ആനക്കുമുണ്ട് ആനന്ദത്തിനുള്ള അവകാശങ്ങൾ
text_fieldsഇഷ്ടമൃഗമേതെന്ന് ചോദിച്ചാൽ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും മനസ്സിൽ ആദ്യമെത്തുക മുറം പോലുള്ള ചെവികളാട്ടി, കുഞ്ഞിക്കണ്ണുകളിറുക്കി തുമ്പിക്കൈ ഉയർത്തിനിൽക്കുന്ന ആനക്കുട്ടിയുടെ ചിത്രമായിരിക്കും. ഗജവീരന്മാർ ചെരിഞ്ഞ വിവരം മാധ്യമങ്ങളിൽ വലിയ വാർത്തയാവുന്നതും വിവരമറിഞ്ഞ് നാടിെൻറ പല കോണുകളിൽനിന്ന് ആളുകൾ പാഞ്ഞെത്തി കണ്ണീരണിഞ്ഞ് ഉപചാരമർപ്പിക്കുന്നതും ആ ജീവിയോടുള്ള ഇഷ്ടത്തിെൻറ പറഞ്ഞറിയിക്കാനാവാത്ത തലങ്ങൾ കാരണമാണ്. ആനയും മനുഷ്യനുമായുള്ള സഹവർത്തിത്വത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികൾമൂലം ഏറ്റവുമധികം പ്രയാസപ്പെടുന്ന ജീവികളിലൊന്നും ഇതുതന്നെ.
ഉത്സവങ്ങളിലും ചിത്രങ്ങളിലും ആനന്ദത്തിെൻറയും ആഹ്ലാദങ്ങളുടെയും പ്രതീകമാണെങ്കിൽ ചിലനേരങ്ങളിൽ ആന മരണത്തിെൻറയും കണ്ണീരിെൻറയും ചിഹ്നമായി മാറുന്നു. ഈയടുത്ത കാലങ്ങളിൽതന്നെ ആനകളുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങൾ പത്രങ്ങളുടെ ഒന്നാം പേജ് വാർത്തയായിരുന്നു. വയനാട്ടിൽ കാമ്പിങ്ങിന് പോയ യുവതി ആനയുടെ ചവിട്ടേറ്റുമരിച്ചതും ജനവാസകേന്ദ്രത്തിലിറങ്ങിയ ആന പൊള്ളലേറ്റും കൃഷിയിടത്തിലിറങ്ങിയതിന് പടക്കം കടിച്ചും ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും നമ്മളാരും മറന്നിട്ടില്ല. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപംനൽകപ്പെട്ട ഇൻറർനാഷനൽ യൂനിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാചുറൽ റിസോഴ്സ് IUCN ഭാരതത്തിെൻറ പൈതൃകമൃഗമായ ആനയെ ചുവന്നപട്ടികയിൽ (വംശനാശ ഭീഷണി നേരിടുന്ന) ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ലോക ഗജദിനമാണ്. കാട്ടാനകളുടെയും നാട്ടാനകളുടെയും സുരക്ഷക്കും സംരക്ഷണത്തിനും ബോധവത്കരണത്തിനുമായുള്ള ദിനം.
