ഇസ്രായേൽ നല്കുന്ന തെരഞ്ഞെടുപ്പ് പാഠങ്ങൾ
text_fieldsഒരുകക്ഷിക്കും മതിയായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ് ഇസ്രായേലിൽ. ഇതേ അനുഭവമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നാലു തെരഞ്ഞെടുപ്പുകൾ അനിവാര്യമാക്കിയതും. ഇത്തവണ വേണ്ടത്ര മുന്നൊരുക്കങ്ങളോടെയാണ് പാർട്ടികൾ അതിനെ നേരിട്ടതെന്നു പറയാം. സിറിയയിലെ ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങൾ നടത്തിയത് വലതുപക്ഷത്തെ കൈയിലെടുക്കാനുള്ള നെതന്യാഹുവിെൻറ ശ്രമമായിരുന്നുവെന്നു നിരീക്ഷിക്കപ്പെട്ടു. എന്നാൽ, അത് ഫലംചെയ്തില്ല! കഴിഞ്ഞതവണ 36 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 30 ആയി കുറഞ്ഞു. സിറിയയിലെയും ഫലസ്തീനിലെയും കുഞ്ഞുങ്ങളുടെ കണ്ണുനീരിനു വിലയുണ്ടായി. ഇസ്രായേലി പാർലമെൻറിലെ (നെസറ്റ്) 120 സീറ്റുകളില് 61 നേടിയാലേ ഭരണം സ്വന്തമാക്കാനാകുകയുള്ളൂ. അതിനാൽ, വീണ്ടും നീക്കുപോക്കുകളിലൂടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചാലേ അദ്ദേഹത്തിന് അധികാരത്തിൽ തുടരാനാവുകയുള്ളൂ. അഴിമതിയാരോപണങ്ങളുടെയും കൈക്കൂലിയുടെയും പേരിൽ കോടതി കയറാൻ നിർബന്ധിതനായ നെതന്യാഹുവിന് പ്രധാനമന്ത്രിയായി തുടരാൻ സാധിച്ചാൽ ഒരുപക്ഷേ, തൽക്കാലം കേസുകളിൽനിന്നു മാറിനില്ക്കാൻ സാധിച്ചെന്നു വരാം.
നെതന്യാഹുവിെൻറ പ്രധാന എതിരാളി, 'യെശ് അതീദ്' (Yesh Atid) പാർട്ടിയുടെ നേതാവ് യേർ ലാപിഡ് ആണ്. അദ്ദേഹം നേരത്തെ ഒരു ടെലിവിഷൻ അവതാരകനും പിന്നീട് ഇസ്രായേൽ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയുമായിരുന്നു. 'നെസറ്റി'ൽ രണ്ടാം സ്ഥാനമലങ്കരിക്കുന്നത് അദ്ദേഹത്തിെൻറ പാർട്ടിയാണ്. നെതന്യാഹുവുമായുള്ള അഭിപ്രായഭിന്നത അദ്ദേഹം തുറന്നുപറയുന്നു. 'ഏതു പ്രതികൂല സാഹചര്യത്തെയും അവസാനനിമിഷം മറികടക്കാൻ വിരുതനായ നേതാവ്' എന്നാണ് ലാപിഡ് നെതാന്യാഹുവിനെ വിശേഷിപ്പിക്കുന്നത്. പിന്നെ എന്തുകൊണ്ട് നെതന്യാഹുവിെൻറ പിന്തുണ കുറഞ്ഞുവരുന്നു ? പ്രസക്തമായ ഈ ചോദ്യത്തിന് ലാപിഡ് നൽകുന്ന മറുപടി പ്രസക്തമാണ്. 'ഹോളോകാസ്റ്റി'െൻറ പേര് ഉരുവിട്ടു കൊണ്ടാണ് അദ്ദേഹം ജൂതജനതയെ അഭിസംബോധന ചെയ്യുന്നത്. എന്നാൽ, തങ്ങൾ കുടിയേറിയ ഒരു ജനതയാണെന്ന കാര്യം അടുത്ത നിമിഷം അദ്ദേഹം വിസ്മരിക്കുന്നു. ഇന്ത്യയിലെ ഫാഷിസ്റ്റുകളുടെ മനോഗതം തന്നെ.
