ഉദ്യോഗസ്ഥരെ വലക്കുന്ന തെരഞ്ഞെടുപ്പ് താളപ്പിഴകൾ
text_fieldsലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഒരു പ്രധാന ഉത്സവമാണ് തെരഞ്ഞെടുപ്പ്. പ്രചാരണവും ഫലമറിഞ്ഞ ാൽ നടത്തുന്ന ആഘോഷവുമൊക്കെ ഉത്സവങ്ങൾതന്നെ. പക്ഷേ, തെരഞ്ഞെടുപ്പ് ദിവസത്തെ ഒരു ഉത്സവമായി കാണാൻ അതിെൻറ പണികൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരിക്കലും സാധിക്കില്ല. ഇലക്ഷൻ നടത്തുന്നത് ഇലക്ഷൻ കമീഷനാണ് എന്നു പറയുമെങ്കിലും അതിെൻറ പല പണികളും നടത്തുന്നത് വിവിധ ഗവൺമെൻറ് ഒാഫിസുകളിൽനിന്ന് നിയോഗിക്കപ്പെടുന്നവരാണല്ലോ. ഇങ്ങനെ നിയോഗിക്കപ്പെടുന്നവരുടെ അവസ്ഥ എന്താണെന്ന് നാട്ടുകാരും ഭരണസാരഥികളും ഇലക്ഷൻ കമീഷനും കൂടുതൽ ശ്രദ്ധയോടെ മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്.
ദുരിതംപിടിച്ചതാണ് ഇൗ ഉദ്യോഗസ്ഥരെ സംബന്ധിച്ച് തെരഞ്ഞെടുപ്പിെൻറ ദിനങ്ങൾ. പ്രിസൈഡിങ് ഒാഫിസറും മൂന്നു പോളിങ് ഒാഫിസർമാരും ചേർന്ന ടീം തെരഞ്ഞെടുപ്പ് ദിനത്തിെൻറ തലേദിവസം കലക്ഷൻ സെൻററിൽ രാവിലെ എട്ടു മണിക്കെത്തിയാൽ പിറ്റേദിവസം രാത്രി 10 മണിയോ അതിൽ കൂടുതലോ കഴിഞ്ഞാണ് ഉത്തരവാദപ്പെട്ട ജോലിയിൽനിന്ന് മുക്തരാവുന്നത്. ഇത്രയും ദൈർഘ്യമേറിയ നാൽപതോളം മണിക്കൂറുകൾ ഊണും ഉറക്കവും ശരിയാകാത്ത തരത്തിൽ ഡ്യൂട്ടിയിലായിരിക്കുക എന്നത് തീർത്തും അന്യായമായ അവസ്ഥതന്നെ. പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇൗ ഡ്യൂട്ടി വളരെയധികം ഭാരമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട് എന്നത് നിയമപരമായിത്തന്നെ വിലയിരുത്തി വേണ്ട ഉത്തരവുകൾ ഗവൺമെൻറ് ഇറക്കേണ്ടതാണ്.
ഭരണസംവിധാനത്തിൽ ഒരു പദവി സ്ത്രീക്കു കൊടുക്കുന്നതിൽ ആയിരത്തിലധികം വട്ടം ചിന്തിക്കുന്നതും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം കൊടുക്കാതിരിക്കുന്നതുമായ ഗവൺമെൻറുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് ദിനങ്ങളിലെ പണികൾ എടുക്കുന്നതിനു സ്ത്രീകളെ നിയോഗിക്കുന്നതിന് ഒരു മടിയുമില്ല എന്നതാണ് വിരോധാഭാസം. തലേദിവസം രാത്രി താമസിക്കുന്നതിനോ അടിസ്ഥാന സൗകര്യങ്ങളോ -ടോയ്ലെറ്റടക്കം- ഇല്ലാത്ത കെട്ടിടങ്ങളിൽ ബൂത്തുകൾ അനുവദിക്കുന്നതിനും അവിടങ്ങളിലേക്കു സ്ത്രീകളെ വിടുന്നതിനും നമ്മുടെ സംസ്കാരത്തിനും രാഷ്ട്രീയത്തിനുമൊന്നും ഒരു പ്രശ്നവുമില്ല. അന്നേരം വാതിലോ പൂട്ടോ ഇല്ലാത്ത ഇടങ്ങളിൽ സ്ത്രീപുരുഷന്മാർ ഒരുമിച്ചുറങ്ങിയാൽ സ്ത്രീകളുടെ ചാരിത്ര്യം നഷ്ടമാവുമോ എന്ന സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഔത്സുക്യം പോലുമില്ല! കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിരോധാഭാസമെന്നോണം ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ പ്രിസൈഡിങ് ഒാഫിസർമാരെ ദൈവത്തെപ്പോലെ മാനിക്കുന്നതിനും ആർക്കും ഒട്ടും മടിയുമില്ല. എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചെയ്തുകിട്ടണം എന്നേയുള്ളൂ രാഷ്ട്രീയ പാർട്ടിക്കാർക്കന്നേരം.
