കെതന്നെ മതിയായ കൂടിയാലോചനകൾക്ക് ശേഷം, പൊതുതാൽപര്യം കണക്കിലെടുത്ത് ഇത് അനുവദിച്ചു.
എന്നാൽ, മറ്റൊരവസരത്തിൽ, ചില ഭക്ഷ്യധാന്യങ്ങളുടെ മിനിമം താങ്ങുവിലയിൽ വർധന പ്രഖ്യാപിക്കാൻ ഭക്ഷ്യ മന്ത്രാലയം ആഗ്രഹിച്ചപ്പോൾ, സമയക്രമം സംശയാസ്പദമാണെന്ന് കണ്ട് കമീഷൻ അതനുവദിച്ചില്ല. സാധാരണഗതിയിൽ വിത്ത് വിതക്കുന്നതിന് തൊട്ടുമുമ്പ് താങ്ങുവില പ്രഖ്യാപിച്ചാൽ കർഷകർക്ക് എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാം. എന്നാൽ, മുകളിൽ പറഞ്ഞ സന്ദർഭത്തിൽ സാധാരണ ചെയ്യുന്നതിന് രണ്ട് മാസം മുമ്പ് താങ്ങുവില പ്രഖ്യാപിക്കുക എന്ന സൂത്രപ്പണിയാണ് സർക്കാർ നടത്താൻ നോക്കിയത്. ഇവ്വിധം തന്ത്രങ്ങളെ സമർഥമായി പരാജയപ്പെടുത്താൻ കമീഷൻ നടത്തിയ ഇടപെടലുകൾ കാരണം അവയുടെ ദുരുപയോഗത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. നേതാക്കളും മന്ത്രിമാരും ഇക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധാലുക്കളുമായിരിക്കുന്നു.
ഭരണകക്ഷിക്ക് മറ്റുള്ള പാർട്ടികളിൽനിന്ന് വിഭിന്നമായി അനാവശ്യനേട്ടവും സ്വാധീനവുമുണ്ടാക്കാൻ സാധിക്കുന്നില്ലെന്ന് ഉറപ്പാക്കും വിധമാണ് മാതൃകാ പെരുമാറ്റച്ചട്ടം രൂപകൽപന ചെയ്തിരിക്കുന്നത്. ചട്ടത്തിലെ ഒരു പൂർണ അധ്യായം (ഭാഗം VII) തന്നെ ഭരണകക്ഷികൾക്കും അന്നത്തെ സർക്കാറിനുമുള്ള നിയന്ത്രണങ്ങൾ വിശദമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മന്ത്രിമാർ ഔദ്യോഗിക സംവിധാനങ്ങളെയോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നു. വിവേചനാധികാര ഫണ്ടിൽനിന്ന് ഗ്രാന്റും പേമെന്റുകളും അനുവദിക്കൽ, പ്രഖ്യാപിക്കൽ വാഗ്ദാനം ചെയ്യൽ എന്നതിനെല്ലാം വിലക്കുണ്ട്. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ അഡ്ഹോക് നിയമനങ്ങൾ നടത്തുകയോ ഏതെങ്കിലും തരത്തിലുള്ള പദ്ധതികൾക്ക് തറക്കല്ലിടുകയോ റോഡ്, വെള്ളം തുടങ്ങിയ പദ്ധതികളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുകയോ അരുത്. ഭരണസംവിധാനം കൈവശമുണ്ടെന്ന നേട്ടം ഒരു പാർട്ടിക്ക് ഗുണകരമാവുന്നത് ഒഴിവാക്കി സമനില ഉറപ്പുവരുത്തുന്നതിന് ഇതൊക്കെ അത്യാവശ്യമാണ്.
മാതൃകാ പെരുമാറ്റച്ചട്ട പ്രകാരമുള്ള നടപടി പൊതുവെ ഒരു വ്യക്തിയെ കുറ്റപ്പെടുത്തുന്നതിലോ ശാസിക്കുന്നതിലോ മാത്രമായി പരിമിതമാണെങ്കിലും, അംഗങ്ങൾ ചട്ടലംഘനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് എഴുതാൻ കമീഷനാവും. നിയമസഭകളുടെ ബജറ്റ് സെഷൻ തെരഞ്ഞെടുപ്പ് കാലത്ത് വന്നാൽ, മോഹന പദ്ധതികൾ അവതരിപ്പിച്ച് ചട്ടലംഘനം നടത്തുന്നില്ലെന്നുറപ്പാക്കാനായി സാധാരണ ബജറ്റിന് പകരം ‘വോട്ട് ഓൺ അക്കൗണ്ട്’ കൊണ്ടുവരുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാറുകളോട് ഉപദേശിക്കാറുണ്ട്, എല്ലായിപ്പോഴും സർക്കാറുകൾ ഈ ഉപദേശം പാലിക്കാറുമുണ്ട്.
പെരുമാറ്റച്ചട്ടങ്ങളോട് വ്യത്യസ്ത രാഷ്ട്രീയ നേതാക്കൾ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കാറ്. 2012 ജൂൺ 2 ന് ഗോവയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോർട്ടലിം മണ്ഡലത്തിലെ സ്ഥാനാർഥിയായ അലീന സൽദാൻഹയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പദ്ധതിയിടുന്നതായി തെരഞ്ഞെടുപ്പ് കമീഷന് നിവേദനം ലഭിച്ചിരുന്നു. പുതിയ മന്ത്രിക്ക് അനുകൂലമായി വോട്ടർമാർ അഭിപ്രായം മാറ്റാൻ സാധ്യതയുണ്ടെന്നതിനാൽ അത് സമനിലയെ ബാധിക്കുമെന്നായിരുന്നു മറ്റു പാർട്ടിക്കാരുടെ പരാതി. ആ സാഹചര്യത്തിൽ സ്ഥാനാർഥിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന നടപടി മാറ്റിവെക്കുന്നത് പരിഗണിക്കാൻ ഞാൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന് സന്ദേശമയച്ചു.
മുഖ്യമന്ത്രി വല്ലാതെ പ്രകോപിതനായി. ഏതുസമയം വേണമെങ്കിലും മന്ത്രിസഭ രൂപവത്കരിക്കാനോ വികസിപ്പിക്കാനോ തനിക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ പൂർണമായ ഭരണഘടനാപരമായ അവകാശമുണ്ടെന്നിരിക്കിലും ഇതൊരു ‘ഉപദേശം’ ആണെന്ന് ഞാൻ ആവർത്തിച്ചു. ആ ഉപദേശം സ്വീകരിച്ച പരീക്കർ മന്ത്രിയെ ഉൾപ്പെടുത്തുന്നത് മാറ്റിവെക്കുക മാത്രമല്ല, ഭരണഘടനാപരമായ അവകാശത്തെക്കാൾ മുൻഗണന നൽകേണ്ട മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ധാർമിക അധികാരത്തെ താൻ മാനിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. അത് തീർച്ചയായും രാഷ്ട്രതന്ത്രജ്ഞത നിറഞ്ഞ ഒരു പ്രതികരണമായിരുന്നു. വിവിധ അധികാരങ്ങളും പാർലമെന്ററി ജനാധിപത്യവും തമ്മിലെ സൂക്ഷ്മമായ ഭരണഘടനാ ധാരണകളെ ശക്തിപ്പെടുത്തുന്നതും ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോക ഭൂപടത്തിൽ പ്രതിഷ്ഠിച്ചതും ഇത്തരത്തിലുള്ള ചൈതന്യപൂർണമായ നിലപാടുകളാണ്.
(രാജ്യത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും India’s Experiment with Democracy-the Life of a Nation through its Elections എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.