യഹൂദർ നാസികളുടെ പീഡനം അനുഭവിച്ചവരാണ്. അതുകൊണ്ട്, അവരുടെ മനസ്സിനെ സദാ അതിജീവനചിന്ത അലട്ടിക്കൊണ്ടിരിക്കുന്നു. വ്യക്തിഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമങ്ങളും അതോടൊപ്പം രാജ്യസുരക്ഷ ഉറപ്പാക്കുന്ന സൈനികശക്തിയും അവർ ഉറപ്പു വരുത്തുന്നു. ഇത്രയും അവരുടെ അവകാശമാണെന്ന് സമ്മതിക്കാം. എന്നാൽ, സ്വന്തമായി രാജ്യമില്ലാതെ കഷ്ടപ്പെട്ടിരുന്നവരെ പ്രതിനിധാനംചെയ്യുന്ന നെതന്യാഹുവിന് ഫലസ്തീനികളുടെ രാജ്യമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ സാധ്യമാകുന്നില്ലെന്നത് വിചിത്രമാണ്. ഫാഷിസ്റ്റുകളുടെ സംസ്കാര ശൂന്യത നേരിട്ടനുഭവിച്ച അവർ ഫാഷിസത്തിെൻറ മേലാളരായി മാറിയിരിക്കുന്നത് വിധിവൈപരീത്യമാണ്. ജോർജ് ഓർവൽ പറഞ്ഞതുപോലെ 'സത്യത്തിൽനിന്നു ഒരു സമൂഹം അകന്നുപോയാൽ സത്യം പറയുന്നവരെയെല്ലാം അവർ കൂടുതൽ കൂടുതൽ വെറുക്കും'. ഇതാണ് ഇസ്രായേലിെൻറ അവസ്ഥ.
ഏപ്രിൽ അഞ്ചിനാണ് നെതന്യാഹുവിന് കോടതിയിൽ ഹാജരാകേണ്ടതെന്നറിയുന്നു. എന്നാൽ, അതിനു മുമ്പ് പ്രധാനമന്ത്രിപദം ഒഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, അഴിമതി ആരോപണങ്ങളിൽനിന്നും തൽക്കാലം തടിയൂരാൻ അദ്ദേഹത്തിന് സാധിക്കുമെന്നർഥം. എന്നാൽ, പ്രധാനമന്ത്രിയായി തുടരാനുള്ള മന്ത്രിസഭ രൂപവത്കരിക്കുന്നത് അത്ര എളുപ്പമാണെന്നു തോന്നുന്നില്ല. അദ്ദേഹത്തിെൻറ കൂട്ടുകക്ഷികൾക്ക് മൊത്തമായി ലഭിക്കുന്നത് 59 സീറ്റാണ്. 'യുനൈറ്റഡ് അറബ് പാർട്ടി' (റആം) നാലു സീറ്റുകൾ നേടിയിട്ടുണ്ട്. അതിെൻറ തലപ്പത്തിരിക്കുന്ന മൻസൂർ അബ്ബാസ് ഒരു ഇസ്ലാമിസ്റ്റായാണ് അറിയപ്പെടുന്നത്. അധികാരത്തിെൻറ പേരിൽ ഇവർ കൂടെ നിൽക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇനി കൂട്ടുചേര്ന്നാൽതന്നെ നെതന്യാഹുവിെൻറ ലിക്കുഡ് പാർട്ടി ഉദ്ദേശിക്കുന്നതൊക്കെ നടത്തുന്നത് അത്ര എളുപ്പമാകുമെന്നു തോന്നുന്നില്ല. 