തെരഞ്ഞെടുപ്പ് സാമഗ്രികൾ, പ്രത്യേകിച്ചും ഭാരിച്ച യന്ത്രങ്ങൾ ഏറ്റിക്കൊണ്ടുനടക്കുന്നതിനും തലേദിവസം രാത്രിതന്നെ പ്രിെസെഡിങ് ഒാഫിസറും പോളിങ് ഒാഫിസർമാരുംകൂടി ചെന്നൊരുക്കുന്ന ബൂത്തിനു കാവൽകിടക്കാനും പ്രത്യേകം ആൾക്കാരെ/പൊലീസ് ഫോഴ്സിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഇറക്കണം എന്നത് സത്വര ശ്രദ്ധ വേണ്ട കാര്യമാണ്. നിലവിൽ ഈ ടീമിന് കൂടെ നിയോഗിക്കുന്നത് ഒരു പൊലീസുകാരനോ ഒരു സ്റ്റുഡൻറ് പൊലീസോ ആണ് എന്നതിനാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രിസൈഡിങ് ഒാഫിസറും മറ്റു പോളിങ് ഒാഫിസർമാരും ബൂത്തിൽത്തന്നെ തങ്ങുന്ന രീതിയാണ് നിലവിലുള്ളത്. പ്രിസൈഡിങ് ഒാഫിസറുടെ അനുവാദത്തോടെ മറ്റുള്ളവർക്കു വേണമെങ്കിൽ രാത്രി കിടക്കാൻ വീട്ടിലോ അടുത്തുള്ള വീടുകളിലോ പോകാം എന്നു മാത്രം. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയിൽ മിക്ക പ്രിസൈഡിങ് ഒാഫിസർമാരും സ്ത്രീകളാണ് എന്നതിനാൽ ഇവർ ഉത്തരവാദിത്തപ്രശ്നത്താൽ അവിടെത്തന്നെ കഴിഞ്ഞുകൂടുന്നതാണ് രീതി.
ഏതെങ്കിലും പോളിങ് ഉദ്യോഗസ്ഥർ ഉത്തരവാദിത്തം ഏറ്റാൽ സ്ത്രീകൾക്ക് വൈകുന്നേരത്തെ പണികൾക്കുശേഷം വീടുകളിൽ പോകാം. വേണമെങ്കിൽ പുരുഷന്മാർക്കും പോകാം. അതിരാവിലെ എത്താൻ സൗകര്യമുള്ള സ്ഥലങ്ങളിലാണ് ബൂത്തെങ്കിൽ അങ്ങനെ ചെയ്യാൻ സാധിച്ചേക്കും എന്നു മാത്രം. അഞ്ചു മണിക്കുമുമ്പായി മോക് പോളിനുള്ള സജ്ജീകരണങ്ങൾ ചെയ്യണമെന്നുള്ളതിനാൽ പലപ്പോഴും ഇത് പ്രാവർത്തികമാകാറില്ല എന്നു മാത്രമല്ല, തലേദിവസം രാത്രി വൈകുംവരെ ബൂത്ത് ഒരുക്കലും വേണ്ടുന്ന റെക്കോഡുകൾ തയാറാക്കലും ചെയ്തശേഷം അൽപം ഉറക്കംപോലും കിട്ടാറില്ല സാധാരണ മിക്ക ഓഫിസർമാർക്കും. ശാരീരികമായ പ്രത്യേക അസാഹചര്യങ്ങളിലുള്ള അവസ്ഥ സ്ത്രീകളെ സംബന്ധിച്ച് ഉണ്ടാകും എന്ന സാധ്യത പലപ്പോഴും നിയമപരമായ വ്യക്തത ഇല്ലാത്തതിനാൽ ഡ്യൂട്ടി കിട്ടുന്ന സ്ത്രീകൾ അതൊഴിവാക്കാൻ സാധിക്കാതെ അവശനിലയിലാകുന്ന സാഹചര്യങ്ങൾ വിരളമല്ല. ഇതൊഴിവാക്കി കാര്യക്ഷമമായ നടത്തിപ്പിന്, ഗർഭംധരിച്ചവരെയും മുലയൂട്ടുന്നവരെയും മാത്രമല്ല ആർത്തവസംബന്ധമായ അവശതകൾ ഉണ്ടാകുന്നവരെക്കൂടി ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുന്നതിന് ഉത്തരവ് വേണ്ടതാണ്. മെൻസ്ട്രവൽ ടെൻഷൻ എന്നത് മെഡിക്കൽ ലീവ് കൊടുക്കാൻ തക്ക കാരണമായിത്തന്നെ എടുക്കണമെന്നുള്ള നിയമം ഉണ്ടാകേണ്ടതുണ്ട്.
ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ, പോളിങ് ഉദ്യോഗസ്ഥരുടെ പകുതിയും സ്ത്രീകൾതന്നെയാണ് എന്നു കാണാം. പ്രിസൈഡിങ് ഒാഫിസർമാരിൽ കൂടുതലും സ്ത്രീകളാണ് എന്നതിനു കാരണം, കേരളത്തിൽ സ്കൂളുകളിലേതുപോലെ കോളജുകളിലും കൂടുതലും സ്ത്രീകളാണ് അധ്യാപികമാർ എന്ന അവസ്ഥ സംജാതമായിത്തുടങ്ങിയിരിക്കുന്നു എന്നതാണ്. യൂനിവേഴ്സിറ്റിയിലേതു മാത്രമല്ല, കോളജുകളിലെയും അധ്യാപകരെ പോളിങ് ഡ്യൂട്ടിക്ക് നിവൃത്തിയില്ലാത്തപക്ഷം മാത്രമേ നിയോഗിക്കാവൂ എന്ന് ഇലക്ഷൻ കമീഷെൻറ ഉത്തരവ് ഉണ്ടായിട്ടും (EC letter No.464/INST/2009/EPS dtd 30-12-2009) കേരളത്തിൽ കോളജ് അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ട്. ഇത് സ്ത്രീകൾക്ക് കൂടുതൽ ഇലക്ഷൻ ഡ്യൂട്ടി ലഭിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ സ്ത്രീപുരുഷ അനുപാതത്തിന് തുല്യതയുടെയോ വിവേചനത്തിെൻറയോ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മാത്രമല്ല, മറിച്ചു െജൻഡർ സെൻസിറ്റിവിറ്റിയുടെയും മാനുഷികതയുടെതന്നെയും മറ്റൊരു ഉയർന്ന തലത്തിലേക്കു ചർച്ച നയിക്കാൻ വേണ്ടിയാണ് ചൂണ്ടിക്കാണിക്കുന്നത്. ഡ്യൂട്ടി കിട്ടിയവരെ വന്നില്ലെങ്കിൽ നടപടിയെടുക്കും എന്ന് ഭീഷണിപ്പെടുത്തുന്നത് സാധ്യമല്ല എന്നതു മാത്രമല്ല, കോളജ് അധ്യാപകരുടെ കാര്യത്തിൽ അവരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ പ്രോട്ടോകോൾ അനുസരിച്ച് പേസ്കെയിലിൽ താഴ്ന്ന കേഡറിൽവരുന്ന ജില്ല ഇലക്ഷൻ ഓഫിസർമാർ, ഡെപ്യൂട്ടി കലക്ടർമാർ, പുതിയതായി നിയമിക്കപ്പെട്ട കലക്ടർമാർ എന്നിവർക്ക് അധികാരമില്ല എന്ന ചർച്ചയും കേസുകളും മറ്റു സംസ്ഥാനങ്ങളിൽ യൂനിവേഴ്സിറ്റി തലത്തിൽ നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി അധിക്ഷേപമാകരുത്
ഇലക്ഷൻ ഡ്യൂട്ടി കിട്ടുന്നത് ഒരു അധിക്ഷേപമായി ഉദ്യോഗസ്ഥർക്ക് തോന്നാതിരിക്കണമെങ്കിൽ തെരഞ്ഞെടുപ്പിനുവേണ്ടി ചെലവിടുന്ന പണത്തിൽനിന്ന് പണികൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് മാന്യമായ പ്രതിഫലം കൊടുക്കാനോ താമസസൗകര്യം, ഭക്ഷണം എന്നിവ ഒരുക്കാനോ ഒരുതുക മാറ്റിവെക്കുകതന്നെ വേണം. ഇന്ത്യയെപ്പോലെ ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത് മാന്യമായ രീതിയിൽ ഇലക്ഷൻ നടത്തുക എന്നത് ഏറെ പണവും പണിയും ആവശ്യമുള്ള കാര്യമാണ്. കേരളത്തിൽ പലയിടങ്ങളിലും ഇപ്രാവശ്യം ഇലക്ഷൻ ദിവസം അതതിടങ്ങളിലെ കുടുംബശ്രീക്കാർ ഭക്ഷണം കൊണ്ടുവന്നുതരും ബൂത്തുകളിൽ എന്ന് അറിയിച്ചു. ഇലക്ഷൻ ഓഫിസിെൻറ ചെലവിൽ ഏർപ്പാടാക്കിയതാണ് എന്ന് ഉദ്യോഗസ്ഥർ കരുതിയെങ്കിലും പോളിങ്സമയം കഴിഞ്ഞ് വൈകുന്നേരത്തെ തിരക്കിട്ട പണികൾക്കിടെ കുടുംബശ്രീക്കാർ ബില്ലും കൊണ്ടുവന്ന് പണം കൈപ്പറ്റുകയാണുണ്ടായത്. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം വൈകിയാലും തിരിച്ചുപോകുന്നതിനായി പല റൂട്ടുകളിൽ ബസുകൾ കലക്ഷൻ സെൻററുകളിൽനിന്ന് ഏർപ്പാടാക്കിയിരുെന്നങ്കിലും പലയിടത്തും പോളിങ് സമയം അർധരാത്രിയും കഴിഞ്ഞു വൈകിയതിനാൽ വലഞ്ഞതായുള്ള പരാതികളും ഉയർന്നിട്ടുണ്ട്. കൂടുതൽ ബൂത്തുകൾ ഒരുക്കുക, ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം ആയിരത്തിൽ കവിയാത്തതായി നിശ്ചയിക്കുക, വേണ്ടിവന്നാൽ പല ദിവസങ്ങളിലായി/ഘട്ടങ്ങളിലായി ഇലക്ഷൻ നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കേരളത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇപ്രാവശ്യത്തെ ഇലക്ഷൻ പ്രത്യേകിച്ചും തെളിയിക്കുന്നു.