സ്വാഭാവിക വനങ്ങളുടെ നിലനിൽപിന് ആനകൾ നൽകുന്ന സേവനം ചെറുതല്ല. കാട്ടിൽ അവ കൂട്ടമായി സഞ്ചരിക്കുന്ന വേളയിൽതന്നെ അടിക്കാടുകളുടെ വളർച്ച നിയന്ത്രിക്കുകയും മറ്റു മൃഗങ്ങൾക്ക് സുഗമമായി നടന്നുനീങ്ങാവുന്ന പന്ഥാവ് തുറക്കുകയും ചെയുന്നു. ആനകളെ 'വനത്തിലെ എൻജിനീയർ' എന്നാണ് വിശേഷിപ്പിക്കാറ്. സസ്യങ്ങളുടെ വിത്ത് വിതരണത്തിലും ആനകൾക്ക് നിർണായക പങ്കാണുള്ളത്. ആനത്താരകൾ (ആനകൾ സഞ്ചരിക്കുന്ന പാതകൾ) നാശം നേരിടുകയോ അവിടെ മനുഷ്യസഞ്ചാരമോ വാസമോ ഉണ്ടാവുകയോ ചെയ്യുേമ്പാൾ ആനകളും മനുഷ്യനുമായുള്ള സംഘർഷത്തിന് വഴിയൊരുക്കുന്നു. ഇന്ന് ഇന്ത്യയിൽ ഉള്ള 110 ആനത്താരകളിൽ 28 എണ്ണം തെക്കേ ഇന്ത്യയിലാണ്. ഇന്ന് ആനകളുടെ ആവാസഭൂമി ദ്വീപുകൾപോലെ ഒറ്റപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയിൽ മനുഷ്യർ ഏൽപിക്കുന്ന ആഘാതങ്ങൾമൂലം ആവാസവ്യവസ്ഥിതി തകരുന്നതുകൊണ്ടാണ് ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ മനുഷ്യവാസമേഖലകളിൽ പ്രവേശിക്കുന്നതും അത് കൃഷി നാശത്തിലും ചിലപ്പോൾ ആൾനാശത്തിലും കലാശിക്കുന്നത്. അതേസമയം, കഴിഞ്ഞ 15 വർഷത്തിനിടയിൽ ട്രെയിനിടിച്ചും വൈദ്യുതാഘാതമേറ്റും വിഷം തീണ്ടിയും വേട്ടക്കിരയായും ഏതാണ്ട് 1500ഓളം ആനകളുടെ ജീവനും നഷ്ടപ്പെട്ടു. ഈ ലേഖനത്തോടൊപ്പം നൽകിയിരിക്കുന്ന ആനക്കുട്ടം ഏതാനും മാസമായി ലോകമൊട്ടുക്കൂം ചർച്ചാവിഷയമാണ്. ചൈനയിലെ ഒരു വന്യസങ്കേതത്തിൽ നിന്ന് നാട്ടിലേക്കിറങ്ങിയതാണവർ.
ലോകത്താകമാനമുള്ള 40,000ത്തോളം ഏഷ്യൻ ആനകളിൽ ഭൂരിഭാഗവും ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, മ്യാന്മർ എന്നീ രാജ്യങ്ങളിലാണുള്ളത്. അവയിൽ 50 ശതമാനത്തോളവും ഇന്ത്യയിൽ. കേരളവനങ്ങളിൽ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് 6000ൽപരം ആനകളാണുള്ളത്. 470 ഓളം നാട്ടാനകളും. നാട്ടാനകൾ ഉൾപ്പെടെയുള്ള ആനകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും കേരള വനംവകുപ്പ് കർശനമായി നടപ്പിലാക്കുന്നു. കേരളത്തിലെ നാട്ടാനകളുടെ പരിപാലനത്തെ സംബന്ധിച്ച് 1972ലെ വന്യജീവി (സംരക്ഷണ) നിയമം, നാട്ടാനകളുടെ ക്ഷേമം, പരിപാലനം എന്നിവക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കാപ്റ്റിവ് എലിഫൻറ് (മാനേജ്മെൻറ് & മെയിൻറനൻസ്) ചട്ടങ്ങൾ 2012 എന്നിവ പ്രദാനം ചെയ്യുന്നുണ്ട്.
മറ്റെല്ലാ മേഖലകളെയുമെന്നപോലെ കേരളത്തിലെ നാട്ടാനകളെയും അതിെൻറ പരിപാലകരെയും ഈ കോവിഡ് കാലഘട്ടം സാരമായി ബാധിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഒരു ആനയെ പരിചരിക്കുന്നതിന് തീറ്റ, പോഷകാഹാരം, മദക്കാല പരിചരണം, മരുന്ന്, പാപ്പാന്മാരുടെ ബത്ത എന്നിവ സഹിതം പ്രതിദിനം ഏകദേശം 4000-4500 രൂപ ചെലവ് വരും. കഴിഞ്ഞ വർഷങ്ങളിൽ എല്ലാ ഉത്സവപരിപാടികളും ഒഴിവാക്കേണ്ടിവന്നതോടെ ആന മുഖേനെയുള്ള വരുമാനം നിലച്ചു.
ഈ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദേവസ്വങ്ങളും സ്വകാര്യ ആനയുടമകളും സർക്കാർ പിൻബലത്തോടെ മികച്ച രീതിയിൽ മികച്ച പരിപാലനം ഉറപ്പാക്കാൻ കേരളം ശ്രമിച്ചു എന്നത് ആശാവഹമാണ്. വരുംകാലങ്ങളിൽ സർക്കാർ സഹായമോ (ലോൺ), നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികളോ ഏർപ്പെടുത്തണമെന്ന് ആന ഉടമകൾ അഭിപ്രായപ്പെടുന്നു.