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങളൊക്കെയും ഇസ്രായേലിെൻറ ഭാഗമാക്കിമാറ്റണമെന്ന അഭിപ്രായമാണ് നെതന്യാഹുവിന്. ഐക്യരാഷ്ട്രസംഘടനയും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയും ഇതിനെതിരാണ്. പക്ഷേ, നീതിന്യായവ്യവസ്ഥയൊന്നും അധികാരരാഷ്ട്രീയത്തിൽ പ്രസക്തമായ സംഗതിയല്ലെന്നാണല്ലോ ഇന്ന് ഫാഷിസ്റ്റ് ഭരണകൂടങ്ങൾ തെളിയിക്കുന്നത്. ട്രംപ് ഭരണത്തിലുണ്ടായിരുന്നെങ്കിൽ നെതന്യാഹുവിനു എല്ലാം എളുപ്പമാകുമായിരുന്നു. എന്നാൽ, ബൈഡൻ ഒത്തിരി ശ്രദ്ധയോടെയേ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിൽ ഏറെ ക്ഷതമേറ്റത് മുസ്ലിം ന്യൂനപക്ഷത്തിനുതന്നെ. ഇസ്രായേലിൽ അറബ് മുസ്ലിംകൾ ഏതാണ്ട് 22 ശതമാനം വരും. നേരത്തേ ഇവർക്ക് നെസറ്റിൽ 15 സീറ്റുകളുണ്ടായിരുന്നു. എന്നാൽ, നേതാക്കൾക്കിടയിലെ പടലപ്പിണക്കം ഇവരെ മൂലക്കിരുത്തുന്നതിന് കാരണമായി. എന്നിട്ടും ഭരണകൂടത്തിന് താക്കോൽസ്ഥാനം കൈയേൽക്കാൻ ഇവർക്ക് അവസരം ലഭിക്കുന്നെങ്കിൽ ദൈവനിശ്ചയം എന്നേ പറയാനാവുകയുള്ളൂ. ആകെ പോൾ ചെയ്തത് 67.4 ശതമാനം വോട്ടുകളാണ്. എന്നാൽ, വീട്ടിലിരുന്നവരിൽ ഏറെയും മുസ്ലിംകളാണ്. യഥാർഥത്തിൽ തങ്ങളുടേതായ വിധിനിർണയത്തിന് മുന്നിട്ടിറങ്ങേണ്ടവർ 'തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണമോ, വേണ്ടയോ' എന്ന് തർക്കിച്ചു മാറിനില്ക്കുന്നത് അവർ ചരിത്രത്തോട് ചെയ്യുന്ന അപരാധമാണ്. ഏതായാലും, ഫലമറിഞ്ഞതോടെ ഇതിൽ പരിതപിക്കുന്നവർ ഉണ്ടെന്നറിയുന്നു. അറബികൾക്കെതിരെയുള്ള വംശീയ ശത്രുതയാണ് എല്ലാ പാർട്ടികളുടെയും പൊതു ഘടകം. ഇതിെൻറ അർഥശൂന്യതയാണ് ഇപ്പോൾ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിരിക്കുന്നത്. ഓരോ രാജ്യത്തും പിറന്നുവീണ മനുഷ്യർ തുല്യ പദവിയോടെ സഹോദരങ്ങളായി ജീവിക്കുകയെന്നതാണ് ജനാധിപത്യ സങ്കൽപത്തിലൂടെ സാധ്യമാകേണ്ടത്. ജനാധിപത്യ മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാനും ഫാഷിസ്റ്റ് നയങ്ങളെ പുണരാനും എവിടെയെല്ലാം നേതാക്കൾ വെമ്പുന്നുവോ അവിടെയെല്ലാം അത്തരക്കാർ അഴിമതിയാരോപണങ്ങൾക്ക് വിധേയരാണെന്നു കാണാം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.