പലപ്പോഴും കലക്ഷൻ സെൻററുകളിൽ ഓരോ കൗണ്ടറുകൾക്കു മുന്നിലുമുള്ള നീണ്ട ക്യൂ വലിയൊരു പ്രശ്നംതന്നെയാണ് ഉദ്യോഗസ്ഥർക്ക്. തലേദിവസം രാവിലെ എട്ടു മണിക്കു വന്ന് ഉദ്യോഗസ്ഥർ ഒരു ഇൻഫർമേഷൻ ബോർഡിനു മുന്നിൽനിന്ന് തിക്കും തിരക്കും കൂട്ടേണ്ടിവരുന്നത് ഒഴിവാക്കാൻ ഓരോരുത്തർക്കും രജിസ്റ്റർ ചെയ്യാൻ വ്യത്യസ്ത സമയങ്ങളോ കൗണ്ടർ നമ്പറുകളോ മുൻകൂട്ടി അറിയിച്ചാൽ മതിയാകും. ഇതേ അവസ്ഥതന്നെയാണ് ഇലക്ഷൻ സമയം കഴിഞ്ഞ് മെഷീനുകൾ സീൽചെയ്ത് പ്രിസൈഡിങ് ഒാഫിസർ തയാറാക്കേണ്ട പലവിധ ഫോറങ്ങളും പൂരിപ്പിച്ച് കവറിലാക്കി സീൽചെയ്ത് കലക്ഷൻ സെൻററിൽ തിരിച്ചേൽപിക്കാൻ ചെല്ലുമ്പോഴും ഉണ്ടാകുന്നത്. നാലഞ്ചു ബൂത്തുകളിൽനിന്നുള്ളതു മാത്രം ഒരു കൗണ്ടറിൽ കൊടുക്കുകയും തിരിച്ചു വാങ്ങിക്കുകയും ചെയ്താൽ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. കലക്ഷൻ സെൻററിൽ ഉദ്യോഗസ്ഥർക്ക് ഇരിക്കാനോ വിശ്രമിക്കാനോ സ്ഥലമോ സൗകര്യമോ ഇല്ല എന്നതും ഏറ്റവും ഖേദകരമായ അവസ്ഥയാണ്. ഇത് മിക്കവാറും ഏതെങ്കിലും സ്കൂളാകുമെങ്കിലും ഇലക്ഷൻ സാമഗ്രികളുംകൊണ്ട് വരുന്നതിൽ പകുതി പേർക്കെങ്കിലും ഇരിക്കാൻ ക്ലാസ് മുറികൾ തികയില്ല പലപ്പോഴും. വൃത്തിയുള്ള ടോയ്ലെറ്റ് സൗകര്യങ്ങളോ ഇരിപ്പിടങ്ങളോ ഇല്ലാത്തത് സ്ത്രീകൾക്കും അതുപോലെ പലപ്പോഴും പുരുഷന്മാർക്കും ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഇക്കാര്യങ്ങൾ ഇലക്ഷൻ കമീഷൻ കണക്കിലെടുക്കുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ഇതിലേക്കായി വേണ്ടത്ര ശ്രദ്ധകൊടുക്കുകയും ചെയ്യാത്തപക്ഷം അസ്വസ്ഥരായ ഉദ്യോഗസ്ഥരുടെ അടിമമനോഭാവം കൈവെടിഞ്ഞ പ്രതികരണം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.