നാട്ടാനകളുടെ പ്രത്യക്ഷപാലകർ പാപ്പാന്മാരാണ്. പെരുന്നാളുകളും ഉത്സവങ്ങളും ഒഴിവാക്കപ്പെട്ട സാഹചര്യം അവരെയും പ്രതിസന്ധിയിലാക്കി. മറ്റു തൊഴിൽപോലെയല്ല ആനപ്പണി. ആനയെ കെട്ടി മറ്റാവശ്യങ്ങൾക്ക് പോകാനോ സ്വന്തം കുടുംബങ്ങളിൽ പോകാനോ കോവിഡ് കാലത്തും ലോക് ഡൗൺ കാലത്തും ആനപാപ്പാന്മാർക്ക് സാധ്യമല്ല. കമ്പനി അല്ലെങ്കിൽ, ഓഫിസ് ജോലി പോലെ വർക് അറ്റ് ഹോം സംവിധാനം ഈ തൊഴിലിൽ സാധ്യമല്ലല്ലോ. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉടമകൾ ശമ്പളം നൽകിയിരുന്നെങ്കിലും ആനക്കാരെ സംബന്ധിച്ച് ഉത്സവബത്ത, മറ്റു വരുമാനങ്ങൾ എന്നിവയെല്ലാം ഈ വർഷം നഷ്ടമായി. ഭൂരിഭാഗം ആനക്കാരും ചെറുപ്പത്തിൽ ഈ തൊഴിലിൽ ഏർപ്പെടുന്നവരും മറ്റു വരുമാനമാർഗങ്ങൾ ഇല്ലാത്തവരും ആണ്. ആനയോടുള്ള സ്നേഹത്തോടെ തിരഞ്ഞെടുക്കുന്നതാണ് സാഹസികമായ ഈ തൊഴിൽ.
കോവിഡ് പശ്ചാത്തലത്തിൽ നാട്ടാനകളുടെ സംരക്ഷണം, പരിചരണം എന്നിവക്കായി സ്പെഷൽ പാക്കേജിനും സ്പെഷൽ റേഷൻ പദ്ധതി / അവശ്യ ചികിത്സാപദ്ധതി എന്നിവക്കും രൂപംനൽകുന്നതിനൊപ്പം പരിചരിക്കുന്ന ആനപാപ്പാന്മാരെ (പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി) വേതനം, അടിയന്തര ചികിത്സ, സാമൂഹികക്ഷേമം എന്നിവ ഉറപ്പാക്കണമെന്ന് കോവിഡ് കാലഘട്ടത്തിൽ ചെന്നൈ വെൽസ് യൂനിവേഴ്സിറ്റി ആനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കോൺഫറൻസിൽ ഈ ലേഖകനും വെറ്ററിനറി ഡോക്ടർമാരായ ജേക്കബ് വി. ചീരൻ, ടി.എസ്. രാജീവ് എന്നിവരും നിർദേശിച്ചിരുന്നു. ഇതിന് പുറമെ ആനകളുടെ ആരോഗ്യം, ക്ഷേമം, പരിചരണം, ആവശ്യങ്ങൾ എന്നിവ വിലയിരുത്താനും നിരീക്ഷിക്കാനും ജില്ലതല മോണിറ്ററിങ് കമ്മിറ്റികളും വേണം.
അസം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാട്ടാനകൾ ഉള്ളത് കേരളത്തിൽ ആണ്. എന്നാൽ, വർഷംചെല്ലുംതോറും നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ആന ക്യാമ്പുകളിൽ പ്രസവം നടക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ഇത് സംഭവിക്കുന്നില്ല. നിയമ തടസ്സങ്ങൾ മാറ്റി 'കാപ്റ്റിവ് ബ്രീഡിങ് പ്രോഗ്രാം (Captive Breeding Programme) രൂപംനൽകണം. തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന ആനപരിപാലന കേന്ദ്രങ്ങളിൽ 80ഓളം ആനക്കുട്ടികൾ പിറവിയെടുത്തു എന്നത് വായിച്ച് സന്തോഷിക്കാനുള്ള വാർത്ത മാത്രമല്ല. ആനകളുടെ ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശാസ്ത്രീയ പരിചരണരീതി നടപ്പാക്കിയാൽ മാത്രമേ നമുക്ക് ആനകളുടെ സംരക്ഷണം ഉറപ്പുവരുത്താനാവൂ.
(ആനപ്രേമിയും ഗവേഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.